ചകിതരാകാതിരിക്കാനുള്ള കരുതൽ

  • ഭാവനകളോ ശബ്​ദങ്ങളോ ഇല്ലാത്ത കീഴ് മനുഷ്യരുടെ സമുദായമായി മുസ്​ലിംകളെ മാറ്റുക എന്നതാണ് പദ്ധതി. അതിന് രണ്ട് കാര്യങ്ങളാണ് വേണ്ടത്; ഭയപ്പെടുത്തുക, ഭിന്നിപ്പിക്കുക. മുത്തലാഖ് ബിൽ രണ്ടിനും പറ്റിയ ഉപകരണമാണ്

07:42 AM
02/08/2019
ജൂലൈ 30ന് രാജ്യസഭയിലും കൂടി പാസായതോടെ മുത്തലാഖ് ക്രിമിനൽ കുറ്റമായി മാറുകയാണ്. ‘ഒരു പഴഞ്ചൻ മധ്യകാല സമ്പ്രദായം ചരിത്രത്തി​െൻറ ചവറ്റുകൊട്ടയിലേക്ക്. പാർലമ​െൻറ്​ മുത്തലാഖിനെ ഇല്ലാതാക്കി മുസ്​ലിം വനിതയോട് ചെയ്ത ചരിത്രപരമായ തെറ്റു തിരുത്തുകയാണ്. ഇത് ലിംഗനീതിയുടെ വിജയമാണ്; കൂടുതൽ സമത്വത്തിലേക്ക് നയിക്കുന്നതാണ്. ഇന്ത്യ ഇന്ന് സന്തോഷിക്കുന്നു’ -ബിൽ പാസായശേഷം നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ച വാക്കുകളാണിത്. മുസ്​ലിം സ്​ത്രീകളുടെ വിമോചനത്തിനു വേണ്ടിയുള്ള മഹത്തായ ചുവട് എന്ന അർഥത്തിലാണ് സംഘ്​പരിവാർ/സർക്കാർ പ്രചാരണയന്ത്രങ്ങൾ മുത്തലാഖ് ബില്ലിനെ പരിചയപ്പെടുത്തുന്നത്. ഇന്ത്യയിൽ വിവാഹമോചന നിരക്ക് ഏറ്റവും കുറഞ്ഞ സമുദായമാണ് മുസ്​ലിംകൾ എന്ന് കാണിക്കുന്ന നിരവധി കണക്കുകളുണ്ട്. അതിൽതന്നെ മുത്തലാഖിലൂടെ വിവാഹമോചനം നടക്കുന്നത് 0.44 ശതമാനം മാത്രമേ ഉള്ളൂവെന്നും കണക്കുണ്ട്. അതായത്, മുസ്​ലിം സ്​ത്രീകളെയാകമാനം വലിയ തോതിൽ ബാധിക്കുന്ന എന്തോ പ്രശ്നമാണ് മുത്തലാഖ് എന്ന പ്രചാരണത്തിൽ വസ്​തുതയില്ല. മുത്തലാഖ് അസാധുവായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധിയോടുകൂടി ആ ചെറിയ ശതമാനം വിവാഹമോചനം പോലും ഇല്ലാതാവുകയാണ്. അങ്ങനെയിരിക്കെ, പാർലമ​െൻറി​െൻറ ആദ്യ സെഷനിൽതന്നെ ഇങ്ങനെയൊരു നിയമം ഉണ്ടാക്കിയെടുക്കേണ്ട അത്യാവശ്യം എന്തായിരുന്നു എന്ന ചോദ്യം പ്രസക്തമാണ്. അതി​െൻറ ഉത്തരത്തിലേക്ക് കടക്കുമ്പോഴാണ് മറ്റ് ഗൗരവപ്പെട്ട പല കാര്യങ്ങളും ആലോചിക്കേണ്ടിവരുക.

മുസ്​ലിംസ്​ത്രീകളുടെ കണ്ണീർ തുടക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ബി.ജെ.പിയുടെ വാദം. ആൾക്കൂട്ട കൊലപാതകങ്ങളിലൂടെയും അന്യായമായ അറസ്​റ്റുകളിലൂടെയും നൂറുകണക്കിന് മാതാക്കളെയും സഹോദരിമാരെയും ഭാര്യമാരെയും ദിനേന കണ്ണീർ കുടിപ്പിച്ചുകൊണ്ടിരിക്കുന്നവരുടെ ഈ അവകാശവാദം തട്ടിപ്പാണെന്ന് ആർക്കും മനസ്സിലാവും. പിന്നെ എന്തായിരിക്കും അവരുടെ ലക്ഷ്യം? ഭയപ്പെടുത്തുക എന്നതുതന്നെ. മുസ്​ലിംകൾ ഈ രാജ്യത്തി​െൻറ ആഭ്യന്തര ഭീഷണിയാണെന്നാണ് ആർ.എസ്​.എസി​െൻറ അടിസ്​ഥാന ഗ്രന്ഥം പറഞ്ഞുവെക്കുന്നത്. പൂർണപൗരന്മാരായി മുസ്​ലിംകളെ അംഗീകരിക്കാൻ അവർ താത്വികമായിതന്നെ സന്നദ്ധമല്ല. തങ്ങൾക്ക് വഴങ്ങി വിധേയരായി വേണമെങ്കിൽ അടിമസമുദായമായി ജീവിക്കാം. ഗുജറാത്തിൽ അവർ ഈ തത്ത്വം പരീക്ഷിച്ച് വിജയിപ്പിച്ചിട്ടുണ്ട്. ഭാവനകളോ ശബ്​ദങ്ങളോ ഇല്ലാത്ത കീഴ് മനുഷ്യരുടെ സമുദായമായി മുസ്​ലിംകളെ മാറ്റുക എന്നതാണ് പദ്ധതി. അതിന് രണ്ട് കാര്യങ്ങളാണ് വേണ്ടത്; ഭയപ്പെടുത്തുക, ഭിന്നിപ്പിക്കുക. മുത്തലാഖ് ബിൽ രണ്ടിനും പറ്റിയ ഉപകരണമാണ്.

നിങ്ങൾ മുത്തലാഖ് ബില്ലിനെതിരെങ്കിൽ ലിംഗനീതിക്കൊപ്പമല്ല എന്ന സമവാക്യം ഉന്നയിച്ച് പ്രതിപക്ഷത്തെ ബ്ലാക് മെയിൽചെയ്യാൻ അവർക്ക് സാധിച്ചു. അങ്ങനെയാണ് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിലും ബിൽ പാസാക്കിയെടുക്കാൻ  സാധിച്ചത്. എല്ലാ സമുദായങ്ങളിലും വിവാഹമോചനം  സിവിൽ നടപടിയാണെങ്കിൽ മുസ്​ലിംകൾക്കുമാത്രം അത് ക്രിമിനൽ നടപടിയായി മാറി. മുസ്​ലിംകൾക്ക് അത് വ്യക്തമായ സന്ദേശം നൽകുന്നുണ്ട്. നിങ്ങളോട് ഇങ്ങനെയൊക്കെയാണ് ഇനി ഭരണകൂടം പെരുമാറാൻ പോകുന്നത് എന്ന സന്ദേശമാണത്. അപര പൗരന്മാരായി നിങ്ങളെ കാണാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത് എന്ന തുറന്നു പറച്ചിൽ. ജയ് ശ്രീരാം വിളിക്കാത്തതി​െൻറ പേരിൽ നടക്കുന്ന തെരുവു കൊലപാതകങ്ങളുടെ വാർത്തകൾ ധാരാളമായി വരുന്നുണ്ട്. അത്തരം ആൾക്കൂട്ട ആക്രമണങ്ങളും പാർലമ​െൻറിലെ ആൾക്കൂട്ട നിയമനിർമാണങ്ങളും തമ്മിൽ സന്ദേശത്തിൽ വ്യത്യാസമില്ല. മുസ്​ലിംകളെ ചകിതരാക്കിനിർത്തുക എന്നതുതന്നെയാണ് ലക്ഷ്യം. ചകിതരും ഭീരുക്കളും നിശ്ചേഷ്​ടരുമായ ഒരു ന്യൂനപക്ഷം, വിജയശ്രീലാളിതരും ആൾക്കൂട്ട തൃഷ്ണകൾക്കുമേൽ ആരവം മുഴക്കുന്നവരുമായ ഒരു ഭൂരിപക്ഷം -അങ്ങനെ ഇന്ത്യയെ വിഭജിച്ചു നിർത്തി അധികാരം നിലനിർത്തുക എന്നതാണ് പദ്ധതി.

ജയ് ശ്രീരാം ആക്രമണ വാർത്തകൾ അതിനാൽ ഭരണകൂടത്തിന് അസ്വാരസ്യമുണ്ടാക്കുന്നുവെന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ അത് തെറ്റാണ്. ‘ജോ ന ബോലോ ജയ് ശ്രീരാം, ഭേജ് ദോ ഉസ്​കോ ഖബറിസ്​താൻ’ എന്ന പാട്ടുമായി സംഗീത ആൽബം ഇറക്കിയ ടീമാണ്. അത്തരമൊരു ബോധഘടനയിൽ ജയ് ശ്രീരാം കൊലകളെ കുറിച്ച വാർത്തകൾ അവരുടെ ആത്മവീര്യം വർധിപ്പിക്കുകയേ ഉള്ളൂ. ചുട്ടുകൊല്ലപ്പെട്ട മക​​െൻറ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസുപോലും ലഭിക്കാതെ ട്രക്കിൽ കിടത്തിക്കൊണ്ടുപോകുന്ന വൃദ്ധനായ പിതാവി​െൻറ ചിത്രം മനുഷ്യസ്​നേഹികളെ നൊമ്പരപ്പെടുത്തുന്നതായിരിക്കും. പക്ഷേ, അത്തരം ചിത്രങ്ങൾ പ്രചരിക്കുന്നത് തങ്ങളുടെ സംഘത്തി​െൻറ ആത്മവീര്യം വർധിപ്പിക്കാൻ നന്നാവും എന്ന് കരുതുന്നവരാണ് നാട് ഭരിക്കുന്നത്.

ഇവിടെ സങ്കീർണ കുരുക്കിൽപെട്ടിരിക്കുന്നത് മുസ്​ലിം നേതൃത്വമാണ്. ചകിതരായ വലിയൊരു ജനസഞ്ചയത്തിന് ആത്മവിശ്വാസം നൽകി മുന്നോട്ടു നയിക്കേണ്ട ഉത്തരവാദിത്തം അവർക്കുണ്ട്. അതേസമയം, ഇത്തരം വിവേചനങ്ങളിൽ മനംമടുത്ത് തെറ്റായ വഴികളിലേക്ക് ചെറുപ്പക്കാർ വഴുതിപ്പോകാനുള്ള സാധ്യതയെ തടയേണ്ടതുമുണ്ട് (അങ്ങനെ കുറെ പേർ തെറ്റായ വഴികൾ സ്വീകരിക്കുന്നതാണ് ഭരണകൂടത്തിന് സൗകര്യം എന്നിരിക്കെ വിശേഷിച്ചും). അപ്പോൾ, ശരിക്കും നൂൽപാലത്തിൽനിന്നുള്ള സാഹസങ്ങളാണ് മുസ്​ലിം നേതൃത്വത്തിന് ചെയ്യാനുള്ളത്. ചകിതരാക്കി അടിമകളാക്കാനുള്ള പദ്ധതിയെ പ്രതിരോധിക്കണം, ജനങ്ങളിൽ ആത്മവിശ്വാസം വളർത്തണം, അതേസമയം അത് വഴിതെറ്റിപ്പോകാനും കൂടുതൽ സാമുദായിക വിഭജനം ഉണ്ടാക്കാനും പാടില്ല. അത്തരമൊരു ശ്രമകരമായ ദൗത്യത്തിന് സജ്ജരായി ഇറങ്ങിപ്പുറപ്പെടുക എന്നതു മാത്രമാണ് മുന്നിലുള്ള പോംവഴി.
Loading...
COMMENTS