Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഇസ്രായേലി ഭീകരത പുതിയ...

ഇസ്രായേലി ഭീകരത പുതിയ മാനത്തിലേക്ക്

text_fields
bookmark_border
ഇസ്രായേലി ഭീകരത പുതിയ മാനത്തിലേക്ക്
cancel

സെപ്റ്റംബർ ഒമ്പതിന് ചൊവ്വാഴ്ച ഖത്തർ തലസ്ഥാനമായ ദോഹയിലെ ഹമാസ് നേതൃത്വത്തിന്റെ താവളത്തിൽ ഇസ്രായേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ അഞ്ച് ഹമാസ് നേതാക്കളും ഒരു ഖത്തരി സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടത് ലോകത്തെ ഞെട്ടിച്ച ഭീകരാക്രമണമായിരുന്നു. സമുന്നത നേതാക്കളെ ലക്ഷ്യമിട്ടെങ്കിലും കൂടിയാലോചനയിൽ പങ്കെടുക്കേണ്ട പ്രധാന നേതാക്കൾ അതിജീവിച്ചെന്നാണ് ഹമാസ് അറിയിച്ചത്. നിരാലംബരായ സ്ത്രീകളും ഗർഭിണികളും പിഞ്ചുപൈതങ്ങളുമുണ്ടായിരുന്ന ഗസ്സയിലെ ആതുരാലയങ്ങളിലടക്കം ബോംബ് വർഷിച്ചും കൂട്ടക്കൊലകൾ നടത്തിയും ജനവാസ കെട്ടിടങ്ങൾ തകർത്തുതരിപ്പണമാക്കിയും താണ്ഡവമാടുന്ന സയണിസ്റ്റ് ഭീകര രാഷ്ട്രത്തിന് ചൊവ്വാഴ്ച നടത്തിയ ആക്രമണം അത്ര വലുതായിരിക്കില്ല. ഗസ്സയിൽ ഇതിനകം 64,600 മനുഷ്യാത്മാക്കൾ ശരിയായ മരണാന്തര ശുശ്രൂഷ പോലും കിട്ടാതെ ഇഹലോകവാസം വെടിഞ്ഞു. ഇതവസാനിപ്പിക്കാൻ നടന്ന ശ്രമങ്ങൾക്ക് മധ്യവർത്തിയായി നിന്ന ഒരു സ്വതന്ത്ര രാഷ്ട്രത്തിനകത്ത് യുദ്ധവിരാമ ചർച്ചയിൽ കക്ഷിയായ ഹമാസിന്റെ നേതൃത്വത്തിൽപെട്ടവരെ വധിച്ചത് പക്ഷേ, അത്ര ചെറിയ കുറ്റമല്ല.

ആക്രമണത്തെ ഖത്തറും ജി.സി.സി കൂട്ടായ്മയും മിക്ക അറബ് രാഷ്ട്രങ്ങളും അപലപിച്ചിരിക്കുന്നു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വിളിച്ച് രോഷം അറിയിച്ചു. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ശക്തമായ ഭാഷയിൽ ഇസ്രായേലി അതിക്രമത്തെ അപലപിച്ചു. ഈ ആക്രമണം ഇസ്രായേലിന്റെയോ അമേരിക്കയുടെയോ താല്പര്യങ്ങളെ അല്പം പോലും സഹായിക്കില്ലെന്നാണ് യു.എസ് പ്രസിഡന്റ് ട്രംപ് തന്നെ പ്രസ്താവിച്ചത്. എന്നാൽ, ഹമാസിന്റെ കഥ കഴിക്കുകയെന്നത് നല്ല ഒരു ലക്ഷ്യം തന്നെയാണെന്നും അടുത്ത ശ്വാസത്തിൽ അദ്ദേഹം മൊഴിയുന്നുണ്ട്. ഒരു വശത്ത് സംഘർഷത്തിലെ രണ്ടിൽ ഒരു കക്ഷിയുമായി ചർച്ചയിൽ പങ്കാളിയാവുക, എന്നിട്ട് ആ കക്ഷിയെ ഉന്മൂലനം ചെയ്യുന്നത് നല്ല കാര്യമായി പറയുക, അതിന് തുനിഞ്ഞിറങ്ങുന്ന കക്ഷിക്ക്‌ ആയുധവും പണവും ഇഷ്ടം പോലെ നൽകുക. ഈ അമേരിക്ക തന്നെയാണ് പശ്ചിമേഷ്യ സമാധാനത്തിന് ഏറ്റവും പറ്റിയ 'മധ്യവർത്തി' എന്ന് ആരും സമ്മതിച്ചുകൊടുക്കണം.

തങ്ങൾ മുന്നോട്ടുവെച്ച യുദ്ധവിരാമ കരാർ അംഗീകരിക്കുക, അല്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടുക എന്നാണ് അമേരിക്ക ഹമാസിനോട് പറഞ്ഞത്. പ്രസ്തുത നിർദേശങ്ങളിൽ മുഴുവൻ തടവുകാരെയും രണ്ടു കക്ഷികളും വിട്ടയക്കുന്നതിന് ഹമാസ് അനുകൂലമായിരുന്നു. 42 ഇസ്രായേലി തടവുകാർക്ക് പകരമായി, ആയിരക്കണക്കിന് തടവുകാരെ ഇസ്രായേലും വിട്ടയക്കണമെന്ന ഹമാസ് നിബന്ധനയും ഏതാണ്ട് നടപ്പാവുമെന്നായിരുന്നു നിരീക്ഷിക്കപ്പെട്ടത്. അത്രതന്നെ ഹമാസിന് പ്രധാനമായിരുന്നു ഗസ്സയിലെ ഇസ്രായേലി സൈനിക സാന്നിധ്യം അവസാനിപ്പിക്കുകയെന്നത്. ഇതേക്കുറിച്ച ഇസ്രായേലി നിലപാട് പൊതുമണ്ഡലത്തിൽ വെളിവാക്കപ്പെട്ടിട്ടില്ല.

എന്നാൽ, ട്രംപിന്റെ നിർദേശങ്ങൾ തങ്ങൾ പരിഗണിക്കുന്നുണ്ടെന്നായിരുന്നു അവർ പറഞ്ഞത്. ഒന്നാം ദിവസം തടവുകാരെ കൈമാറിയാൽ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ രണ്ടാം ഘട്ടത്തിൽ നടത്താമെന്ന പ്രതീക്ഷ ഹമാസിനുമുണ്ടായിരുന്നു. നെതന്യാഹു ഭരണകൂടത്തിന് സ്വന്തം ജനങ്ങളുടെ മുന്നിൽ പിടിച്ചുനിൽക്കാൻ തടവുകാരെ വിട്ടുകിട്ടൽ അതിപ്രധാനമാണ്. രാജ്യത്തെ അരക്ഷിതത്വം അവസാനിപ്പിക്കലും അതേ. നെതന്യാഹു ദോഹ സ്ഫോടനത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നെന്നു പറഞ്ഞപ്പോൾ അതിനു ന്യായമായി പറഞ്ഞത് തിങ്കളാഴ്ച ജറൂസലമിൽ ഹമാസ് നടത്തിയ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്ത 'ഭീകര' കൃത്യത്തിനു പ്രതികാരമാണത് എന്നാണ്.

ഇസ്രായേലും അതിനെ പിന്തുണക്കുന്നവരും വാദിക്കുന്ന പോലെ സിവിലിയന്മാർക്ക് നേരെയുള്ള ആക്രമണമാണ് പ്രശ്നമെങ്കിൽ ഇസ്രായേൽ കൊന്ന ഗസ്സയിലെ 64,000ത്തിൽ പരം ജനങ്ങളിൽ എത്രയാണ് സൈനികരെന്ന് പരിശോധിച്ചാൽ മതി. അന്നും ഇന്നും ഇസ്രായേൽ-ഫലസ്തീൻ യുദ്ധ വിശകലനത്തിൽ കണ്ടുവരുന്ന ഒരു പ്രവണതയാണ് തൊട്ടുമുന്നിലുള്ള ആക്രമണത്തെ പഴിചാരി ദശകങ്ങളായുള്ള ഇസ്രായേലിന്റെ മർദക നടപടികൾ അവഗണിക്കുകയെന്നത്. ഏറെ എടുത്തു പ്രയോഗിക്കുന്ന 2023 ഒക്ടോബർ ഏഴിന്റെ ഹമാസ് ആക്രമണം ശൂന്യതയിൽ നിന്നുണ്ടായതല്ലെന്ന് യു.എൻ സെക്രട്ടറി ജനറൽ ഗുട്ടെറസ് തന്നെ പറഞ്ഞതും പ്രസക്തമാണ്. ഇസ്രായേൽ പ്രതികാരമെന്നുപറഞ്ഞ് നടത്തുന്ന ഭീകരകൃത്യങ്ങൾ എത്ര മാത്രം ആനുപാതികമായിരുന്നെന്നും പരിശോധിക്കണം. അക്കൂട്ടത്തിൽപെടുന്നതാണ് ഇപ്പോൾ ജറൂസലം ആക്രമണത്തിന് പ്രതികാരമായി ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായ ഖത്തറിൽ കടന്നുകയറി നടത്തിയ ഭീകരാക്രമണം.

മാനുഷിക മര്യാദകളോ പരിഷ്‌കൃത യുഗത്തിന്റെ നിയമങ്ങളോ ഭീകരകൃത്യങ്ങൾ നടത്തുന്നതിന് തങ്ങൾക്കൊട്ടും തടസ്സമല്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ഇസ്രായേൽ. ലോകരാഷ്ട്രങ്ങളിൽ പലതും ഇസ്രായേലിന്റെ ചെയ്തികളെ ഉരച്ചുനോക്കുന്ന ഉരകല്ലുകളും നീതി പ്രതിഫലിപ്പിക്കുന്നതാവേണ്ടതുണ്ട്. പല രാഷ്ട്രങ്ങളും ഇന്ത്യ ഉൾപ്പെടെ, തിങ്കളാഴ്ച ജറൂസലമിൽ നടന്ന ആക്രമണത്തെ അപലപിച്ച കൂട്ടത്തിൽ ഏതു രൂപത്തിലുള്ള ഭീകരതക്കും തങ്ങളെതിരാണെന്ന് പറയുന്നു. അതേ സമയം, ഇസ്രായേലിന്റെ ഖത്തർ സ്‌ഫോടനത്തെ ഭീകരതയുടെ കള്ളിയിൽപെടുത്താൻ അവർ തയാറായിട്ടില്ല. സംഭവത്തിൽ ‘ആഴത്തിൽ ഉത്കണ്ഠ’ രേഖപ്പെടുത്തുകയും ‘നയതന്ത്ര മാർഗങ്ങൾ സ്വീകരിക്കുകയും സംയമനം പാലിക്കുകയും’ ചെയ്യേണ്ട ആവശ്യകത ഊന്നിപ്പറയുകയുമാണ് ചെയ്യുന്നത്. ഇസ്രായേലി ആക്രമണങ്ങളെ ലോകരാഷ്ട്രങ്ങൾ തൂമ്പയെ തൂമ്പ എന്ന് വിളിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ ഒരു വിധം സമാധാന ശ്രമങ്ങളെല്ലാം നിഷ്ഫലമായി കലാശിക്കുകയേ ഉള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam EditorialIsrael AttackGaza Genocide
News Summary - Israeli attack reaches new level | Madhyamam Editorial
Next Story