Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഇസ്രായേൽ പറയുന്നു:...

ഇസ്രായേൽ പറയുന്നു: ഞങ്ങൾ ലോകത്തിന്‍റെ ശത്രുവാണ്

text_fields
bookmark_border
ഇസ്രായേൽ പറയുന്നു: ഞങ്ങൾ ലോകത്തിന്‍റെ ശത്രുവാണ്
cancel
വിവിധ രാജ്യങ്ങളുടെ ഇടപെടലിലൂടെ എപ്പോഴെല്ലാം സമാധാനം കൈപ്പാട്ടിലെത്തിയോ അപ്പോഴെല്ലാം ഇസ്രായേൽ അതു തകർക്കാൻ രംഗത്തിറങ്ങിയിട്ടുണ്ട്.

ലോകത്തിനു മുഴുവൻ ശത്രുവാണ് തങ്ങളെന്ന്, ഇസ്രായേൽ എന്ന സയണിസ്റ്റ് വംശീയരാഷ്ട്രം സംശയരഹിതമായി ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. യു.എസുമായി ചേർന്ന് ആ രാഷ്ട്രം ഇറാനെ ആക്രമിച്ചതിൽപ്പിന്നെ ലോകമാകെ മുൾമുനയിലായി. സ്വയം പ്രതിരോധത്തിനായി ഇറാൻ ഹുർമുസ് കടലിടുക്ക് അടച്ചിട്ടതോടെ ആഗോള സാമ്പത്തികരംഗം കഠിനമായ പ്രതിസന്ധിയിലേക്ക് തള്ളപ്പെട്ടു. ഒരു ദിവസത്തെ സഞ്ചാരഭംഗം പോലും രാജ്യങ്ങൾക്ക് കനത്ത ആഘാതം സൃഷ്ടിക്കുമെന്നിരിക്കെ, ആഴ്ചകളായി തുടരുന്ന പ്രതിസന്ധി ലോകരാജ്യങ്ങളെ പരിക്കേൽപ്പിച്ചു കൊണ്ടിരിക്കുന്നു. ആഗോള എണ്ണ-വാതക ലഭ്യത അഞ്ചിലൊന്നു കണ്ട് കുറഞ്ഞു.

വളംനീക്കം സ്തംഭിച്ചു; കാർഷിക മേഖല തകർച്ചയിലായി. മിക്ക രാജ്യങ്ങളും കഷ്ടപ്പാടിലേക്ക് കൂപ്പുകുത്തി. ഗൾഫ് രാജ്യങ്ങളിൽ പരക്കെ ഉണ്ടായ നാശനഷ്ടങ്ങൾ 6000 കോടി ഡോളറിന് അടുത്തു വരും. ലോകാടിസ്ഥാനത്തിൽ, 22 ലക്ഷം കോടി ഡോളറിന്‍റെ ആഘാതം വന്നുകഴിഞ്ഞതായാണ് കണക്ക്. ഇതിനു പുറമേയാണ് അനുബന്ധ പ്രശ്നങ്ങൾ. എല്ലാവർക്കും നഷ്ടം മാത്രമുണ്ടാക്കുന്ന അനാവശ്യ യുദ്ധത്തിനെതിരെ ഇസ്രായേൽ ഒഴിച്ചുള്ള എല്ലാ രാജ്യങ്ങളിലും വ്യാപകമായ എതിർപ്പുയർന്നു. കനത്ത നഷ്ടങ്ങൾ വെടിനിർത്തൽക്കരാർ അനിവാര്യമാക്കി. അപ്പോഴും അത് അട്ടിമറിക്കാൻ മുന്നോട്ടു വന്നത് ഒരേയൊരു രാഷ്ട്രമാണ് ഇസ്രായേൽ.

താൽക്കാലിക വെടിനിർത്തലും, യുദ്ധവിരാമത്തിനായുള്ള തുടർചർച്ചകളുടെ സമയക്രമവും തീരുമാനിക്കപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ ഇസ്രായേൽ വെടിനിർത്തൽ ധാരണ ലംഘിച്ചു. ലബനാൻ ഉൾപ്പെടെ എല്ലാ സംഘർഷ മേഖലകളിലും വെടിനിർത്തുക എന്നത് ധാരണയുടെ അവിഭാജ്യ ഭാഗമാണ്. ഇസ്രായേലും ഹിസ്ബുല്ലയും തമ്മിൽ ഒപ്പുവെച്ച കരാറിലും വെടിനിർത്തൽ ധാരണയുടെ ആദ്യ ഇനം ലബനാനിലെ ആക്രമണം നിർത്തണം എന്നതാണ്.

പക്ഷേ, ഒപ്പിട്ട ഉടനെ ഇസ്രായേൽ ചെയ്തത് അതു ലംഘിക്കുകയാണ്. ഇതുവഴി അവർ, ലോകസമാധാനത്തോടും ലോകത്തിന്‍റെ വിശാല താൽപര്യങ്ങളോടും പരസ്യമായി ശത്രുത പ്രഖ്യാപിച്ചിരിക്കുന്നു. ഇതാകട്ടെ ഒരു ലബനാൻ സംഘർഷത്തിൽ പരിമിതവുമല്ല. ഇസ്രായേൽ എന്ന രാഷ്ട്രംതന്നെ, യൂറോപ്യൻ രാജ്യങ്ങൾ ഫലസ്തീൻ ജനതയോട് ചെയ്ത വഞ്ചനയുടെ ഉൽപന്നമാണ്. അവിഹിതമായി സ്ഥാപിതമായ ശേഷം വഞ്ചനയിലൂടെ വളർന്ന ചരിത്രമാണ് അതിന്‍റേത്. കരാർ ലംഘനങ്ങളുടെ ഒരു നീണ്ട പട്ടിക കൂടിയാണ് ആ ചരിത്രം. ഇപ്പോഴത്തെ സംഘർഷങ്ങളിൽപ്പോലും, ഖത്തർ, ഒമാൻ, ഈജിപ്ത്, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളുടെ ഇടപെടലിലൂടെ എപ്പോഴെല്ലാം സമാധാനം കൈപ്പാട്ടിലെത്തിയോ അപ്പോഴെല്ലാം ഇസ്രായേൽ അതു തകർക്കാൻ രംഗത്തിറങ്ങിയിട്ടുണ്ട്. 2024ലെ ഗസ്സ ‘‘വെടിനിർത്തൽ’’ മുതൽ ഇപ്പോഴത്തെ ലബനാൻ ‘‘വെടിനിർത്തൽ’’ ധാരണ വരെ അതിന് സാക്ഷികളാണ്.

ലബനാൻ “വെടിനിർത്തൽ” പോലെ ഗസ്സ “വെടിനിർത്ത”ലും ദിനേന ഇസ്രായേൽ ലംഘിക്കുന്നുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ നിലവിൽ വന്നെന്നു പറയുന്ന ഗസ്സ “വെടിനിർത്തൽ” ഈ മാസം 20 വരെ ഇസ്രായേൽ ലംഘിച്ചത് ഒന്നും രണ്ടുമല്ല 3,338 തവണയാണ്. ആയിരത്തിലേറെ സിവിലിയന്മാരെ കൊന്നു; നൂറോളം ഗസ്സക്കാരെ തട്ടിക്കൊണ്ടുപോയി; കരാർ പ്രകാരം ഗസ്സയിലെത്തേണ്ട ദുരിതാശ്വാസ വണ്ടികളിൽ മൂന്നിൽ രണ്ടിനും പ്രവേശനം വിലക്കി. വെസ്റ്റ്ബാങ്കിൽ നിയമവിരുദ്ധ കുടിയേറ്റവും കുരുതിയും തീവ്രമായി തുടരുന്നു. ഇപ്പോൾ ലബനാനിൽ, “വെടിനിർത്തൽ” നിലവിൽ വന്ന് മണിക്കൂറുകൾക്കകം 20 പേരെ കൊന്നുകൊണ്ട് ലംഘനം ആരംഭിച്ചു.

12 മണിക്കൂറിൽ 47 പേരെ കൊന്നു. സൂചന വ്യക്തമാണ്: ഇസ്രായേൽ സമാധാനത്തിൽ വിശ്വസിക്കുന്നില്ല. ലോകം മുഴുവൻ കഷ്ടപ്പാടിലായാലും വിശാല ഇസ്രായേൽ എന്ന സ്വന്തം സാമ്രാജ്യത്വ അജണ്ട തുടർന്നു പോകണം അത്രമാത്രം. സ്വയം ഒപ്പുവെച്ച കരാർ തൊട്ടുടനെ ലംഘിക്കുന്നവർക്ക് അന്താരാഷ്ട്ര കരാറുകൾ ലംഘിക്കാനുള്ളതുതന്നെ. ഡസൻ കണക്കിന് യു.എൻ രക്ഷാസമിതി പ്രമേയങ്ങൾ ഇസ്രായേൽ ലംഘിച്ചിട്ടുണ്ട്. ലോകകോടതിയിൽ അവർക്കെതിരെ വംശഹത്യ കേസുണ്ട്. നേതാക്കൾക്കെതിരെ അറസ്റ്റ് വാറന്റുണ്ട്. അവർ ചെയ്ത യുദ്ധക്കുറ്റങ്ങൾക്ക് തെളിവുണ്ട്.

അധിനിവേശ രാഷ്ട്രങ്ങൾ പാലിക്കേണ്ട മര്യാദകളെപ്പറ്റിയുള്ള ജനീവാ കരാറിലെ വ്യവസ്ഥകളെല്ലാം ഇസ്രായേൽ ലംഘിച്ചിട്ടുണ്ട്. മനുഷ്യാവകാശം സംബന്ധിച്ച അന്താരാഷ്ട്ര ധാരണകളും യുദ്ധമര്യാദകളും ഒരു മടിയുമില്ലാതെ ലംഘിച്ചു വന്നിട്ടുണ്ട് ഈ രാജ്യം. ഇപ്പോൾ, സംശയത്തിന് പഴുതില്ലാത്ത വിധം, ഫലസ്തീൻകാർക്കും ഇറാൻകാർക്കും മാത്രമല്ല മനുഷ്യസമൂഹത്തിനു മുഴുവൻ ശത്രുവായി അവർ സ്വയം വെളിപ്പെടുത്തിയിരിക്കുന്നു. മനുഷ്യത്വമോ നീതിയോ ഇല്ലാത്ത ആ രാജ്യത്തെ ഒറ്റപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Violationeditorial opinionGaza WarIsrael Hamas atttackLebanon Ceasefire
News Summary - Israel says: We are the enemy of the world
Next Story