ഫലസ്തീൻ: നിലവിളിയും നിസ്സംഗതയും
text_fieldsരണ്ടു വർഷം തികയുമ്പോഴും ചോരക്കൊതിയടങ്ങാതെ ഫലസ്തീനിലെ ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശീയ ഉന്മൂലനത്തിനെതിരെ ലോകമെങ്ങും രോഷത്തിന്റെ കൊടുങ്കാറ്റുയരുന്നുണ്ട്. ഇസ്രായേലിനകത്തുതന്നെ വമ്പൻ പ്രതിഷേധറാലികൾ നടന്നു. അമേരിക്കൻ തെരുവുകളിലും വിവിധ യൂറോപ്യൻ നാടുകളിലും ജനലക്ഷങ്ങൾ അണിനിരന്ന ഫലസ്തീൻ ഐക്യദാർഢ്യ പ്രകടനങ്ങൾ തുടരുന്നു. അവിടങ്ങളിൽ നിന്നുയർന്ന യുദ്ധവിരുദ്ധ വികാര വേലിയേറ്റത്തിന്റെ വെളിപ്പെടുത്തലായിരുന്നു ഇസ്രായേലി തീട്ടൂരങ്ങളെ ഗൗനിക്കാതെ മുന്നേറിയ ഗസ്സ സുമൂദ് ഫ്ലോട്ടില എന്ന മാനുഷിക ദൗത്യവും.
ഫലസ്തീനിലെ കുഞ്ഞുമക്കളെ മുച്ചൂടും ബോംബിട്ടും പട്ടിണിക്കിട്ടും ഇസ്രായേൽ കൊലചെയ്തു കൊണ്ടിരിക്കുമ്പോൾ ഫലസ്തീന് ചുറ്റുമുള്ള രാഷ്ട്രങ്ങളും അവരുടെ കൂട്ടായ്മകളും ഒരു തീരുമാനത്തിലെത്താൻ കഴിയാതെ അമേരിക്കയുടെ വിരൽ ഞൊടിക്കലിന് കാത്തിരിക്കെ, ഫലസ്തീന്റെ വിശപ്പും ദുരിതവും വംശഹത്യയുടെ ഭീകരതയും ഇരകളുടെ ദൈന്യതയും തങ്ങളിലേക്ക് ആവാഹിച്ച് സ്വന്തം ദുഃഖവും രോഷവുമായി ലോകത്തിന് മുന്നിൽ പ്രകടിപ്പിക്കുകയാണ് അവർ.
ഗസ്സയിൽ മരിച്ചുവീഴുന്നത് വെറും നമ്പറുകളല്ലെന്നും നോവും നൊമ്പരവുമുള്ള മനുഷ്യാത്മാക്കളാണെന്നും അവർ ഏകാധിപതികളെയും അവർക്ക് ഓശാന പാടുന്ന സാഡിസ്റ്റ് സൈബർ പിണിയാളുകളെയും ഓർമിപ്പിച്ചു കൊണ്ടിരിക്കുകയാണിപ്പോഴും. ഈ ജനരോഷത്തിന്റെ പ്രതിഫലനമാണ് ഐക്യരാഷ്ട്രസഭയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ കൊലയാളിയെ കേൾക്കാൻ മനസ്സില്ല എന്ന് പരസ്യവിസമ്മതം പ്രകടിപ്പിച്ച് വിവിധ രാഷ്ട്രപ്രതിനിധികൾ സഭ വിട്ടിറങ്ങിയതും.
ഇസ്രായേലിന്റെ ഒത്താശക്കാരായ അമേരിക്കയിൽ പുതുതലമുറ കണ്ണുംപൂട്ടിയുള്ള സയണിസ്റ്റ് വിധേയത്വത്തെ ശക്തിയുക്തം എതിർത്തു രംഗത്തുവരുന്നതാണ് പുതിയ പ്രവണത. രണ്ടുവർഷം മുമ്പ് 2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിൽ ആക്രമണം നടത്തുകയും ആ പേരിൽ ഇസ്രായേൽ രണ്ടുകൊല്ലം കഴിഞ്ഞും തുടരുന്ന വംശഹത്യക്ക് തുടക്കം കുറിക്കുകയും ചെയ്യുമ്പോൾ കണ്ട വികാരമല്ല, പ്രത്യേകിച്ചും യുവതലമുറയിൽ, ഇപ്പോൾ പ്രതിഫലിക്കുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അമേരിക്കയിൽ പ്രായപൂർത്തിയെത്തിയവരിൽ 53 ശതമാനത്തിലേറെ പേർ ഇപ്പോൾ ഇസ്രായേലിനോട് പഴയ അനുഭാവം പുലർത്തുന്നില്ല എന്നുതന്നെയല്ല, വിപ്രതിപത്തിയിലുമാണ്.
മുപ്പതു ശതമാനത്തോളം പേർക്കേ ‘പഴയ പാരമ്പര്യം പിന്തുടർന്ന്’ ഇസ്രായേലിനോട് മമതയുള്ളൂ. ഈയൊരു പൊതുവികാരം രാഷ്ട്രീയക്കാരെയും സ്വാധീനിക്കുന്നതായി അമേരിക്കൻ മാധ്യമങ്ങൾ ഈയിടെ പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നു. അമ്പത് വയസ്സിൽ താഴെയുള്ള റിപ്പബ്ലിക്കൻ പ്രതിനിധികളിൽ ഇസ്രായേൽ അനുഭാവത്തിൽ അതൃപ്തി പ്രകടിപ്പിക്കുന്നവരുടെ ശതമാനക്കണക്ക് മുപ്പത്തഞ്ചിൽനിന്ന് അമ്പതിലേക്ക് ഉയർന്നിരിക്കുന്നു. ഡെമോക്രാറ്റുകളിൽ ഇത് 71 ശതമാനത്തിൽ കൂടുതലാണ്. കാമ്പസുകളിലും തെരുവുകളിലുമായി ഉയർന്നുപൊങ്ങുന്ന പ്രതിഷേധ വേലിയേറ്റത്തിന്റെ തിരതള്ളലിൽനിന്ന് രാഷ്ട്രീയക്കാർക്കും മാറിനിൽക്കാനാവുന്നില്ല എന്നതിന്റെ തെളിവുകളാണ് ഈ കണക്കുകൾ. ഇതിന് നേർവിപരീതമായി ഇസ്രായേലിൽ വലതുപക്ഷ തീവ്രവാദ ആഭിമുഖ്യം കൂടിവരുന്നതായാണ് റിപ്പോർട്ട്. ഈ അനുഭാവത്തിലാണ് നെതന്യാഹു പ്രതീക്ഷയർപ്പിക്കുന്നത്.
ഇതൊന്നും പക്ഷേ, അമേരിക്കൻ ജനതയുടെയും യൂറോപ്യൻ രാഷ്ട്രങ്ങളുടെയും ഇസ്രായേൽവിരോധത്തെ മറികടക്കാൻ പര്യാപ്തമല്ലെന്ന് നെതന്യാഹുവും മനസ്സിലാക്കുന്നുണ്ട്. വരും വർഷങ്ങളിൽ ഒറ്റപ്പെടലിൽനിന്ന് രക്ഷപ്പെടാൻ സ്വയം വഴികളാരായേണ്ടിവരുമെന്ന് ആഴ്ചകൾക്കു മുമ്പ് അദ്ദേഹം പരസ്യമായി പ്രസ്താവിച്ചത് ഇസ്രായേലിൽ ആധിയുയർത്തിയിട്ടുണ്ട്. ഡെമോക്രാറ്റ്, റിപ്പബ്ലിക്കൻ പാർട്ടികളിലെ പുതുതലമുറ നേതാക്കളും വക്താക്കളുമൊക്കെ ഇസ്രായേൽ പിന്തുണയിൽനിന്ന് പിന്നാക്കം പോകുന്നത് വലിയ അപകട സിഗ്നലായിതന്നെ കാണണമെന്ന് ഇസ്രായേലിലെ പ്രതിപക്ഷനേതാവ് യേർ ലാപിഡ് തുറന്നുപറഞ്ഞതും സയണിസ്റ്റ് കൂടാരത്തിലെ ആശങ്കയാണ് വെളിപ്പെടുത്തുന്നത്. ഈ തിരിച്ചറിവ് ട്രംപ് ഭരണകൂടത്തിനുമുള്ളതു കൊണ്ടാണ് ഇസ്രായേലിന് അർഥവും ആയുധവും വാരിക്കോരി കൊടുക്കുമ്പോഴും ഇടക്ക് നെതന്യാഹുവിനെ ഗുണദോഷിച്ചെന്ന് വരുത്തുന്നത്.
ഏറ്റവുമൊടുവിൽ ഹമാസ് കരാർ ഭാഗികമായി അംഗീകരിച്ചെന്ന പ്രഖ്യാപനം വരുമ്പോഴേക്കും യുദ്ധം നിർത്താൻ തെൽ അവിവിനുനേരെ കണ്ണുരുട്ടിയതായി ഭാവിക്കുന്നത്. സ്വന്തം മൂക്കിന് താഴെ പ്രതിഷേധത്തിന്റെ കടലിരമ്പം കാണുമ്പോഴും ലോകമെങ്ങുമുള്ള സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾ ഗസ്സയിൽ നിശ്ശബ്ദം നൽകുന്ന പിന്തുണയാണ് ഇസ്രായേലിന്റെയും അമേരിക്കയുടെയും ഫലസ്തീൻ ഉന്മൂലനയജ്ഞത്തിന്റെ ശക്തി. ഗസ്സയുമായി ബന്ധപ്പെട്ട നിലപാടുകളിൽ യു.എസ് അജണ്ടക്കനുസൃതമായി വളയാൻ നട്ടെല്ല് പാകപ്പെടുത്തിയ അവരുടെ വിധേയത്വത്തിലാണ് അമേരിക്കയുടെ നിൽപ്. എന്നാൽ, നിശ്ശബ്ദതയിലും നിസ്സംഗതയിലും നിൽക്കക്കള്ളിയുറപ്പിക്കുന്ന സ്വേച്ഛാധിപതികളുടെ കുതികാൽ പുഴക്കി ഫലസ്തീനുവേണ്ടിയുള്ള നിലവിളികൾ ലോകം പടരുമെന്നുറപ്പ്. യാങ്കി-സയണിസ്റ്റ് സഖ്യം വംശഹത്യ ഇത്രടം കൊണ്ടുനിർത്തിയാലും എത്രടം തുടർന്നാലും അക്രമികളോട് കണക്കുചോദിക്കാൻ കാലം തയാറെടുക്കുന്നു എന്നുതന്നെയാണ് ലോകമെങ്ങും ശക്തിയാർജിച്ചുവരുന്ന അധിനിവേശവിരുദ്ധ, ഫലസ്തീൻ ഐക്യദാർഢ്യ പ്രതിശബ്ദങ്ങൾ തെളിയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
