Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightമതേതര...

മതേതര ജനാധിപത്യത്തിന്റെ ഇസ്രായേൽ മാതൃക!

text_fields
bookmark_border
മതേതര ജനാധിപത്യത്തിന്റെ ഇസ്രായേൽ മാതൃക!
cancel


ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ യു.എൻ ജനറൽ അസംബ്ലി അംഗീകരിച്ച ദിനമായിരുന്നു കഴിഞ്ഞദിവസം അഥവാ നവംബർ 29. ആ രാജ്യത്ത് ജനിച്ചുപോയി എന്നതൊഴിച്ച് ഒരുകുറ്റവും ചെയ്തിട്ടില്ലാത്ത ഭിന്നവംശജരായ അറബികളെ ഫലസ്തീനിൽനിന്ന് നിർദയം പുറംതള്ളി, ഹിറ്റ്​ലറുടെ നാസി ജർമനിയും മറ്റു പാശ്ചാത്യകോയ്മകളും വേട്ടയാടിയ ജൂതസമൂഹത്തെ അവിടെ കുടിയിരുത്തിയ യു.എൻ തന്നെയാണ് 1977ൽ ഫലസ്തീനികളോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ഓരോ വർഷവും നവംബർ 29 തെരഞ്ഞെടുത്തത്- അന്നായിരുന്നല്ലോ, ഫലസ്തീൻ വിഭജനപ്രമേയം യു.എൻ പാസാക്കിയത്. അന്ന് ഫലസ്തീന്റെ പകുതിയോളം മാത്രമേ ഇസ്രായേലിന് പതിച്ചുനൽകിയിരുന്നുള്ളൂവെങ്കിലും 1967ലെ ആക്രമണത്തിൽ ഫലസ്തീന്റെ സിംഹഭാഗവും ജൂതരാഷ്ട്രത്തിന്റെ ഭാഗമായി. എന്നല്ല, അയൽനാടായ ജോർഡന്റെ പടിഞ്ഞാറെകരയും ജൂതപ്പട കൈയടക്കി. പിന്നീട് അധിനിവിഷ്ട പ്രദേശങ്ങളിൽനിന്ന് പിന്മാറണമെന്നും അത് യഥാർഥ അവകാശികൾക്ക് വിട്ടുകൊടുക്കണമെന്നും യു.എൻ സെക്യൂരിറ്റി കൗൺസിൽ ഒട്ടേറെ പ്രമേയങ്ങളിലൂടെ ഇസ്രായേലിനോട് ആവശ്യപ്പെട്ടുവെങ്കിലും ഒരിഞ്ചും വിട്ടുകൊടുക്കാൻ ആ രാജ്യം തയാറായില്ല. ഇന്നുവരെ അതിർത്തി വരക്കാൻ തയാറാവാത്ത ഇസ്രായേൽ അമേരിക്കയുടെ സമ്മർദത്തിന് വഴങ്ങി, ഫലസ്തീൻ വിമോചനസംഘടന നായകൻ യാസിർ അറഫാത്തുമായി ജോർഡൻ നദിയുടെ പടിഞ്ഞാറെകരയും ഗസ്സ ചീന്തും ഫലസ്തീനികൾക്ക് വിട്ടുകൊടുക്കാനും പകരം അറബ് രാജ്യങ്ങൾ ജൂതരാഷ്ട്രവുമായി നയതന്ത്രബന്ധങ്ങൾ സ്ഥാപിക്കാനും വ്യവസ്ഥ ചെയ്യുന്ന ഓസ്​ലോ കരാർ 1993ൽ ഇസ്രായേൽ പ്രധാനമന്ത്രി ഒപ്പിട്ടതാണ്. അതും പാലിക്കപ്പെടാതെ പോയപ്പോൾ സൗദി അറേബ്യയുടെ ദ്വിരാഷ്ട്ര പദ്ധതിയുടെ ഊഴമായി. ജൂതജനതയും അറബ് ജനതയും സമാധാനപരമായ സഹവർത്തിത്വത്തിന് സമ്മതിക്കുന്നതായിരുന്നു സൗദി പദ്ധതി. പക്ഷേ, അതും സയണിസ്റ്റുകൾ നിരാകരിച്ചു. 2020ൽ അബ്രഹാം കരാർ പ്രകാരം ബഹ്റൈനും യു.എ.ഇയും സുഡാനും ഇസ്രായേലിനെ അംഗീകരിച്ച് നയതന്ത്ര ബന്ധങ്ങൾ സ്ഥാപിച്ചുവെങ്കിലും ഫലസ്തീൻജനതക്ക് യു.എൻ അനുവദിച്ചുകൊടുത്ത കേവലം 13 ച.കിലോമീറ്റർ പ്രദേശംപോലും കൈയടക്കി അവിടെ ജൂത സെറ്റിൽമെന്റുകൾ സ്ഥാപിക്കുന്ന ആക്രമണാസക്ത പദ്ധതിയുമായി മുന്നോട്ടുപോവുകയാണ് ഇസ്രായേൽ. വെസ്റ്റ്ബാങ്കിലെ വെറും ആറ് ചതുരശ്ര കിലോമീറ്റർ ഭൂമി മാത്രമാണിപ്പോൾ ഫലസ്തീനികളുടെ താമസസ്ഥലമായി അവശേഷിക്കുന്നത്. അവിടേക്കും ബലപ്രയോഗത്തിലൂടെ കടന്നുകയറി ജൂത സെറ്റിൽമെന്റുകൾ സ്ഥാപിക്കുന്ന തിരക്കിലാണ് ഇസ്രായേലിന്റെ പട്ടാളവും പൊലീസും. ഈ കൊടുംഅനീതിയെ ചെറുക്കുന്ന യുവാക്കളെ ദിനേന വെടിവെച്ചുവീഴ്ത്തുകയും ചെയ്യുന്നു. പക്ഷേ, അമേരിക്കയോ ഒപ്പംനിൽക്കുന്ന യൂറോപ്യൻ രാജ്യങ്ങളോ പുറംലോകമോ ഒന്നും ഇതിനെതിരെ ചെറുവിരലനക്കാൻ തയാറല്ല.

അതിനിടെയാണ് അഞ്ചു വർഷങ്ങൾക്കുള്ളിൽ നാലാമത്തെ പൊതു തെരഞ്ഞെടുപ്പിൽ ഇസ്രായേൽ പൗരന്മാർ വോട്ട് രേഖപ്പെടു​ത്തേണ്ടിവന്നിരിക്കുന്നത്. കാരണം, വലതുപക്ഷവും തീവ്രവലതുപക്ഷവും അതിതീവ്ര വലതുപക്ഷവുമായ രാഷ്ട്രീയ പാർട്ടികൾക്കൊന്നിനും തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുന്നില്ല. ഏച്ചുകൂട്ടിയ മുന്നണികൾ തൊഴുത്തിൽകുത്തി സർക്കാറുകൾ താഴെ പതിക്കുന്നത് മധ്യ പൗരസ്ത്യദേശത്ത് ജനാധിപത്യത്തിന്റെ ഒരേയൊരു മാതൃകയായി പരിഷ്‍കൃതലോകം കൊണ്ടുനടക്കുന്ന ഇസ്രാ​േയലിലെ സാധാരണസംഭവമാണ്. കഴിഞ്ഞ നവംബർ ഒന്നിന് നടന്ന തെരഞ്ഞെടുപ്പിലും ചരിത്രം ആവർത്തിക്കുകയാണ് ചെയ്തിരിക്കുന്നത്. മുൻ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി നേതൃത്വം നൽകുന്ന അവിയൽ മുന്നണിക്ക് 120 അംഗ നെസറ്റിൽ 64 സീറ്റുകളുള്ളതിനാൽ നെതന്യാഹുവി​ന് മൂന്നാംതവണയും പ്രധാനമന്ത്രിയാകാം. അതിന്​ അദ്ദേഹം കൊടുക്കേണ്ടിവരുന്ന വിലയാണ് ശ്രദ്ധേയം. സുരക്ഷാമന്ത്രിയായി വെസ്റ്റ്ബാങ്കിലെ പൊലീസ് സേനയുടെ നിയന്ത്രണാധികാരവും ധനകാര്യവകുപ്പിലെ സഹകാരിപദവിയും വിട്ടുനൽകി ഇതാമർ ബെൻഗ്വിർ എന്ന കടുത്ത ഫലസ്തീൻവിരോധിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താമെന്ന് നെതന്യാഹു സമ്മതിച്ചിരിക്കുന്നു. ലോക മുസ്‍ലിംകൾ മൂന്നാമത്തെ പുണ്യഗേഹമായി ആദരിച്ചുവരുന്ന മസ്ജിദുൽ അഖ്സയുടെ മുറ്റത്ത് ജൂതർക്ക് പ്രാർഥിക്കാൻ അവസരം നൽകണമെന്ന് വാദിച്ചുവരുന്ന അതി തീവ്ര വലതുപക്ഷക്കാരനാണ് ബെൻഗ്വിർ. ഫലസ്തീൻകാരെ രാജ്യത്തുനിന്ന് ആട്ടിയോടിക്കണമെന്നതും അയാളുടെ പ്രഖ്യാപിത ആവശ്യമാണ്. നെതന്യാഹുവാകട്ടെ, ഇസ്രായേലിനെ ജൂതരാജ്യമായി പ്രഖ്യാപിച്ചുകഴിഞ്ഞതുമാണ്. ഇത്തരമൊരു തീവ്ര വലതുപക്ഷ കൂട്ടുകെട്ട് ഇസ്രായേലിന്റെ ഭരണം കൈയേൽക്കുമ്പോഴും അമേരിക്കക്കും ലോകത്തിനും ഒരു ചമ്മലും പരിഭവവും ഇല്ല. അഫ്ഗാനിസ്താനിലെയും പാകിസ്താനിലെയും താലിബാൻ അവർക്ക്​ അപകടകാരികളും സമാധാനത്തിന് ഭീഷണിയുമായ മതരാഷ്ട്രവാദികൾ. ബിന്യമിൻ നെതന്യാഹു-ബെൻഗ്വിർ കൂട്ടുകെട്ടിൽ ശുദ്ധ മതേതര ജനാധിപത്യ മാതൃകയും. തലകുത്തിനിർത്തിയ ഈ മതേതര ജനാധിപത്യ സങ്കൽപത്തിന് കൊടുക്കണം, ബിഗ് സല്യൂട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorialIsrael
News Summary - Israel model of secular democracy!
Next Story