Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഇസ്രായേലി...

ഇസ്രായേലി തെരഞ്ഞെടുപ്പിലെ ജനാധിപത്യ കൗതുകങ്ങൾ

text_fields
bookmark_border
ഇസ്രായേലി തെരഞ്ഞെടുപ്പിലെ ജനാധിപത്യ കൗതുകങ്ങൾ
cancel
സെപ്​റ്റംബർ 17ന് നടന്ന ഇസ്രായേലി പാർലമ​​െൻറ്​ (നെസറ്റ്) തെരഞ്ഞെടുപ്പി​​െൻറ അവസാനവട്ട ഫലങ്ങൾ ഇതെഴുതുമ്പോഴും ഔ ദ്യോഗികമായി പൂർണമായും പുറത്തുവന്നിട്ടില്ല. എങ്കിലും, കൗതുകകരമായ ഒട്ടേറെ ഘടകങ്ങൾ വഹിക്കുന്നതാണ് ആ ഫലങ്ങൾ. പശ ്ചിമേഷ്യയിലെ ഏറ്റവും കരുത്തുറ്റ സൈനികശക്തിയെന്ന നിലയിൽ ഇസ്രായേലിലെ രാഷ്​​ട്രീയ മാറ്റങ്ങൾ ലോകം ശ്രദ്ധയോടെ യാണ് വീക്ഷിക്കുന്നത്. ഫലസ്​തീൻ പ്രശ്നം ലോകരാഷ്​​ട്രീയത്തി​​െൻറതന്നെ ഗതിനിർണയിക്കുന്ന ഘടകമായതിനാലും ഇസ്രായേലിലെ ചലനങ്ങൾക്ക് പ്രാധാന്യമുണ്ട്. നിലവിലെ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവി​​െൻറ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ ലികുഡ് പാർട്ടിയും മൂന്ന് മധ്യപക്ഷ/ലിബറൽ പാർട്ടികളും ചേർന്ന് 2019 ഫെബ്രുവരിയിൽ രൂപവത്​കരിച്ച ബ്ലൂ ആൻഡ്​ വൈറ്റ് അലയൻസും തമ്മിലായിരുന്നു പ്രധാന മത്സരം. തികഞ്ഞ വംശീയതയും അറബ്-മുസ്​ലിം വിരുദ്ധതയും കത്തിച്ചാണ് നെതന്യാഹു തെരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിൽ ഇസ്രായേലി​​െൻറ ഫലസ്​തീൻവിരുദ്ധ നിലപാടിൽനിന്ന് വ്യതിചലിക്കാതെ, അതേസമയം അൽപം കൂടി സൗഹാർദപരവും മതേതരവുമായ രാഷ്​​ട്രീയ നിലപാടാണ് ബ്ലൂ ആൻഡ്​ വൈറ്റ് അലയൻസ്​ സ്വീകരിച്ചത്. 120 അംഗ ഇസ്രായേലി നെസറ്റിൽ കേവലഭൂരിപക്ഷം നേടാൻ ബ്ലൂ ആൻഡ്​ വൈറ്റിന് (25.9 വോട്ട്/33 സീറ്റ്) സാധിച്ചിട്ടില്ലെങ്കിലും ലികുഡിനെ (25.1 വോട്ട്/ 31 സീറ്റ്) പിന്തള്ളി അവർ ഏറ്റവും വലിയ ഒറ്റ ബ്ലോക്കായി മാറി. നെതന്യാഹുവി​​െൻറ വംശീയ രാഷ്​​ട്രീയത്തിൽനിന്ന് ഭിന്നമായി ജനകീയ പ്രശ്നങ്ങളും ഇസ്രായേലി പൗരന്മാരുടെ ജീവിതപ്രശ്നങ്ങളും മുൻനിർത്തിയാണ് ബ്ലൂ ആൻഡ്​ വൈറ്റ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. വർഗീയതകൊണ്ടു മാത്രം ജനകീയ പ്രശ്നങ്ങളെ മറച്ചുവെക്കാൻ കഴിയും എന്ന വലതുപക്ഷ സ്വപ്നങ്ങൾക്കുള്ള തിരിച്ചടിയാണ് ആ അർഥത്തിൽ ഇസ്രായേലി തെരഞ്ഞെടുപ്പ് ഫലങ്ങൾ.

പക്ഷേ, ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും കൗതുകകരമായ വശം അറബ്/മുസ്​ലിം രാഷ്​​ട്രീയ പാർട്ടികളുടെ മുന്നണിയായ ജോയൻറ് ലിസ്​റ്റ്​് (അൽഖാഇമത്തുൽ മുശ്തരിക) നടത്തിയ രാഷ്​​ട്രീയ മുന്നേറ്റമാണ്. 10.5 ശതമാനം വോട്ടും13 സീറ്റും നേടി പ്രസ്​തുത മുന്നണി ഇസ്രായേലി നെസറ്റിൽ മൂന്നാമത്തെ ഏറ്റവും വലിയ ബ്ലോക്കായി മാറുകയാണ്. സ്വന്തം നിലക്ക് ഭൂരിപക്ഷമില്ലാത്ത ബ്ലൂ ആൻഡ്​ വൈറ്റ്, ലികുഡ് പാർട്ടിയുമായി സഖ്യം ചേർന്നോ അവരുടെ പിന്തുണയിലോ സർക്കാർ രൂപവത്​കരിക്കുകയാണെങ്കിൽ ജോയൻറ് ലിസ്​റ്റ്​ ആയിരിക്കും മുഖ്യ പ്രതിപക്ഷ ബ്ലോക്. അതി​​െൻറ തലവൻ അയ്മൻ ഔദ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെടും. ഇസ്രായേലി നിയമമനുസരിച്ച് പ്രതിപക്ഷ നേതാവിന് വലിയ റോളുകളാണുള്ളത്. പ്രധാനമന്ത്രിയുമായുള്ള പ്രതിവാര ബ്രീഫിങ്​, വിദേശ അതിഥികളുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ച ഉൾപ്പെടെയുള്ള സർക്കാർ ഉപചാരങ്ങളുടെ ഭാഗമാവും അദ്ദേഹം. അറബികളെ രാജ്യവിരുദ്ധരും ഒറ്റുകാരുമായിക്കാണുന്ന ഒരു രാഷ്​​ട്രീയ ഘടനയിൽ രാജ്യവിരുദ്ധ പക്ഷത്ത് നിർത്തപ്പെട്ടവരുടെ പാർട്ടി ഔദ്യോഗിക സംവിധാനങ്ങളുടെ ഭാഗമാകുന്നത് കൗതുകകരമായ അനുഭവമാകും. നെതന്യാഹുവിനെ അധികാരത്തിൽനിന്ന് പുറത്താക്കുകയെന്നത് ജോയൻറ് ലിസ്​റ്റി​​െൻറ പ്രഖ്യാപിത ലക്ഷ്യമാണ്. അതിനായി അവർ ബ്ലൂ ആൻഡ്​ വൈറ്റിന് പിന്തുണ നൽകുകയും അവരത് സ്വീകരിക്കുകയുമാണെങ്കിൽ അത് അ​േതക്കാൾ വ്യത്യസ്​തമായ രാഷ്​​ട്രീയ അനുഭവമായിരിക്കും. ബ്ലൂ ആൻഡ്​ വൈറ്റ് തലവൻ ബെന്നി ഗാൻറ്സും അയ്മൻ ഔദയും എക്സിറ്റ് പോൾ ഫലങ്ങൾ വന്ന ഉടൻതന്നെ രാഷ്​​ട്രീയ ചർച്ചകൾ നടത്തിയിരുന്നു. ഒരു ഇസ്രായേലി ഭരണകൂടം അറബ് പാർട്ടിയുടെ കനിവിലും പിന്തുണയിലും നിലനിൽക്കേണ്ടിവരുക എന്ന അസാധാരണ അനുഭവമായിരിക്കും അത്. ദേശീയ ഐക്യ സർക്കാറിനുവേണ്ടി നെതന്യാഹുവും അതിതീവ്ര ദേശീയവാദിയായ അവിഗ്ദോർ ലിബർമാ​​െൻറ യിസ്രയേലി ബൈതുനു പാർട്ടിയും ആഹ്വാനം ചെയ്തിട്ടുണ്ട്. അങ്ങനെയിരിക്കെ ജോയൻറ് ലിസ്​റ്റ്​ പിന്തുണയുള്ള സർക്കാറിന് സാധ്യത കുറവാണ്. രണ്ടായാലും -ജോയൻറ് ലിസ്​റ്റ്​ പിന്തുണയുള്ള സർക്കാർ വന്നാലും അവർ മുഖ്യ പ്രതിപക്ഷ ബ്ലോക്കായാലും- അസാധാരണമായ രാഷ്​​ട്രീയ സാഹചര്യമായിരിക്കും അത്.

ഇസ്രായേലി ജനതയിൽ 21 ശതമാനം അറബികളാണ്. അവരിൽ മഹാഭൂരിപക്ഷവും മതപരമായി മുസ്​ലിംകളും ചെറിയൊരു ശതമാനം ക്രിസ്​ത്യാനികളുമാണ്. സാങ്കേതികമായി അവർ ഇസ്രായേലി പൗരന്മാരും ജനാധിപത്യ/രാഷ്​​ട്രീയ അവകാശങ്ങൾക്ക് അർഹരുമാണെങ്കിലും പ്രയോഗത്തിൽ അങ്ങേയറ്റം പാർശ്വവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പീഡിത ന്യൂനപക്ഷമാണ്​. നിരന്തരമായ ഇസ്രായേലി വിവേചനങ്ങളെ തുടർന്ന് ജനാധിപത്യ പ്രക്രിയയിൽതന്നെ വിശ്വാസം നഷ്​ടപ്പെട്ട അവസ്​ഥയിലായിരുന്നു ഇസ്രായേലി അറബ് സമൂഹം. എന്നാൽ, ഇത്തവണ മുമ്പെങ്ങുമില്ലാത്ത ആവേശത്തോടെയാണവർ തെരഞ്ഞെടുപ്പിൽ ഇടപെട്ടത്. ഇസ്രായേലി അറബികളിൽ 60 ശതമാനവും വോട്ടെടുപ്പിൽ പങ്കെടുത്തുവെന്നാണ് കണക്കുകൾ (ഇത് അവരുടെ കാര്യത്തിൽ സർവകാല റെക്കോഡാണ്. മൊത്തം വോട്ടിങ്​ ശതമാനം 69.4 ആണ്). അറബികളെ തെരഞ്ഞെടുപ്പിൽനിന്ന്​ അകറ്റാൻ നെതന്യാഹു പലവിധ ഭീഷണികളും തന്ത്രങ്ങളും പ്രയോഗിച്ചെങ്കിലും അത് വിജയിച്ചില്ല. അറബികളുടെ രാഷ്​​ട്രീയ ബ്ലോക്ക് ആയ ജോയൻറ് ലിസ്​റ്റിനുമുണ്ട് രാഷ്​​ട്രീയ കൗതുകങ്ങൾ. ജനാധിപത്യ, മൃദു ഇടതു പാർട്ടിയായ ബലദ്, മാർക്സിസ്​റ്റ്​ -ലെനിനിസ്​റ്റ്​ പാർട്ടിയായ ഹദശ്, മതേതര–അറബ് ദേശീയവാദ പാർട്ടിയായ തആൽ, മുസ്​ലിം ബ്രദർഹുഡ് ആശയങ്ങൾ പിൻപറ്റുന്ന ഇസ്​ലാമിസ്​റ്റ്​ പാർട്ടിയായ യുനൈറ്റഡ് അറബ് ലിസ്​റ്റ്​് എന്നിവയുടെ സംഘാതമാണ് ജോയൻറ് ലിസ്​റ്റ്​. ഒരു പീഡിത ന്യൂനപക്ഷ സമൂഹത്തി​​െൻറ അതിജീവനത്തിനായി പ്രത്യയശാസ്​ത്ര മർക്കട മുഷ്​ടികൾ മാറ്റിവെച്ച് ഒരു ജനത രാഷ്​​ട്രീയമായി യോജിക്കുന്നതി​​െൻറ അപൂർവ ചിത്രം കൂടിയാണത്. രാഷ്​​ട്രീയമായ വിവേചനങ്ങൾ കാരണം നിരാശരായി മാറിനിൽക്കുകയല്ല, കൂടുതൽ നയതന്ത്രതയോടെ ഇടപെടുകയാണ് വേണ്ടത് എന്ന സന്ദേശമാണ് അവർ നൽകുന്നത്. ഒരു തീവ്രവലതുപക്ഷ പാർട്ടി, ന്യൂനപക്ഷങ്ങളെ അരികുവത്​കരിച്ച് അവരുടെ അജണ്ടകൾ നടപ്പാക്കുന്ന ഇന്ത്യയിലെ രാഷ്​​ട്രീയ സാഹചര്യത്തിൽ ഇസ്രായേലിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഒട്ടേറെ പാഠങ്ങൾ നൽകുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialmalayalam Editorialisrael election
News Summary - israel election-madhyamam editorial
Next Story