മാനഭംഗങ്ങളുടെ തലസ്ഥാന നഗരിയോ?
text_fieldsഅനുദിനം ഉള്ളുകള്ളികൾ പുറത്തുവരുന്ന ഇലക്ഷൻ കമീഷന്റെ വോട്ടുവെട്ടൽ അഭ്യാസങ്ങളായിരുന്നു ഇത്തവണത്തെ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാറിനെ താഴെയിറക്കുന്നതിൽ മുഖ്യപങ്കുവഹിച്ചതെങ്കിൽ, മമത സർക്കാറിനെതിരെ സ്ത്രീകളിലും യുവജനങ്ങളിലും വലിയ ജനരോഷം പടർത്തിയ പ്രധാന കാരണം കൊൽക്കത്ത ആർ.ജി. കർ മെഡിക്കൽകോളജിൽ യുവ ഡോക്ടർ ബലാത്സംഗക്കൊലക്കിരയായ ദാരുണ സംഭവമായിരുന്നു. സംസ്ഥാന തലസ്ഥാനത്തെ പിടിച്ചുകുലുക്കിയ ഈ പ്രതിഷേധങ്ങളിൽ ലക്ഷക്കണക്കിന് പേരാണ് തെരുവുകളിൽ അണിനിരന്നത്.
’നിർഭയ സംഭവം’ എന്നറിയപ്പെടുന്ന 2012ലെ ഡൽഹി കൂട്ടബലാത്സംഗക്കേസിനെത്തുടർന്ന് രാജ്യവ്യാപകമായി വൻ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. അന്ന് ഡൽഹി ഭരിച്ചിരുന്ന ഷീല ദീക്ഷിത് സർക്കാറിന്റെ ആണിക്കല്ലിളക്കുന്നതിൽ അത് വലിയൊരളവിൽ കാരണമായി. രാജ്യതലസ്ഥാനത്ത് സ്ത്രീകൾക്കെതിരെ വർധിച്ചുവരുന്ന ഞെട്ടിക്കുന്ന ലൈംഗികാതിക്രമ വാർത്തകളാണ് ഈ ദൗർഭാഗ്യ സംഭവങ്ങൾ വീണ്ടും ഓർമയിലെത്തിച്ചത്.
തലസ്ഥാന നഗരിയിലെ ഏറെ പ്രശസ്തമായ കൽക്കാജി ക്ഷേത്രത്തിന് പിന്നിലെ ആസ്ത കുഞ്ച് പാർക്കിൽ സുഹൃത്തിനൊപ്പം എത്തിയ പതിനേഴുകാരിയെ രഹസ്യപ്പൊലീസ് ചമഞ്ഞെത്തിയ സംഘം തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗത്തിനിരയാക്കിയതാണ് ഒടുവിൽ പുറത്തുവന്ന പീഡനവാർത്ത. ലേഡി ശ്രീറാം കോളജിലെ വിദ്യാർഥിനികൾ പ്രതിഷേധമുയർത്തിയതിനെത്തുടർന്ന് മൂന്ന് പ്രതികളെ പൊലീസ് പിടികൂടി. പ്രതിഷേധം വ്യാപിക്കുന്നത് തടയാനായി കോളജിലെ ക്ലാസുകൾ ഓൺലൈൻ രീതിയിലാക്കി. ഒപ്പം ഡൽഹിയിലെ പാർക്കുകളിൽ സൂര്യാസ്തമയത്തിനുശേഷം പൊതുജനങ്ങൾക്ക് പ്രവേശനവും നിരോധിച്ചിട്ടുണ്ട്. ചുട്ടുപൊള്ളുന്ന വേനൽക്കാലത്ത് തീപ്പെട്ടി കൂടുകൾ പോലുള്ള വീടുകളിൽനിന്ന് പുറത്തിറങ്ങി കുടുംബങ്ങളും സാധാരണക്കാരും അൽപം ആശ്വാസം തേടുന്ന ഇടങ്ങളാണ് ഇവിടത്തെ പാർക്കുകൾ. അവിടേക്കുള്ള പ്രവേശനം തടഞ്ഞതുകൊണ്ടുമാത്രം പ്രശ്നങ്ങൾക്ക് പരിഹാരമാകുമോ?
ഈ സെപ്റ്റംബർ മാസം മാത്രം രാജ്യതലസ്ഥാനത്തും സമീപപ്രദേശങ്ങളിലുമായി 13 ബലാത്സംഗ-ലൈംഗികാതിക്രമ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതായത്, രണ്ടു ദിവസത്തിൽ ഒരു ബലാത്സംഗക്കേസ് വീതം. അതിക്രമങ്ങൾക്കിരയാകുന്നവരിൽ ഭൂരിഭാഗവും പ്രായപൂർത്തിയാവാത്ത പെൺകുട്ടികളാണ്. കേന്ദ്രത്തിലും സംസ്ഥാനത്തും ബി.ജെ.പി ഭരണമാകയാൽ കൊൽക്കത്തയിലും അന്ന് ഡൽഹിയിലും നടത്തിയതുപോലുള്ള പ്രതിഷേധങ്ങൾക്ക് തിരികൊളുത്താൻ സംഘ്പരിവാറോ അവർ നിയന്ത്രിക്കുന്ന മാധ്യമങ്ങളോ മുന്നോട്ടുവരില്ല. പ്രതിപക്ഷം ഏറക്കുറെ ഇല്ലാതായ നിലയിൽ അവരുടെ ഭാഗത്തുനിന്നും കാര്യമായ പ്രതിഷേധങ്ങളോ ചർച്ചകളോ കാണാനില്ല. മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ, തലസ്ഥാനത്തെ ക്രമസമാധാനച്ചുമതലയുടെ നേരിട്ടുള്ള ഉത്തരവാദിയായ കേന്ദ്ര ആഭ്യന്തരമന്ത്രിയോ പ്രതികരിക്കുന്നുമില്ല. ലൈംഗികാതിക്രമങ്ങൾ കൊലപാതകത്തിലേക്ക് എത്തിയാലോ, ഇരകൾ ജാതീയമായും സാമ്പത്തികമായും ഉന്നതശ്രേണിയിലുള്ളവരായാലോ മാത്രം ഉരുകിയൊലിക്കാനുള്ളതാണ് രാജ്യമനസ്സാക്ഷിയുടെ ധാർമികരോഷമെന്ന് ആർക്കെങ്കിലും തോന്നിപ്പോയാൽ അതിൽ അതിശയിക്കാനില്ല.
സ്ത്രീജീവിതം ഒട്ടുമേ സുരക്ഷിതമല്ലാതായിത്തീർന്നുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ മാനഭംഗങ്ങളുടെ കൂടി തലസ്ഥാനമായി ഡൽഹി മാറുന്നു എന്നത് കയ്പേറിയതെങ്കിലും ഞെട്ടിക്കുന്ന സത്യമാണ്. കഴിഞ്ഞദിവസം ഡൽഹിയിലെ ഒരു മ്യൂസിക് സ്റ്റോറിൽ എക്സിക്യൂട്ടിവ് തസ്തികയിലേക്ക് നടന്ന അഭിമുഖത്തിൽ പങ്കെടുത്ത യുവതി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത അനുഭവം അതിന് അടിവരയിടുന്നു. ജോലിക്കിടെ മുതിർന്ന പുരുഷ സഹപ്രവർത്തകർക്കൊപ്പം മൂന്നുനാല് ദിവസം യാത്ര ചെയ്യാനും അതിനിടയിൽ അവരുമായി ശാരീരികബന്ധം പുലർത്തുന്നതിനും സന്നദ്ധയാകുമോ എന്നതായിരുന്നു അഭിമുഖത്തിലെ പ്രധാന ചോദ്യമത്രേ. ജോലിക്കുള്ള അഭിമുഖം എന്ന പേരിൽ അടച്ചിട്ട മുറിയിലിരുത്തി മൂന്നുനാല് പുരുഷന്മാർ ഒരു പെൺകുട്ടിയോട് ഇപ്രകാരം ചോദിക്കാൻ ഒരുമ്പെട്ടുവെങ്കിൽ അതുതന്നെ ലൈംഗികപീഡനമാണ്, വാക്കുകളാലുള്ള ബലാത്സംഗമാണ്. തൊഴിലിടങ്ങളിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ, ഗവേഷണ കേന്ദ്രങ്ങളിൽ, പൊലീസ് സ്റ്റേഷനുകളിൽ, എന്തിനേറെ പറയുന്നു അതിക്രമകാരികൾക്കെതിരെ നാം നീതിതേടിപ്പോകുന്ന നീതിപീഠങ്ങൾക്കുള്ളിൽ പോലും ഇത്തരം രേഖപ്പെടുത്തപ്പെടാത്ത റേപ്പുകൾ അരങ്ങേറുന്നുണ്ട്.
മുതിർന്ന അഭിഭാഷകയും മുൻ അഡീഷനൽ സോളിസിറ്റർ ജനറലുമായ ഇന്ദിര ജയ്സിങ് ഇന്ത്യൻ ജുഡീഷ്യറിക്കുള്ളിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് അടുത്തിടെ വെട്ടിത്തുറന്നു പറഞ്ഞിരുന്നു. ലൈംഗികാതിക്രമം എന്നത് ഇന്ത്യൻ ജുഡീഷ്യറിയുടെ വൃത്തികെട്ട രഹസ്യമാണെന്നും പുരുഷ ജഡ്ജിമാരിൽനിന്നും മുതിർന്നവരിൽനിന്നും ലൈംഗിക പീഡനവും ചൂഷണവും നേരിട്ട നിരവധി വനിത ജഡ്ജിമാർക്കുവേണ്ടി താൻ കോടതികളിൽ ഹാജരായിട്ടുണ്ടെന്നുമാണ് അവർ ഉദാഹരണസഹിതം വ്യക്തമാക്കിയത്. വനിത ജഡ്ജിമാർ പരാതി നൽകിയാൽ പോലും തെളിവില്ലെന്നുപറഞ്ഞ് തള്ളിക്കളയുകയോ, കുറ്റാരോപിതനെ സംരക്ഷിച്ച് പരാതിക്കാരിയെ ശിക്ഷാനടപടിയെന്നോണം വിദൂരസ്ഥലങ്ങളിലേക്ക് മാറ്റുകയോ ചെയ്യുന്ന പ്രവണതയും നിലനിൽക്കുന്നു.
ചേരികളും ദാരിദ്ര്യവും വിദേശ രാഷ്ട്രത്തലവന്മാരുടെ കണ്ണിൽ പെടാതിരിക്കാൻ കർട്ടനുകൾ കൊണ്ട് താൽക്കാലികമായി മറച്ചുപിടിക്കാൻ സാധിച്ചേക്കും, പൗരാവകാശങ്ങൾക്കുവേണ്ടി വാദിക്കുന്നവരെ തടവറകൾക്കുള്ളിൽ പൂട്ടിയിടാൻ കഴിഞ്ഞേക്കും. എന്നാൽ, ഇമ്മട്ടിൽ വർധിക്കുന്ന മാനഭംഗങ്ങളും ലൈംഗികാതിക്രമങ്ങളും എത്രകാലം മൂടിവെക്കും? അതിലുപരി, ആൾപ്പിടിയന്മാർ പാർക്കുന്ന നഗരത്തിൽ മനുഷ്യർ മക്കളെയും കൂട്ടി എങ്ങനെ മനസ്സമാധാനത്തോടെ ജീവിക്കും?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

