Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഇറാഖിലെ തലമാറ്റം

ഇറാഖിലെ തലമാറ്റം

text_fields
bookmark_border
ഇറാഖിലെ തലമാറ്റം
cancel

ഇറാഖിൽ പ്രധാനമന്ത്രിസ്​ഥാനത്തേക്ക്​ മുൻ നജഫ്​ ഗവർണർ അദ്​നാൻ അൽസുർഫിയെ പ്രസിഡൻറ്​ ബർഹാം സാലിഹ്​ നിയമിച്ചിരിക്കുന്നു. 2019 നവംബറിൽ ആദിൽ അബ്​ദുൽമഹ്​ദി രാജിവെച്ചശേഷം ഉരുത്തിരിഞ്ഞ ഭരണപ്രതിസന്ധി പരിഹരിക്കാനുള്ള രണ്ടാമത്തെ നീക്കമാണിപ്പോൾ പ്രസിഡൻറ്​ നടത്തിയിരിക്കുന്നത്​. നേര​ത്തേ ഇൗ സ്​ഥാനത്തേക്ക്​ നി​യോഗിക്കപ്പെട്ട മുഹമ്മദ്​ തൗഫീഖ്​ അല്ലാവിക്ക്​ പാർലമ​െൻറ്​ അധികാരങ്ങളുള്ള പ്രതിനിധിസഭയുടെ പിന്തുണ ഉറപ്പിക്കാൻ കഴിയാത്തതുകൊണ്ട്​ പിന്മാറേണ്ടിവന്നതിൽപിന്നെ, രാജിവെച്ച അബ്​ദുൽ ഹാദിതന്നെ കാവൽപ്രധാനമന്ത്രിയായി തുടരുകയാണ്​. കാബിനറ്റ്​ അംഗങ്ങളുടെ പട്ടിക തയാറാക്കി പ്രതിനിധിസഭയുടെ പിന്തുണ വാങ്ങിയെടുക്കുന്നതോടെയാണ്​ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭക്ക്​ കളമൊരുങ്ങുക. ഇതിന്​ ഭരണഘടനാനുസൃതമായി ഒരുമാസത്തെ സമയം അൽസുർഫിക്ക്​ അനുവദിച്ചിട്ടുണ്ട്​. എന്നാൽ കോവിഡ്​കാലത്തെ ആഗോളപ്രതിസന്ധിക്കിടെ നടക്കുന്ന ഇൗ ഭരണമാറ്റം യാഥാർഥ്യമാകുമോ, അതി​​െൻറ ആയുർദൈർഘ്യം എ​ത്ര എന്നൊക്കെയാണ്​ നിരീക്ഷകർ ഉറ്റുനോക്കുന്നത്​.

സദ്ദാം ഹുസൈ​​​െൻറ സ്വേച്ഛഭരണത്തിനെതിരെ കലാപക്കൊടിയുയർത്തിയ ദഅ്​വാ പാർട്ടിയുടെ യുവനേതാവായി രാഷ്​ട്രീയരം​ഗത്തേക്ക്​ കടന്നുവന്ന അദ്​നാൻ അൽസുർഫി ശിയാക്കളുടെ ശക്​തികേന്ദ്രമായ നജഫിലെ ജനകീയനേതാവായാണ്​ അറിയപ്പെടുന്നത്​. 1991ലെ ദക്ഷിണ ഇറാഖിലെ ജനകീയ​പ്രക്ഷോഭത്തെ തുടർന്ന്​ നാടുവിട്ട അദ്ദേഹം പിന്നീട്​ സൗദി അറേബ്യയിലും തുടർന്ന്​ അമേരിക്കയിലും അഭയാർഥിയായിക്കഴിഞ്ഞു. പിന്നീട്​ യു.എസ്​ പൗരത്വംനേടിയ അൽസുർഫി 2003ലെ അമേരിക്കൻ അധിനിവേശകാലത്ത്​ തിരിച്ചെത്തിയത്​ ​പുതിയ വേഷത്തിലായിരുന്നു. രാഷ്​ട്രീയം തുടങ്ങിയത്​ സദ്ദാമിനെതിരെ ശിയ പിന്തുണയോടെയായിരുന്നെങ്കിൽ പ്രവാസത്തിനുശേഷമുള്ള രണ്ടാംവരവ്​ ഇറാൻവിരുദ്ധ അമേരിക്കൻ അരുമയായിട്ടായിരുന്നു. എന്നാൽ നസ്​ർ വിഭാഗം ശിയാക്കളുടെ ഉറ്റതോഴനായി തുടർന്ന അദ്ദേഹം മൂന്ന്​ ഉൗഴങ്ങളിൽ നജഫിൽ ഗവർണറായി.

അധിനിവേശവും അനന്തരഭരണവും നിയന്ത്രിച്ച അമേരിക്കയുടെയും അവരുടെ പാവഭരണകൂടത്തി​​െൻറയും പിന്തുണ നിർലോഭം ലഭിച്ചെങ്കിലും ഗവർണർ ഭരണത്തിന്​ ജനപിന്തുണ കുറഞ്ഞുവരുന്നതാണ്​ ഒടുവിൽ കണ്ടത്​. ഇറാഖിലെ കേന്ദ്രഭരണത്തെ താഴെയിറക്കിയ അഴിമതിതന്നെയായിരുന്നു നജഫിലെയും പ്രശ്​നം. അത്​ പ്രവിശ്യസമിതി ഗവർണറെ ഇംപീച്ച്​ ചെയ്യുന്നിടത്തെത്തിച്ചു. ശേഷവും അമേരിക്കൻ ആശ്രിതത്വത്തി​​െൻറ ഭരണകൂടപിന്തുണയും ശിയസമൂഹത്തിൽ ഇറാൻ നേടാൻ ശ്രമിക്കുന്ന സ്വാധീനങ്ങൾക്കെതിരായ പ്രതിരോധത്തി​​െൻറ പേരിൽ നജഫി​​െൻറ ജനകീയ പിന്തുണയും അദ്ദേഹത്തിന് നേടാനായി. അതുവഴി 2018ലെ പൊതുതെരഞ്ഞെടുപ്പിൽ അദ്ദേഹം ജനപ്രതിനിധി സഭയിലേക്ക്​ നജഫിൽനിന്ന്​ തെരഞ്ഞെടുക്കപ്പെട്ടു. ഗുണദോഷ വിചാരത്തിൽ അമേരിക്കയുടെയും പടിഞ്ഞാറി​​െൻറയും സ്വന്തക്കാരൻ എന്നതാണ്​ രാജ്യത്തി​​െൻറ അമരത്തേക്ക്​ ഉയരാൻ അദ്ദേഹത്തിന്​ തുണയായിരിക്കുന്നത്​. എന്നാൽ, ഇതുതന്നെയാണ്​ അ​ദ്ദേഹത്തി​​െൻറ അഭ്യുദയത്തെയും അതിജീവനത്തെയും കുറിച്ച ആശങ്കകളുയർത്തുന്നതും.

അധിനിവേശത്തി​​െൻറ അവശേഷിപ്പുകൾ നാട്ടിൽനിന്ന്​ മായ്​ച്ചുകളയാൻ ഉത്സാഹിക്കുന്ന കക്ഷികളൊന്നും അൽസുർഫിയെ പിന്തുണക്കാനിടയില്ല. എന്നിരിക്കെ, മുൻഗാമി അല്ലാവിയെപ്പോലെ അദ്ദേഹത്തിനും സ്​ഥാനമേൽക്കാതെ പിൻവാങ്ങേണ്ടിവരു​േമാ എന്ന ശങ്കയുമുയരുന്നുണ്ട്​. അല്ലാവിയുടെ പിന്മാറ്റത്തിനുശേഷം പൊതുസമ്മതനായ ഒരു സ്​ഥാനാർഥിയെ നിർദേശിക്കാൻ എല്ലാ രാഷ്​ട്രീയകക്ഷി​കളോടും പ്രസിഡൻറ്​ അഭ്യർഥിച്ചെങ്കിലും ആരും താൽപര്യമെടുത്തില്ല. ഏതാനും ശിയഗ്രൂപ്പുകൾ നിർദേശിച്ചതു മറയാക്കി സ്വന്തം വരുതിയിൽ നിൽക്കാനിടയുള്ള അൽസുർഫിയുടെ നിയമനം പ്രസിഡൻറ്​ പ്രഖ്യാപിക്കുകയായിരുന്നു. 329 അംഗ പ്രതിനിധിസഭയിൽ 48 അംഗങ്ങളുള്ള ഹാദി അൽഅംരിയുടെ ഫതഹ്​ ബ്ലോക്കും എട്ടു സീറ്റുകളുള്ള ഫാലിഹ്​ അൽ ഫയ്യാദി​​െൻറ അതാ ബ്ലോക്കും ഇറാൻ അനുകൂലികളായതിനാൽതന്നെ അൽസുർഫിക്കെതിരാണ്​. എങ്കിലും, മിനിമം ഭൂരിപക്ഷത്തിനുവേണ്ട 165 കടക്കാൻ പ്രയാസമുണ്ടാവില്ലെന്നാണ്​ പൊതുധാരണ.

എന്നാൽ, അമേരിക്കയുടെ പിന്തുണയോടെ അധികാരമേറിയാലും പുതിയ ഭരണകൂടത്തിന്​ എന്തുചെയ്യാനാവും എന്നത്​ കാത്തിരുന്നുതന്നെ കാണണം. അഫ്​ഗാനിസ്​താനിലെന്നപോലെ അമേരിക്ക തലയിട്ടു കുടുങ്ങിയ അധിനിവേശംതന്നെയാണ്​ ഇ​റാഖിലേതും. ഇറാൻ പിന്തുണയോടെയുള്ള സായുധസംഘങ്ങളുടെ തുടരുന്ന ആക്രമണങ്ങൾതന്നെ വലിയ തലവേദന. പാവഭരണകൂടങ്ങളെ പ്രതിഷ്​ഠിക്കാനുള്ള ഏതു​ ശ്രമത്തിനും റോക്കറ്റ്​ ​ആക്രമണങ്ങളിലൂടെ പ്രതികരിക്കുന്ന പതിവ്​ അൽസുർഫിയുടെ നാമനിർദേശത്തിനുശേഷവും മിലീഷ്യകൾ തെറ്റിച്ചിട്ടില്ല. അമേരിക്കക്ക്​ സ്വന്തം സേനയെ കാക്കണം. രാഷ്​ട്രീയാനിശ്ചിതത്വത്തിൽ പാവഭരണകൂടത്തെ വീഴാതെ നോക്കുകയും വേണം. അതിനൊപ്പം പ്രഖ്യാപിച്ച സേനാപിന്മാറ്റം സുരക്ഷിതമായി പൂർത്തീകരിക്കുകയും വേണം.

അമേരിക്കയുടെയും സഖ്യകക്ഷികളുടെയും സേനതാവളങ്ങളിൽ തുടർച്ചയായി നടന്നുവരുന്ന ആക്രമണങ്ങൾ അധിനിവേശപ്പടയെ തെല്ലൊന്നുമല്ല വിഷമിപ്പിക്കുന്നത്​. ഇൗ പ്രതിസന്ധിയിൽ തദ്ദേശീയ ഭരണാധികാരികൾക്ക്​ ഒന്നും ചെയ്യാനില്ലെന്നതാണ്​ ഇന്നോളമുള്ള അനുഭവം. അതിനുപുറമെയാണ്​ കുത്തനെ ഇടിയുന്ന എണ്ണവില രാജ്യത്തെ സാ​മ്പത്തികപ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയിരിക്കുന്നത്​. തുടരുന്ന യുദ്ധം അവശേഷിപ്പിക്കുന്ന, ആരോഗ്യരംഗത്തെ അറ്റംകാണാത്ത വൈഷമ്യങ്ങൾ വേറെയും. ഇതിനു മീതെയാണ്​ കൂനിന്മേൽ കുരുവായി കോവിഡ​ും എത്തിയിരിക്കുന്നത്​. ഇൗ വിഷമസന്ധിയിൽ ഒരു പാവയെ രംഗത്തിറക്കിയുള്ള അമേരിക്കൻ കളികൾ എത്രകണ്ട്​ വിജയിക്കുമെന്ന്​ അവർക്കുതന്നെ തീർച്ചയില്ല എന്നിരിക്കെ തലമാറ്റം അമേരിക്കയുടെ തലവേദന തീർക്കില്ല. അധിനിവേശ​ം പൂർണമായും കൈയൊഴിഞ്ഞ്​ ഇറാഖ്​ അന്നാട്ടുകാർക്ക്​ വിട്ടുകൊടുക്കുന്ന പരിഹാരക്രിയക്കുമാത്രമേ അമേരിക്കയുടെ ദുരന്തത്തിനും ഇറാഖി​​െൻറ ദുരിതത്തിനും അറുതിവരുത്താൻ കഴിയൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam ArticleIraq prime ministeradnan al surfi
News Summary - Iraq Prime Minister Adnan Al Surfi -Malayalam Article
Next Story