Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
mc kamarudheen
cancel
Homechevron_rightOpinionchevron_rightEditorialchevron_rightഅനുസ്യൂതം തുടരുന്ന...

അനുസ്യൂതം തുടരുന്ന നിക്ഷേപത്തട്ടിപ്പുകൾ

text_fields
bookmark_border


കാസർകോട്ടെ ചെറുവത്തൂർ ഫാഷൻ ജ്വല്ലറിയുമായി ബന്ധപ്പെട്ട് നിക്ഷേപകർ പരാതിയുമായി രംഗത്ത് വന്നതും മുസ്​ലിംലീഗ് നേതാവും എം.എൽ.എയുമായ എം.സി ഖമറുദ്ദീൻ വിവാദങ്ങളുടെ കേന്ദ്ര സ്​ഥാനത്ത് വന്നതും അടുത്ത ദിവസങ്ങളിൽ വലിയ വാർത്തയായിരുന്നു. നിരവധി ആളുകളിൽ നിന്നായി കോടികൾ നിക്ഷേപമായി സ്വീകരിച്ച് തുടങ്ങിയ സംരംഭം, നിക്ഷേപത്തുകയോ ലാഭവിഹിതമോ നൽകാതായതോടെയാണ് ആളുകൾ പരാതിയുമായി രംഗത്ത് വന്നത്. എം.സി ഖമറുദ്ദീൻ ചെയർമാനായ കമ്പനിയുടെ മുൻനിരക്കാരെല്ലാം മുസ്​ലിം ലീഗുമായി ബന്ധപ്പെട്ട ആളുകൾ തന്നെയാണ്.

സംഭവം രാഷ്​ട്രീയവിവാദമായതോടെ സംസ്​ഥാന ലീഗ് നേതൃത്വം വിഷയത്തിൽ ഇടപെടുകയായിരുന്നു. യു.ഡി.എഫ് ജില്ല കൺവീനർ സ്​ഥാനത്ത് നിന്ന് ഖമറുദ്ദീനെ മാറ്റി നിർത്തിയിട്ടുണ്ട്. 15 ദിവസത്തിനകം കമ്പനിയുടെ ആസ്​തി നിക്ഷേപങ്ങളെ കുറിച്ച വിശദാംശങ്ങൾ നൽകുക, ആറു മാസത്തിനകം നിക്ഷേപകർക്ക് പണം തിരികെ നൽകുക എന്നീ നിർദേശങ്ങളാണ് ഖമറുദ്ദീന് മുന്നിൽ പാർട്ടി നേതൃത്വം വെച്ചിരിക്കുന്നത്.

വിഷയത്തിൽ നിന്ന് എളുപ്പം തടിയൂരാനുള്ള ശ്രമങ്ങൾ നടത്തുകയാണ് ലീഗ് നേതൃത്വം. താൻ എന്തെങ്കിലും തട്ടിപ്പ് നടത്തുകയോ അതിന് കൂട്ടുനിൽക്കുകയോ ആയിരുന്നില്ലെന്നും മറിച്ച്, ഒരു ബിസിനസ്​ തകർന്നപ്പോഴുണ്ടായ സ്വാഭാവിക പ്രശ്നങ്ങൾ മാത്രമാണിതെന്നും താനൊരു രാഷ്​ട്രീയ പ്രവർത്തകനായത് കാരണം അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയാണ് എന്നുമാണ് ഖമറുദ്ദീെൻറ വാദം. ആളുകളിൽ നിന്ന് നിക്ഷേപം സ്വീകരിച്ച് ബിസിനസ്​ തുടങ്ങുകയും നിക്ഷേപത്തുകയോ ലാഭവിഹിതമോ തിരിച്ചു നൽകാനാവാതെ നിക്ഷേപം സ്വീകരിച്ചയാൾ മുങ്ങുകയും പണം നഷ്​ടപ്പെട്ടവർ പരാതികളുമായി രംഗത്ത് വരികയും ചെയ്യുന്ന സംഭവങ്ങൾ നാട്ടിൽ നിരന്തരം നടക്കുന്ന കാര്യമാണ്.

'നിക്ഷേപത്തട്ടിപ്പുകൾ' എന്ന നിലയിൽ അത്തരം വാർത്തകൾ പലപ്പോഴും വാർത്തകളിൽ വരാറുമുണ്ട്. പോപുലർ ഫിനാൻസ്​ എന്ന സ്​ഥാപനം മധ്യകേരളത്തിലെ ജില്ലകളിലെ നിക്ഷേപകരെ വഞ്ചിച്ചതുമായി ബന്ധപ്പെട്ട നിയമനടപടികളും അറസ്​റ്റുകളും ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ആട് തേക്ക് മാഞ്ചിയം നിക്ഷേപത്തട്ടിപ്പ്, ലിസ്​ നിക്ഷേപത്തട്ടിപ്പ്, തിരുവനന്തപുരത്തെ ശബരീനാഥ് എന്ന ചെറുപ്പക്കാര​െൻറ നേതൃത്വത്തിൽ നടന്ന നിക്ഷേപത്തട്ടിപ്പ് തുടങ്ങിയവ കേരളത്തിൽ ഏറെ കോളിളക്കം സൃഷ്​ടിച്ച കേസുകളാണ്.

ഇവയെല്ലാം സംഭവിക്കുമ്പോൾ അതു സംബന്ധമായ വിലയിരുത്തലുകളും നിരീക്ഷണങ്ങളും മാധ്യമങ്ങളിൽ വരികയും ചർച്ചകൾ നടക്കുകയും ചെയ്യും. പക്ഷേ, ചെറിയ ഇടവേളകൾക്ക് ശേഷം സമാനസംഭവങ്ങൾ ആവർത്തിക്കുകയും ചെയ്യും.

നിക്ഷേപത്തട്ടിപ്പുകൾ എന്തു കൊണ്ട് ഇങ്ങനെ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു എന്ന ചോദ്യം പ്രസകതമാണ്. സംരംഭങ്ങൾ ഓരോന്ന് പൊളിയുമ്പോഴും അതു സംബന്ധമായ വാർത്തകളും ചർച്ചകളും വരുമ്പോഴും പിന്നെയും മറ്റൊരാൾക്ക് തട്ടിപ്പ് നടത്താൻ പാകത്തിൽ ഉയർന്നു വരാൻ സാധിക്കുന്നതെങ്ങനെ എന്ന ചോദ്യവും പ്രധാനമാണ്.

അധികം അധ്വാനിക്കാതെ എളുപ്പം പണം സമ്പാദിക്കാനുള്ള ആളുകളുടെ അത്യാർത്തിയാണ് ഇത്തരം നിക്ഷേപത്തട്ടിപ്പുകാരെ വളർത്തുന്നതിൽ പ്രധാനപ്പെട്ട ഒരു ഘടകം. നിശ്ചിതതുക തന്നാൽ നിശ്ചിത കാലം കൊണ്ട് നിശ്ചിത വിഹിതം ലാഭം തരാം എന്ന് ആരെങ്കിലും പറയുമ്പോഴേക്ക് പണവുമായി അങ്ങോട്ട് പാഞ്ഞു ചെല്ലുന്ന ആളുകൾ. അവരുടെ ആർത്തിയാണ് തട്ടിപ്പുകാരുടെ വളം. കണക്കിൽ പെടാത്ത സ്വത്താണ് നിക്ഷേപിക്കുന്നതെങ്കിൽ പ്രശ്നം വന്നാൽ പോലും പരാതിയുമായി ആരും രംഗത്ത് വരില്ല എന്ന ആത്്മവിശ്വാസവും തട്ടിപ്പുകാർക്കുണ്ട്.

ഓരോന്ന് പൊളിയുമ്പോഴും അടുത്തത് രംഗത്തു വരുന്നതിനും തട്ടിപ്പ് 'വിജയി'ക്കുന്നതിനും പ്രധാന കാരണം ഇതാണ്. വിവാദമായ കാസർകോട്ടെ ജ്വല്ലറി കേസ്​ തന്നെയെടുക്കുക. ഇസ്​ലാമിക ചടങ്ങുകൾക്ക് നേതൃത്വം നൽകുന്ന ഒരാൾ ഇതിെൻറ പ്രധാനിയായി ഉണ്ട്. നിശ്ചിത തുക/ശതമാനം ലാഭവിഹിതം പറഞ്ഞ് നിക്ഷേപം സ്വീകരിക്കുന്നത് മതപരമായി അനുവദനീയമല്ല എന്ന കാര്യം പോലും മറന്നു കൊണ്ടാണ് അയാൾ നിക്ഷേപം സ്വീകരിക്കുന്നതും നിക്ഷേപകർ ഇയാളെ പണം ഏൽപിക്കുന്നതും.

ഇസ്​ലാമികദൃഷ്​ട്യാ ലാഭനഷ്​ടങ്ങളുടെ പങ്കാളിത്തത്തിലൂടെയാണ് കൂട്ടുകച്ചവടങ്ങൾ നടക്കേണ്ടത്. അല്ലാതെ, ആരെങ്കിലും ഇത്ര തുക മാസത്തിൽ/വർഷത്തിൽ തരാം എന്നു പറയുമ്പോഴേക്ക് അതിൽ പണം നിക്ഷേപിക്കുന്നത് ശരിയല്ല. പക്ഷേ, നേരത്തെ പറഞ്ഞ ആർത്തിയും ദുരയും ആ വസ്​തുതകളെയെല്ലാം മറപ്പിക്കുകയാണ്. ഒരു കൂട്ടരോട് വാങ്ങിയ നിക്ഷേപത്തുകയിൽ നിന്നെടുത്ത് മറ്റേ കൂട്ടർക്ക് ലാഭവിഹിതം നൽകുന്നു. ഈ പ്രക്രിയ കുറേക്കാലം മുന്നോട്ട് പോവുമ്പോൾ ഒരിടത്ത് ചെന്ന് മുട്ടുന്നു. സംരംഭം ആകെ പൊളിയുന്നു. ഇതാണ് ഇത്തരം കേസുകളിലെല്ലാം സംഭവിക്കുന്നത്.

വെറുതെ കിടക്കുന്ന പണം പലരുടെയും കൈയിലുണ്ട്. പണം ഇങ്ങനെ വെറുതെ കിടക്കുന്നത് സമൂഹത്തിനും സമ്പദ് ഘടനക്കും ഒട്ടും നല്ലതല്ല. പണം ഉൽപാദനക്ഷമമായ മേഖലയിൽ വിനിയോഗിക്കപ്പെടുകയും കറങ്ങുകയും ചെയ്യണം. അപ്പോഴേ സമ്പദ്ഘടന ശക്തിപ്പെടുകയുള്ളൂ. പണം ​ൈകയിലുള്ള വ്യക്തിക്കും അപ്പോഴേ അത് കൊണ്ട് ഉപകാരമുള്ളൂ. അപ്പോൾ, നിക്ഷേപക സംരംഭങ്ങൾ ഉണ്ടാവുക എന്നത് നാടിെൻറ സാമ്പത്തികാരോഗ്യത്തിന് പ്രധാനമാണ്. ശക്തവും ശാസ്​ത്രീയവുമായ നിക്ഷേപസംരംഭങ്ങൾ നാട്ടിലില്ല എന്നതാണ് ഇത്തരം തട്ടിപ്പ് സ്​ഥാപനങ്ങൾ കൂണുപോലെ മുളക്കാനും കൂണുപോലെ ഇല്ലാതാകാനും കാരണം.

ആളുകളുടെ കൈയിൽ കാശുണ്ട്, എന്നാൽ നിക്ഷേപം ആകർഷിക്കാൻ ആവശ്യമായ സംരംഭങ്ങളിലില്ല എന്നു വരുന്നത് സാമ്പത്തിക മാനേജ്മെൻറ്​ പരിേപ്രക്ഷ്യത്തിലൂടെ നോക്കുമ്പോൾ നാണക്കേടാണ്. സർക്കാറിന് ഇക്കാര്യത്തിൽ വലിയ പങ്കുണ്ട്. വിശ്വസിക്കാനും ആശ്രയിക്കാനും പറ്റുന്ന നിക്ഷേപകസംരഭങ്ങൾ സ്​ഥാപിക്കുകയും വെറുതെ കിടക്കുന്ന പണം അതിലേക്ക് ഗതിതിരിക്കാനും മൂലധന ഉടമകൾക്കും സമൂഹത്തിനും ഗുണപ്രദമായ രീതിയിൽ അത് വിനിയോഗിക്കപ്പെടാനും പറ്റുന്ന സംവിധാനങ്ങൾ പടുത്തുയർത്തുക എന്നത് പ്രധാനമാണ്. അല്ലെങ്കിൽ ഇത്തരം നിക്ഷേപ തട്ടിപ്പ് വാർത്തകൾ നാം ഇനിയും കേട്ടു കൊണ്ടേയിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorialmc kamarudheeninvestment scams
Next Story