Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഉദ്ഘാടനവും കുറെ...

ഉദ്ഘാടനവും കുറെ കോമാളിത്തങ്ങളും

text_fields
bookmark_border
ഉദ്ഘാടനവും കുറെ കോമാളിത്തങ്ങളും
cancel

കഴിഞ്ഞ ചൊവ്വാഴ്ച കൊല്ലത്തുനിന്നുള്ള ഒരു വാർത്ത, ചെറുതാണെങ്കിലും, ചർച്ചചെയ്യപ്പെടേണ്ടതാണ്. സംഭവം ഇതാണ്: നഗരത്തിലെ ക്ലോക്ക് ടവറിന് സമീപത്ത് കോർപറേഷൻ നിർമിച്ച ബസ്ബേ ഉദ്ഘാടനത്തിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീൽ എത്തുന്നു. കോർപറേഷനിലെ യു.ഡി.എഫ് കൗൺസിലർമാർ വായ മൂടിക്കെട്ടിയാണ് ചടങ്ങിനെത്തിയത്. സ്ഥലം എം.പിയായ എൻ.കെ േപ്രമചന്ദ്രനെ ചടങ്ങിൽനിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് അവർ വായ മൂടിക്കെട്ടിയത്. മുദ്രാവാക്യംവിളിയും ബഹളവുമായി യു.ഡി.എഫ് പ്രവർത്തകരും അവിടെ തടിച്ചുകൂടി. മന്ത്രി ജലീൽ എത്തിയതോടെ ‘എൻ.കെ. േപ്രമചന്ദ്രൻ എം.പിയെ ഒഴിവാക്കിയ മേയർ തരംതാണ രാഷ്ട്രീയ പകപോക്കൽ അവസാനിപ്പിക്കുക’ എന്ന ബാനർ പ്രതിഷേധക്കാർ പൊക്കിപ്പിടിച്ചു. പൊലീസ് പ്രസ്തുത ബാനർ പിടിച്ചുവാങ്ങാൻ ശ്രമിച്ചു; യു.ഡി.എഫ് പ്രവർത്തകർ അതു തടയാനും. പിന്നീട് സംഭവിച്ചതെല്ലാം മുറപ്രകാരം. മുദ്രാവാക്യം വിളിയും ബഹളവും കസേരയേറും പൊലീസിെൻറ വക ലാത്തിച്ചാർജും. നോക്കണേ, ആളെക്കയറ്റാൻ ബസ് നിർത്തിയിടാൻ റോഡരികിൽ ഒരുക്കിയ ചെറിയൊരു സംവിധാനത്തിെൻറ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് ഈ കാട്ടിക്കൂട്ടലുകളൊക്കെ. ഇതെന്തൊരു അറുബോറൻ രാഷ്ട്രീയമാണെന്ന് കാണുന്ന മാലോകർക്കൊക്കെയും തോന്നും. എന്നാൽ, ഇതെന്തോ വലിയ സംഭവമാണെന്നാണ് രാഷ്ട്രീയ നേതാക്കൾ വിചാരിക്കുന്നത്.

കഴിഞ്ഞയാഴ്ച കൊല്ലത്തുതന്നെ ഇതേക്കാൾ വിചിത്രമായ മറ്റൊരു സംഭവമുണ്ടായിരുന്നു. പുനലൂർ--പാലക്കാട് പാലരുവി എക്സ്പ്രസിെൻറ ഫ്ലാഗ്ഓഫ് ചടങ്ങാണ് രംഗം. ഡൽഹിയിൽനിന്ന് കേന്ദ്ര റെയിൽേവ മന്ത്രി വിഡിയോ കോൺഫറൻസിങ്ങിലൂടെ പച്ചക്കൊടി ഉയർത്തി വണ്ടിയുടെ യാത്ര ഔദ്യോഗികമായി തുടങ്ങി. ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും പങ്കെടുത്ത ഉപചാര ചടങ്ങുകൾ പുനലൂരിലും നടന്നു. വണ്ടി പുറപ്പെട്ടു. എന്നാൽ, വണ്ടി ആവണീശ്വരത്തെത്തിയതോടെ യു.ഡി.എഫ് പ്രവർത്തകർ വണ്ടി തടഞ്ഞിട്ടു. കാരണം ഗംഭീരം. ഉദ്ഘാടനയാത്രയിൽ എം.പിമാരായ എൻ.കെ. േപ്രമചന്ദ്രനെയും കൊടിക്കുന്നിൽ സുരേഷിനെയും കയറ്റിയില്ലെത്ര. അങ്ങനെ പുനലൂരിൽനിന്ന് കാർ വഴി രണ്ട് എം.പിമാരും ആവണീശ്വരത്തെത്തി വണ്ടിയിൽ കയറിയ ശേഷം മാത്രമേ വണ്ടി മുന്നോട്ടുപോയുള്ളൂ. കൊല്ലം സ്റ്റേഷൻ വരെ ആ എം.പിമാരുടെ മഹനീയ സാന്നിധ്യം പാലരുവി എക്സ്പ്രസിനെ ധന്യമാക്കി.

ജനങ്ങൾ തെരഞ്ഞെടുക്കുന്ന പ്രതിനിധികൾക്ക് ആധികാരികതയും പ്രാമുഖ്യവും ഉള്ളതാണ് നമ്മുടെ രാഷ്ട്രീയ ക്രമം എന്നത് ഒരു യാഥാർഥ്യമാണ്. അതിനാൽതന്നെ സർക്കാർ പദ്ധതികളും സംരംഭങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നതിൽ അവരുടെ പങ്കാളിത്തവും സാന്നിധ്യവും പ്രസക്തംതന്നെയാണ്. അത് കേവലം ഉദ്യോഗസ്ഥരുടെ മുൻകൈയിൽ മാത്രം നടക്കേണ്ട കാര്യവുമല്ല. അത് ശരിയായിരിക്കെതന്നെ, എല്ലാ ചെറിയ കാര്യങ്ങൾക്കും രാഷ്ട്രീയക്കാരെവെച്ചുള്ള ഉദ്ഘാടന മാമാങ്കങ്ങൾ നടത്തിയേ പറ്റൂ എന്ന നിലപാട് എന്തുമാത്രം അരോചകമായ കാര്യമാണെന്ന് ബന്ധപ്പെട്ടവർതന്നെ ആലോചിക്കുന്നത് നല്ലതാണ്. ഇടവഴി ടാർ ചെയ്യുമ്പോൾവരെ ഇത് അനുവദിച്ച ഇന്നയാൾക്ക് അഭിവാദ്യങ്ങൾ എന്നെഴുതി, രാഷ്ട്രീയക്കാരെൻറ പടം സഹിതം പ്രദേശമാകെ ഫ്ലക്സുകൾ തൂക്കുന്ന പരിപാടി നാട്ടിൽ ആർഭാടപൂർവം നടക്കുന്നുണ്ട്. ചെറിയൊരു ബസ്സ്റ്റോപ്പിൽ, പ്രാദേശിക വികസന ഫണ്ടിൽനിന്ന് ബസ്സ്റ്റോപ്പിന് പണമനുവദിച്ച എം.എൽ.എക്ക് അഭിവാദ്യം നേർന്നുള്ള ബോർഡുകൾ റോഡരികിൽ എങ്ങും കാണാം. ഇടതുപക്ഷവും വലതുപക്ഷവുമെല്ലാം ഇതിൽ ഒരുപോലെയാണ്. റോഡ് അനുവദിച്ച ബഹുമാനപ്പെട്ട എം.എൽ.എക്ക് അഭിവാദ്യങ്ങൾ എന്നെഴുതിയത് വായിക്കുമ്പോൾ തോന്നുക, ഇതെന്തോ ഈ എം.എൽ.എയുടെ പോക്കറ്റിൽ നിന്നെടുത്ത പണംകൊണ്ട് ഉണ്ടാക്കിയ റോഡാണെന്നാണ്. ജനങ്ങളുടെ നികുതിപ്പണംകൊണ്ടുണ്ടാക്കിയ റോഡാണത്. അത് വേണ്ടിടത്ത് അനുവദിക്കുക എന്നത് അയാളുടെ പ്രാഥമിക ജോലിയാണ്. ആ ജോലി ചെയ്യുന്നതിെൻറ പേരിൽ നാടുനീളെ ഫ്ലക്സുകൾ തൂക്കിയിടുന്നതൊക്കെ ശരിക്കും പറഞ്ഞാൽ, നിലവാരം കുറഞ്ഞ ഏർപ്പാടുകളാണ്.

ജനങ്ങളുടെ വോട്ട് വാങ്ങിയാണ് രാഷ്ട്രീയക്കാർ അധികാര സ്ഥാനങ്ങളിലെത്തുന്നത്. അവർക്ക് ഇനിയും പിടിച്ചുനിൽക്കാൻ വോട്ട് കിട്ടിയേ തീരൂ. അതിനാൽ ജനങ്ങൾക്കിടയിൽ പിടിച്ചു നിൽക്കാൻ ഇത്തരം വേലകൾ വേണ്ടിവരുമെന്നായിരിക്കും രാഷ്ട്രീയക്കാർ ന്യായംപറയുക. നമ്മുടെ ജനാധിപത്യ സമ്പ്രദായത്തിൽ ഈ പറഞ്ഞതിൽ കാര്യവുമുണ്ട്. അതേസമയം, ഇത്തരം പ്രചാരണ, ഉദ്ഘാടന വേലകൾക്കപ്പുറത്ത് ജനങ്ങളുമായി യഥാർഥ ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞാൽ ഇത്തരം കെട്ടുകാഴ്ചകൾ നടത്തേണ്ട ആവശ്യമുണ്ടാവില്ല. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുകയും അവർക്കിടയിൽ ജീവിക്കുകയും ചെയ്യുന്ന ഉയർന്ന പൊതുപ്രവർത്തന പാരമ്പര്യമുള്ളവർക്കേ അത് സാധിക്കൂ.

അധികാരരാഷ്ട്രീയത്തിെൻറ അനിവാര്യതകൾ കാരണമാണ് ഈ കാട്ടിക്കൂട്ടലുകളെന്ന് രാഷ്ട്രീയ പ്രവർത്തകർ  സ്വകാര്യമായി സമ്മതിക്കും. പക്ഷേ, അത് പരിധിവിടാതെ നോക്കേണ്ടത് അവരുടെ ചുമതലയാണ്. അല്ലെങ്കിൽ ജനങ്ങൾക്കു മുന്നിൽ അവർ കോമാളികളാവുകയാണ് ചെയ്യുന്നത്. അൽപംകൂടി നിലവാരമുള്ള രാഷ്ട്രീയ സംസ്കാരത്തിനുവേണ്ടി നമുക്ക് ആലോചിച്ചുതുടങ്ങാം.

Show Full Article
TAGS:madhyamam editorial 
Next Story