Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഅച്ചടക്കവും...

അച്ചടക്കവും ആൾക്കൂട്ടവും

text_fields
bookmark_border
cpm
cancel


അസംബ്ലി തെരഞ്ഞെടുപ്പിലെ സ്​ഥാനാർഥി നിർണയം അവസാന ഘട്ടത്തിൽ എത്തിനിൽക്കെ മുന്നണികളിലും പാർട്ടികളിലുമുള്ള അന്തഃസംഘർഷങ്ങൾ ശക്​തിപ്പെടുകയാണ്. പൊട്ടലും ചീറ്റലും അടിബഹളങ്ങളും നമ്മുടെ നാട്ടിൽ അസാധാരണമായ കാര്യമല്ല. ജനാധിപത്യ പാർട്ടിയായി അവകാശപ്പെടുന്ന കോൺഗ്രസിലാണ് ഇത്തരം കാര്യങ്ങൾ കലശലായി നടക്കാറുള്ളത്. സ്​ഥാനാർഥിത്വത്തെ ചൊല്ലിയുള്ള പരസ്യമായ വെല്ലുവിളികളും സംഘർഷങ്ങളും ആ പാർട്ടിയുടെ ചരിത്രത്തിനൊപ്പം ഉണ്ട്. 2001ൽ അസംബ്ലിയിലേക്കുള്ള സ്​ഥാനാർഥികളെ നിശ്ചയിച്ച് പ്രചാരണം ആരംഭിച്ചശേഷം ഗ്രൂപ്പിസത്തിെൻറ ഭാഗമായി അഞ്ചു സ്​ഥാനാർഥികളെ മാറ്റുകയും പുതുതായി വന്ന അഞ്ചു പേരെയും ജയിപ്പിക്കുകയും ചെയ്ത അനുഭവം ആ പാർട്ടിക്ക് കേരളത്തിലുണ്ട്. അതുമായി തട്ടിച്ചുനോക്കുമ്പോൾ കോൺഗ്രസിൽ ഇപ്പോൾ നടക്കുന്നതൊക്കെ നിസ്സാരമായി കാണാം. ഇതെഴുതുമ്പോഴും കോൺഗ്രസ്​, മുസ്​ലിം ലീഗ് എന്നീ പാർട്ടികളിലെ സ്​ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. അതിന് മുമ്പുതന്നെ കോൺഗ്രസിൽ പലേടത്തും പൊട്ടിത്തെറി ആരംഭിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി, പെരിന്തൽമണ്ണ സീറ്റുകളിൽ മുസ്​ലിം ലീഗ് വിമതർ എൽ.ഡി.എഫ് സ്​ഥാനാർഥികളായി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. സ്​ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഈ പാർട്ടികളിൽ എന്തൊക്കെ സംഭവിക്കുമെന്നത് കണ്ടറിയുക തന്നെ വേണം.

സ്​ഥാനാർഥി നിർണയത്തെ ചൊല്ലിയുള്ള കലഹങ്ങളിൽ ഇത്തവണ വിചിത്രമായത് സി.പി.ഐ, സി.പി.എം പാർട്ടികളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. പാർട്ടി തീരുമാനിക്കുന്ന സ്​ഥാനാർഥികളെ മറുചോദ്യങ്ങളോ അസ്വാരസ്യങ്ങളോ ഇല്ലാതെ പ്രവർത്തകർ ഏറ്റെടുക്കുകയും വിജയത്തിനായി പ്രവർത്തിക്കുകയും ചെയ്യുക എന്നതായിരുന്നു കമ്യൂണിസ്​റ്റ്​ പാർട്ടികളിലെ സാധാരണ രീതി. മുമ്പ് വി.എസ്.​ അച്യുതാനന്ദന് സീറ്റ് നിഷേധിക്കപ്പെട്ട ഘട്ടത്തിൽ അതിന് വിരുദ്ധമായ കാര്യം സംഭവിച്ചിട്ടുണ്ട്. കേരളത്തിലെ സി.പി.എം പാർട്ടിഘടനക്ക് അകത്തും; പുറത്ത്, മേൽപാളി സാംസ്​കാരിക സമൂഹത്തിലും ബിംബവത്കരിക്കപ്പെട്ട വ്യക്തിയായിരുന്നു അച്യുതാനന്ദൻ. അത്തരമൊരു അവസ്​ഥയിലാണ് സമ്മർദം കൂടി വന്നതോടെ വി.എസിന് സീറ്റ് കൊടുക്കാൻ പറ്റില്ലെന്ന പരുവത്തിൽ സി.പി.എം നേതൃത്വം എത്തുന്നത്. സംഘടനാപരമായി നോക്കുമ്പോൾ കേന്ദ്രീകൃത ജനാധിപത്യം അടിസ്​ഥാനപ്പെടുത്തിയുള്ള സി.പി.എം പോലുള്ള ഒരു കേഡർ പാർട്ടിയിൽ സംഭവിക്കാൻ പാടില്ലാത്ത കാര്യമായിരുന്നു അത്.

പക്ഷേ, സി.പി.എമ്മിന് വഴങ്ങേണ്ടി വന്നു. സി.പി.എം എന്ന സംഘടനയുടെ അപചയവും ദൗർബല്യവുമായി പരമ്പരാഗത മാർക്സിസ്​റ്റുകൾ അതിനെ കാണുകയും ചെയ്തു. മുമ്പ് വി.എസിെൻറ കാര്യത്തിൽ സംഭവിച്ചതിനേക്കാൾ ഗുരുതരമായ കാര്യങ്ങളാണ് സി.പി.എമ്മുമായി ബന്ധപ്പെട്ട് ഇപ്പോൾ സംഭവിക്കുന്നത്. കുറ്റ്യാടി സീറ്റ് ഘടകകക്ഷിയായ കേരള കോൺഗ്രസിന് വിട്ടുകൊടുത്ത തീരുമാനത്തിനെതിരെ നൂറു കണക്കിന് പ്രവർത്തകരാണ് തുടർച്ചയായ രണ്ടു ദിവസം തെരുവിലിറങ്ങിയത്. പൊന്നാനിയിലാകട്ടെ, സി.പി.എമ്മുകാരൻ തന്നെയായ പാർട്ടി സ്​ഥാനാർഥിക്കെതിരെയാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. നിരവധി പേർ അവിടെ പാർട്ടിയിൽനിന്ന് രാജിവെക്കുകയും ചെയ്തു. മഞ്ചേശ്വരം, കോങ്ങാട്, റാന്നി തുടങ്ങിയ മണ്ഡലങ്ങളിലും പാർട്ടി തീരുമാനത്തിനെതിരായ പ്രതിഷേധങ്ങളും അപസ്വരങ്ങളുമുണ്ടായി. ചടയമംഗലം, കാഞ്ഞങ്ങാട് സീറ്റുകളിലെ സ്​ഥാനാർഥി നിർണയത്തെച്ചൊല്ലി സി.പി.ഐയിലും പ്രശ്നങ്ങളുണ്ടായിക്കൊണ്ടിരിക്കുകയാണ്.

ജനാധിപത്യ കേന്ദ്രീകരണം, കാഡറിസം തുടങ്ങിയ സങ്കൽപങ്ങൾ സൈദ്ധാന്തികമായി തന്നെ ചോദ്യം ചെയ്യപ്പെടുന്ന യുഗമാണ് നമ്മുടേത്. 'വിപ്ലവ മുന്നണിപ്പട' എന്ന പഴയ കാഴ്ചപ്പാടിൽ രൂപപ്പെടുത്തിയ സംഘടനാ രീതികൾ പുതിയ കാലത്ത് വലിയ രീതിയിൽ വിലപ്പോവില്ല എന്നതാണ് വാസ്​തവം. വ്യക്തിവാദത്തിന് വലിയ സ്വാധീനമുള്ള, സമൂഹമാധ്യമങ്ങൾ അടക്കമുള്ള വിനിമയ ഉപാധികളിലൂടെ സാമൂഹിക സംഘാടനത്തിനും ആശയരൂപവത്​കരണത്തിനും പുതിയ സങ്കേതങ്ങളും സംവിധാനങ്ങളും രൂപപ്പെട്ട ചരിത്ര സന്ദർഭത്തിൽ പഴയ കാഡർ സംവിധാനവുമായി പാർട്ടികൾ മുന്നോട്ടുപോയാൽ അത് അതത് പാർട്ടികൾക്ക് തന്നെ ഭാരമാവുകയേയുള്ളൂ എന്നതാണ് യാഥാർഥ്യം. എന്നാൽ, അത്തരത്തിലുള്ള അടിസ്​ഥാനപരമായ പുനരാലോചനക്ക് സന്നദ്ധമാവാതെ 'അച്ചടക്കം' ലംഘിച്ച പ്രവർത്തകർക്കെതിരെ നടപടിയെടുക്കാനാണ് ഈ പാർട്ടികളൊക്കെയും തുനിയുക. പാർട്ടി അച്ചടക്കത്തി​ന്‍റെ മഹത്ത്വത്തെക്കുറിച്ച് അവർ അണികളെ പഠിപ്പിച്ചു കളയും.

സ്​ഥാനാർഥിത്വത്തിനു വേണ്ടി പാർട്ടിക്കകത്തു തന്നെ മത്സരം നടത്തുകയും അതിൽ വിജയിക്കുന്നവരെ സ്​ഥാനാർഥികളാക്കുകയും ചെയ്യുന്ന രീതി പല രാജ്യങ്ങളിലും രാഷ്​​ട്രീയ പാർട്ടികൾക്കകത്തുണ്ട്. പൊതുതെരഞ്ഞെടുപ്പിലെ സ്​ഥാനാർഥിത്വം, പാർട്ടി പദവികളിലേക്കുള്ള തെരഞ്ഞെടുപ്പ് തുടങ്ങിയ കാര്യങ്ങൾക്ക് വേണ്ടി ഈ രീതി സ്വീകരിക്കാവുന്നതേയുള്ളൂ. വ്യാജമായ അച്ചടക്കത്തിെൻറ മഹത്ത്വവും കാഡറിസത്തിന്‍റെ ഭാരവുമൊന്നും അവിടെയില്ല. ഓരോരുത്തർക്കും അവരുടെ കാഴ്ചപ്പാടുകളും പദ്ധതികളും കഴിവുകളും പാർട്ടി പ്രവർത്തകർക്കിടയിൽ അവതരിപ്പിക്കാം. അതിൽ മെച്ചപ്പെട്ടവൻ/മെച്ചപ്പെട്ടവൾ എന്ന് പ്രവർത്തകർക്ക് തോന്നുന്നവരെ പാർട്ടി നേതാക്കളോ സ്​ഥാനാർഥികളോ ആക്കുന്നു. അങ്ങനെയൊക്കെ ജനാധിപത്യം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു കാലത്ത് കാഡറിസത്തിെൻറ മുഷ്​ടിബലം കൊണ്ടു മാത്രം ഒരു പ്രസ്​ഥാനത്തിനും മുന്നോട്ടുപോവാൻ കഴിയില്ല. കുറ്റ്യാടിയും പൊന്നാനിയുമൊക്കെ അത്തരം ചില സന്ദേശങ്ങളും നൽകുന്നുണ്ട്; എല്ലാവർക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#editorial#ldf#assembly election 2021#CPM#assembly candidates
News Summary - Internal Issues in CPM
Next Story