Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightനോട്ടുനിരോധനത്തിലെ...

നോട്ടുനിരോധനത്തിലെ ദേശാതീത താല്‍പര്യങ്ങള്‍

text_fields
bookmark_border
നോട്ടുനിരോധനത്തിലെ ദേശാതീത താല്‍പര്യങ്ങള്‍
cancel

ആ അമ്പതു ദിവസം കഴിഞ്ഞ് പിന്നെയും ഒരു മാസമാകാന്‍ പോകുന്നു. അമ്പതു ദിവസം കാത്തിരുന്നിട്ട് ഗുണഫലം കാണാനായില്ളെങ്കില്‍, ഉദ്ദേശ്യശുദ്ധി ബോധ്യമായില്ളെങ്കില്‍, എന്തു ശിക്ഷയും തന്നുകൊള്ളൂ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടുനിരോധനത്തെപ്പറ്റി രാജ്യത്തോടു പറഞ്ഞത്. നോട്ടു മാറ്റിയെടുക്കലിന്‍െറ ക്യൂകള്‍ സമയപരിധി കഴിഞ്ഞതോടെ ഇല്ലാതായെങ്കിലും സ്വന്തം പണം ഉപയോഗിക്കാന്‍ കിട്ടാത്ത സ്ഥിതിയിലാണ് ജനങ്ങള്‍ ഇന്നും. 86 ശതമാനം കാശിടപാട് അസാധുവാക്കിയ നവംബര്‍ എട്ടിന് പ്രധാനമന്ത്രി എല്ലാവരുടെയും പണത്തിന്‍െറ മുഖ്യ പങ്ക് പിടിച്ചുവാങ്ങി. 50 ദിവസംകൊണ്ട് പകരം നോട്ടുകളത്തെുമെന്നുപറഞ്ഞത് നടന്നില്ല; ഇനിയും ഒരു കൊല്ലംകൂടി വേണ്ടിവരുമെന്നും അപ്പോഴും പിന്‍വലിച്ച നോട്ടിന് മുഴുവനായി പകരം നോട്ടച്ചടിക്കാന്‍ ഉദ്ദേശ്യമില്ളെന്നും ഇപ്പോള്‍ കേള്‍ക്കുന്നു.

ഒന്നുമറിയാത്ത പാമരനായി റിസര്‍വ് ബാങ്ക് ഇരിക്കുമ്പോള്‍ പകച്ചിരിക്കാന്‍മാത്രം വിധിക്കപ്പെട്ട ജനാധിപത്യ സമൂഹം നിസ്സഹായമായി എല്ലാം സഹിക്കുന്നു. വ്യവസായവും കൃഷിയും വ്യാപാരവും നിര്‍മാണ പ്രവര്‍ത്തനവും വിനോദസഞ്ചാരവും മുതല്‍ ദുരിതാശ്വാസ -സേവന പ്രവര്‍ത്തനങ്ങള്‍വരെ മാന്ദ്യത്തിലാണ്. ഇതാകട്ടെ, ദീര്‍ഘകാലം തുടരുമെന്നാണ് ഡസന്‍കണക്കിന് വരുന്ന ആഗോള സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നത്.

ജനങ്ങളുടെ പോക്കറ്റില്‍  കൈയിട്ടുവാരാന്‍ സര്‍ക്കാറിന് അധികാരമില്ല എന്നാണ് ഭരണഘടനാ വിദഗ്ധര്‍ ആണയിടുന്നത്. നോട്ടുനിരോധനം നടപ്പാക്കിയ രീതിയില്‍ നിയമാനുസൃതമല്ലാത്ത പലതുമുള്ളതായി നിയമജ്ഞരും ചൂണ്ടിക്കാട്ടി. പാര്‍ലമെന്‍റ് സ്ഥിരം സമിതി ഇക്കാര്യത്തില്‍ ചില അന്വേഷണങ്ങളൊക്കെ വൈകിയാണെങ്കിലും തുടങ്ങിവെച്ചു. ചട്ടങ്ങളും കീഴ്വഴക്കങ്ങളും മനുഷ്യാവകാശങ്ങള്‍ വരെപ്പോലും ലംഘിച്ച് ഇത്ര സാഹസികമായ ഒരു എടുത്തുചാട്ടം ഇത്ര വ്യാപ്തിയില്‍ നടപ്പാക്കേണ്ടിവന്നതിന്‍െറ ന്യായം എന്തായിരുന്നു? പ്രധാനമന്ത്രിതന്നെ അത് മൂന്നുതവണയെങ്കിലും മാറ്റിപ്പറഞ്ഞു; ഭീകരര്‍ക്കുള്ള പണവും കള്ളപ്പണവും ഇല്ലാതാക്കാന്‍, അഴിമതി നിര്‍മാര്‍ജനം ചെയ്യാന്‍, കാശുരഹിത വ്യവസ്ഥിതി കൊണ്ടുവരാന്‍ എന്നിങ്ങനെ. പലപ്പോഴും അദ്ദേഹം എന്തോ മറച്ചുവെക്കുന്നു എന്ന ധാരണ ഇതുണ്ടാക്കിയത് സ്വാഭാവികം.

ആര്‍.ബി.ഐ എന്ന സ്ഥാപനത്തെ അപ്രസക്തമാക്കി നടത്തിയ ഒരു അട്ടിമറിയായി ജനങ്ങള്‍ക്കിത് തോന്നിത്തുടങ്ങുമ്പോഴേക്കും മോദി ജനങ്ങളോടു പറഞ്ഞ കാര്യമാണ് നാം തുടക്കത്തില്‍ ഉദ്ധരിച്ചത്. രണ്ടു മാസത്തിലേറെ കഴിഞ്ഞിട്ടും കഷ്ടപ്പാടിന് അറ്റം കാണുന്നില്ല. ഇതിന്‍െറ ഉദ്ദേശ്യശുദ്ധി ഇപ്പോഴും വ്യക്തവുമല്ല; കള്ളപ്പണം സാധാരണയില്‍ കവിഞ്ഞ തോതില്‍ പുറത്തുവന്നതായി ഒരു തെളിവും ഇല്ലല്ളോ.

പക്ഷേ, പാര്‍ലമെന്‍റും അതിന്‍െറ സാമ്പത്തിക സ്ഥിരം സമിതിയും ജനങ്ങളും അറിയേണ്ട മറ്റു ചില വിവരങ്ങള്‍ ഇതിനകം വെളിച്ചത്ത് വന്നിരിക്കുന്നു. അതാകട്ടെ, നോട്ടുനിരോധനം രാജ്യത്തിന്‍െറ സുരക്ഷയോ സാമ്പത്തിക ഭദ്രതയോ ലക്ഷ്യമിട്ടല്ല,  മറിച്ച് വിദേശത്തേതടക്കമുള്ള കുറെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കുവേണ്ടിയാണ് എന്നാണ്. അഴിമതി നിര്‍മാര്‍ജനമോ ധനസുരക്ഷയോ അല്ല ‘പണരഹിത’ ധനതന്ത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് -യു.എസിന്‍െറയും ആഗോള കോര്‍പറേറ്റുകളുടെയും സ്വകാര്യത ലംഘിക്കുന്ന ആഗോള നിരീക്ഷണ വ്യവസായത്തിന്‍െറയും ഗൂഢോദ്ദേശ്യങ്ങളാണ്.

രാജ്യത്തിന്‍െറയും രാജ്യവാസികളുടെയും താല്‍പര്യങ്ങള്‍ക്ക് എതിരാണിത്. ഇക്കാര്യങ്ങള്‍ വിശദമായും തെളിവുകള്‍ നിരത്തിയും നോര്‍ബര്‍ട്ട് ഹേയറിങ് എന്ന സാമ്പത്തിക വിദഗ്ധന്‍ സ്ഥാപിച്ചിട്ടുമുണ്ട്. മോദി സര്‍ക്കാറിനെ ചലിപ്പിച്ച ചരടുകള്‍ കൈവശംവെച്ചിരിക്കുന്നത് അമേരിക്കന്‍ വിദേശവകുപ്പും സെക്യൂരിറ്റി വകുപ്പുമായി നേരിട്ട് ബന്ധമുള്ള ‘യു.എസ് എയ്ഡ്’ എന്ന പ്രസ്ഥാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. വിദേശങ്ങളില്‍ സി.ഐ.എയുടെ രഹസ്യ തന്ത്രങ്ങള്‍ക്കുവേണ്ടി പണമത്തെിക്കുന്ന ചാലുകൂടിയാണത്രെ ഇത്.

പാര്‍ലമെന്‍റിനെയും ആര്‍.ബി.ഐയെയും ഇരുട്ടില്‍നിര്‍ത്തി കുറെ മാസമായി അവര്‍ ഇന്ത്യയെ ‘കാഷ്ലെസ്’ ആക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയായിരുന്നു. ഇതിനുവേണ്ടി ‘പ്രോജക്ട് കാറ്റലിസ്റ്റ്’ എന്ന പേരിലൊരു പദ്ധതി രൂപപ്പെടുത്തിയതിന്‍െറ തൊട്ടടുത്ത മാസമാണ് പ്രധാനമന്ത്രി നോട്ടുനിരോധം പ്രഖ്യാപിക്കുന്നത്. 2016 ജനുവരിയില്‍തന്നെ അതുസംബന്ധിച്ച കടലാസുകള്‍ ‘യു.എസ് എയ്ഡ്’ ധനമന്ത്രാലയത്തിന് നല്‍കിയിരുന്നു. ‘കാശുരഹിത ലോകം’ യു.എസ് സാമ്രാജ്യത്വത്തിന്‍െറ ഇഷ്ടസ്വപ്നമാകുന്നത് ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ എല്ലാ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഇടപാടുകള്‍ നിയന്ത്രിക്കാം എന്നതുകൊണ്ടാണത്രെ.

ഈ മഹായജ്ഞത്തിന്‍െറ പരീക്ഷണശാലയാകാനുള്ള ‘ഭാഗ്യ’മാണ് ഇന്ത്യക്ക് കിട്ടിയിരിക്കുന്നത്. നോട്ടുരഹിത വ്യവസ്ഥിതിയില്‍, ആഗോള ‘റഫറന്‍സ് കറന്‍സി’യായ ഡോളറിനുമാത്രം നേട്ടം കൊയ്യാം. ബാങ്കുകളെയും മറ്റും വിരട്ടാം. ജര്‍മനിയിലെ ഏറ്റവും വലിയ ബാങ്കായ ഡോയ്ഷ് ബാങ്കിന് 1400 കോടി ഡോളര്‍ പിഴയിട്ടത് യു.എസ് സര്‍ക്കാറാണ് -അതും യു.എസ് ചട്ടം പാലിക്കാത്തതിന്. വിദേശ ബാങ്കുകള്‍ എല്ലാ ഇടപാടും വെളിപ്പെടുത്തണമെന്ന് ശഠിക്കുന്ന അമേരിക്ക, യു.എസ് ബാങ്കുകളെ അതിന് നിര്‍ബന്ധിക്കുന്നില്ല എന്നോര്‍ക്കണം. പുറത്തുവന്ന തെളിവുകളനുസരിച്ച് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ യു.എസ് ചട്ടങ്ങള്‍ക്ക് വിധേയമാക്കുക എന്നതാണ് നടന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ സമഗ്രമായ ഒരന്വേഷണം സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ നേതൃത്വത്തില്‍ ഉണ്ടാകണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - interest then the country in currency demonetiation
Next Story