പ്രധാനമന്ത്രിയുടെ ചേരുംപടി ചേരാത്ത വർത്തമാനങ്ങൾ
text_fieldsഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ട നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ പൗരർക്കയച്ച ഇ-മെയിൽ സന്ദേശത്തിൽ ഭരണഘടനയെ വാനോളം പുകഴ്ത്തുകയും അതിന്‍റെ സ്വാധീനം എടുത്തുപറയുകയും ചെയ്യുന്നു.‘എളിയ പശ്ചാത്തലവും സാമ്പത്തിക പിന്നാക്കാവസ്ഥയുമുള്ള ഒരു കുടുംബത്തിൽനിന്നുള്ള തന്നെപ്പോലുള്ള വ്യക്തിയെ 24 വർഷത്തിലേറെ തുടർച്ചയായി ഭരണത്തലവനായി സേവിക്കാൻ പ്രാപ്തനാക്കിയത് ഭരണഘടനയുടെ ശക്തിയാണ്’ എന്നുകൂടി പറഞ്ഞ് ഭരണഘടനയെ വൈയക്തികാനുഭവം കൂടിയാക്കി മാറ്റി അദ്ദേഹം. ഭരണഘടനക്ക് 60 വർഷം പൂർത്തിയായ സമയത്ത് ഭരണഘടനക്ക് അർഹിക്കുന്ന ശ്രദ്ധ ദേശീയതലത്തിൽ ലഭിക്കാതിരുന്നപ്പോൾ ഗുജറാത്തിൽ ഒരു ‘സംവിധാൻ ഗൗരവ് യാത്ര’ സംഘടിപ്പിച്ചതും അതിൽ ഭരണഘടനയെ ആനപ്പുറത്തേറ്റി ഘോഷയാത്ര നടത്തിയതും മോദി അനുസ്മരിക്കുന്നു.
രാഷ്‌ട്രത്തിന്‍റെ ബലവത്തായ അസ്തിവാരമായി ഭരണഘടനയെ കാണുന്ന പ്രധാനമന്ത്രിയും ഭരണകൂടവും പ്രവൃത്തിപഥത്തിൽ അതിന്‍റെ അടിസ്ഥാനങ്ങളെയും അനുശാസനങ്ങളെയും എത്രത്തോളം സാക്ഷാത്കരിക്കുന്നുണ്ട്? ഉപചാരത്തിന് പറയുന്ന ഭംഗിവാക്കുകളിലെ ആദരവ് പ്രധാനമന്ത്രിയുടെ പ്രസ്ഥാനവും നേതാക്കളും വാസ്തവത്തിൽ ഭരണഘടനക്ക് വകവെച്ചു നൽകുന്നുണ്ടോ? പല അവസരങ്ങളിലും ഭരണഘടനയെ ചെറുതാക്കാനും അതിന്‍റെ ഉള്ളടക്കത്തെ വിദേശ സ്വാധീനങ്ങളുടെ ഉദാഹരണമായി കാണാനുമാണ് ബി.ജെ.പി വൃത്തങ്ങൾക്ക് താൽപര്യം. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ പറയുന്ന രാഷ്ട്രത്തിന്റെ അടിസ്ഥാന സ്വഭാവമായ ‘പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്’ എന്ന സങ്കൽപത്തെതന്നെ ചോദ്യം ചെയ്യുകയും റദ്ദുചെയ്യുകയും ചെയ്യുന്ന നിലപാടും നടപടികളുമാണ് മോദിയുടെ യൂനിയൻ സർക്കാറിൽനിന്നും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന സർക്കാറുകളിൽനിന്നും ഉണ്ടാകാറുള്ളത്.
ഭരണഘടന അടിവരയിടുന്ന തുല്യാവകാശത്തിന്‍റെ അടിസ്ഥാനത്തിൽ പൗരരെ ഒന്നിച്ചുനിർത്താൻ എത്രത്തോളം അവർ ശ്രമിച്ചു എന്നു പരിശോധിക്കുക. ചില ജനവിഭാഗങ്ങളെ രാഷ്ട്രധാരക്ക് പുറത്ത് വിദേശവിലാസം കൽപിച്ച് അകറ്റാനാണ് അവർ ശ്രമിച്ചത്. ഭരണഘടന ഖണ്ഡിക 15 അനുശാസിക്കുന്ന ‘മത ജാതി-ലിംഗ-വംശ ഭേദമെന്യേ വിവേചനങ്ങളുണ്ടാവില്ല’ എന്ന വകുപ്പിന് ബി.ജെ.പി ഭരണകൂടങ്ങൾ വിലകൽപിക്കുന്നുണ്ടോ എന്ന് ചോദിച്ചാലും ഉത്തരം നിഷേധാത്മകമായിരിക്കും. അവിടെയും നിർത്താതെ ബി.ജെ.പി ഉൾപ്പെടുന്ന സംഘ് പരിവാറിന്‍റെ വക്താക്കളും അനുയായികളും സംഘടനാ സംവിധാനങ്ങളും എത്രമാത്രം വിവേചനങ്ങളും വെറുപ്പുമാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതെന്നും നോക്കുക. അതിനും പുറമെ, സ്വതന്ത്ര ഇന്ത്യയിലെ ന്യൂനപക്ഷവിഭാഗങ്ങളെ നുഴഞ്ഞുകയറ്റക്കാരെന്നും പെറ്റുപെരുകുന്നവരെന്നും മുദ്രകുത്തി ആവുന്നിടത്തൊക്കെ പൗരാവകാശങ്ങൾ നിഷേധിക്കാൻ ഉദ്യുക്തരാവുന്നു കുറേ മുഖ്യമന്ത്രിമാർ. അവരുടെയെല്ലാം നേതൃസ്ഥാനത്തിരിക്കുന്ന പ്രധാനമന്ത്രിയാണ് ഭരണഘടനയോടുള്ള പ്രതിബദ്ധതയെക്കുറിച്ച് വാചാലനാവുന്നത്.
ഭരണഘടനാ ദിനമാചരിക്കുന്നതിന്‍റെ തലേന്നാൾ, നവംബർ 25ന് ആണ് അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ധ്വജാരോഹണ (പതാകയുയർത്തൽ) ചടങ്ങിന് പ്രധാനമന്ത്രിതന്നെ കാർമികത്വം വഹിച്ചത്. അതും കൂടി ചേർത്തു വായിക്കുമ്പോൾ പ്രധാനമന്ത്രിയുടെ ഭരണഘടന അവകാശവാദങ്ങളുടെ ചിത്രം പൂർണമാവും. ഒരു ക്ഷേത്രത്തിന്റെ ചടങ്ങിന് പ്രധാനമന്ത്രിക്കെന്തു കാര്യം എന്ന ചോദ്യം ജനങ്ങൾ ചോദിക്കാതായിട്ട് കുറച്ചായി. അത്രയും ഹിന്ദുമതത്തെ രാഷ്ട്രനേതൃത്വവുമായി ചേർത്തുള്ള സിദ്ധാന്തത്തിലാണ് ഭരണത്തിന്‍റെ പോക്ക്. പക്ഷേ, അതിൽ മതേതരത്വം ഉദ്‌ഘോഷിക്കുന്ന ഭരണഘടനയുടെ സ്ഥാനമെന്തായി എന്നാരും ചോദിച്ചുപോകുന്ന വിധമാണ് ക്ഷേത്രത്തെക്കുറിച്ച പ്രധാനമന്ത്രിയുടെ പ്രസ്താവനകൾ. ഒരുവിഭാഗത്തിന്റെ ആരാധാനാലയം തകർത്തുകൊണ്ട് അവിടെ പണിത ക്ഷേത്രത്തിൽവെച്ച് തന്നെയാണ് ‘ഇന്ന് അയോധ്യ പട്ടണം രാജ്യത്തിന്‍റെ സാംസ്കാരിക ബോധത്തിന്‍റെ മറ്റൊരു നിർണായക സംഭവത്തിന് സാക്ഷ്യം വഹിക്കുകയാണ്’ എന്നു പറയുന്നത്. 1992 ഡിസംബറിൽ ബാബരി മസ്ജിദിന്‍റെ താഴികക്കുടങ്ങൾ തകർത്തു തരിപ്പണമാക്കിയ വർഗീയവിറളിപിടിച്ച ആൾക്കൂട്ടത്തിന്‍റെ ചെയ്തി മതേതരത്വം ഉദ്‌ഘോഷിക്കുന്ന ഭണഘടനക്ക് നിരക്കുന്നതായിരുന്നോ?
ഒരു ക്ഷേത്രച്ചടങ്ങിൽ ഭക്തി, ആത്മീയത എന്നിവയെക്കുറിച്ച് പറയുന്നതിനപ്പുറം ക്ഷേത്രത്തിന്‍റെ നിർമാണം രാജ്യത്തിന്‍റെ 500 വർഷത്തെ യജ്ഞത്തിന്‍റെ പൂർത്തീകരണമാണെന്ന് പറയുകയും മുഴുവൻ രാഷ്ട്രജനതയെയും അതിൽ കക്ഷിയാക്കുകയും ചെയ്യുന്നത് ഹിന്ദുമതത്തെയും രാഷ്ട്രത്തെയും സമീകരിക്കലാണ്. ചുരുങ്ങിയത് ബാബരി മസ്‌ജിദിന്റെ അവകാശികളായ സമുദായവും മതേതരത്വത്തിന്‍റെയും ബഹുസ്വരതയുടെയും വക്താക്കളുമെങ്കിലും ആ രീതിയിൽ രാമക്ഷേത്ര നിർമാണത്തിൽ ആഹ്ലാദിക്കാത്തവരായുണ്ട്. രാജ്യത്തിന്‍റെയും മൊത്തം പൗരരുടെയും അഭിമാനത്തിന്റെ പ്രതീകമായി അതിനെ ചിത്രീകരിക്കുന്നത് അവർ അംഗീകരിക്കുന്നുമില്ല. ദൗർഭാഗ്യകരമെന്നു പറയട്ടെ, പ്രധാനമന്ത്രിയുടെയും ഒപ്പമുണ്ടായിരുന്ന ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെയും ഒരേ സ്വരത്തിലുള്ള സംസാരവും ഇന്ത്യൻ ഭരണഘടനയുടെ മഹത്വം ഉദ്ഘോഷിക്കുന്ന പ്രധാനമന്ത്രിയുടെ സന്ദേശവും തമ്മിൽ കാതങ്ങളുടെ അകലമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

