Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഇന്ത്യയെ...

ഇന്ത്യയെ കണ്ണീരിലാഴ്ത്തുന്ന കരാർ വ്യവസ്ഥകൾ

text_fields
bookmark_border
ഇന്ത്യയെ കണ്ണീരിലാഴ്ത്തുന്ന കരാർ വ്യവസ്ഥകൾ
cancel

ഇന്ത്യൻ കയറ്റുമതിക്ക് തീരുവ വർധിക്കുകയും അമേരിക്കൻ ഇറക്കുമതിക്ക് തീരുവ ഇല്ലാതെ വരുകയും ചെയ്യുന്ന കരാർ വ്യവസ്ഥകൾ, നിലവിൽ പിന്നോട്ടടിച്ചുകൊണ്ടിരിക്കുന്ന കാർഷിക, വ്യവസായ മേഖലകൾക്ക് കനത്ത ആഘാതം തീർക്കും

ഒടുവിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിന് രൂപരേഖയായിരിക്കുന്നു. ഇന്ത്യ മഹാരാജ്യത്തെയും ഭരണകൂടത്തെയും നിഴലിൽ നിർത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏകപക്ഷീയമായി നടത്തിയ പ്രഖ്യാപനത്തിനുശേഷം ഉയർന്ന എന്താണ് കരാർ, എങ്ങനെയാണ് കരാർ, എത്രകാലത്തേക്കാണ് തുടങ്ങിയ ചോദ്യങ്ങൾക്ക് തൽക്കാലം മറുപടി ലഭിച്ചിരിക്കുന്നു. കൂടുതൽ വ്യക്തവും ശക്തവുമായ ഉഭയകക്ഷി കരാറാണ് ലക്ഷ്യമെന്നും അതിലേക്ക് എത്തിച്ചേരുമെന്നും ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ ചേർന്ന് കഴിഞ്ഞദിവസം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പ്രത്യാശിച്ചിട്ടുണ്ട്. കരാർ വലിയ നേട്ടമായി കേന്ദ്ര സർക്കാർ അവകാ​ശപ്പെടുമ്പോഴും നേട്ടം അമേരിക്കക്ക് മാത്രമാണെന്നാണ് സൂചനകൾ. കരാറിന്റെ പരിധിയിൽ പെടുന്നതും പെടാത്തതുമായ ഉൽപന്നങ്ങളുടെ ഭാഗികമായ വിവരങ്ങൾ രൂപരേഖയിൽ പുറത്തുവിട്ടിട്ടുണ്ട്.

കരാറിലൂടെ അഞ്ചുവർഷത്തിനകം 50,000 കോടി ഡോളറിന്റെ വ്യാപാരമാണ് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിലൂടെ ലക്ഷ്യമിടുന്ന​തെന്ന് യു.എസ് ഭരണകൂടം വ്യക്തമാക്കുന്നു. കരാറിലൂടെ അമേരിക്കൻ കർഷകർക്കും ഉൽപാദകർക്കും ലോകത്തെ വലിയ വിപണി തുറന്നുകിട്ടിയിരിക്കുകയാണെന്നതും അവർ ആഘോഷപൂർവം കൊട്ടിഘോഷിക്കുന്നു. അതേ സമയം ഇന്ത്യക്ക് പുതിയ കരാർ പ്രകാരം നേരത്തേ നികുതി കുറവിൽ നടത്തിയ കയറ്റുമതിക്കുപോലും അധിക നികുതി നൽകേണ്ടി വരുന്നിടത്താണ് വ്യവസ്ഥകൾ. മുമ്പ് 10 ശതമാനത്തിൽ താഴെ കയറ്റിയയച്ചിരുന്ന പല ഉൽപന്നങ്ങൾക്കും ട്രംപ് പ്രഖ്യാപിച്ച 18 ശതമാനം തീരുവയടക്കം 25 ശതമാനത്തിലധികം നികുതി ​നൽകേണ്ട സ്ഥിതിയാണ്. അതേ സമയം രാജ്യത്ത് ആവശ്യമുള്ളതും ഉൽപാദിപ്പിക്കാത്തതുമായ യു.എസ് ഉൽപന്നങ്ങളുടെ തീരുവയാണ് കുറക്കുകയോ ഇല്ലാതാക്കുകയോ ചെയ്തതെന്നുപറഞ്ഞ് സത്യാവസ്ഥ ലോകത്തിന് മുന്നിൽ മറച്ചുപിടിക്കാനാണ് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ ശ്രമിച്ചത്. യു.എസ് കാർഷിക ഉൽപന്നങ്ങൾക്ക് തീരുവരഹിത പ്രവേശനം നൽകാനുള്ള കരാറിലെ നിർദേശങ്ങൾ ശനിയാഴ്ച നടത്തിയ വാർത്തസമ്മേളനത്തിൽ മന്ത്രി വെളിപ്പെടുത്തിയതേയില്ല.

ഇന്ത്യൻ സമ്പദ്ഘടനയെ ആകമാനം ബാധിക്കുന്നതാണ് വ്യാപാരകരാർ എന്ന പ്രതിപക്ഷത്തിന്റെയും കർഷകസംഘടനകളുടെയും ആരോപണം ശരിയാണെന്ന് തെളിയിക്കുന്നതാണ് ഒട്ടുമിക്ക വ്യവസ്ഥകളും. ഇന്ത്യൻ കയറ്റുമതിക്ക് തീരുവ വർധിക്കുകയും അമേരിക്കൻ ഇറക്കുമതിക്ക് തീരുവ ഇല്ലാതെ വരുകയും ചെയ്യുന്ന കരാർ വ്യവസ്ഥകൾ, നിലവിൽ പിന്നോട്ടടിച്ചുകൊണ്ടിരിക്കുന്ന കാർഷിക, വ്യവസായമേഖലകൾക്ക് കനത്ത ആഘാതം തീർക്കും. നിലവിൽ ലാഭകരമല്ലാത്തതിനാൽ കൃഷി ഉപേക്ഷിക്കുന്നവരു​ടെ എണ്ണം കൂടുകയും അത് ഗ്രാമീണജനതയുടെ ജീവന മാർഗം തകർക്കുകയും ചെയ്യും. അമേരിക്കയിൽനിന്ന് കിലോക്ക് 80 രൂപ നിരക്കിൽ ആപ്പിൾ ഇറക്കുമതി ചെയ്യാനാവുമെന്ന പ്രഖ്യാപനം കർഷകർക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. നിലവിൽതന്നെ നേരത്തേ ന്യൂസിലൻഡ് പോലുള്ള രാജ്യങ്ങളുമായി ഒപ്പുവെച്ച കരാർ മൂലം ഹിമാചൽ, ജമ്മു-കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിലെ ആപ്പിൾ കർഷകർ ദുരിതത്തിലാണ്. ചോളം, സോയാബീൻ തുടങ്ങിയ വ്യത്യസ്ത മേഖലകളിലെ കർഷകരെ കരാർ കുത്തുപാളയെടുപ്പിക്കും.

റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിർത്തുമെന്നും പകരം ഈയിടെ ഭരണമേറ്റെടുത്ത രാജ്യമായ വെനി​സ്വേലയിൽനിന്ന് എണ്ണ വാങ്ങുമെന്നും വ്യാപാരകരാർ പ്രഖ്യാപിച്ച ട്രംപ് വ്യക്തമാക്കിയിരുന്നു. കരാർ പ്രഖ്യാപനത്തിന് മുമ്പുതന്നെ ട്രംപിന്റെ ഹിതമറിഞ്ഞ കേന്ദ്രസർക്കാർ പൊതുമേഖലാ എണ്ണക്കമ്പനികളോടടക്കം കഴിഞ്ഞ മാസം തന്നെ റഷ്യൻ എണ്ണ വാങ്ങുന്നത് കുറക്കാൻ ആവശ്യപ്പെട്ടിരുന്നു. ഏപ്രിലിൽ ഇന്ത്യൻ കമ്പനികൾ എണ്ണ വാങ്ങുന്നതിന് ഓർഡർ നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രതിദിനം നാല് ലക്ഷം ബാരലിനടുത്താണ് റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങിയിരുന്നത്. വിപണി വിലയിൽ 20 ശതമാനം കുറച്ചാണ് ഇന്ത്യയിലെ പൊതു-സ്വകാര്യ കമ്പനികൾക്ക് റഷ്യ എണ്ണ നൽകിയിരുന്നതും. ഇറാനിൽനിന്ന് രൂപ വിനിമയത്തിൽ എണ്ണ വാങ്ങുന്നതും ആശ്വാസകരമായിരുന്നു. രാജ്യത്തിന്റെ ഏറ്റവും വലിയ ഇറക്കുമതി ചെലവ് എണ്ണയാണ്. അതിൽ വില കുറഞ്ഞത് വാങ്ങരുതെന്ന തീട്ടൂരം ചെലവ് വർധിപ്പിക്കും. രാജ്യത്ത് എണ്ണ വില ഉയരുന്നതിനും അതുവഴി പണപ്പെരുപ്പത്തിനും അതിടയാക്കുകയും ചെയ്യും. റഷ്യൻ എണ്ണ നിർത്തിയാൽ വില വർധനക്ക് കാരണമാകുമെന്ന് നേരത്തേതന്നെ പെട്രോളിയം മന്ത്രാലയം മുൻകൂർ ജാമ്യമെടുത്തിട്ടുമുണ്ട്. അതേസമയം, ഇന്ത്യക്ക് എവിടെ നിന്നും എണ്ണ വാങ്ങാന്‍ സ്വാതന്ത്ര്യമുണ്ടെന്നും തങ്ങളില്‍ നിന്ന് മാത്രമല്ല ഇന്ത്യ എണ്ണ വാങ്ങുന്നതെന്നും നിർത്തുന്നതായി അറിയിച്ചിട്ടില്ലെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.

കരാർ സംബന്ധിച്ച് ഇരു രാജ്യങ്ങളും നടത്തുന്ന പ്രസ്താവനകളിൽ പോലും വൈരുധ്യമുണ്ട്. കരാർ സംബന്ധിച്ച ആശങ്കകൾ പരിഹരിക്കാനോ, വസ്തുതാപരമായി സംസാരിക്കാനോ കേന്ദ്ര സർക്കാർ തയാറായിട്ടില്ല. കർഷക സമൂഹമുൾപ്പെടെ ഇന്ത്യയിലെ സാധാരണക്കാരും ദുർബല ജനങ്ങളും കണ്ണീർവക്കിലാണ്; അതേസമയം ട്രംപ് നിർത്താതെ ചിരിക്കുന്നുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modiindia us trade dealDonald Trumpeditoroal opinion
News Summary - India US Trade Deal
Next Story