Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_right‘ഉടമ്പടികളുടെ മാതാവി’ൽ...

‘ഉടമ്പടികളുടെ മാതാവി’ൽ നിന്ന് പ്രതീക്ഷിക്കാവുന്നത്

text_fields
bookmark_border
india, european union
cancel

ന്യൂഡൽഹിയിൽ നടന്ന പതിനാറാമത് യൂറോപ്യൻ യൂനിയൻ-ഇന്ത്യ ഉച്ചകോടിയിൽ ജനുവരി 27ന്​ ചൊവ്വാഴ്ച ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര ഉടമ്പടി ചരിത്രപ്രധാനമായി വിലയിരുത്തപ്പെടുന്നു. കരാറിന്‍റെ പ്രാരംഭ ചർച്ചകൾ 2007ൽ തന്നെ തുടങ്ങിയിരുന്നെങ്കിലും 2013ൽ സ്തംഭനാവസ്ഥയിലായി. വിപണി സംബന്ധമായ തടസ്സങ്ങൾ, ബൗദ്ധിക സ്വത്തവകാശം, തൊഴിൽ മാനദണ്ഡങ്ങൾ, സുസ്ഥിര വികസനം തുടങ്ങിയ വിഷയങ്ങളായിരുന്നു കീറാമുട്ടികൾ. 2013ൽ ചർച്ച വഴിമുട്ടിയത് മുഖ്യമായും ഓട്ടോമൊബൈൽ ഉൽപന്നങ്ങളുടെ തീരുവ, വീഞ്ഞ്, ഐ.ടി, വിവരസുരക്ഷ എന്നിവയിൽ യോജിപ്പിലെത്താൻ കഴിയാതിരുന്നത് മൂലമായിരുന്നു. 2022ൽ പുനരാരംഭിച്ച ചർച്ചകളിൽ ഈയിടെയായി യു.എസ് പ്രസിഡന്‍റ്​ ഡോണൾഡ് ട്രംപ് ചുമത്തിയ കടുത്ത തീരുവകൾ ഒരർഥത്തിൽ ഇ.യു രാജ്യങ്ങളുടെയും ഇന്ത്യയുടെയും ശ്രമങ്ങളെ ത്വരിപ്പിച്ചു എന്നും പറയാം.

ഇപ്പോൾ കരാർ രേഖയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യൂറോപ്യൻ യൂനിയൻ കൗൺസിൽ പ്രസിഡന്‍റ്​ അന്‍റോണിയോ കോസ്റ്റയും യൂറോപ്യൻ കമീഷൻ പ്രസിഡന്‍റ്​ ഉർസുല വോൺ ഡെർ ലെയനും ഒപ്പുവെച്ചതോടെ 27 ഇ.യു രാജ്യങ്ങളുടെ സംയുക്ത വിപണിയും ഇന്ത്യൻ വിപണിയും അതോടൊപ്പം 200 കോടി ജനങ്ങളെയും ചൂഴ്ന്നുനിൽക്കുന്ന ഒരു സാമ്പത്തിക ഉടമ്പടിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. മുൻ വ്യാപാരക്കരാറുകളെക്കാൾ സമഗ്രവും കൂടുതൽ രാഷ്ട്രങ്ങൾ ഉൾപ്പെട്ടതുമാണ് ഈ ഉടമ്പടി. രണ്ടുപക്ഷവും ചേർന്നാൽ ആഗോള ജി.ഡി.പിയുടെ 20 ശതമാനം വരുന്ന ഈ സമ്പദ് വ്യവസ്ഥയിൽ ഇന്ത്യയുടെ 22ാം സ്വതന്ത്ര വ്യാപാരപങ്കാളിയാണ് ഇ.യു.

സ്വതന്ത്ര വ്യാപാരക്കരാറുകളുടെ പൊതുവായ അന്തസ്സത്തതന്നെ രണ്ടു സമ്പദ് വ്യവസ്ഥകൾക്കിടയിലെ വ്യാപാര ഇടപാടുകൾ പരമാവധി സുഗമമാക്കുകയും തീരുവകൾ പരമാവധി കുറക്കുകയുമാണ്​. ഇന്ന് ഇരു സമ്പദ് വ്യവസ്ഥയുടെയും സമവാക്യങ്ങൾ രാഷ്ട്രങ്ങൾ ആഭ്യന്തര വിപണിയെ സംരക്ഷിച്ച് നിർത്തിയിരുന്ന കാലത്തുണ്ടായിരുന്ന അത്ര ലളിതമല്ല. വ്യാവസായിക ഉൽപന്നങ്ങളിൽ യൂറോപ്യൻ രാജ്യങ്ങൾക്ക് നേരത്തേയുണ്ടായിരുന്ന മേൽക്കോയ്മ ഇന്നില്ല. ഇന്ത്യയാണെങ്കിൽ വളർച്ചയിലും സ്വയംപര്യാപ്തതയിലും പതിന്മടങ്ങ് മെച്ചപ്പെട്ടിരിക്കുന്നു. അതിനാൽ അഞ്ചു ദശകം മുമ്പുള്ള സാമ്പത്തിക സമവാക്യങ്ങൾ ഇന്നത്ര പ്രസക്തമല്ല. അതിന് പുറമെ ആഗോളതലത്തിൽ രാജ്യങ്ങൾ തമ്മിലെ വിപണി പ്രവേശ നിയന്ത്രണങ്ങൾ വളരെ കുറയുകയോ നേർത്തതാവുകയോ തീരെ ഇല്ലാതാവുകയോ ചെയ്തുതുടങ്ങി. ലോക വ്യാപാരസംഘടനയും ഗാട്ട് (GATT) പോലുള്ള പഴയ കരാറുകളും ഇതിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ടെങ്കിലും, അതിന്‍റെ ആദ്യ പ്രയോക്താവായ അമേരിക്കയുടെതന്നെ പ്രതിലോമ പ്രവർത്തനങ്ങൾ അതിൽ വിള്ളലുകൾ വീഴ്ത്തിയിരിക്കുന്നു.

ഉഭയകക്ഷി വ്യാപാരം നടക്കുന്ന 90 ശതമാനം ഇനങ്ങൾക്കും മുൻഗണനാടിസ്ഥാനത്തിൽ വിപണി പ്രവേശനവും തീരുവ ഇളവുകളും ലഭിക്കും എന്നതാണ് ഇന്ത്യക്കുള്ള പ്രധാന നേട്ടമായി പറയപ്പെടുന്നത്. വിപുലമായ വ്യാപാരബന്ധങ്ങളുണ്ട് ഇ.യു രാജ്യങ്ങളുമായി ഇന്ത്യക്ക്​. 2024-25 വർഷത്തിൽ ഉഭയകക്ഷി വ്യാപാരം 11.5 ലക്ഷം കോടി രൂപയായിരുന്നു-6.4 ലക്ഷം കോടി രൂപ സാധനങ്ങളുടെ കയറ്റുമതിയും 5.1 ലക്ഷം കോടി രൂപ ഇറക്കുമതിയും. പുറമെ സേവനമേഖലയിൽ 2024ൽ മൊത്തം 7.2 ലക്ഷം കോടി രൂപയും. കരാർ പ്രാബല്യത്തിൽ വന്നാൽ തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, തോൽ ഉൽപന്നങ്ങൾ, പാദരക്ഷ, സമുദ്രോൽപന്നങ്ങൾ, വൈരക്കല്ലുകൾ, കരകൗശലോൽപന്നങ്ങൾ, ഓട്ടോമൊബൈൽ എന്നിവരിൽ 10 ശതമാനം മുതൽ പൂജ്യം വരെ തീരുവ കുറച്ച് 33 ബില്യൺ ഡോളർ കയറ്റുമതി നടക്കുമെന്നാണ്​ കണക്ക്​. അവയുടെ തൊഴിലിൽ ഏർപ്പെട്ടവർക്ക് ഗണ്യമായ അവസരങ്ങൾ ഉണ്ടാകുമെന്നും ഇന്ത്യയിലെ ഏതു ഗ്രാമങ്ങളിലെയും വ്യവസായങ്ങളും വ്യാപാരവും ആഗോള മൂല്യ ശൃംഖലയുമായി കൂട്ടിച്ചേർക്കപ്പെടുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

സമുദ്രോൽപന്നങ്ങൾ, ഭക്ഷ്യവസ്തുക്കൾ, സുഗന്ധദ്രവ്യങ്ങൾ എന്നിവയിൽ കേരളത്തിനും ഉണർവുണ്ടാകും. ഉദാഹരണമായി ചെമ്മീൻ, ചൂരമീൻ തുടങ്ങിയവയിൽ കൊച്ചി, ആലപ്പുഴ മേഖലക്കും സുഗന്ധദ്രവ്യങ്ങളിൽ ഇടുക്കി, വയനാട് എന്നീ ജില്ലകൾക്കും നേട്ടമുണ്ടാകാം. യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്യുന്ന മറ്റൊരിനമാണ് പെട്രോളിയം ഉൽപന്നങ്ങൾ. ഭാവിയിൽ തീരുവകൾ കുറയുന്നതനുസരിച്ച് എണ്ണ സംസ്കരണ മേഖലക്ക് ഉത്തേജനം ലഭിക്കാം. എന്നാൽ, ഏതു പക്ഷത്തിന്‍റെ ഉൽപന്നങ്ങളാണ് മറുപക്ഷത്തിന് കൂടുതൽ പ്രിയങ്കരം എന്നത് ഭാവിയിൽ വ്യക്തമാകേണ്ട വിഷയമാണ്. ഇതിനു പുറമെ ഇതരരാജ്യങ്ങളുമായും സ്വതന്ത്ര വ്യാപാര കരാറുകളിലെത്തുമ്പോൾ അത്തരം ഘടകങ്ങളും നിർണായകമാകും.

ഉടമ്പടിയുടെ നേട്ടങ്ങൾക്കൊപ്പം ഇന്ത്യയിൽ ആശങ്കകളും ഉയരാതെയല്ല. ഉദാഹരണമായി യൂറോപ്യൻ വാഹനങ്ങളുടെ മേൽ ചുമത്തുന്ന തീരുവകളിൽ വരുത്തുന്ന കുറവ്​ (അത്​ 110 ൽനിന്ന് 10 ശതമാനത്തിലേക്കെത്തുമെന്നാണ് അനുമാനം) ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായത്തിന് ക്ഷീണം വരുത്താനിടയുണ്ട്​. അതുകൊണ്ടാണ്​ കാർ ഉൽപാദകരായ സുസുകി, ഹ്യൂണ്ടായ്, ടാറ്റ, മഹീന്ദ്ര കമ്പനികളുടെ ഓഹരി വിലയിൽ കഴിഞ്ഞ ദിവസം ഒന്നരമുതൽ നാലുവരെ ശതമാനം താഴ്ച രേഖപ്പെടുത്തിയത്. ‘ഉടമ്പടികളുടെ മാതാവ്’ എന്ന് ഇ.യു കമീഷൻ പ്രസിഡന്‍റ്​ വിളിച്ച ഈ ഉടമ്പടി പൂർണരൂപത്തിൽ നടപ്പാവുമ്പോൾ കൂടുതൽ സൂചനകൾ കിട്ടിയേക്കാം. യു.എസുമായി ഇന്ത്യക്കുള്ള ഇടപാടുകൾ മൊത്തം വിദേശവ്യാപാരത്തിന്റെ 17 ശതമാനവും ചൈനയുമായുള്ളത് 14.6 ശതമാനവുമാണെങ്കിൽ, ഇന്ത്യയുടെ ഒമ്പതാം സ്ഥാനത്തുള്ള വ്യാപാര പങ്കാളിയായ ഇ.യു.യുമായുള്ള വ്യാപാരം 2.4 ശതമാനം മാത്രമേ വരൂ. ‘വിശദാംശങ്ങളിലാണ് പിശാച് ഒളിഞ്ഞിരിക്കുക’എന്ന ആപ്തവാക്യം പോലെ, കരാറിന്‍റെ പൂർണരൂപവും അതിൽ തീരുവകളുടെ തോതും വിശദമാക്കപ്പെടുമ്പോഴേ യഥാർഥ നേട്ടവും കോട്ടവും മനസ്സിലാവുകയുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorialEuropean UnionIndia
News Summary - india- european union free trade treaty
Next Story