എതിരില്ലാ തെരഞ്ഞെടുപ്പ്; ഗുജറാത്ത് മോഡൽ
text_fieldsകേരളവും തമിഴ്നാടും പശ്ചിമ ബംഗാളുമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകളിലും കൂട്ടിക്കിഴിക്കലുകളിലും പാർട്ടികളും ജനാധിപത്യ വിശ്വാസികളും മുഴുകിയിരിക്കെ നടന്ന മറ്റൊരു തെരഞ്ഞെടുപ്പിന്റെ വർത്തമാനങ്ങൾ രാജ്യം സഗൗരവം ചർച്ച ചെയ്യേണ്ടതുണ്ട്. പ്രചാരണവേദികളിലെല്ലാം ചെന്ന്, ജനാധിപത്യവും സദ്ഭരണവും സംസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഉദ്ബോധിപ്പിക്കുന്ന പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും ഹോം ഗ്രൗണ്ടായ ഗുജറാത്തിലെ തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിനെക്കുറിച്ചാണ് പറയുന്നത്-മാധ്യമ വാർത്ത തലക്കെട്ടുകളിൽനിന്ന് അറിഞ്ഞതു പോലെ ബി.ജെ.പി തൂത്തുവാരിയ ആ പ്രക്രിയയെ തെരഞ്ഞെടുപ്പ് എന്ന് വിളിക്കുന്നതിൽതന്നെ ശരികേടുണ്ട്.
15 കോർപറേഷനുകളിലും 84 മുനിസിപ്പാലിറ്റികളിലും 34 ജില്ല പഞ്ചായത്തുകളിലും 260 താലൂക്ക് പഞ്ചായത്തുകളിലും ജനപ്രതിനിധികളെയും ഭരണസമിതികളെയും കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങിയ 1572 പേർ അവസാന നിമിഷത്തിൽ പത്രിക പിൻവലിച്ചു-തദ്ഫലമായി 730 ഓളം പേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പത്രിക പിൻവലിക്കുന്നതും ചില സ്ഥാനാർഥികൾ എതിരില്ലാതെ ജയിക്കുന്നതുമൊക്കെ ഇലക്ഷനിൽ സാധാരണമാണ്. എന്നാൽ, ഗുജറാത്തിൽ നടന്നത് അത്ര സാധാരണമല്ല. തലസ്ഥാനമായ അഹ്മദാബാദിൽ കോർപറേഷനിലേക്ക് മത്സരിക്കാൻ പത്രിക നൽകിയ പല സ്ഥാനാർഥികൾക്കും ഭീഷണികളെത്തി, പിന്മാറുന്നതിന് പണവും വാഗ്ദാനം ചെയ്യപ്പെട്ടു. 30 ലക്ഷം രൂപയാണ് ബിനാ മോദി എന്ന വനിതാ സ്ഥാനാർഥിക്ക് വാഗ്ദാനം ചെയ്യപ്പെട്ടത്. നെഹാൽ പഞ്ചൽ എന്ന കോൺഗ്രസ് സ്ഥാനാർഥിക്ക് ബി.ജെ.പി പ്രവർത്തകർ മുന്നറിയിപ്പ് നൽകിയത്, പിന്മാറിയില്ലെങ്കിൽ സ്ട്രെച്ചറിൽ സഞ്ചരിക്കാനാവും വിധി എന്നാണ്. ജീവനിലും പണത്തിലും ആശയുള്ള പലരും പത്രിക പിൻവലിച്ച് വീട്ടിലേക്ക് പോയപ്പോൾ, എതിരാളികൾ വീടുകയറി അപായപ്പെടുത്തിയേക്കുമെന്ന ഭീതിയിൽ രണ്ട് മക്കളെയും കൂട്ടി പാർട്ടി ഓഫിസിലാണ് ആ വനിത കഴിഞ്ഞത്. കൂറുമാറ്റ സാധ്യതകൾ തടയാൻ എം.പിമാരെയും എം.എൽ.എമാരെയും റിസോർട്ടിൽ പാർപ്പിക്കുന്നതുപോലെ പല നഗരസഭകളിലും സ്ഥാനാർഥികളെ ഒന്നാകെ റിസോർട്ടിൽ സൂക്ഷിക്കാനും പ്രതിപക്ഷ പാർട്ടികൾ നിർബന്ധിതരായി.
ഏതെങ്കിലും പ്രാദേശിക പ്രവർത്തകരുടെ വികൃതികളാണെന്നും നേതൃത്വം ഇതൊന്നും അറിഞ്ഞിട്ടുണ്ടാവില്ലെന്നും വിശ്വസിക്കാമായിരുന്നു-കോൺഗ്രസ് സ്ഥാനാർഥിയെങ്ങാനും ജയിച്ചുപോയാൽ ബ്ലോക്ക് വികസനത്തിനുള്ള ഫണ്ടുകൾ മുഴുവൻ തടയുമെന്നും ഒരു രൂപ പോലും നൽകില്ലെന്നും ആനന്ദ് ലോക്സഭ മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന എം.പി മിതേഷ് രമേഷ് ഭായ് പട്ടേൽ പൊതുവേദിയിൽ കയറിനിന്ന് ജനങ്ങളെ ഭീഷണിപ്പെടുത്തിയില്ലായിരുന്നുവെങ്കിൽ. സംസ്ഥാന ഉപമുഖ്യമന്ത്രി ഹർഷ് സംഘ്‍വാനിയുടെ സാന്നിധ്യത്തിൽ ഭീഷണി മുഴക്കിയ എം.പിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷൻ മുമ്പാകെ പരാതികൾ എത്തിയെങ്കിലും മേൽ നടപടികളൊന്നുമുണ്ടായില്ല. രാഷ്ട്രീയ സമ്മർദത്തിനുവഴങ്ങി പല നഗരസഭകളിലും തങ്ങളുടെ സ്ഥാനാർഥികളുടെ പത്രിക സ്വീകരിച്ചില്ലെന്നും കോൺഗ്രസ് ആക്ഷേപമുയർത്തിയിരുന്നു.
ഭീഷണിയും പ്രലോഭനവും പ്രയോഗിച്ച് എതിരാളികളെ ഒഴിവാക്കുന്നതിനുപുറമെ സമരസത്തിന്റെ മേൽക്കുപ്പായമിട്ട് ഗ്രാമങ്ങളിൽ വോട്ടെടുപ്പ് ഒഴിവാക്കുന്ന ഔദ്യോഗിക പരിപാടിയും ഗുജറാത്തിലുണ്ട്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ആവിഷ്കരിച്ച ആ പദ്ധതിപ്രകാരം ഒരു ഗ്രാമം ഐകകണ്ഠ്യേന സർപഞ്ചിനെയും പഞ്ചായത്ത് അംഗങ്ങളെയും തീരുമാനിക്കുകയാണെങ്കിൽ തെരഞ്ഞെടുപ്പ് ഒഴിവാക്കി ആ ഗ്രാമത്തെ ‘സമരസ് ഗ്രാമം’ ആയി പ്രഖ്യാപിക്കും, വികസന ഫണ്ടായി മൂന്നു മുതൽ 13 ലക്ഷം രൂപ വരെ സർക്കാർ നൽകുകയും ചെയ്യും. ആദ്യ കേൾവിയിൽ നല്ലതെന്ന് തോന്നുമെങ്കിലും അതിനുപിന്നിലെ ഒളിയജണ്ട ഭയാനകമാണ്. നാടിന്റെ വികസനത്തിന് ഭിന്നതകൾ മറന്ന് ഒറ്റക്കെട്ടായി മുന്നേറ്റം എന്നെല്ലാം പെരുമ്പറ മുഴക്കി മേൽജാതിക്കാരുടെ മേൽക്കോയ്മ ഉറപ്പാക്കുന്നതിനാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഉന്നത ജാതിക്കാരും സമ്പന്നരും അധികാരം കൈക്കലാക്കുമ്പോൾ ദലിതർക്കും പിന്നാക്കവിഭാഗങ്ങൾക്കും ഭരണത്തിൽ പങ്കാളിത്തം ലഭിക്കാറില്ലെന്നും ഇതുസംബന്ധിച്ച് പഠനം നടത്തിയ ഗുജറാത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്‌മെന്റ് റിസർചിലെ മധുസൂദൻ ബന്ദി ചൂണ്ടിക്കാട്ടുന്നു. പദ്ധതിയിൽ സ്ത്രീകൾക്ക് മുൻഗണന നൽകുന്നു എന്ന് സർക്കാർ അവകാശപ്പെടുമ്പോഴും, സമ്പന്നവീടുകളിലെ സ്ത്രീകളെ നാമനിർദേശം ചെയ്ത് അധികാരം കുടുംബത്തിനുള്ളിൽത്തന്നെ നിലനിർത്തുകയാണ് എന്ന നിരീക്ഷണവുമുണ്ട്. പാർലമെന്റിലെ സ്ത്രീസംവരണവും ഇതേ മട്ടിൽ നടപ്പാക്കാനാണ് മേൽജാതികൾ നിയന്ത്രിക്കുന്ന പാർട്ടികൾ ആഗ്രഹിക്കുന്നത്.
പല പദ്ധതികൾക്കും ഗ്രാമപഞ്ചായത്തുകളുടെ അനുമതി വേണമെന്നിരിക്കെ തങ്ങളുടെ താൽപര്യം സംരക്ഷിക്കുമെന്ന് ഉറപ്പുള്ളവരെ എതിർപ്പും വോട്ടെടുപ്പുമില്ലാതെ പഞ്ചായത്ത് ഭരണത്തിലെത്തിക്കാൻ വൻകിട വ്യവസായ ഗ്രൂപ്പുകളും ശ്രമിക്കുന്നു. ഭരണഘടനയുടെ 73, 74 ഭേദഗതികൾ വിഭാവനം ചെയ്യുന്ന ‘അധികാര വികേന്ദ്രീകരണം’ എന്ന സങ്കൽപത്തിന് വിരുദ്ധമാണ് ഈ ഏകകണ്ഠ തെരഞ്ഞെടുപ്പുകൾ. മറ്റു പല പ്രതിലോമ വിഷയങ്ങളിലുമെന്നപോലെ ഈ ഗുജറാത്ത് മാതൃക ബി.ജെ.പി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളും പിന്തുടരാൻ തീരുമാനിച്ചാൽ രാജ്യത്ത് ഗ്രാമസ്വരാജും അധികാര വികേന്ദ്രീകരണവുമെല്ലാം സമ്പൂർണമായി അട്ടിമറിക്കപ്പെടും. എല്ലാ ഒത്താശയുമായി തെരഞ്ഞെടുപ്പു കമീഷൻ കൂടെയുണ്ടെങ്കിൽ തികച്ചും എതിരില്ലാതെ ഇതെല്ലാം നടപ്പാക്കിയെടുക്കാനും സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

