Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപാകിസ്താനിൽ

പാകിസ്താനിൽ ഇനിയെന്ത്?

text_fields
bookmark_border
Imran Khan and Pakistan Supreme Court Verdict
cancel


പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ ആ രാജ്യത്തെ പരമോന്നത കോടതി തന്നെ ഇടപെട്ടിരിക്കുന്നു. കഴിഞ്ഞ നവംബറിൽ വസീറാബാദിൽ നടന്ന വധശ്രമത്തിൽ ഗുരുതര പരിക്കേറ്റ ഇംറാൻ ഒരു കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ചൊവ്വാഴ്ച കോടതിയിൽ ബയോമെട്രിക് അടയാളങ്ങൾ നൽകാനെത്തിയപ്പോഴാണ് അഴിമതിക്കേസിന്റെ പേരിൽ റേഞ്ചേഴ്‌സ് എന്ന ഫെഡറൽ സുരക്ഷാസേന അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. എന്നാൽ, അറസ്റ്റ് നിയമവിരുദ്ധമാണെന്നും കോടതിവളപ്പിൽവെച്ച് അനുമതിയേതുമില്ലാതെ പിടികൂടിയ നടപടി കോടതിയലക്ഷ്യമാണെന്നും ചീഫ്ജസ്റ്റിസ് ഉമർ അത്താബന്തിയാൽ ഉൾക്കൊള്ളുന്ന ബെഞ്ച് വ്യാഴാഴ്ച വ്യക്തമാക്കി.

സമകാലിക പാകിസ്താനിൽ ഏറ്റവും ജനപ്രീതിയുള്ള നേതാവായ ഇംറാന്റെ അറസ്റ്റ് അവിടത്തെ രാഷ്ട്രീയത്തിൽ വീണ്ടുമൊരു കലങ്ങിമറിയലിനാണ് വഴിയൊരുക്കിയിരിക്കുന്നത്. വിശ്വാസവോട്ട് നേടാനാവാതെ 2022 ഏപ്രിലിൽ അധികാരത്തിൽനിന്നിറങ്ങിയ അന്നുമുതൽ ശഹ്ബാസ് ശരീഫ് ഭരണകൂടം ഇംറാനെ കുടുക്കാൻ ആവുംവിധമെല്ലാം ശ്രമിച്ചുവരുകയാണ്. ചൊവ്വാഴ്ച അദ്ദേഹം അറസ്റ്റിലായതിന് പിന്നാലെ പാകിസ്താൻ തഹ്‌രീകെ ഇൻസാഫ് (പി.ടി.ഐ) പ്രവർത്തകർ രാജ്യമെമ്പാടും പ്രതിഷേധവുമായി തെരുവിലിറങ്ങുകയും തുടർന്നുണ്ടായ ഏറ്റുമുട്ടലുകളിൽ ചുരുങ്ങിയത് ഒമ്പതുപേർ മരണപ്പെടുകയുംചെയ്തു. പാക് പഞ്ചാബിൽ മാത്രം ആയിരത്തോളം പേരെയാണ് അറസ്റ്റ് ചെയ്തത്. മുൻ വിദേശകാര്യ മന്ത്രിയും ഇംറാൻ ഖാെന്റ അടുത്ത അനുയായിയുമായ ഷാ മുഹമ്മദ് ഖുറൈശി ഉൾപ്പെടെയുള്ള നേതാക്കളും അറസ്റ്റിലാണ്. ഖൈബർ-പഖ്തൂൺഖ്വാ പ്രവിശ്യയിൽ പ്രക്ഷോഭകാരികളെ നേരിടാൻ പട്ടാളമിറങ്ങേണ്ടിവന്നു. പല ഭാഗങ്ങളിലും നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ഇന്റർനെറ്റ് ബന്ധം ഭാഗികമായോ പൂർണമായോ വിച്ഛേദിക്കുകയും ചെയ്തു. അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിച്ച സുപ്രിംകോടതി വിധിക്ക് പിന്നാലെ, അണികളോട് ശാന്തരാവാൻ ഇംറാൻ ഖാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.

2018 ആഗസ്റ്റിലെ തെരഞ്ഞെടുപ്പിൽ പി.ടി.ഐക്ക് തനിച്ച് ഭൂരിപക്ഷമുണ്ടായിരുന്നില്ലെങ്കിലും പ്രധാനമന്ത്രി പദത്തിലേക്ക് മിക്ക പാർട്ടികളും ഇംറാന് പിന്തുണ നൽകുകയായിരുന്നു. പിന്നീട് ഭരണപരാജയവും സാമ്പത്തിക പ്രതിസന്ധിയും ഉയർത്തിക്കാട്ടി പ്രതിപക്ഷ പാർട്ടികൾ സംഘടിപ്പിച്ച പ്രതിഷേധങ്ങളിൽ പി.ടി.ഐയിലെ പലരും പങ്കുചേർന്നതോടെ ദേശീയ അസംബ്ലിയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട് ഇംറാന് അധികാരത്തിൽനിന്നിറങ്ങേണ്ടി വന്നു. തുടർന്ന് മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ സഹോദരൻ ശഹ്ബാസ് ശരീഫിന്റെ നേതൃത്വത്തിൽ വന്ന ഭരണകൂടം കടുത്ത പ്രതികാരനടപടികളുമായി നീങ്ങുന്നതാണ് കണ്ടത്. അഴിമതികൾക്കെതിരെ ശബ്ദിച്ചും അതിനായി ജനങ്ങളെ അണിനിരത്തിയുമാണ് ഇംറാൻ അധികാരത്തിലേറിയതെങ്കിലും അദ്ദേഹത്തിന്റെ ഭരണകൂടവും ആരോപണങ്ങളിൽനിന്ന് മുക്തമായിരുന്നില്ല. അക്കൂട്ടത്തിൽ ഒന്നായ അൽ ഖാദിർ സർവകലാശാല ട്രസ്റ്റുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളാണ് ഇപ്പോഴത്തെ അറസ്റ്റിനു വഴിവെച്ചത്.

ഇംറാനും ഭാര്യ ബുഷ്‌റാ ബീബിയും ട്രസ്റ്റിമാരായ അൽ ഖാദിർ ട്രസ്റ്റിനെതിരെ കഴിഞ്ഞ വർഷമാണ് നടപടി തുടങ്ങിയത്. ട്രസ്റ്റിന്റെ വിദ്യാഭ്യാസ സ്ഥാപനത്തിനു മാലിക് റിയാസ് എന്ന ബിസിനസ് പ്രമുഖൻ സംഭാവന നൽകിയിരുന്നു. മാലിക് റിയാസിന് ലണ്ടനിൽ ഭൂമിയും ബാങ്ക് അക്കൗണ്ടുകളുമായി ഉണ്ടായിരുന്ന ആസ്തികൾ പല കാരണങ്ങളാൽ യു.കെ ദേശീയ ക്രൈം ഏജൻസി മരവിപ്പിച്ചു നിർത്തിയിരുന്നു. വിഷയം സർക്കാർതലത്തിൽ ഒത്തുതീർപ്പായശേഷം കൈമാറിയ തുക ട്രസ്റ്റിലൂടെ തിരിമറി നടത്തി ഇംറാൻ ഭീമമായ തുക കൈക്കലാക്കിയെന്നാണ് ആരോപണത്തിന്റെ ചുരുക്കം. സത്യം പുറത്ത് കൊണ്ടുവരാനുതകുന്ന അന്വേഷണം നടത്താനുള്ള അധികാരം, പക്ഷേ രാഷ്ട്രീയ പകപോക്കലിന് ഉപയോഗിച്ച് അതൊരു പീഡനനടപടിയാക്കി മാറ്റി ഭരണകൂടം.

സാങ്കേതികമായി ഇംറാന്റെ അറസ്റ്റിന് ഉത്തരവിട്ടത് അഴിമതിവിരുദ്ധ ഏജൻസിയായ ദേശീയ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻ.എ.ബി) ആണ്. അവരുടെ സമൻസുകളോടൊന്നും ഇംറാൻ പ്രതികരിച്ചില്ലേത്ര. ഇതിലൊന്നും ഭരണകൂടത്തിന് പങ്കില്ലെന്ന വാദം എക്‌സിക്യൂട്ടിവും സൈന്യവും ജുഡീഷ്യറിയും തമ്മിൽ ആരോഗ്യകരമായ വിഭജനം അന്യമായ പാകിസ്താനിൽ എളുപ്പം വിലപ്പോകില്ല. അറസ്റ്റ് അസാധുവാക്കപ്പെട്ട സാഹചര്യത്തിൽ ഇനിയെന്ത് എന്നതാണ് പാകിസ്താൻ രാഷ്ട്രീയത്തിലെ ചോദ്യം. അഭിപ്രായ വോട്ടെടുപ്പുകളനുസരിച്ച് ഇന്നും ഇൻസാഫ് പാർട്ടിക്ക് ഗണ്യമായ ജനപിന്തുണയുണ്ട്. നേതാവിന്റെ അറസ്റ്റിനെതിരെ തെരുവിലിറങ്ങിയ അണികളുടെ ആവേശം സുപ്രീംകോടതി തീരുമാനത്തോടെ പതിന്മടങ്ങ് വർധിപ്പിക്കുമെന്നതുറപ്പ്. അറസ്റ്റിനു മുമ്പുള്ളതിനെക്കാൾ കരുത്തനായ ഇംറാനെയാണ് ഇനി രാജ്യം കാണുക.

ജനപിന്തുണയെക്കുറിച്ച ആത്മവിശ്വാസത്തിൽ ഇംറാൻ ഖാൻ ഭരണകൂടവുമായി ഏറ്റുമുട്ടൽ കനപ്പിച്ചേക്കും, അതിനെ ജനാധിപത്യ മാർഗത്തിലാണോ പകപോക്കൽ നിലപാടുമായാണോ ഭരണകൂടം നേരിടുക എന്നതിനെ ആശ്രയിച്ചിരിക്കും പാകിസ്താനിലെ സ്വൈരവും സമാധാനവും. തെരഞ്ഞെടുപ്പുകൾ നേരിടാതെ രാഷ്ട്രീയ പാർട്ടികൾക്ക് നാട് ഭരിക്കാനാവില്ല എന്ന സത്യം ശഹ്ബാസ് സർക്കാർ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. അതിനു വരുത്തുന്ന കാലതാമസത്തിന് പിഴയൊടുക്കേണ്ടിവരുന്നതാവട്ടെ ആ രാജ്യത്തെ ജനങ്ങളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pakistan Supreme CourtPakistan PM Imran Khan
News Summary - Imran Khan and Pakistan Supreme Court Verdict
Next Story