Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറാന്റെ കഴുത്ത് ഞെരിക്കുമ്പോൾ ആർക്കാണ് ചേതം?

text_fields
bookmark_border
ഈ വർഷവും അടുത്ത വർഷവും ആഗോള വളർച്ചാനിരക്ക് രണ്ടു ശതമാനമായി താഴും എന്നതാണ് അന്താരാഷ്ട്ര നാണ്യനിധി നൽകുന്ന ഭാവിചിത്രം. ആഗോളനഷ്ടം അനുഭവിക്കുന്നതിൽ അമേരിക്കയാവും മുന്നിൽ
ഇറാന്റെ കഴുത്ത് ഞെരിക്കുമ്പോൾ   ആർക്കാണ് ചേതം?
cancel

പശ്ചിമേഷ്യാ യുദ്ധത്തിന്റെ ഗതി പ്രവചനാതീതമായി തുടരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ഇസ്രായേൽ-അമേരിക്കൻ സേന തുടങ്ങിവെച്ച യുദ്ധം അമേരിക്ക തന്നെ മുൻകൈയെടുത്ത് അവസാനിപ്പിക്കേണ്ട അവസ്ഥയാണ് എന്നു പറയാം. ഏറ്റവും അവസാനം ഞായറാഴ്ചത്തെ നിലപാടുകൾ നോക്കിയാൽ സ്തംഭനാവസ്ഥയാണ് കാണാൻ കഴിയുന്നത്. ഹുർമുസ് കടലിടുക്ക് മുഴുവൻ തുറക്കാൻ ഒരുക്കമാണെന്നും അതിനുമുമ്പ് യുദ്ധവിരാമത്തിനു വെച്ച ഉപാധികൾ പൂർത്തിയാക്കണമെന്നുമാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി അറിയിച്ചത്.

ലോക സമ്പദ് വ്യവസ്ഥക്കുമേൽ അതേൽപിച്ച ആഘാതം ഒരു ശമനവുമില്ലാതെ തുടരുന്നു. ആ നിലക്ക് ഉഭയകക്ഷി പ്രശ്നം മാത്രമായി ശേഷിക്കാൻ പാടില്ലാത്ത സംഘർഷമാണിത്. അതേക്കുറിച്ച് ജനകീയ തലത്തിലുള്ള ധാരണകളും ആശങ്കകളും ഇതോടൊപ്പം ഉയരുകയും ചെയ്യുന്നു. യുദ്ധം അമേരിക്കൻ ജനതയെ തന്നെ വിവിധ രീതികളിൽ ബാധിച്ചിരിക്കുന്നു. ഉദാഹരണമായി യുദ്ധം ആരംഭിച്ച ശേഷം വാഹന ഇന്ധനവില മൂന്നിലൊന്നു വർധിച്ചതായാണ് കണക്ക്.

ഹുർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്ന് അസംസ്‌കൃത എണ്ണയുടെ വില ശരാശരി ബാരലിന് 100 ഡോളറിനു മേലെ തന്നെയാണ്. സമാധാനശ്രമങ്ങളുടെ റിപ്പോർട്ടുകൾ അനുസരിച്ചുള്ള ഉയർച്ച-താഴ്ചകൾ മാത്രം അപവാദം. അമേരിക്കൻ ഉപഭോക്താക്കൾ യുദ്ധം തുടങ്ങിയതു മുതൽ ഊർജത്തിന് മൊത്തം 121 ബില്യൺ ഡോളർ (ഒരു കുടുംബത്തിന് ശരാശരി ഏതാണ്ട് 900 ഡോളർ) അധികം ചെലവഴിച്ചിട്ടുണ്ടാകുമെന്നാണ് മൂഡീസ് അനലിറ്റിക്സിന്റെ കണക്ക്. അതോടൊപ്പം, ഗവേഷണ സ്ഥാപനമായ ‘ഇപ്‌സോസ്’ ഏതാനും മാസങ്ങൾ മുമ്പ് നടത്തിയ അഭിപ്രായസർവേ അനുസരിച്ച് പത്തിൽ ആറ് അമേരിക്കൻ പൗരരും യുദ്ധത്തിനെതിരാണ്; ഭൂരിഭാഗവും സ്വന്തം ബജറ്റിനെ അത് പ്രതികൂലമായി ബാധിക്കുമെന്നു കരുതുന്നു. എന്നാൽ, എന്തുകൊണ്ട് ജനങ്ങൾ പ്രതിഷേധിക്കുന്നില്ല എന്ന ചോദ്യം ഉയരുന്നുണ്ട്.

ഒരു പ്രധാന കാരണം അമേരിക്കൻ ജനതയിൽ ഒരു ചെറിയ ശതമാനമേ യുദ്ധത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ആലോചിച്ച് തലപുകക്കാൻ മെനക്കെട്ടിട്ടുള്ളൂ എന്നതുതന്നെ. അത് പൊതുവായി തന്നെയുള്ള ലോകകാര്യങ്ങളെക്കുറിച്ച അവരുടെ നിസ്സംഗതയുടെ ഭാഗമാണ്. അതോടൊപ്പം യുദ്ധകാലത്ത് അമേരിക്ക ഏറ്റവും വലിയ പെട്രോളിയം-പ്രകൃതിവാതക കയറ്റുമതി രാജ്യമായി മാറുകയും, ഒപ്പം ഡോളറിനുണ്ടായ മൂല്യവർധനയുടെ ഫലമായി ഇറക്കുമതികൾ ചെലവ് കുറഞ്ഞതാവുകയും ചെയ്തതും തൽക്കാലം സ്വാധീനിച്ചതായും അനുമാനിക്കുന്നു.

ഇതല്ല മറ്റു മിക്ക രാജ്യങ്ങളുടെയും സ്ഥിതി. ദക്ഷിണ അർധഗോള രാജ്യങ്ങളിലെ ആറു രാജ്യങ്ങളിൽ നടത്തിയ സാമ്പിൾ സർവേയിൽ ജനങ്ങളിൽ നൂറുശതമാനവും സംഘർഷത്തെക്കുറിച്ച് ആകുലരാണ്. പ്രധാന കാരണം ലോകത്തെ 200 രാജ്യങ്ങളിൽ മിക്കതും എണ്ണ ഇറക്കുമതി രാജ്യങ്ങളാണ്. ഏഷ്യയിലാണ് ലോകത്തെ ക്രൂഡ് ഓയിൽ ആവശ്യത്തിന്റെ 40 ശതമാനവും. വികസ്വര രാജ്യങ്ങളിലെ പൗരർ അമേരിക്കൻ ജനതയെ അപേക്ഷിച്ച് വില കൂടുന്നതനുസരിച്ച് ഇന്ധനത്തിന് കൂടുതൽ വില നൽകാൻ ശേഷി കുറഞ്ഞവരുമാണ്. കൂടാതെ, ഡോളർമൂല്യം കൂടുമ്പോൾ ഇറക്കുമതിക്കു വില കൂടുകയും ചെയ്യും. പശ്ചിമേഷ്യയിലെ എണ്ണസമ്പന്ന രാജ്യങ്ങളിലെ മാന്ദ്യം കാരണം അവിടത്തെ കുടിയേറ്റ ജോലിക്കാരുടെ വരുമാനനഷ്ടവും സ്വദേശങ്ങൾക്ക് കിട്ടുന്ന വിദേശനാണ്യത്തിന്റെ കുറവും മറ്റൊരു ഘടകം. തൽക്കാലം വിപണി നേടുന്ന നിർമിതബുദ്ധിയിൽ അമേരിക്കക്കാണ് മേൽക്കൈയും. സപ്തഭീമന്മാർ എന്നറിയപ്പെടുന്ന ആൽഫബെറ്റ് (ഗൂഗ്ൾ ഉടമകൾ), ആമസോൺ, ആപ്പിൾ, മെറ്റ, മൈക്രോസോഫ്റ്റ്, എൻവിഡിയ, ടെസ്‌ല എന്നിവരാണ് അതിന്റെ മുഖ്യ ഗുണഭോക്താക്കൾ.

പക്ഷേ, അമേരിക്കക്കുമേൽ ഉടൻ പ്രഹരം ഉണ്ടായില്ലെങ്കിലും തീരെ ഇല്ലെന്നു പറയാൻ വരട്ടെ. ഇതര രാജ്യങ്ങളെ അപേക്ഷിച്ച് ജനങ്ങൾക്കു മേലുള്ള ആഘാതം താരതമ്യേന ലഘുവാണെന്നുമാത്രം. ഒരുദാഹരണം പറഞ്ഞാൽ, അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐ.എം.എഫ്) ഒരു ഭാവിചിത്രം ഈ വർഷവും അടുത്ത വർഷവും ആഗോള വളർച്ചനിരക്കു രണ്ടു ശതമാനമായി താഴും എന്നതാണ്. ആഗോളനഷ്ടം അനുഭവിക്കുന്നതിൽ അമേരിക്കയാവും മുന്നിൽ. പെട്രോളിയവുമായി ബന്ധപ്പെട്ട വിലക്കയറ്റം ഇന്ധനങ്ങളെ മാത്രമല്ല ബാധിക്കുക. അതുവഴി ഉണ്ടാവുന്ന അസംസ്‌കൃത ഉൽപന്നങ്ങളിൽ കമ്പ്യൂട്ടറിലെ സെമി കണ്ടക്റ്റേഴ്‌സ് തുടങ്ങി, രാസവസ്തുക്കൾ, വളം, ആയുധങ്ങളിൽവരെ ചെന്നെത്തുന്ന അസംസ്‌കൃത പദാർഥങ്ങളുടെയും ലഭ്യത ഹുർമുസ് അടഞ്ഞുകിടക്കുന്നിടത്തോളം കുറയുകയും ഉൽപന്നവില കൂടുകയും ചെയ്യും. അവ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങൾക്കും ഉടമകളായ ബഹുരാഷ്ട്ര കമ്പനികൾക്കും ഉണ്ടാവും അതിന്റെ നഷ്ടം.

ഇതിനേക്കാൾ നേരിട്ടുള്ള സാമ്പത്തിക പ്രഹരവും അമേരിക്കക്കു ഏൽക്കാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരു പഠനത്തിൽ, യുദ്ധത്തിനുവേണ്ടി യു.എസ് നികുതിദായകർ ഒരു ട്രില്യൺ ഡോളർ വഹിക്കേണ്ടി വരുമെന്നാണ്. എന്നാൽ, വൈറ്റ്ഹൗസ്, പ്രതിരോധത്തിന് കോൺഗ്രസിനോട് ആവശ്യപ്പെട്ടത് ഒന്നര ട്രില്യൺ ഡോളറാണ്-മുൻവർഷത്തേക്കാൾ 40 ശതമാനം അധികം. 2003നുശേഷം ഷേൽ ഖനനം കൂടി വന്നതോടെ അമേരിക്കക്കു ലഭിച്ച അധിക എണ്ണ-പ്രകൃതിവാതക ഉൽപാദനത്തിന്റെ നേട്ടമുണ്ട്.

എന്നാൽ, അതുകൊണ്ടു മാത്രം മതിയാവില്ലെന്നും അതോടനുബന്ധിച്ച് ഉൽപന്നങ്ങൾക്കും ഊർജത്തിനും വേണ്ട മറ്റു പദാർഥങ്ങൾ പലതിലും അമേരിക്ക സ്വയം പര്യാപ്തമല്ല എന്നതും ഒരു സത്യമാണ്. അവയിൽ പലതിനും ചൈനക്കാണ് വിപണിയിൽ മേധാവിത്വം. വ്യത്യസ്ത ധാതുവസ്തുക്കളും വിലകൂടിയ ലോഹങ്ങളും അവയിൽപെടും. മറുപക്ഷത്ത് ഇറാൻ സാമ്പത്തികമായി ബലഹീനമായിട്ടുണ്ടെങ്കിലും വ്യവസ്ഥയെ താങ്ങിനിർത്താൻ കഴിയുന്ന ഒട്ടേറെ ഘടകങ്ങൾ സമ്പദ് രംഗത്തും അതിനപ്പുറം ജനകീയശക്തിയിലും ഇറാനുണ്ട്. അതിനാൽ ഇറാനുമായുള്ള യുദ്ധം ആർക്കാണ് അന്തിമമായി ചേതം വരുത്തുക എന്നത് ഒരു പ്രഹേളിക തന്നെയാണ്. ഒരുപക്ഷേ, ആ ഭയം തന്നെയാണ് ട്രംപിന്റെ അമിത സാഹസികതക്ക് തൽക്കാലം തടയിടുന്നതും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - IMF Forecasts Global Growth Drop to 2%: US to Face Major Losses
Next Story