Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപൊട്ടിത്തെറി...

പൊട്ടിത്തെറി ദുരന്തങ്ങൾ കണ്ണുതുറപ്പിച്ചെങ്കിൽ

text_fields
bookmark_border
പൊട്ടിത്തെറി ദുരന്തങ്ങൾ കണ്ണുതുറപ്പിച്ചെങ്കിൽ
cancel
വെടിക്കെട്ടു ദുരന്തങ്ങളോരോന്നും നാടിന്റെ ഉള്ളുലക്കുമ്പോഴും ഇത്തരം മനുഷ്യനിർമിത ദുരന്തങ്ങളിൽനിന്ന് മനുഷ്യജീവനുകളെ രക്ഷപ്പെടുത്താൻ കഴിയാതെ പോവുന്നതെന്ത് എന്ന ചിന്തയാണ് നമ്മെ തൊട്ടുണർത്തേണ്ടത്

തൃശൂർ പൂരത്തിന് വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്ന അഞ്ച് നിർമാണപ്പുരകളിലുണ്ടായ വൻ സ്ഫോടനത്തിൽ 13 പേർ ദാരുണ മൃത്യുവിനിരയായത് അതീവ ദുഃഖകരമാണ്. തിരുവമ്പാടി ദേവസ്വം ബോർഡിനുവേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്ന തൃശൂരിലെ മുണ്ടത്തിക്കോടുള്ള പടക്കപ്പുരകളിലാണ് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് പൊട്ടിത്തെറി ദുരന്തമുണ്ടായത്. ഏപ്രിൽ 24ന് നടക്കേണ്ട തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിനുള്ള പടക്കക്കോപ്പുകൾ നിർമിച്ചിരുന്ന പുരകളിലായിരുന്നു സ്ഫോടനം. കേരളത്തിൽ ആവർത്തിക്കുന്ന വെടിക്കെട്ടു ദുരന്തങ്ങളോരോന്നും നാടിന്റെ ഉള്ളുലക്കുമ്പോഴും മനുഷ്യനിർമിതമായ ഇത്തരം ദുരന്തങ്ങളിൽനിന്ന് മനുഷ്യജീവനുകളെ രക്ഷപ്പെടുത്താൻ കഴിയാതെ പോവുന്നതെന്ത് എന്ന ചിന്തയാണ് നമ്മുടെ മനുഷ്യത്വത്തെ തൊട്ടുണർത്തേണ്ടത്. ആചാരങ്ങളുടെ ആഘോഷത്തിന് ആകാശവിസ്മയങ്ങൾ തീർക്കാനുള്ള ആവേശത്തിൽ ജീവൻ പൊലിയുന്ന ദാരുണാവസ്ഥകൾക്ക് അന്ത്യം കുറിക്കാനുള്ള അവസാനത്തെ അവസരമായി ഇതു മാറിയെങ്കിൽ എന്ന് നിരാശാപൂർവം ആഗ്രഹിക്കാനേ കഴിയൂ.

തമിഴ്നാട്ടിലെ വിരുതുനഗർ കട്ടനാർപട്ടിയിൽ 25 പേരുടെ ദാരുണ മരണത്തിനിടയാക്കിയ വെടിക്കെട്ട് ദുരന്തത്തിന്റെ ഞെട്ടൽ വിട്ടുമാറും മുമ്പേയാണ് കേരളം അതിലും ഹൃദയഭേദകമായ അപകടത്തിൽ പെട്ടിരിക്കുന്നത്. കൊല്ലം ജില്ലയിലെ പുറ്റിങ്ങലിൽ 110 പേരുടെ ജീവനെടുത്ത കമ്പപ്പുരയിലെ പൊട്ടിത്തെറി ദുരന്തത്തിന്റെ പത്താം വാർഷികം കഴിഞ്ഞ ഏപ്രിൽ പത്തിന് പിന്നിട്ടിട്ടേയുള്ളൂ. രണ്ടാഴ്ച മുമ്പേ കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്തിനടുത്ത കുരിക്കത്തൂരിൽ പടക്കനിർമാണത്തിനിടെ പൊട്ടിത്തെറിയുണ്ടായി രണ്ടുപേർ മരണപ്പെട്ടിരുന്നു. ഓരോ ദുരന്തത്തിലും അന്വേഷണങ്ങൾ ചെന്നെത്താറുള്ളത് ഒരേ കണ്ടെത്തലിലാണ്-മതിയായ സുരക്ഷാക്രമീകരണങ്ങൾ ഉറപ്പുവരുത്തിയില്ല എന്ന അലംഭാവത്തിന്റെ അപരാധത്തിലേക്ക്. പുറ്റിങ്ങൽ അപകടവുമായി ബന്ധപ്പെട്ട് അന്നുയർന്ന ആക്ഷേപങ്ങളിലൊന്ന് അധികൃതരുടെ തീരുമാനങ്ങളെ മറികടന്നു എന്നായിരുന്നു. പതിറ്റാണ്ടുകളായി നടന്നുവരുന്ന മത്സര വെടിക്കെട്ട് അപകടസാധ്യതയുള്ളതിനാൽ വിലക്കണമെന്ന് ആവശ്യമുയരുകയും ആദ്യം അധികൃതർ അനുമതി നിഷേധിക്കുകയും ചെയ്തിരുന്നതാണ്.

എന്നാൽ, ആചാരത്തിന്റെ ഭാഗമായി വെടിക്കെട്ട് വേണമെന്ന സമ്മർദം മുറുകിയതോടെ വാദവിവാദങ്ങൾക്കൊടുവിൽ വെടിക്കെട്ട് തുടരുകയായിരുന്നു. മത്സരത്തിനിടെ പൊട്ടിത്തെറിച്ച വെടിക്കെട്ട് സാധനങ്ങള്‍ കമ്പപ്പുരയിലേക്ക് തെറിച്ചുവീണതാണ് അന്ന് പുറ്റിങ്ങലിലെ ഭീകരദുരന്തത്തിന് ഹേതുവായത്. പൊട്ടിത്തെറിയിൽ ക്ഷേത്രത്തിന്റെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍പോലും തകര്‍ന്നുവീണു. വലിയ ജീവാപായത്തിനുപുറമെ എഴുന്നൂറോളം പേർ സാരമായ പരിക്കേറ്റ് ശിഷ്ടജീവിതത്തിൽ ദുരിതം തിന്നു കഴിയേണ്ട ദുരവസ്ഥയിലുമായി. തൃശൂർ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ടും ഇത്തരത്തിലുള്ള ചർച്ചകൾ ഉയർന്നുവന്നതാണെങ്കിലും ഇക്കാര്യത്തിൽ വ്യക്തമായ ഒരു തീരുമാനത്തിലെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. പൂരത്തിന്റെ പ്രധാന ആകര്‍ഷണം തന്നെ വെടിക്കെട്ടാണ്. എന്നാൽ, അത്രതന്നെ നിർബന്ധമാണ് അത് ആളപായത്തിനിടയാക്കിക്കൂടാ എന്നത്.

നിർമാണ ശാലകളിൽ രാസവസ്തുക്കളും മറ്റു അസംസ്കൃത വസ്തുക്കളും സൂക്ഷിക്കുന്നതിനും പടക്കങ്ങൾ നിർമിക്കുന്നതിനുമൊക്കെ സുരക്ഷ ഉറപ്പുവരുത്തേണ്ട സൂക്ഷ്മരീതികളുണ്ട്. എന്നാൽ, ഇതെല്ലാം കടലാസിനപ്പുറം കടക്കാത്ത അധികൃതരുടെ നിസ്സംഗ സമീപനത്തിൽ നിന്നാണ് നിയമം കാറ്റിൽ പറത്താനുള്ള വഴിയൊരുങ്ങുന്നത്. വേനൽക്കാലത്ത് പടക്കമുണ്ടാക്കുമ്പോൾ രാസവസ്തുക്കൾ കൂട്ടിച്ചേർക്കുന്നതിന് കനത്ത ജാഗ്രത പുലർത്തണം. വെടിക്കെട്ട് സാമഗ്രികളുടെ ഗുണനിലവാരക്കുറവും, ആള്‍ക്കൂട്ടവും വെടിക്കെട്ട് പുരയും തമ്മിലുള്ള അകലം പാലിക്കാത്തതുമൊക്കെ ദുരന്തങ്ങളുടെ തീവ്രത കൂട്ടുമെന്ന് ഏവർക്കുമറിയാം. എന്നാൽ, ഇതുസംബന്ധിച്ച നിർദേശങ്ങളൊക്കെ വൃഥാവിലാകുന്നതാണ് അനുഭവം. ജനസാന്ദ്രതയുള്ള സ്ഥലങ്ങളിൽനിന്ന് മാറിവേണം പടക്കപ്പുരകളും നിർമാണമുറികളും സജ്ജീകരിക്കാൻ. മുറികൾ ജോലിക്കാരെയും സ്ഫോടന ശേഷിയുള്ള സാധനസാമഗ്രികളെയും ഉൾക്കൊള്ളാൻ കഴിയുന്ന വിസ്താരമുള്ളതായിരിക്കണം. വിരുതു നഗറിലെ ദുരന്തം അന്വേഷിച്ചെത്തിയവർക്ക് കാണാൻ കഴിഞ്ഞത് ഈ പ്രാഥമിക മാനദണ്ഡങ്ങൾപോലും പാലിക്കാത്ത നിർമാണപ്പുരയും നിർമാണ രീതികളുമാണ്. ഏപ്രിൽ ആദ്യവാരത്തിൽ കോഴിക്കോട് കുന്ദമംഗലത്ത് ദുരന്തം നടന്നത് വീടിനുള്ളിലെ പടക്കനിർമാണത്തിനിടെയാണ്. മുണ്ടത്തിക്കോട്ടെ നിർമാണപ്പുരകളിലേക്കുള്ള വഴി ഇടുങ്ങിയതായതിനാൽ അഗ്നിശമനസേനക്ക് അനായാസകരമായി അവിടെ എത്തിച്ചേരാനായില്ല എന്നു പറയുന്നുണ്ട്.

മുണ്ടത്തിക്കോട് മരണമടഞ്ഞവരുടെ ഓർമകൾക്കു മുന്നിൽ കണ്ണീരുപചാരം അർപ്പിക്കുന്നതോടൊപ്പം ഈ ദുരന്തം കേരളത്തിന്റെ കണ്ണുതുറപ്പിച്ചെങ്കിൽ എന്ന് ആശിക്കുകയാണ്. ആചാരങ്ങൾക്കും ആഘോഷങ്ങൾക്കും മനുഷ്യജീവൻ അപായപ്പെടുത്താനിടയുള്ള രീതിതന്നെ തുടരണോ എന്ന കാര്യത്തിൽ ഒരു വീണ്ടുവിചാരം വേണമെന്നു തന്നെയാണ് ഇത്തരം ദുരന്തങ്ങൾ വിളിച്ചുപറയുന്നത്. അപകടങ്ങളിൽ ഞെട്ടിയുണർന്ന് അന്വേഷണങ്ങൾ പ്രഖ്യാപിക്കുകയും ശിപാർശകളും നിർദേശങ്ങളും സമർപ്പിക്കപ്പെടുകയും ചെയ്യുന്ന പതിവുതന്നെ ആവർത്തിച്ചതു കൊണ്ടായില്ല. ഇത്തരം ആൾക്കൂട്ട ദുരന്തങ്ങൾ നമ്മുടെ കെടുകാര്യസ്ഥതയുടെ ഫലമാണെന്ന് തിരിച്ചറിഞ്ഞ് കുറ്റമറ്റ സുരക്ഷാസംവിധാനങ്ങളും നിയമപാലനവും ഉറപ്പുവരുത്താൻ ഇനിയെങ്കിലും കഴിയേണ്ടതുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tragedyexplosionDeathsfireworks factory blastviolating safety rulescasualities
News Summary - If the explosion disasters opened your eyes
Next Story