മദ്യമുതലാളിത്തത്തിന്റെ സ്വന്തം നാട്
text_fieldsഅങ്ങനെ അരിയും വെള്ളവും കൊടുത്ത് കേരളത്തിലേക്ക് മദ്യനിർമാണക്കമ്പനിയെ ക്ഷണിച്ചുവരുത്തുകയാണ് സംസ്ഥാനം. ജീവജലമൂറ്റിയും കുടിവെള്ളം മലിനമാക്കിയും ജനജീവിതം ദുസ്സഹമാക്കിയ കൊക്കകോള കമ്പനിയെ ജനങ്ങൾ പ്രക്ഷോഭത്തിലൂടെ ഓടിച്ചുവിട്ട പാലക്കാട്ടാണ് അതിവേഗ ഉത്തരവിലൂടെ മദ്യക്കമ്പനിക്ക് സർക്കാർ വരവേൽപ് നൽകുന്നത്. കഞ്ചിക്കോട്ട് വിദേശമദ്യ ബ്രൂവറിക്കായി മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് കമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡിന് പിണറായി സർക്കാർ അനുമതി നൽകി.
ഭൂഗർഭജലം ആവശ്യമില്ലെന്ന് പദ്ധതിരേഖയിലുണ്ട്. മഴവെള്ളം ശേഖരിക്കാനും ഉദ്ദേശിക്കുന്നുണ്ട്. അതേസമയം പാലക്കാട് കിൻഫ്ര പാർക്കിൽ ജല അതോറിറ്റി തുടങ്ങുന്ന പ്ലാന്റിലേക്ക് മദ്യനിർമാണശാലക്കായി മലമ്പുഴ അണക്കെട്ടിൽനിന്ന് വെള്ളമെടുക്കും. അസംസ്കൃത വസ്തുക്കളിൽ ഉൾപ്പെടുന്ന അരിയുടെ ലഭ്യത പാലക്കാട് തെരഞ്ഞെടുക്കാനുള്ള കാരണങ്ങളിലൊന്നാണ്. ആദ്യഘട്ടത്തിൽ ‘ഇന്ത്യൻ നിർമിത വിദേശമദ്യ’ നിർമാണ യൂനിറ്റ് വരും. രണ്ടാംഘട്ടത്തിൽ സ്പിരിറ്റ് ഉൽപാദനവും മൂന്നാംഘട്ടത്തിൽ ബ്രാൻഡിയും വൈനറിയും നാലാംഘട്ടത്തിൽ ബ്രൂവറി പ്ലാന്റും വരും. 600 കോടിയുടെ മുതൽമുടക്കുള്ള കമ്പനിയിലൂടെ സർക്കാറിന് വരുമാനവും ഒപ്പം തൊഴിൽ ലഭ്യതയും ലക്ഷ്യംവെക്കുന്നു. ജലചൂഷണവും പരിസ്ഥിതി ദൂഷണവും ഉണ്ടാകില്ലെന്നാണ് മറ്റൊരു അവകാശവാദം. ഉൽപാദനശാലയിലെ വേസ്റ്റ് കൊണ്ട് വളമുണ്ടാക്കും; മലിനീകരണം ഒട്ടും നടക്കാത്തതാണ് കമ്പനിയെന്നും 1500 പേർക്ക് നേരിട്ടും അതിലേറെ പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്നും അരിയും പച്ചക്കറിയും ഉപയോഗപ്പെടുത്തുന്ന പ്ലാന്റ് വഴി കാർഷികമേഖലക്ക് നേട്ടമുണ്ടാകുമെന്നും പദ്ധതിയെ പിന്താങ്ങുന്നവർ പറയുന്നു.
ഇത്തരം ചില അവകാശവാദങ്ങൾ മുമ്പ് കൊക്കകോള കമ്പനി അതിന്റെ പ്ലാച്ചിമട പ്ലാന്റിനെക്കുറിച്ചും ഉന്നയിച്ചിരുന്നു. തൊഴിലില്ലായ്മ രൂക്ഷമായ ഇന്ത്യയിൽ സ്വകാര്യ കമ്പനികൾ പ്രവർത്തനാനുമതിക്കായി എടുത്തുപറയുന്ന കാര്യം തൊഴിൽ ലഭ്യതയാണ്. എന്നാൽ, ഏറെ പെരുപ്പിച്ച കണക്കാണ് അതെന്ന് പിന്നീട് അനുഭവത്തിൽ ബോധ്യപ്പെടും. ഇത്തരം ഉദാഹരണങ്ങൾ നിരവധിയാണ്. ജലചൂഷണം നടത്തില്ല എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, കിണർ കുഴിക്കില്ല എന്ന് മാത്രമാണ്. പൊതുവെ ജലദൗർലഭ്യമുള്ള പാലക്കാട്ടെ വലിയ ആശ്രയമായ മലമ്പുഴയിലെ വെള്ളമാണ് ഊറ്റുന്നത്. പ്രതിദിനം 10 ലക്ഷം ലിറ്റർ വെള്ളം കമ്പനിക്ക് ആവശ്യമുണ്ട്. ജലലഭ്യത സംബന്ധിച്ച സാധ്യതാപഠനം നടത്താതെയാണ്, കുടിവെള്ളവും ജലസേചനവുമെന്ന അടിസ്ഥാനാവശ്യങ്ങൾക്കുപോലും വരൾച്ചക്കാലത്ത് തികയാത്തിടത്ത് ഇനി വ്യവസായത്തിനും ഊറ്റുന്നത്. മദ്യക്കമ്പനിക്ക് തിടുക്കത്തിൽ അനുമതി നൽകിയതിന് പിന്നിൽ അഴിമതിയുണ്ടെന്ന ആരോപണവുമുണ്ട്. ടെൻഡർ വിളിക്കാതെയാണ് അനുമതി നൽകിയത്.
കമ്പനിയാകട്ടെ, മദ്യനയ അഴിമതിക്കേസിൽ ഉൾപ്പെട്ടിട്ടുമുണ്ട്. പല കാര്യങ്ങളും മറച്ചുപിടിച്ചാണ് കാര്യങ്ങൾ ‘ശരിപ്പെടുത്തി’യതെന്നും ആക്ഷേപമുണ്ട്. രണ്ടുവർഷം മുമ്പ് കഞ്ചിക്കോട്ട് കമ്പനി 24 ഏക്കർ വാങ്ങിയത് മദ്യനിർമാണത്തിനാണെന്ന കാര്യം രഹസ്യമാക്കി വെച്ചുകൊണ്ടാണ്. തൊട്ടടുത്തവർഷം കേരള സർക്കാർ മദ്യനയത്തിൽ മാറ്റം വരുത്തി. ഡിസ്റ്റിലറിയും ബ്രൂവറിയും അനുവദിക്കാൻ പാടില്ലെന്ന് നിയമമിരിക്കെ, വീര്യം കുറഞ്ഞ മദ്യം (ഇ.എൻ.എ) ഉണ്ടാക്കാൻ അനുമതി നൽകുമെന്ന പരാമർശം മദ്യനയത്തിൽ കൂട്ടിച്ചേർത്തു. ഇപ്പോൾ അതിന്റെ മറപിടിച്ച് മദ്യക്കമ്പനിക്ക് അനുമതിയും. വയനാട് മേപ്പാടി ടൗൺഷിപ്പിന്റെ കാര്യത്തിൽ മന്ത്രിസഭാ തീരുമാനം ഉത്തരവായി ഇറങ്ങാൻ രണ്ടാഴ്ച എടുത്ത കേരളത്തിൽ, മദ്യനിർമാണശാലക്ക് അനുമതി ഉത്തരവിനെടുത്തത് വെറും 24 മണിക്കൂർ. സ്വകാര്യ കമ്പനിക്കുവേണ്ടി ഇത്രയേറെ ജാഗ്രത കാണിക്കുന്ന ‘ഇടതു’ സർക്കാർ പൊതുമേഖലയിലുള്ള മലബാർ ഡിസ്റ്റിലറീസിനെ കൈയൊഴിഞ്ഞിട്ട് കുറച്ചായി. അവിടെ ബ്രാൻഡി ഉൽപാദിപ്പിക്കാനുള്ള പദ്ധതി വെള്ളമില്ലാത്തതിനാൽ മുടങ്ങിയതാണ്. എന്നിട്ടും, ഏറെ ദൂരയല്ലാതെ സ്വകാര്യ ബ്രൂവറിക്ക് വെള്ളം നൽകാനുള്ള പൂർണ ഉത്തരവാദിത്തമേറ്റെടുത്തുകൊണ്ട് സർക്കാർ തങ്ങളുടെ സാമൂഹിക പ്രതിബദ്ധത തെളിയിക്കുകയാണിപ്പോൾ.
വരണ്ടുപോയ ‘ഇടതു’ പ്രത്യയശാസ്ത്രത്തിന്റെ ലക്ഷണം കൂടിയാണ് ജനങ്ങളുടെ ദുരിതം പണമാക്കി മാറ്റുന്ന മദ്യ സാമ്പത്തികനയം. ‘പുരോഗമന’ കേരളത്തിന്റെ ലഹരി-ലോട്ടറി സമ്പദ്ഘടന മാറ്റിപ്പണിയാനുള്ള ഊർജമൊന്നും ഇവിടത്തെ സർക്കാറുകൾക്ക് ഇപ്പോഴില്ല. മദ്യലഭ്യത വർധിപ്പിച്ച് വർധിപ്പിച്ചാണ് കമ്യൂണിസ്റ്റ് സർക്കാറും പൊതുഖജനാവിലേക്ക് വക കണ്ടെത്തുന്നത്.
ഒരുഭാഗത്ത് പണം ഇങ്ങനെ വരുമ്പോൾ മറുഭാഗത്ത് അതിലും കൂടുതലായി മദ്യമുണ്ടാക്കുന്ന സാമൂഹിക-ആരോഗ്യ പ്രശ്നങ്ങൾക്ക് ചെലവിടേണ്ടിവരുന്നത് കാണുന്നില്ല. കേരളത്തിൽ അടുത്തകാലത്തായി വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾക്ക് പിന്നിൽ ലഹരിയുടെ സ്വാധീനം വളരെ വലുതാണ്. മദ്യ ഉപഭോഗം വേണ്ടുവോളം ശീലിപ്പിച്ച സർക്കാറുകളുടെ പങ്കും നിസ്സാരമല്ല. ഇനി മദ്യ ഉൽപാദനത്തിലേക്കുകൂടി നാം കടക്കുമ്പോൾ സാരമായ ഗുണദോഷ വിചാരം ഉണ്ടാകേണ്ടതായിരുന്നു. അല്ലാതെ, അവശ്യവിഭവങ്ങൾ ധാരാളം ചെലവിട്ട്, അഴിമതിക്കേസിൽ ആരോപിതരായ കമ്പനിക്ക്, ഉറപ്പില്ലാത്ത കുറേ നേട്ടങ്ങളുടെ പേരുപറഞ്ഞ് ലാഭമുണ്ടാക്കുന്നതിന് ഇടം നൽകരുതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

