Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഉത്തരഖണ്ഡിലെ...

ഉത്തരഖണ്ഡിലെ ഹിന്ദുത്വപരീക്ഷണങ്ങൾ

text_fields
bookmark_border
ഉത്തരഖണ്ഡിലെ ഹിന്ദുത്വപരീക്ഷണങ്ങൾ
cancel


കേന്ദ്രഭരണത്തിന്റെ തണലിൽ, മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമയുടെ നേതൃത്വത്തിൽ അസമിൽ നടന്നുകൊണ്ടിരിക്കുന്ന ന്യൂനപക്ഷവേട്ടയുടെ കഥകൾ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. വടക്കുകിഴക്കൻ ഇന്ത്യയിലെ ഹിന്ദുത്വയുടെ പരീക്ഷണശാലയാണ് അസം എന്നുപറഞ്ഞാലും തെറ്റില്ല.

2016ൽ അവിടെ ആദ്യമായൊരു ബി.ജെ.പി സർക്കാർ അധികാരത്തിൽവന്നതുമുതൽ തുടങ്ങിയ പരീക്ഷണങ്ങൾ 2021ൽ പാർട്ടിക്ക് രണ്ടാമൂഴം ലഭിച്ചതോടെ ശക്തിപ്പെട്ടു. ഹിന്ദുത്വയുടെ വിദ്വേഷപ്രസംഗങ്ങൾക്ക് പേരുകേട്ട ഹിമന്ത മുഖ്യമന്ത്രികൂടി ആയതോടെ, അതുവരെയുള്ള വിഷംപുരണ്ട പ്രസ്താവനകളെല്ലാം യാഥാർഥ്യമായി തുടങ്ങി. മുസ്‍ലിം ന്യൂനപക്ഷങ്ങളെയും ബംഗാളി ഭാഷ സംസാരിക്കുന്നവരെയുമെല്ലാം നുഴഞ്ഞുകയറ്റക്കാർ എന്ന മുദ്രകുത്തി നാടുകടത്താനുള്ള നീക്കം ആരംഭിച്ചു; അനധികൃത കൈയേറ്റമെന്ന് ആരോപിച്ച് ലക്ഷത്തോളം ന്യൂനപക്ഷ വിഭാഗങ്ങളെ കുടിയിറക്കി; ലക്ഷക്കണക്കിനാളുകളുടെ പൗരത്വം ചോദ്യനിഴലിൽ നിർത്തി. സംസ്ഥാന ജനസംഖ്യയുടെ ഏതാണ്ട് 30 ശതമാനത്തിലധികംവരുന്ന മുസ്‍ലിം ന്യൂനപക്ഷ വിഭാഗങ്ങളെ അരക്ഷിതരാക്കാൻ ഇത്തരം നടപടികളിലൂടെ സർക്കാറിന് സാധിച്ചിട്ടുണ്ട്.

സമാനമായ നടപടികൾ വടക്കൻ സംസ്ഥാനമായ ഉത്തരഖണ്ഡിൽനിന്നും കേൾക്കുന്നു. അവിടെയും ബി.ജെ.പി സർക്കാറിന് രണ്ടാമൂഴമാണ്. നടപ്പ് നിയമസഭ സമ്മേളനത്തിൽ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് സുപ്രധാനമായ മൂന്ന് നിയമനിർമാണങ്ങളാണ് പുഷ്കർ സിങ് ധാമിയുടെ സർക്കാർ കൊണ്ടുവന്നിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ എതിർപ്പ് അവഗണിച്ച് ബില്ലുമായി ധാമി സർക്കാർ മുന്നോട്ടുപോകുമ്പോൾ ഹിന്ദുത്വ പുതിയ ചില പരീക്ഷണങ്ങൾക്കുകൂടി ഒരുങ്ങിപ്പുറപ്പെടുകയാണെന്ന് വ്യക്തം.

2018ൽ, ഫ്രീഡം ഓഫ് റിലീജിയൻ ആക്ട് എന്ന പേരിൽ കൊണ്ടുവന്ന മതപരിവർത്തന നിരോധന നിയമം കൂടുതൽ വ്യവസ്ഥകൾ ഉൾപ്പെടുത്തിയും ശിക്ഷ കടുപ്പിച്ചും ഭേദഗതി ചെയ്തതാണ് ഉത്തരഖണ്ഡ് സർക്കാറിന്റെ ആദ്യനീക്കം. നിലവിൽതന്നെ, കടുത്ത വകുപ്പുകളടങ്ങിയതാണ് ഉത്തരഖണ്ഡിലെ മതപരിവർത്തന നിരോധന നിയമം. നിർബന്ധിത മതപരിവർത്തനം ആരുടെ പേരിലും ആരോപിക്കാമെന്ന വിമർശനം നേരത്തേ തന്നെയുണ്ട്; എന്നല്ല നിർബന്ധിച്ച് മതം മാറ്റുന്നത് ജാമ്യമില്ലാ കുറ്റവുമാണ്. പൊലീസിന് വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനും വിചാരണകോടതിക്ക് ബോധ്യപ്പെടുന്നതുവരെ ജാമ്യം റദ്ദാക്കാനും നിയമത്തിൽ വകുപ്പുമുണ്ട്.

ഇതരമത വിമർശനവും സ്വമത പ്രചാരണവുമെല്ലാം നിർബന്ധിത മതപരിവർത്തനമായി കണക്കാക്കി ആളുകളെ തുറങ്കലിൽ അടക്കാനും ഈ നിയമം വഴി സാധിക്കും. നേരത്തേ, നിർബന്ധിത മതപരിവർത്തനത്തിന് പത്തുവർഷം തടവും 50,000 രൂപ പിഴയുമായിരുന്നു ശിക്ഷയെങ്കിൽ ഭേദഗതി പ്രകാരം അത് ജീവപര്യന്തം തടവും പത്ത് ലക്ഷം രൂപ പിഴയുമായി ഉയർത്തി. സൗജന്യ വിദ്യാഭ്യാസം, സമ്മാനം, ജോലി തുടങ്ങിയവ ഏതെങ്കിലുമൊരു വ്യക്തിയോ സംഘടനയോ വാഗ്ദാനം ചെയ്താൽപോലും ഇനിമുതൽ അത് മതപരിവർത്തന ശ്രമത്തിന്റെ ഭാഗമായി കണക്കാക്കാം. ഇതിന്റെ അപകടം എന്തെന്ന് വ്യക്തം: നിർബന്ധ മതപരിവർത്തനം ആരോപിച്ച് ആരെ വേണമെങ്കിലും അധികാരികൾക്ക് ആജീവനാന്തം തടവിലാക്കാം.

കഴിഞ്ഞ ബുധനാഴ്ച നിയമസഭ പാസാക്കിയ ‘ന്യൂനപക്ഷ വിദ്യാഭ്യാസ ബിൽ’ ആണ് ബി.ജെ.പി സർക്കാറിന്റെ മറ്റൊരു ആയുധം. സംസ്ഥാനത്തെ 17 ശതമാനത്തോളം വരുന്ന വിവിധ ന്യൂനപക്ഷ മതവിഭാഗക്കാർ നടത്തുന്ന മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ നിയന്ത്രിക്കുന്നതിനായി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തുന്നതാണ് ഈ ബിൽ. എത്രത്തോളമെന്നാൽ, പ്രസ്തുത സ്ഥാപനങ്ങളുടെ സിലബസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം കൈക്കൊള്ളുക ഈ സമിതിയായിരിക്കും. ബിൽ നിലവിൽവന്നതോടെ മദ്റസ ബോർഡുകൾ അടക്കം ഇല്ലാതാവുകയും ചെയ്തു. ഇതിനകംതന്നെ ഉത്തരഖണ്ഡിലെ പല മദ്റസകളും അസം മോഡലിൽ പൊളിച്ചുമാറ്റിയ സർക്കാർ ഇപ്പോൾ, മദ്റസകൾ അടക്കമുള്ള ന്യൂനപക്ഷ സ്ഥാപനങ്ങളുമേൽ പച്ചയായ കൈയേറ്റം പ്രഖ്യാപിച്ചിരിക്കുകയാണ്.

ഏക സിവിൽകോഡ് നിലനിൽക്കുന്ന സംസ്ഥാനമാണ് ഉത്തരഖണ്ഡ്. ഈ നിയമസഭ സമ്മേളനത്തിൽ പ്രസ്തുത നിയമത്തിലും സർക്കാർ ഭേദഗതി വരുത്തി. നിയമവിരുദ്ധമായ ലിവിങ് ടുഗതർ ബന്ധങ്ങൾക്ക് ശിക്ഷ കടുപ്പിച്ചതോടൊപ്പം വിവാഹ രജിസ്ട്രേഷൻ റദ്ദാക്കാൻ സർക്കാറിന് പ്രത്യേക അവകാശവും നൽകി. ഈ മൂന്ന് നിയമനിർമാണങ്ങളും ആത്യന്തികമായി ലക്ഷ്യമിടുന്നത് ന്യൂനപക്ഷവേട്ടയാണ്. അസമിലും മറ്റും കേട്ടുകൊണ്ടിരിക്കുന്ന അതേ ഭരണകൂട യുക്തിതന്നെയാണ് ഇവിടെയും പ്രയോഗിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ വിസ്ഫോടനം, ലാൻഡ് ജിഹാദ്, നുഴഞ്ഞുകയറ്റം തുടങ്ങിയ പ്രയോഗങ്ങളിലൂടെ ഭൂരിപക്ഷ മതവിഭാഗങ്ങളിൽ ഭീതിയും വെറുപ്പും ഉൽപാദിപ്പിച്ച് ഹിന്ദുത്വയുടെ വളർച്ചക്ക് ആക്കംകൂട്ടുകയാണ് ഉത്തരഖണ്ഡ് സർക്കാറും.

മൂന്നാമൂഴം ലഭിച്ചാൽ ഏക സിവിൽ കോഡ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്നായിരുന്നല്ലോ 2024ന് മുമ്പുതന്നെ നരേന്ദ്ര മോദി അടക്കമുള്ള നേതാക്കൾ പറഞ്ഞിരുന്നത്. എന്നാൽ, ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ബി.ജെ.പിക്ക് കിട്ടിയില്ലെന്ന് മാത്രമല്ല, ഭരണം നിലനിർത്താൻ സഖ്യകക്ഷികളുടെ പിന്തുണ ആവശ്യമായിവരികയും ചെയ്തു. ഹിന്ദുത്വയുടെ പ്രഖ്യാപിത അജണ്ടയിലേക്ക് കേന്ദ്രസർക്കാറിന് പ്രവേശിക്കാൻ ഈ കക്ഷിനില മാത്രമാണിപ്പോൾ തടസ്സം. എന്നാൽ, ഇതേ അജണ്ട തങ്ങൾക്ക് ഭരണമുള്ള സംസ്ഥാനങ്ങളിൽകൊണ്ടുവരാൻ അവർക്ക് പ്രയാസമില്ല.

അത്തരം പരീക്ഷണങ്ങളാണ് ഗുജറാത്തിലും അസമിലും ഉത്തരഖണ്ഡിലുമെല്ലാം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. മതപരിവർത്തന നിരോധന നിയമം ദേശീയതലത്തിൽതന്നെ ചർച്ചയാക്കാനാണ് ഇപ്പോഴത്തെ ഭേദഗതിയെന്ന് മുഖ്യമന്ത്രിതന്നെ വ്യക്തമാക്കികഴിഞ്ഞു. നേരത്തേ, ഉത്തരഖണ്ഡ് സർക്കാർ കൊണ്ടുവന്ന ഏക സിവിൽകോഡ് മാതൃകയിൽ മധ്യപ്രദേശിലും ഗുജറാത്തിലുമെല്ലാം നിയമനിർമാണം പുരോഗമിക്കുകയാണ്.

ന്യൂനപക്ഷ വിദ്യാഭ്യാസ നിയമവും ഈ അർഥത്തിൽ ഇതര ബി.ജെ.പി സംസ്ഥാനങ്ങൾ മാതൃകയാക്കുമെന്നതിൽ സംശയമില്ല. അഥവാ, ഹിന്ദുത്വയുടെ അജണ്ടകൾ യാഥാർഥ്യമായിക്കൊണ്ടിരിക്കുന്നത് പാർലമെന്റ് വഴി മാത്രമല്ല; അതിനേക്കാൾ വേഗത്തിൽ സംസ്ഥാന നിയമസഭകളിലൂടെയാണ് ആ അപകട പ്രത്യശയശാസ്ത്രത്തിന്റെ വിഷം വമിച്ചുകൊണ്ടിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UttarakhandUniform Civil CodeHimanta Biswa SarmaRSSPushkar Singh Dhamireligious conversion law
News Summary - Hindutva experiments in Uttarakhand, religious conversion law. uniform civil code, Hindutva experiments, Uttarakhand
Next Story