മഹാരാഷ്ട്രയില്‍ ഹിന്ദുത്വം വേരുറപ്പിക്കുന്നു
text_fieldsമഹാരാഷ്ട്രയിലെ നഗരസഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ഒരുകാര്യം സംശയാതീതമായി തെളിയിക്കപ്പെട്ടു. സംസ്ഥാനം പൂര്‍ണാര്‍ഥത്തില്‍ ഹിന്ദുത്വവാദികളുടെ പിടിയില്‍ അമരുകയാണെന്ന്. പോരാട്ടംതന്നെ തീവ്രഹിന്ദുത്വ വാദികളായ ബി.ജെ.പിയും ശിവസേനയും തമ്മിലായിരുന്നു. മതേതര പാര്‍ട്ടികളെന്നവകാശപ്പെടുന്ന കോണ്‍ഗ്രസും എന്‍.സി.പിയും ഒരിടത്തും ഹിന്ദുത്വകക്ഷികള്‍ക്ക് ഭീഷണി ഉയര്‍ത്തിയില്ല. മൊത്തം 1268 സീറ്റുകളില്‍ 628 എണ്ണം സ്വന്തമാക്കിയ ബി.ജെ.പി 2012ലെ നഗരസഭ തെരഞ്ഞെടുപ്പില്‍ നേടിയതിന്‍െറ മൂന്നിരട്ടിയിലധികം പിടിച്ചെടുത്താണ് മേധാവിത്വം സ്ഥാപിച്ചിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയ ബി.ജെ.പി മുഖ്യമന്ത്രിസ്ഥാനം കൈയടക്കിയതിന്‍െറ പേരില്‍ ഇടഞ്ഞ ശിവസേന സമീപകാലത്തായി എന്‍.ഡി.എയില്‍ തുടര്‍ന്നുകൊണ്ടുതന്നെ കേന്ദ്രസര്‍ക്കാറിനെയും ബി.ജെ.പിയെയും വിമര്‍ശിക്കുകയും നഗരസഭ ഇലക്ഷനില്‍ ഒറ്റക്ക് മത്സരിക്കുകയും ചെയ്തുവെങ്കിലും പാര്‍ട്ടിക്ക് ശക്തി തെളിയിക്കാനായില്ല.
താനെ നഗരസഭയില്‍ ഒറ്റക്ക് ഭൂരിപക്ഷം നേടിയതും മുംബൈ മഹാനഗരസഭയില്‍ കേവലം രണ്ട് സീറ്റുകള്‍ക്ക് ബി.ജെ.പിയെ പിന്നിലാക്കി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിത്തീര്‍ന്നതും ഒഴിച്ചുനിര്‍ത്തിയാല്‍ ബാല്‍താക്കറെയുടെ പിന്‍ഗാമികള്‍ക്ക് നേട്ടമൊന്നും അവകാശപ്പെടാനില്ല. അതേസമയം, ഈ രണ്ട് പാര്‍ട്ടികളും നിലയുറപ്പിച്ചിരിക്കുന്നത് ഒരേ ഭൂമികയിലാണെന്ന വസ്തുതയും അധികാര വടംവലി മാറ്റിനിര്‍ത്തിയാല്‍ തീവ്രഹിന്ദുത്വ ദേശീയതയുടെ കാര്യത്തില്‍ ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ കാതലായ ഭിന്നതയില്ളെന്നതും മതേതര ജനാധിപത്യത്തിന് കനത്ത വെല്ലുവിളിയാണ്. ഗുജറാത്തിന്‍െറയും മധ്യപ്രദേശിന്‍െറയും പിറകെ മഹാരാഷ്ട്രയും ഹിന്ദുത്വ ഫാഷിസത്തിന്‍െറ അഭേദ്യ കോട്ടയായി പരിണമിക്കുകയാണ്; അതും കറന്‍സി നോട്ട് റദ്ദാക്കല്‍ നടപടിയിലൂടെ മോദി സര്‍ക്കാര്‍ കടുത്ത ജനരോഷം ഏറ്റുവാങ്ങിയ പശ്ചാത്തലത്തില്‍.
പ്രത്യക്ഷത്തില്‍ കോണ്‍ഗ്രസിന്‍െറയും ശരദ്പവാറിന്‍െറ എന്‍.സി.പിയുടെയും ബലക്ഷയവും ദൗര്‍ബല്യവുമാണിതിന് കാരണമെന്ന് തോന്നാമെങ്കിലും മഹാരാഷ്ട്രയില്‍ ആ രണ്ട് പാര്‍ട്ടികളും മതേതരത്വത്തോട് പൂര്‍ണ പ്രതിബദ്ധതയുള്ളവരല്ളെന്ന് മാത്രമല്ല ഹിന്ദുത്വത്തോട് പ്രീണനനയമാണ് സ്വീകരിച്ചുവന്നിട്ടുള്ളതെന്നോര്‍ത്താല്‍ മൃദുഹിന്ദുത്വം സ്വാഭാവികമായി തീവ്രഹിന്ദുത്വത്തിന് വഴിമാറുകയാണ് ഫലത്തില്‍ സംഭവിച്ചിരിക്കുന്നതെന്ന് ബോധ്യപ്പെടും. മുഗള്‍ ചക്രവര്‍ത്തി ഒൗറംഗസീബിനെതിരെ വിജയകരമായ ചെറുത്തുനില്‍പ് സംഘടിപ്പിച്ച ഹീറോ എന്ന നിലയില്‍ മറാത്തി മനസ്സില്‍ ആരാധ്യനായിത്തീര്‍ന്ന ഛത്രപതി ശിവജിയുടെ പേരില്‍ അഭിമാനംകൊള്ളുന്ന മഹാരാഷ്ട്രയില്‍ ഹിന്ദുത്വത്തിന് വേരോട്ടമുണ്ടാവുക സ്വാഭാവികമാണ്. 1920കളില്‍ കേശവ് ബലിറാം ഹെഡ്ഗെവാര്‍ രാഷ്ട്രീയ സ്വയം സേവകിന് അടിത്തറപാകിയതും വി.ഡി. സവര്‍ക്കര്‍ ഹിന്ദുമഹാസഭ സ്ഥാപിച്ചതും മറാത്ത മണ്ണില്‍ തന്നെ.
മഹാത്മ ഗാന്ധിയുടെ വിരിമാറില്‍ നിറയൊഴിച്ച ഗോദ്സെ സഹോദരന്മാരുടെ ജന്മഭൂമികൂടിയാണ് മഹാരാഷ്ട്ര. ദേശീയ സ്വാതന്ത്ര്യ സമരനായകരില്‍ എണ്ണപ്പെടുന്ന ബാലഗംഗാധര തിലകന്‍, ഗോപാല്‍ കൃഷ്ണ ഗോഖലെ മുതലായ മഹാരാഷ്ട്രീയരുടെ കൂറ് മതനിരപേക്ഷ ഇന്ത്യയെക്കാളേറെ ഹിന്ദു ഇന്ത്യയോടായിരുന്നു എന്നതും ചരിത്രം. നാനാജാതി മതസ്ഥരുടെയും വിവിധ സംസ്കാരക്കാരുടെയും വിഹാരഭൂമിയായ മുംബൈ മഹാനഗരം മാത്രം ദീര്‍ഘകാലം ഈ പൊതുധാരക്കപവാദമായി നിലകൊണ്ടത് വിസ്മരിക്കുന്നില്ല. ഇന്ത്യയിലെ ഇടതുപക്ഷ തൊഴിലാളി പ്രസ്ഥാനങ്ങളുടെ മുഖ്യ ശക്തികേന്ദ്രമായും ഒരുവേള മുംബൈ വര്‍ത്തിച്ചു. പക്ഷേ, പരമത ദ്വേഷത്തിന്‍െറയും ദക്ഷിണേന്ത്യന്‍ വിരോധത്തിന്‍െറയും സര്‍വോപരി മറാത്തി ദേശീയതയുടെയും മൂര്‍ത്തിയായി ബാല്‍താക്കറെ അവതരിച്ചതോടെ ചിത്രം മാറി.
കോണ്‍ഗ്രസ് നേതാക്കളുടെ ആശീര്‍വാദത്തോടെ വളര്‍ന്ന ശിവസേന വര്‍ഗീയതയുടെയും വിഭാഗീയതയുടെയും പുതിയ ചരിത്രം രചിക്കുമ്പോള്‍ മതേതര ജനാധിപത്യ ശക്തികള്‍ ശക്തമായ ചെറുത്തുനില്‍പിനല്ല ഒത്തുതീര്‍പ്പിനും ഒത്തുകളിക്കുമാണ് അവസരമുപയോഗിച്ചത്. അപ്പോഴെല്ലാം പ്രത്യക്ഷത്തില്‍ ശിവസേനയുമായി സന്ധിചെയ്തും പരോക്ഷമായി ആ പാര്‍ട്ടിയുടെ കാലിനടിയിലെ മണ്ണ് ചോര്‍ത്തിയും ബി.ജെ.പി മഹാരാഷ്ട്രയില്‍ വളരുകയായിരുന്നു. ബാല്‍താക്കറെയുടെ കാലശേഷം കാവിപ്പടയുടെ കാലുവാരല്‍ പൂര്‍ണ ഫലപ്രാപ്തിയിലേക്ക് നീങ്ങുന്നുവെന്ന സൂചനയാണ് ഒടുവിലത്തെ നഗരസഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്നത്. രാജ്താക്കറെയുടെ എം.എന്‍.എസാവട്ടെ അന്ത്യത്തിലേക്ക് നീങ്ങുകയും ചെയ്യുന്നു.
മതേതര പാര്‍ട്ടികളുടെ അപചയത്തില്‍നിന്ന് മുതലെടുക്കാനുള്ള മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍െറ തീവ്രശ്രമം ഒട്ടൊക്കെ വിജയിക്കുന്നുവെന്നും മഹാരാഷ്ട്രയിലെ സിവിക് ഇലക്ഷന്‍ ഫലങ്ങളില്‍നിന്ന് വായിച്ചെടുക്കാം. അസദുദ്ദീന്‍ ഉവൈസിയുടെ സാമുദായിക പാര്‍ട്ടി 28 സീറ്റുകള്‍ നേടിയെടുത്തിട്ടുണ്ട്. ചെകുത്താനും കടലിനുമിടയില്‍പെട്ട ന്യൂനപക്ഷ സമുദായം അവര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള കേന്ദ്രങ്ങളില്‍ മജ്ലിസിനെ പുതിയ രക്ഷകനായി കാണുന്നുവെങ്കില്‍ അവരെ കുറ്റപ്പെടുത്താനാവില്ല. മതേതര പാര്‍ട്ടികളിലാണ് ന്യൂനപക്ഷരക്ഷ എന്ന പല്ലവി പാടിക്കൊണ്ടിരിക്കുന്നവര്‍ക്ക്, പ്രതിബദ്ധതയുള്ളൊരു മതേതരപക്ഷത്തെ ചൂണ്ടിക്കാണിക്കാനില്ളെന്നിരിക്കെ സ്വന്തംകാലില്‍ നിലയുറപ്പിച്ചുകൊണ്ടുള്ള പോരാട്ടത്തിന് പ്രേരിപ്പിക്കുന്നവരെ തട്ടിമാറ്റാന്‍ അവര്‍ക്കാവില്ലല്ളോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
