ഹിമാലയൻ ദുരന്തത്തിന്റെ ആവർത്തന മുന്നറിയിപ്പ്
text_fieldsപ്രളയഭീഷണി പോലെതന്നെ, മഞ്ഞുപാളികൾ നേർത്താൽ ജലദൗർലഭ്യമായിരിക്കും മറ്റൊരു കെടുതി. അതിനാൽ സുസ്ഥിരമായൊരു മാനേജ്മെന്റ് സംവിധാനത്തിന് ശ്രമമുണ്ടായേ തീരൂ
ഹിമാലയൻ മലനിരകളിൽ നിന്നുള്ള കൂറ്റൻ മഞ്ഞുപാളികൾ പൊട്ടിപ്പിളർന്നു പതിച്ചതിന്റെ ആഘാതത്തിലുണ്ടായ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും നേപ്പാളിലും ടിബറ്റിലും വൻ നാശനഷ്ടമാണ് വിതച്ചിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ നടന്ന ദുരന്തം മുപ്പതോളം രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലേറെ പേരെ അപായത്തിൽ പെടുത്തിയിരിക്കുന്നു. ഇതുവരെയായി മുന്നൂറോളം ജഡങ്ങൾ കണ്ടെടുത്തു. മലയാളികളടക്കം ലോകമെങ്ങുമുള്ള വിനോദസഞ്ചാരികളുടെയും തീർഥാടകരുടെയും ആകർഷണ കേന്ദ്രമായ നേപ്പാളിൽ നടന്ന ദുരന്തത്തിന്റെ ആഘാതം ഇങ്ങ് കേരളത്തിൽ വരെ ആശങ്കയുയർത്തി. നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിനെയും ടിബറ്റിലെ ലാസയെയും ബന്ധിപ്പിക്കുന്ന ഭോട്ട്കോശി നദീ താഴ് വാരം മലവെള്ളപ്പാച്ചിൽ നക്കിത്തുടച്ചു. ആയിരം പേരെ കാണാതായി എന്ന പ്രാഥമികവിവരത്തിന്റെ അടിസ്ഥാനത്തിലുള്ള തിരച്ചിലാണ് നടന്നുവരുന്നത്.
ദുരന്തത്തിന്റെ കാരണമെന്താണ് എന്ന് ഉരുത്തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ഹിമാലയൻ മഞ്ഞുപാളികളുടെ കൂറ്റൻ പതനമാണ് വൻ വിപത്തിനിടയാക്കിയതെന്നാണ് ഏറക്കുറെ സ്ഥിരീകരിക്കപ്പെട്ട വിവരം. ഹിമാലയൻ മഞ്ഞുമലനിരകളിൽനിന്ന് മഞ്ഞും പാറയും ചളിമണ്ണും ചേർന്ന വൻ ഹിമപാളികൾ താഴോട്ടു പതിച്ചതിനെ തുടർന്നുണ്ടായ ഭൂകമ്പസമാനമായ സാഹചര്യം റസുവ, നുവാകോട്ട് ജില്ലകളെയൊന്നാകെ വിഴുങ്ങിക്കളഞ്ഞു.
കാലാവസ്ഥ വ്യതിയാനം തീവ്രതരമാവുമ്പോൾ ഹിമപിണ്ഡങ്ങൾ ഉരുകിത്തുടങ്ങുന്നു. പാറയും മണ്ണും, നൂറ്റാണ്ടുകളോളമുള്ള പ്രക്രിയയിൽ ഉറഞ്ഞുറച്ചുണ്ടായ കുത്തനെയുള്ള മലഞ്ചരിവുകളോടുകൂടിയ ഹിമാലയൻ മേഖല ദുരന്തസാധ്യത കൂടിയ ഭൂഭാഗമാണ്. അന്തരീക്ഷ ഊഷ്മാവ് വർധിക്കുമ്പോൾ ഈ മലഞ്ചരിവുകൾ ഉരുകിയൊലിച്ച് അസ്ഥിരപ്പെടുന്നു. ഒരു ഭൂകമ്പമോ ഭ്രംശങ്ങളോ വന്നുപെടുമ്പോൾ ഈ അവശിഷ്ടങ്ങളൊന്നായി താഴോട്ട് പൊട്ടിത്തകർന്നുവീണ് വൻ ദുരന്തത്തിനിടയാകുന്നു. ആർട്ടിക്, അന്റാർട്ടിക് മേഖലകൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മഞ്ഞുസംഭരണികൾ അടങ്ങുന്നതാണ് ഹിമാലയൻ സാനുക്കൾ. ചിലപ്പോൾ മഞ്ഞുപാളികൾ ഉരുകിയൊലിച്ചുണ്ടായ മഞ്ഞുതടാകങ്ങൾ കരകവിഞ്ഞു താഴോട്ടൊഴുകി ദുരന്തമുണ്ടാവാം.
കഴിഞ്ഞ വർഷം ഇത്തരമൊരു സംഭവത്തിൽ നേപ്പാളിൽ ഒമ്പതു പേർ കൊല്ലപ്പെട്ടു. സ്വിറ്റ്സർലൻഡിൽ ഒരു ഗ്രാമം തന്നെ ഹിമവിസ്ഫോടനം മുച്ചൂടും അപഹരിച്ചതും കഴിഞ്ഞവർഷം തന്നെ. അവിടെ മുൻകൂട്ടി മുന്നറിയിപ്പു ലഭിച്ചതിനാൽ ആളപായം ഉണ്ടായില്ല. എന്നാൽ, ഭോട്ട്കോശി നദി തീർത്ത മലവെള്ള പ്രളയദുരന്തം സമീപകാലത്തെ ഏറ്റവും മാരകമാണ് എന്നാണ് വിദഗ്ധർ പറയുന്നത്. എന്നല്ല, ഉത്തരാഖണ്ഡിലെ ചമോലിയിലും ധരാലിയിലും സിക്കിമിലുമൊക്കെ ഹിമാലയൻ ദുരന്തങ്ങൾ ആവർത്തിക്കപ്പെട്ടു. ഇനിയും ഇതിന്റെ ആവൃത്തി കൂടിവരാനാണ് സാധ്യതയെന്നും അതേക്കുറിച്ച് മുൻകൂട്ടി പ്രവചിക്കാനാവില്ലെന്നുകൂടി വിദഗ്ധർ പറയുമ്പോൾ സ്ഥിതി കൂടുതൽ ആശങ്കജനകമാവുകയാണ്.
ഇത്തരം ദുരന്തങ്ങൾ മുൻകൂട്ടിയറിയാനുള്ള സംവിധാനങ്ങൾ ഇന്ത്യയിൽ ലഭ്യമല്ല എന്നതാണ് വസ്തുത. 2003ൽ സത്‍ലജ് നദീതടത്തിൽ ടിബറ്റൻ പ്രദേശത്തെ പരിചു തടാകം പൊട്ടിയൊലിച്ചതിനെ തുടർന്ന് ഹിമാചൽ പ്രദേശിലുണ്ടായ നാശനഷ്ടങ്ങളിൽ ആരംഭിക്കുന്നുണ്ട് ഈ വക ദുരിതം. 2005ൽ ഇതുതന്നെ വീണ്ടും ആവർത്തിച്ചു. നേപ്പാൾ ദുരന്തത്തിനു തൊട്ടുമുമ്പേയാണ് ഉത്തരാഖണ്ഡിലെ തമക് നാലയിൽ ദുരിതബാധയുണ്ടായത്. ആഗോളതാപനത്തെ തുടർന്ന് ക്രമാതീതമായ മഞ്ഞുരുക്കം വ്യാപകമായിരിക്കെ മഞ്ഞുപാളി നിമിത്ത ദുരന്തങ്ങൾ ആവർത്തിക്കപ്പെടുമെന്നു തന്നെയാണ് മുന്നറിയിപ്പ്.
വികസിത രാജ്യങ്ങൾക്ക് അത് മുൻകൂട്ടിക്കണ്ട് തടയാനുള്ള മാർഗമുള്ളതുകൊണ്ടാണ് സ്വിറ്റ്സർലൻഡ് ആളപായത്തിൽ നിന്നു രക്ഷപ്പെട്ടത്. ഭ്രമണപഥത്തിൽ ധാരാളം സാറ്റലൈറ്റുകൾ രാജ്യത്തിനുള്ളത് ദുരന്തങ്ങളുണ്ടായ ശേഷം പ്രഭവകേന്ദ്രവും ആഘാതവ്യാപ്തിയുമൊക്കെ വ്യക്തമാക്കാൻ അതുപകരിക്കുമെങ്കിലും മുൻകൂർ പ്രവചനത്തിന് അത് സഹായകമല്ല. അതുകൊണ്ട്, കേരളത്തിലെ 2018ലെ പ്രവചനാതീത പ്രളയം കൂടി മുൻനിർത്തി കേന്ദ്ര ജല കമീഷൻ നിതി ആയോഗിനുമുന്നിൽ മിന്നൽ പ്രളയ, മലയിടിച്ചിൽ, മേഘവിസ്ഫോടന സംഭവങ്ങളുടെ മുൻകൂർ പ്രതിരോധ നടപടികൾക്കുള്ള ശിപാർശകൾ സമർപ്പിച്ചിട്ടുണ്ട്. ഹിമാലയൻ കൊടുമുടികളുടെ വൈപുല്യവും മറ്റും കാരണം നേപ്പാളിനെ പോലെയുള്ള ചെറുരാജ്യങ്ങൾക്കും ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങൾക്കും ഈ രംഗത്തെ മുതൽമുടക്കിന് പരിമിതിയുണ്ട്.
അതോടൊപ്പം ഹിമാലയൻ മഞ്ഞുമലകളുരുകിയൊലിച്ചെത്തുന്ന വെള്ളമാണ് നേപ്പാൾ, പാകിസ്താൻ, ഇന്ത്യ, ചൈന അടക്കമുള്ള രാജ്യങ്ങളിലെ നദികൾ നിറക്കുന്നത്. ശതകോടി ജനങ്ങളാണ് ഈ നദികളിലെ ജലത്തെ ആശ്രയിക്കുന്നത്. പ്രളയഭീഷണി പോലെതന്നെ മഞ്ഞുപാളികൾ നേർത്താൽ ജലദൗർലഭ്യമായിരിക്കും മറ്റൊരു കെടുതി. അതുകൊണ്ട് സുസ്ഥിരമായൊരു മാനേജ്മെന്റ് സംവിധാനത്തിന് ലോകരാഷ്ട്രങ്ങളുടെ മുൻകൈയിൽ ശ്രമമുണ്ടായേ തീരൂ.
ഹരിതഗൃഹ വാതക നിയന്ത്രണം, മുന്നറിയിപ്പു സംവിധാനങ്ങൾക്കു വേണ്ടിയുള്ള സ്ഥിരനിക്ഷേപം, അരക്ഷിത പർവതങ്ങളുടെ നിരീക്ഷണം എന്നിവ അടിയന്തര പ്രാധാന്യത്തോടെ ഏറ്റെടുക്കാൻ പൊതുവേദിക്കു കഴിയണം. നേപ്പാളിന് മികച്ച നിരീക്ഷണ സംവിധാനമൊരുക്കാൻ സഹായിച്ച ഗ്രീൻ ക്ലൈമറ്റ് ഫണ്ടിന് ഇക്കാര്യത്തിൽ കാര്യമായതു ചെയ്യാൻ കഴിയും. ദുരന്തങ്ങളെ ഒറ്റതിരിഞ്ഞല്ല, കൂട്ടിച്ചേർത്തു കണ്ടുവേണം പരിഹാരമാരായാൻ.
നദീതീരങ്ങളിലെയും മലമടക്കുകളിലെയും നിർമാണ പ്രവൃത്തികൾ, നദി കൈയേറ്റങ്ങൾ, പരിസ്ഥിതി ലോല പ്രദേശങ്ങളിലെ അനധികൃത നിർമാണങ്ങൾ തുടങ്ങിയ പൗരബോധമില്ലാത്ത, മനുഷ്യത്വവിരുദ്ധ അതിക്രമങ്ങളുടെ കൈക്കു പിടിക്കാനുള്ള ആർജവവും ഊർജിത ബോധവത്കരണവും വേണം. മനുഷ്യകരങ്ങളുടെ പ്രവർത്തനഫലമായി കരയും കടലും ഭൂമിയും മലമേടുകളുമൊക്കെ നാശത്തിനിരയാകുമ്പോൾ കരകയറാൻ തിടുക്കം കൂട്ടേണ്ടത് മറ്റാരുമല്ല, മനുഷ്യർ തന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

