Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഹിബയുടെ ഉപ്പ

ഹിബയുടെ ഉപ്പ

text_fields
bookmark_border
ഹിബയുടെ ഉപ്പ
cancel

മലപ്പുറം തിരുവാലിയിലെ ചങ്ങരായി മൂസക്കുട്ടി എന്ന ടാപ്പിങ് തൊഴിലാളിയായ ഗൃഹനാഥ​െൻറ ആത്മഹത്യ, അറപ്പുളവാക്കുന്ന സ്ത്രീധനപ്പോരിെൻറ തുടർച്ചയിൽ സംഭവിച്ചതാണെന്ന സത്യം ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നു. സെപ്റ്റംബർ 23നാണ് മൂസക്കുട്ടി വീടിനടുത്തുള്ള റബർ തോട്ടത്തിൽ തൂങ്ങി മരിക്കുന്നത്. ആത്മഹത്യക്ക് മുമ്പ് ഫോണിൽ ചിത്രീകരിച്ച വിഡിയോ സന്ദേശത്തിൽ എന്തുകൊണ്ട് ജീവനൊടുക്കുന്നുവെന്ന് അദ്ദേഹം വിശദമാക്കുന്നുണ്ട്. 2020 ജനുവരി 12നാണ് മകൾ ഹിബ വിവാഹിതയാവുന്നത്. മലപ്പുറം ഒതായി തെഞ്ചേരി സ്വദേശിയാണ് വരൻ. ഹിബ പ്രസവം കഴിഞ്ഞ് സ്വന്തം വീട്ടിൽ കഴിയുകയാണ്. സാധാരണ ഗതിയിൽ ആഹ്ലാദാരവങ്ങളിൽ കുടുംബം മുഴുകേണ്ട സമയം. ആയിടക്കാണ് ഭർത്താവ് വീട്ടിലെത്തുന്നത്. കുഞ്ഞിെൻറ കളിക്കുസൃതികളിലായിരുന്നില്ല, താൻ കുറച്ച് കാലമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന പത്തു പവൻ വാങ്ങിയെടുക്കുന്നതിലായിരുന്നു അയാൾക്കു താൽപര്യം. 'ഒരു കുഞ്ഞിക്കാൽ കണ്ട, സന്തോഷിക്കേണ്ട സമയമല്ലേ' എന്ന് മൂസക്കുട്ടി ചോദിക്കുന്നുണ്ട്. അതൊന്നും അയാളുടെ മനസ്സിൽ തൊട്ടില്ല.

വിവാഹ സമയത്ത് 18 പവൻ കൊടുത്താണ് ഹിബയെ ഭർത്താവിനൊപ്പം വിടുന്നത്. പൊന്ന് മതിയായില്ല എന്ന കുത്തുവാക്കുകൾ കൂടി വന്നപ്പോൾ ആറ് പവൻകൂടി കൊടുത്തു. അതും പോര, 10 പവൻകൂടി വേണമെന്നാണ് ഭർത്താവിെൻറയും വീട്ടുകാരുടെയും ആവശ്യം. കുഞ്ഞു പിറന്ന്, രണ്ട് കുടുംബവും ഒന്നിച്ച് സന്തോഷത്തോണി തുഴയേണ്ട നാളിൽ ഈ മാതിരി പൊന്നിൻ കണക്കുമായി മുഷിപ്പിക്കുന്നത് മൂസക്കുട്ടിക്ക് വലിയ വിഷമമായി. അങ്ങനെയാണ് മേലുദ്ധരിച്ച ചോദ്യങ്ങൾ അയാൾ ചോദിക്കുന്നത്. അതിന് ഭർത്താവ്​ നൽകിയ മറുപടി അദ്ദേഹത്തെ ഉലച്ചുകളഞ്ഞു. 'മകളെ ഞാൻ താൽക്കാലിക അഡ്ജസ്​റ്റ്​മെൻറായാണ് കൊണ്ടുനടക്കുന്നത്​' എന്ന ​പ്രതികരണം മൂസക്കുട്ടിക്ക് താങ്ങാനായില്ല. റെക്കോഡ് ചെയ്ത ആത്മഹത്യാ സന്ദേശത്തിൽ ഇക്കാര്യമാണ് പിതാവ് പങ്കുവെക്കുന്നത്. 'എെൻറ മോളുടെ പ്രശ്നം കേരളം ഏറ്റെടുക്കണം, എെൻറ മോൾക്ക് നീതി വാങ്ങിക്കൊടുക്കണം' എന്ന് വിതുമ്പിക്കൊണ്ടാണ് ആ വിഡിയോ സന്ദേശം അവസാനിക്കുന്നത്.

മൂസക്കുട്ടിയുടെ വിഡിയോ പുറത്തുവരുകയും ഹിബയുടെയും സഹോദര​െൻറയും പരാതി ചെല്ലുകയും ചെയ്തതോടെ പൊലീസ് ഭർത്താവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പിന്നെയും പിന്നെയും സ്വർണം ചോദിക്കുന്നതിന് അയാൾക്ക് വലിയൊരു ന്യായമുണ്ടായിരുന്ന​െത്ര. ഹിബയെ കാണാൻ വരുമ്പോൾ പറമ്പിൽ റബർ ഷീറ്റൊക്കെ ഉണക്കാൻ ഇട്ടത് അവൻ കണ്ടിരുന്നു. റബർ തോട്ടത്തിെൻറ ഉടമകളാണ് ഹിബയുടെ വീട്ടുകാർ എന്നവൻ ധരിച്ചു. കല്യാണം കഴിഞ്ഞ ശേഷമാണത്രെ, തോട്ടം ഉടമയല്ല; തൊഴിലാളി മാത്രമാണ് ഹിബയുടെ ഉപ്പയെന്ന് അവൻ അറിയുന്നത്. അതും പറഞ്ഞ് അവൻ അവളെ കുത്തിനോവിച്ചു കൊണ്ടേയിരുന്നു. ശാരീരിക പീഡനങ്ങളും അവൾക്ക് ഏൽക്കേണ്ടി വന്നു. പക്ഷേ, അതെക്കുറിച്ച് ഹിബ ആരോടും പറയാറുണ്ടായിരുന്നില്ല. അതിനവൾക്ക് കാരണമുണ്ടായിരുന്നു. ഉപ്പ ഏറെ സന്തോഷത്തോടെ നടത്തിയ കല്യാണമാണ്. അതിങ്ങനെ കുഴപ്പത്തിലാണെന്ന അറിവ് ഉപ്പയെ വേദനിപ്പിക്കും. ഒന്നും പറയണ്ട എന്നുവെച്ചു. ഉപ്പ ജീവൻ വെടിഞ്ഞ ശേഷമാണ് അവൾ അതേക്കുറിച്ച് പറയുന്നത്.

കേൾക്കുമ്പോൾ ഉള്ളിൽ വേദന നിറയുന്ന വൃത്താന്തങ്ങളാണ് ഇതെല്ലാം. കൊല്ലം ജില്ലയിലെ വിസ്മയ എന്ന പെൺകുട്ടിയുടെ കദനകഥയും അവൾ മരണം തെരഞ്ഞെടുത്ത വഴികളും ഏതാനും മാസങ്ങൾക്കു മുമ്പാണ് നാം ചർച്ചചെയ്തത്. ഹിബയുടെ ഭർത്താവിന് വേണ്ടത് പൊന്നാണെങ്കിൽ വിസ്മയയുടെ ഭർത്താവിന് കിട്ടിയ കാറിെൻറ ബ്രാൻഡ് മാറിപ്പോയതും പണം കുറഞ്ഞതുമൊക്കെയായിരുന്നു പ്രശ്നം. ഭർതൃവീട്ടിലെ പീഡനങ്ങളെ കുറിച്ച് വിസ്മയയും ആരോടും പറഞ്ഞില്ല. ഹിബ മനസ്സിൽ കണ്ട അതേ കാരണത്താൽ.

ഉണക്കാൻ തൂക്കിയിട്ട റബർ ഷീറ്റ് കണ്ട് ഒരു ചെറുപ്പക്കാരിയെ ജീവിത സഖിയാക്കാൻ തീരുമാനിക്കുന്ന വൃത്തികെട്ട ജൻമങ്ങളെ നാം എന്ത് പേര് ചൊല്ലിയാണ് വിളിക്കേണ്ടത്? ഇത്തരം വഷളൻമാരുടെ കൈയിൽ ഒതുങ്ങിയൊടുങ്ങാൻ നാം എന്തിനാണ് ജീവനുള്ള പെൺകുഞ്ഞുങ്ങളെ ഇട്ടു കൊടുക്കുന്നത്? ആ പിതാവി​െൻറ മരണം കൊണ്ട് മാത്രമാണ് ഇത്രയെങ്കിലും അറിയാൻ സാധിച്ചത്. ആരുമറിയാതെ ജീവച്ഛവങ്ങളായിപ്പോയ ചെറുപ്പക്കാരികൾ എത്ര കാണും?

ഇസ്​ലാമികനിയമപ്രകാരം, വിവാഹ സമയത്ത് വരൻ വധുവിനാണ് സ്വത്തോ സ്വർണമോ നൽകേണ്ടത്. വരൻ നൽകുന്ന വിവാഹമൂല്യം (മഹർ) തൃപ്തിപ്പെട്ട് വധു സ്വീകരിക്കുന്നതോടെയാണ് ബന്ധം സാധുവാകുന്നത്. മഹർ എന്ന കാഴ്ചപ്പാടിനു നേരെ എതിർവശത്ത് നിൽക്കുന്നതാണ് സ്ത്രീധനം. മുസ്്ലിം സമൂഹത്തിൽ വ്യാപകമായ സാമൂഹിക തിന്മയായിരുന്നു അത്. നിരവധിയായ മുസ്​ലിംസംഘടനകൾ ചേർന്ന് നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി സ്ത്രീധനം എന്ന വിപത്ത് ഏതാണ്ട് ഇല്ലാതായി എന്ന് കരുതിപ്പോന്ന കാലമാണിത്. എന്നാൽ, മുസ്്ലിം സംഘടനാ പ്രവർത്തനങ്ങൾ അങ്ങേയറ്റത്തെ സാന്ദ്രതയിൽ നടക്കുന്ന മലപ്പുറത്തുപോലും അത് ഇപ്പോഴും ആക്രാന്തത്തിെൻറ ദംഷ്്ട്രകൾ നീട്ടിയിരിപ്പുണ്ട് എന്ന സത്യമാണ് ഹിബയുടെ ഉപ്പ വിളിച്ചു പറയുന്നത്. സംഘടിത മഹല്ല് സംവിധാനങ്ങൾ നാട്ടിലുണ്ട്.

ഹിബയുടെ കുടുംബവും ഭർത്താവിെൻറ കുടുംബവും രണ്ട് മഹല്ലുകളിൽ വസിക്കുന്നവരാണ്. ഇങ്ങനെയൊരു പ്രശ്നമുണ്ടായിട്ട്, അതിൽ ഇടപെടാൻ, പ്രശ്നം പരിഹരിക്കാൻ, പൊന്നിനെ പ്രണയിക്കുന്നവനോട് പെണ്ണിനെ പ്രണയിക്കാൻ പറയാൻ ആ സംവിധാനത്തിന് സാധിച്ചില്ലെങ്കിൽ അത് വലിയ ദൗർബല്യമാണ്. പൊന്നിെൻറയും റബർ ഷീറ്റിെൻറയും കണക്കു പറഞ്ഞ് ഞെളിയാൻ വരുന്നവനോട് ഞാൻ അതൊന്നുമല്ല, പച്ചക്കരളുള്ള മനുഷ്യനാണ്; പോയി പണി നോക്ക് എന്ന് പറയാൻ നമ്മുടെ പെൺകുട്ടികൾ ഇനിയും പഠിച്ചില്ലേ?വലിയ പ്രവർത്തനങ്ങൾ നടക്കുമ്പോഴും അതൊന്നും എത്താത്ത, ഏശാത്ത തമോഗർത്തങ്ങൾ നാട്ടിലുണ്ട് എന്ന തിരിച്ചറിവ് സമുദായ സംഘടനകൾക്ക് ഈ സംഭവം നൽകണം. നാം ഇത്രയധികം സഞ്ചരിച്ചിട്ടും എവിടെയും എത്തിയില്ലേ എന്നവർ സ്വയം ചോദിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dowry Casehiba
News Summary - hibas father
Next Story