Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഹലാലി​െൻറ പേരിൽ...

ഹലാലി​െൻറ പേരിൽ വിദ്വേഷ പ്രചാരണം

text_fields
bookmark_border
ഹലാലി​െൻറ പേരിൽ വിദ്വേഷ പ്രചാരണം
cancel

'പലേടത്തും തീവ്രവാദികൾ ഭക്ഷണത്തിലും വസ്​ത്രത്തിലും അവരുടെ അജണ്ട നടപ്പാക്കുകയാണ്. ഹലാൽ ഹോട്ടലുകൾ എന്നു പറഞ്ഞു മുല്ലാക്കമാരെകൊണ്ട് തുപ്പിച്ച് സാധാരണക്കാർക്ക് ഭക്ഷണം കൊടുത്തുകൊണ്ടിരിക്കുന്നു. കേരളത്തിലെ പല സ്​ഥാപനങ്ങളും വർഗീയവത്കരിച്ചുകൊണ്ടിരിക്കുകയാണ്. ഹലാൽ ഹോട്ടലുകൾ, ഹലാൽ ബേക്കറികൾ, എന്തിന് ശബരിമലയിൽപോലും ഹലാൽ ശർക്കര ഉപയോഗിക്കേണ്ട ഗതികേട് കേരളത്തിൽ ഉണ്ടാവുന്നു. ആരാണ് ഹലാൽ സംസ്​കാരം ഇവിടെ കൊണ്ടുവരുന്നത്?'– പാലക്കാട് ആർ.എസ്​.എസ്​ പ്രവർത്തകനെ വെട്ടിക്കൊന്ന കേസിലെ പ്രതികളെ പിടിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ബുധനാഴ്ച തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധ മാർച്ചിൽ സംസ്​ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നടത്തിയ പ്രസംഗത്തിൽ നിന്നാണ് മേൽവരികൾ. ആ കൊലയും ഹലാലും തമ്മിലെന്ത് എന്നൊന്നും ചോദിക്കരുത്.

വർഗീയത എങ്ങനെ പാകം ചെയ്തു വിളമ്പാമെന്നു മാത്രം ആലോചിച്ചുകൊണ്ടിരിക്കുകയാണ് കേരളത്തിലെ സംഘ്​പരിവാർ പ്രസ്​ഥാനങ്ങൾ. ആഴ്ചകൾക്ക് മുമ്പാണ് 'ഹലാൽ ഭീകരത'യുമായി ബന്ധപ്പെട്ട ഒരു വാർത്ത കൊച്ചി കാക്കനാട്ടു നിന്ന് വന്നത്. 'നോ ഹലാൽ' ഹോട്ടൽ നടത്തിയിരുന്ന സംരംഭക ഹോട്ടലി​െൻറ പുതിയ ഔട്ട്​​ലെറ്റിൽ നോ ഹലാൽ ബോർഡ്​ സ്​ഥാപിച്ചതി​​​െൻറ പേരിൽ ആക്രമിക്കപ്പെട്ടുവെന്ന് ഫേസ്​ബുക്ക് ലൈവിൽ വന്നു പറയുകയായിരുന്നു. അവർ ലൈവ് പോസ്​റ്റ്​ ഇടേണ്ട താമസം സംഘ്പരിവാർ പ്രഫൈലുകൾ അത് ഏറ്റെടുത്തു. കെ. സുരേന്ദ്രൻ, സ്വാമി ചിന്മയാനന്ദ പുരി, രാഹുൽ ഈശ്വർ തുടങ്ങിയ പ്രമുഖർ ഹലാൽ അല്ലാത്ത ബിസിനസ്​ ചെയ്യാൻ പറ്റാത്ത ഭീകരാവസ്​ഥയിൽ കേരളം എത്തിയതിൽ കുണ്ഠിതപ്പെട്ടു പോസ്​റ്റുകൾ പ്രസിദ്ധീകരിച്ചു.

ഉത്തരേന്ത്യയിലെ ആർ.എസ്​.എസ്​ അനുകൂല സോഷ്യൽ മീഡിയ ഹാൻഡിലുകൾ മാത്രമല്ല, മുഖ്യധാരാ മാധ്യമങ്ങൾ വരെ 'നോ ഹലാൽ' സംരംഭകക്കെതിരായ ആക്രമണത്തെ കുറിച്ച സ്​തോഭജനകമായ വാർത്തയും ​പ്രസിദ്ധീകരിച്ചു. കേസന്വേഷിച്ച പൊലീസ്​ കണ്ടെത്തിയത് മറ്റൊരു കഥയാണ്. ഈ സ്​ത്രീയും ഭർത്താവും ചേർന്ന് തുടങ്ങാനിരിക്കുന്ന ഹോട്ടലി​ന്​ തൊട്ടടുത്തുള്ള കടയുടമയെ മാരകായുധങ്ങൾ ഉപയാഗിച്ച് ആക്രമിച്ച് പരിക്കേൽപിക്കുകയായിരുന്നു. പരിക്കേറ്റ രണ്ടു ചെറുപ്പക്കാർ ആശുപത്രിയിലായി. ഉടനെ വിഷയം തിരിച്ചുവിടാനും മാധ്യമശ്രദ്ധ കിട്ടാനും തന്നെ ആക്രമിച്ചെന്നു പറഞ്ഞ് ഫേസ്​ബുക്കിൽ ലൈവ് ഇടുകയായിരുന്നു 'നോ ഹലാൽ' സംരഭക. സംരംഭകയെയും നേരത്തേ മറ്റു ക്രിമിനൽ കേസുകളിൽ പ്രതിയായ ഭർത്താവിനെയും പൊലീസ്​ അറസ്​റ്റ്​ ചെയ്തു. അമളി മനസ്സിലായ രാഹുൽ ഈശ്വർ പോസ്​റ്റ്​ പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചു. എന്നാൽ, അവർക്ക്​ പിന്തുണ ​പ്രഖ്യാപിച്ച്​ വിദ്വേഷ പ്രചാരണം നടത്താൻ മുന്നിട്ടിറങ്ങിയ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ സംസ്​ഥാന അധ്യക്ഷനോ ആധ്യാത്്മിക പ്രഭാഷകനോ തിരുത്താൻ തയാറായില്ല. അതിലേറെ ഞെട്ടിപ്പിക്കുന്നതെന്തെന്നാൽ കേരളത്തിലെ ഹലാൽ ഭീകരതയെ കുറിച്ച് ഉദ്വേഗജനകമായ വാർത്തകൾ നൽകിയ ഉത്ത​േരന്ത്യൻ മാധ്യമങ്ങളൊന്നും സംരംഭക നടത്തിയ കള്ളക്കളി വെളിച്ചത്തുവന്നിട്ടും അക്കാര്യം വായനക്കാരെയോ പ്രേക്ഷകരെയോ അറിയിച്ചിട്ടില്ല.

ഹലാലുമായി ബന്ധപ്പെട്ട വിവാദങ്ങൾ സംഘ്​പരിവാർ കേരളത്തിൽ തുടങ്ങിയിട്ട് കുറച്ചു നാളായി. കഴിഞ്ഞ കുറച്ചു കാലമായി സംഘ്​പരിവാറുമായി കൈകോർത്ത്​ പ്രവർത്തിക്കുന്ന ചില ക്രൈസ്​തവ തീവ്രവാദി ഗ്രൂപ്പുകളും അവർ നടത്തുന്ന മുസ്​ലിം വിരുദ്ധ പ്രചാരണങ്ങളുടെ ഭാഗമായി ഹലാൽ വിരുദ്ധ കാമ്പയിനും പൊലിപ്പിച്ചു. അങ്ങേയറ്റം വർഗീയ വിദ്വേഷം പ്രസരിപ്പിക്കുന്ന പ്രചാരണങ്ങൾക്കെതിരെ എന്തെങ്കിലും നടപടിയെടുക്കാൻ സംസ്​ഥാന സർക്കാർ തയാറായതുമില്ല. വിദ്വേഷ പ്രചാരണം പാലാ ബിഷപ്പിനെപോലുള്ള ഉത്തരവാദപ്പെട്ട സഭാനേതൃത്വം ഏറ്റെടുത്തപ്പോൾ അരമനയിൽ മുഖംകാണിച്ച്​ പിന്തുണ നൽകുകയാണ് സി.പി.എം മന്ത്രി ചെയ്തത്. കടുത്ത വർഗീയ വിഷം തുപ്പിയ ബിഷപ്​ മഹാപണ്ഡിതനാണെന്നും അദ്ദേഹത്തിനെതിരെ രംഗത്തു വരുന്നവർ തീവ്രവാദികളാണെന്നും സാക്ഷ്യപ്പെടുത്താനും മന്ത്രി മുതിർന്നു. സർക്കാറി​ന്‍റെ ഭാഗത്തുനിന്നുള്ള ഈ പിന്തുണയാണ് മുസ്​ലിം വിരുദ്ധ പ്രചാരണം ശക്​തിപ്പെടാനുള്ള പല കാരണങ്ങളിലൊന്ന്. അതിന്‍റെ തുടർച്ചയിലാണ് ബി.ജെ.പി സംസ്​ഥാന അധ്യക്ഷൻ തന്നെ ഇപ്പാൾ ഹലാൽ വിരുദ്ധ പ്രചാരണവുമായി ഇറങ്ങിയിരിക്കുന്നത്.

'അനുവദനീയമായത്' എന്നതാണ് ഹലാൽ എന്നതി​ന്‍റെ അർഥം. മുസ്​ലിംകൾക്ക്​ മദ്യം, പന്നിയിറച്ചി എന്നിവ​േയാ അവ അടങ്ങിയ ഭക്ഷ്യപദാർഥങ്ങളോ അനുവദനീയമല്ല. അതേപോലെ, അറവ് നടത്തുമ്പോൾ ദൈവനാമം ഉരുവിടുക, ഉരുവിെൻറ രക്​തം വാർന്നു പോവുക തുടങ്ങിയ ചിട്ടകളും പാലിക്കേണ്ടതുണ്ട്. ധാർമിക മാർഗത്തിൽ, സാമൂഹിക മര്യാദകൾ പാലിച്ച്​ ഒരുക്കിയ ഭക്ഷണം എന്ന ​പ്രാമാണീകരണമായാണ്​ അന്താരാഷ്​ട്ര ഭക്ഷ്യ സംരംഭക രംഗത്ത്​ ഹലാൽ സർട്ടിഫിക്കേഷൻ ഗണിക്കപ്പെടുന്നത്​. ഇങ്ങനെയുള്ള ഭക്ഷണം എല്ലാവരും കഴിക്കണമെന്ന് ആരും നിർബന്ധിക്കുന്നില്ല. ഹലാൽ ഭക്ഷണം വേണം എന്നു വിചാരിക്കുന്നവർക്ക് അത് മനസ്സിലാവാൻ വേണ്ടിയാണ് ആ േട്രഡ്മാർക്ക് ബിസിനസിൽ ഉപയോഗിക്കുന്നത്. ഇനി, അബദ്ധത്തിൽപോലും ഹലാൽ കഴിച്ചുപോകരുത് എന്ന് നിർബന്ധമുള്ളവർക്കും അത് കഴിക്കാതിരിക്കാൻ ഹലാൽ ടാഗ് ഗുണകരമാണ്. വെജ്, നോൺ വെജ് എന്നൊക്കെ ഹോട്ടലുകളിൽ ഉപയോഗിക്കുന്നതുപോലെ മറ്റൊരു ടാഗ്. ഇതിെൻറ പേരിൽ ഇത്രയും ബഹളവും പ്രചാരണവും അഴിച്ചുവിടുന്നതിെൻറ ഉദ്ദേശ്യം വർഗീയത അല്ലാതെ മറ്റൊന്നുമല്ല. തുപ്പിയ ഭക്ഷണമാണ് ഹലാൽ ഭക്ഷണം എന്നൊരു പ്രചാരണവും കുറച്ച് ദിവസങ്ങളായി നടക്കുന്നുണ്ടായിരുന്നു. കെ. സുരേന്ദ്രനും അക്കാര്യം ആവർത്തിക്കുന്നു. മുസ്​ലിംകളെ കുറിച്ച് അറപ്പ് ഉൽപാദിപ്പിക്കാനും അവർ വൃത്തിഹീനരായ ജന്തുക്കളാണ് എന്ന വിചാരം ഉണ്ടാക്കാനും മാത്രമാണ് ഈ പ്രചാരണം. തുപ്പിയ ഭക്ഷണമാണ് ഹലാൽ ഭക്ഷണമെങ്കിൽ അത് കഴിക്കാതിരിക്കാൻ ഹലാൽ എന്ന ബോർഡ് ഏറെ ഉപകാരപ്പെടുമല്ലോ.

അങ്ങേയറ്റം അയുക്​തികരമായ കാര്യങ്ങളാണ് ഇവർ പറഞ്ഞുകൊണ്ടിരിക്കുന്നത് എന്ന് ആർക്കും ബോധ്യപ്പെടും. അവരതു പറഞ്ഞുകൊണ്ടിരിക്കുന്നത് വിദ്വേഷം വിതച്ച് വിദ്വേഷം കൊയ്യാൻ മാത്രമാണ്. എല്ലാറ്റിനും മൂകസാക്ഷിയായി ഒരു ആഭ്യന്തര വകുപ്പ് ഇവിടെയുള്ളത് അവർക്ക് ആവേശം നൽകുന്നുണ്ടാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hate propagandahalal
News Summary - Hate propaganda in the name of halal
Next Story