ഹാഷിംപുര:  നീതിയിലേക്ക് ചെറിയ ചുവട്

08:39 AM
01/11/2018
editorial

1987 മേയ് 22ന് ഉത്തർപ്രദേശിലെ മീറത്ത്​ നഗരത്തോട് ചേർന്ന ഹാഷിംപുരയിൽ 42 മുസ്​ലിം ചെറുപ്പക്കാരെ പൊലീസുകാർ പൊക്കിക്കൊണ്ടുപോയി വെടിവെച്ചുകൊന്ന് കനാലിൽ വലിച്ചെറിഞ്ഞ സംഭവമാണ് ഹാഷിംപുര കൂട്ടക്കൊല എന്നറിയപ്പെടുന്നത്. ഭരണകൂട ഏജൻസിയുടെ നേരിട്ടുള്ള കാർമികത്വത്തിൽ നടന്ന ഏറ്റവും ഭീകരമായ കൂട്ടക്കൊലയായി ഇതിനെ കണക്കാക്കാവുന്നതാണ്. െപ്രാവിൻഷ്യൽ ആംഡ് കോൺസ്​റ്റാബുലറി (പി.എ.സി) എന്ന ഉത്തർപ്രദേശിലെ പ്രത്യേക പൊലീസ്​ സേനയാണ് നിരായുധരായ 50 മുസ്​ലിംകളെ തങ്ങളുടെ ഔദ്യോഗിക വാഹനത്തിൽ കയറ്റി നഗരത്തിന് പുറത്തേക്ക് കൊണ്ടുപോയി കുട്ടികളെയും വൃദ്ധരെയും വഴിയിൽ ഉപേക്ഷിച്ച് ചെറുപ്പക്കാരായ 42 പേരെ വെടിവെച്ചുകൊന്നത്. 1937ൽ, സവർണ ഭൂവുടമകളുടെ സംരക്ഷണത്തിനായി ബ്രിട്ടീഷുകാരാൽ രൂപവത്​കരിക്കപ്പെട്ട പി.എ.സിയുടെ ചരിത്രം എന്നും രക്​തപങ്കിലമാണെങ്കിലും, ഹാഷിംപുര കൂട്ടക്കൊല അവയിൽ ഏറ്റവും കുപ്രസിദ്ധിയാർജിച്ചതാണ്. മീറത്ത്​ കലാപം അമർച്ചചെയ്യുന്നതിൽ ലോക്കൽ പൊലീസ്​ പരാജയപ്പെട്ടതിനെ തുടർന്ന്, കലാപം അമർച്ചചെയ്യാൻ പ്രത്യേകം വിന്യസിക്കപ്പെട്ട സേനയാണ് ഈ കൊടുംകൃത്യം ചെയ്​തത് എന്നത് വിചിത്രമായി തോന്നാം. പക്ഷേ, ഉത്തരേന്ത്യയിലെ പൊലീസ്​ സേനയുടെ പൊതുസ്വഭാവവും പി.എ.സിയുടെ പ്രത്യേകതയും അറിയുന്നവർക്ക് അതിൽ വലിയ അത്ഭുതമുണ്ടാവില്ല. പോലീസ്​ വെടിയേറ്റ് കനാലിൽ വീണതിനു ശേഷം രക്ഷപ്പെട്ട ചിലരിലൂടെയാണ് സംഭവത്തി​െൻറ ക്രൗര്യത പുറംലോകം അറിയുന്നത്. അന്ന് കേന്ദ്രവും ഉത്തർപ്രദേശും ഭരിച്ചിരുന്ന കോൺഗ്രസ്​ ഭരണകൂടങ്ങൾ സംഭവത്തി​െൻറ ഗൗരവം മൂടിവെക്കാൻ പരമാവധി ശ്രമിച്ചിരുന്നു. എന്നാൽ, മുസ്​ലിം സംഘടനകളുടെയും പൗരാവകാശ ഗ്രൂപ്പുകളുടെയും ഇടപെടലാണ് ഭരണകൂട ശ്രമങ്ങളെ തോൽപിച്ചുകളഞ്ഞത്. പിന്നീട് ഇന്ത്യൻ പ്രധാനമന്ത്രിയായ ഇന്ദർ കുമാർ ഗുജ്റാൾ, ജസ്​റ്റിസ്​ രജീന്ദർ സച്ചാർ തുടങ്ങിയവർ അംഗങ്ങളായ പി.യു.സി.എല്ലി​െൻറ വസ്​തുതാന്വേഷണ സംഘം പുറത്തുവിട്ട റിപ്പോർട്ടാണ് ഹാഷിംപുര കൂട്ടക്കൊലയുടെ വിശദ വിവരങ്ങൾ ലോകത്തിന് നൽകിയത്. 

അന്നുമുതലിങ്ങോട്ട് ഈ പാതകത്തിൽ പ്രതികളായവരെ ശിക്ഷിക്കാനും ഇരകൾക്ക് നീതി ലഭിക്കാനുമുള്ള മുറവിളികൾ വ്യാപകമായി ഉയർന്നെങ്കിൽ അത് വലിയ ഫലങ്ങൾ ഉണ്ടാക്കിയിരുന്നില്ല. നിരന്തരമായ സമ്മർദങ്ങൾക്കൊടുവിൽ, 1988ലാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ യു.പി സർക്കാർ സി.ബി.സി.ഐ.ഡി സംഘത്തെ നിശ്ചയിക്കുന്നത്. ആറു വർഷങ്ങൾക്കു ശേഷം, 1994 ഫെബ്രുവരിയിൽ സംഘം വിവിധ റാങ്കുകളിൽ പെട്ട 60 പൊലീസ്​ ഉദ്യോഗസ്​ഥരെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള റിപ്പോർട്ട് സമർപ്പിച്ചു. 1996 മേയിൽ 16 ഉദ്യോഗസ്​ഥർക്കെതിരെയുള്ള ചാർജ്ഷീറ്റ് സി.ബി.സി.ഐ.ഡി ഗാസിയാബാദ് കോടതിയിൽ സമർപ്പിച്ചു. 2002 സെപ്​റ്റംബറിൽ ഇരകളുടെ ബന്ധുക്കളുടെ ഹരജിയെ തുടർന്ന് കേസ്​ ഗാസിയാബാദിൽനിന്ന് ഡൽഹിയിലെ വിചാരണ കോടതിയിലേക്ക് മാറ്റി. 2015 മാർച്ച് 21ന് 19 പ്രതികളിൽ ജീവിച്ചിരിപ്പുള്ള 16 പേരെയും സംശയത്തി​െൻറ ആനുകൂല്യത്തിൽ വെറുതെവിട്ടുകൊണ്ട് വിചാരണ കോടതി വിധി വന്നു. അതിനെതിരെ ഡൽഹി ഹൈകോടതിയിൽ സമർപ്പിക്കപ്പെട്ട അപ്പീലിലാണ് ഇന്നലെ (ഒക്ടോബർ 31ന്), 16 പേർക്കും ജീവപര്യന്തം ശിക്ഷ നൽകിക്കൊണ്ടുള്ള വിധി പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു കേസിൽ ഇത്രയുമധികം പൊലീസ്​ ഉദ്യോഗസ്​ഥർ ശിക്ഷിക്കപ്പെടുന്ന അനുഭവം ഇന്ത്യയിൽ ആദ്യത്തെതായിരിക്കും. പക്ഷേ, അത് സംഭവിച്ചുകിട്ടാൻ 31 വർഷം കാത്തുനിൽക്കേണ്ടിവന്നു.

മുസ്​ലിംകൾക്കു നേരെ ഇന്ത്യയിലെ വിവിധ സേന വിഭാഗങ്ങൾ കാണിക്കുന്ന വിവേചനപരമായ നിലപാടുകൾ വ്യാപകമായി ചർച്ചചെയ്യപ്പെട്ടതാണ്. കാക്കിയും കാവിയും തമ്മിലുള്ള തുരങ്ക സൗഹൃദത്തെക്കുറിച്ച പ്രബന്ധങ്ങളും പഠനങ്ങളും ധാരാളമുണ്ട്. ഹാഷിംപുര കൂട്ടക്കൊല പൊലീസി​െൻറ മുസ്​ലിം വിരുദ്ധതയുടെ എക്കാലത്തെയും വലിയ ഉദാഹരണമായി എടുത്തുകാണിക്കപ്പെടാറുമുള്ളതാണ്. പക്ഷേ, ലോകമനഃസാക്ഷിയെതന്നെ നടുക്കിക്കൊണ്ട് ഹാഷിംപുര സംഭവിച്ചതിനു ശേഷവും ആ പതിവ് തുടരുകതന്നെയായിരുന്നു. മുമ്പ് വർഗീയ കലാപങ്ങൾക്കിടയിലാണ് ഈ സമീപനമെങ്കിൽ 2000ത്തിനു ശേഷം ‘ഭീകര വിരുദ്ധ പോരാട്ട’ത്തി​െൻറ മറപിടിച്ചാണ് വ്യവസ്​ഥാപിതമായ മുസ്​ലിംവേട്ട പൊലീസ്​ നടപ്പാക്കിക്കൊണ്ടിരുന്നത്. ഭീകരത മുദ്ര ചാർത്തി അറസ്​റ്റ്​ ചെയ്യപ്പെട്ട് കൊടിയ പീഡനമേറ്റ് ജീവച്ഛവങ്ങളായിപ്പോയ ചെറുപ്പക്കാരുടെ എണ്ണം നൂറുകണക്കിന് വരും. അങ്ങനെ പീഡിപ്പിക്കപ്പെട്ടവർ ചേർന്ന് ഇന്നസൻറ്സ്​ നെറ്റ്​വർക്ക്​ എന്ന പേരിൽ ഒരു സംഘടനതന്നെ പ്രവർത്തിക്കുന്നുണ്ട് ഇന്ത്യയിൽ. ഇങ്ങനെ നിരപരാധികളെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്ന പൊലീസ്​ ഉദ്യോഗസ്​ഥരിൽനിന്ന് നഷ്​ടപരിഹാരം ഈടാക്കണമെന്ന ആവശ്യം അടുത്തകാലത്തായി മനുഷ്യാവകാശ സംഘടനകൾ ഉന്നയിക്കുന്നുണ്ട്. ഡൽഹി കേന്ദ്രമായുള്ള ക്വിൽ ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടന ഈ വിഷയകമായി ഗൗരവപ്പെട്ട നീക്കങ്ങൾ നടത്തുന്നുണ്ട്. അവരുടെ കൂടി ശ്രമഫലമായി, തെറ്റുകാരായ ഉദ്യോസ്​ഥരിൽനിന്ന് നഷ്​ടപരിഹാരം ഈടാക്കാൻ സാധിക്കുന്ന നിയമനിർമാണം നടത്തണമെന്ന ശിപാർശ ദേശീയ നിയമ കമീഷനും സർക്കാറിന് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. പല പടിഞ്ഞാറൻ നാടുകളിലും അത്തരം നിയമങ്ങളുണ്ട്. തങ്ങളുടെ വർഗീയവും വംശീയവുമായ മുൻവിധികൾക്കനുസരിച്ച് ആളുകളെ കൊല്ലുകയും കൊല്ലാക്കൊല ചെയ്യുകയും ചെയ്ത് ആനന്ദ നൃത്തമാടുന്ന സംഘമായി പൊലീസ്​ സേനയും അന്വേഷണ ഏജൻസികളും മാറാൻ പാടില്ല. നിയമാനുസൃതമായി മാത്രം കാര്യങ്ങൾ ചെയ്യുന്ന ഏജൻസിയായി അവരെ മാറ്റണം. അത്തരം ആലോചനകൾക്ക് വീണ്ടും ശക്​തിപകരുന്നതാണ് ഹാഷിംപുര കേസിലെ ഡൽഹി ഹൈകോടതി വിധി.

Loading...
COMMENTS