ഗൾഫ് പ്രതിസന്ധി
text_fieldsസ്വതേ പ്രശ്നകലുഷവും സംഘർഷഭരിതവുമായ പശ്ചിേമഷ്യയിൽ ഏറ്റവുമൊടുവിൽ ജി.സി.സി രാജ്യങ്ങൾക്കിടയിൽ പൊട്ടിപ്പുറപ്പെട്ട ഭിന്നതയും അതേതുടർന്നുണ്ടായ ബന്ധവിച്ഛേദ നടപടികളും സമാധാനപ്രേമികളിൽ പൊതുവെയും ഇന്ത്യയിൽ വിശേഷിച്ചും കടുത്ത ആശങ്കയും അമ്പരപ്പും സൃഷ്ടിച്ചത് സ്വാഭാവികമാണ്. കഴിവതും നേരത്തേ പ്രതിസന്ധി അവസാനിച്ച് സാധാരണനില പുനഃസ്ഥാപിതമാവണമെന്ന ആഗ്രഹവും പ്രാർഥനയുമാണെല്ലാവർക്കും. 1981ൽ നിലവിൽ വന്ന ഗൾഫ് സഹകരണ കൗൺസിലിൽ അംഗങ്ങളായ സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, യു.എ.ഇ, ഒമാൻ, ബഹ്റൈൻ എന്നിവക്കിടയിൽ മുമ്പും അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നെങ്കിലും സൗദിയും യു.എ.ഇയും ബഹ്റൈനും ചേർന്ന് ഖത്തറുമായുള്ള എല്ലാ നയതന്ത്രബന്ധങ്ങളും വിച്ഛേദിക്കുകയും കര^വ്യോമ മാർഗേണയുള്ള ഗതാഗതം നിർത്തിവെക്കുകയും ചെയ്ത ആത്യന്തിക നടപടി അഭൂതപൂർവവും അപ്രതീക്ഷിതവുമാണ്. 2013ലെ അറബ് വസന്തത്തെ തുടർന്നുണ്ടായ മാറ്റങ്ങളും അട്ടിമറികളുമാണ് ഗൾഫ് രാജ്യങ്ങളിലും അനുരണനങ്ങൾ സൃഷ്ടിച്ചതെന്ന് കാണാനാവും. വിശിഷ്യ, ഇൗജിപ്തിൽ ഒരുവേള അധികാരത്തിലേറിയ മുസ്ലിം ബ്രദർഹുഡിെൻറ നേരെ സ്വീകരിക്കേണ്ട സമീപനത്തെക്കുറിച്ച് ഗൾഫ് രാജ്യങ്ങൾക്കിടയിൽ അഭിപ്രായഭിന്നതകൾ രൂപപ്പെട്ടിരുന്നു. തെരഞ്ഞെടുക്കപ്പെട്ട പ്രസിഡൻറ് മുഹമ്മദ് മുർസിയെ പുറത്താക്കി പട്ടാള മേധാവി ജനറൽ അബ്ദുൽ ഫത്താഹ് സീസി ഇൗജിപ്തിെൻറ ഭരണം പിടിച്ചെടുക്കുകയും മുസ്ലിം ബ്രദർഹുഡിനെ നിരോധിക്കുകയും ചെയ്തതിൽപിന്നെ സീസിയെ പിന്തുണക്കുന്നവരും ബ്രദർഹുഡിെൻറ നേരെ മൃദുസമീപനം സ്വീകരിക്കുന്നവരും ജി.സി.സിയിലുണ്ടായി. 2014ൽ ഖത്തറിെൻറ സമീപനം തീവ്രവാദികൾക്കും ഭീകരർക്കും അനുകൂലമാണെന്നാരോപിച്ചുകൊണ്ട് സൗദി അറേബ്യയും യു.എ.ഇയും ബഹ്റൈനും ദോഹയിൽനിന്ന് തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ചതിനെ തുടർന്ന് രൂപപ്പെട്ട പ്രതിസന്ധി നിഷ്പക്ഷ നിലപാട് സ്വീകരിച്ച കുവൈത്തിെൻറ മധ്യസ്ഥതയിൽ ഒത്തുതീർപ്പിലെത്തിയതോടെ നീങ്ങിപ്പോവുകയാണുണ്ടായത്. അതിൽപിന്നെ ബന്ധങ്ങൾ സാധാരണനില പ്രാപിക്കുകയും യമനിൽ ഹൂതികൾക്കെതിരെ സൗദി അറേബ്യ ആരംഭിച്ച സൈനിക നടപടികളിൽ ഖത്തർ സഹകരിക്കുകയും ചെയ്തു. അതേസമയം, മേഖലയിൽ സംഘർഷം മൂർച്ഛിപ്പിക്കുന്ന ഇറാെൻറ നിലപാടുകൾ സൗദി അറേബ്യ, ബഹ്റൈൻ, യു.എ.ഇ മുതലായ രാജ്യങ്ങളെ കടുത്ത സമ്മർദത്തിലാക്കിയിരുന്നു. ബറാക് ഒബാമയുടെ നേതൃത്വത്തിൽ അമേരിക്ക ഇറാന് അനുകൂലമായി നീങ്ങുന്നുവെന്ന ആശങ്കയും ഇൗ രാജ്യങ്ങൾക്കുണ്ടായി.
തദ്വിഷയകമായി ഖത്തർ സ്വീകരിച്ച കരുതലോടുകൂടിയ സമീപനവും ഇൗ രാജ്യങ്ങളെ പ്രകോപിപ്പിച്ചു. ഇൗ സാഹചര്യത്തിലാണ് കടുത്ത മുസ്ലിംവിരുദ്ധനായി ആരോപിക്കപ്പെടുന്ന ഡോണൾഡ് ട്രംപ് അമേരിക്കയുടെ പ്രസിഡൻറാവുന്നതും മുൻഗാമി ഒബാമയുടെ പല നയങ്ങളും നടപടികളും തിരുത്തുന്നതും. ട്രംപിെൻറ സൗദി സന്ദർശനത്തിനുശേഷമാണ് ഖത്തറിനെതിരെ മൂന്ന് സഹോദര രാഷ്ട്രങ്ങളും ഇൗജിപ്തും ചേർന്ന ഉപരോധം പ്രഖ്യാപിച്ചതെന്നത് ശ്രദ്ധേയമാണ്. അേതയവസരത്തിൽ, ജി.സി.സി രാഷ്്ട്രങ്ങൾക്കിടയിലെ പ്രശ്നങ്ങൾ വൈകാതെ പരിഹരിക്കണമെന്നും പരസ്പരെഎക്യം തകരാതെ നോക്കണമെന്നുമുള്ള പ്രതികരണമാണ് അമേരിക്കയുടേതായി പുറത്തുവന്നിരിക്കുന്നത്. എല്ലാ ഗൾഫ് രാജ്യങ്ങളിലും സൈനികതാവളങ്ങൾ സ്ഥാപിച്ച അമേരിക്ക എവ്വിധം ചരടുവലികൾ നടത്തുമെന്ന് അറിയാനിരിക്കുന്നേയുള്ളൂ. അതേതായാലും തങ്ങളുടെ നേരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളത്രയും തീർത്തും നിഷേധിച്ച ഖത്തർ അനുരഞ്ജനത്തിനും സൗഹൃദ പുനഃസ്ഥാപനത്തിനും തയാറാവുമെന്നുതന്നെയാണ് കരുതേണ്ടത്. മുഖ്യവിഷയങ്ങളിൽ മതിയായ ഉറപ്പും തദനുസൃതമായ നടപടികളും ഖത്തറിെൻറ ഭാഗത്തുനിന്നുണ്ടായാൽ സൗദിയും ഒപ്പം നിൽക്കുന്നവരും കടുത്ത നിലപാട് തുടരാനിടയില്ല. ഇൗ പശ്ചാത്തലത്തിൽ ഇരുപക്ഷവുമായും സുഹൃദ്ബന്ധങ്ങൾ പുലർത്തുന്ന തുർക്കിയും സമദൂരനയം പ്രഖ്യാപിച്ച കുവൈത്തും ഒപ്പം ഒമാനും മധ്യസ്ഥശ്രമങ്ങൾ ആരംഭിച്ചുവെന്ന റിപ്പോർട്ടുകൾ ശുഭപ്രതീക്ഷക്ക് വകനൽകുന്നു.
ഇന്ത്യയുമായി വ്യാപാര^വാണിജ്യ ബന്ധങ്ങൾ ഉൗഷ്മളമായി തുടരുന്ന ജി.സി.സി രാഷ്ട്രങ്ങൾക്കിടയിൽ പൊട്ടിപ്പുറപ്പെട്ട അസ്വാരസ്യങ്ങൾ എത്രയും പെെട്ടന്ന് അവസാനിക്കണമെന്നാണ് നമ്മുടെ താൽപര്യവും പ്രാർഥനയും. 60 ലക്ഷം ഇന്ത്യക്കാർ പശ്ചിമേഷ്യയിൽ തൊഴിലെടുക്കുന്നു, അവരിൽ ഭൂരിഭാഗവും ഗൾഫ് മേഖലയിലാണുതാനും. ഖത്തറിൽ മാത്രമുണ്ട് ആറുലക്ഷം ഇന്ത്യക്കാർ. അവരിൽ ഭൂരിഭാഗവും മലയാളികളുമാണ്. ഇപ്പോൾതന്നെ നല്ലൊരുഭാഗം മലയാളികൾ സ്വദേശങ്ങളിലേക്ക് മടങ്ങാൻ ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കെ ഖത്തറുമായുള്ള വ്യോമഗതാഗതം അയൽരാജ്യങ്ങൾ നിർത്തിവെച്ചത് അവരെ അസ്വസ്ഥരാക്കുന്നുണ്ട്. ഭക്ഷ്യസാധനങ്ങളിൽ 40 ശതമാനവും സൗദിയിൽനിന്നെത്തുന്ന ഖത്തറിൽ കരമാർഗമുള്ള ഗതാഗതസ്തംഭനം മറ്റ് പ്രയാസങ്ങളും സൃഷ്ടിക്കും. ഒന്നും ഭയപ്പെടാനില്ലെന്നും ജീവിതം സാധാരണപോലെ നടക്കുമെന്നുമുള്ള ഖത്തർ ഭരണകൂടത്തിെൻറ ഉറപ്പ് തീർച്ചയായും ആശ്വാസം പകരുന്നതാണ്. 2022ലെ വേൾഡ് കപ്പ് ഫുട്ബാൾ മത്സരങ്ങൾക്കുള്ള ഒരുക്കങ്ങളുമായി ബന്ധപ്പെട്ടാണ് ഇന്ത്യക്കാരിൽ ഗണ്യമായ ഭാഗം ഖത്തറിൽ ജോലിചെയ്യുന്നത്. ലോകകപ്പ് ഫുട്ബാൾ ഖത്തറിെൻറ അഭിമാന പ്രശ്നമായതുകൊണ്ട് അത് മുടങ്ങാതിരിക്കാൻ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളോടും ആ കൊച്ചുരാഷ്ട്രം സഹകരിക്കുമെന്ന് തീർച്ചയാണ്. ഗൾഫ് മേഖല സാമ്പ്രദായിക ശത്രുക്കളുടെ വഴിവിട്ട കളികൾക്ക് വേദിയാവാതിരിക്കാനുള്ള വിവേകവും രാജ്യതന്ത്രജ്ഞതയും സൗദി അറേബ്യയും യു.എ.ഇയും പ്രദർശിപ്പിക്കുമെന്നും ന്യായമായും പ്രതീക്ഷിക്കാവുന്നതാണ്. ദേശീയ താൽപര്യങ്ങൾ മുൻനിർത്തി, ഗൾഫ് എത്രയുംവേഗം സാധാരണ നിലയിലേക്ക് മടങ്ങാനുള്ള ഇടപെടലുകൾ ത്വരിതപ്പെടുത്താനായിരിക്കെട്ട ഇന്ത്യയുടെയും നീക്കങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
