പതിനഞ്ചു വര്‍ഷത്തിനു ശേഷവും എഴുന്നേറ്റ് നില്‍ക്കുന്ന മനുഷ്യര്‍
text_fields‘‘ഒന്നര പതിറ്റാണ്ടിന് ശേഷവും കൂടെ നില്‍ക്കുന്ന മനുഷ്യരാണ് നീതിക്കായുള്ള പോരാട്ടത്തിന് കരുത്തു പകരുന്നത്’’ -ഗുജറാത്ത് കലാപത്തിന്‍െറ പതിനഞ്ചാം വാര്‍ഷിക ദിനത്തില്‍, 2017 ഫെബ്രുവരി 28ന്, ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ളബില്‍ സംഘടിപ്പിച്ച ചടങ്ങില്‍, കലാപത്തിനിടെ ചുട്ടുകൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്‍റ് അംഗവുമായ ഇഹ്സാന്‍ ജാഫരിയുടെ ഭാര്യ സകിയ ജാഫരി പറഞ്ഞ വാക്കുകളാണിത്. ഗുജറാത്ത് കലാപത്തെക്കുറിച്ച് ഈ കോളത്തില്‍ പലവട്ടം ധാരാളം എഴുതിയിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വേദനയിറ്റുന്ന ഓര്‍മയുടെ പേരാണത്. അതെക്കുറിച്ച് കേള്‍ക്കാത്തവരും പറയാത്തവരും ആരുമുണ്ടാവില്ല. പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷവും അതെക്കുറിച്ച് സംസാരിച്ചുകൊണ്ടേയിരിക്കേണ്ടി വരുന്നു എന്നതു തന്നെയാണ് ആ സംഭവത്തിന്‍െറ ഗൗരവം.
ഇന്നിപ്പോള്‍, ആ സംഭവത്തിന് നേതൃത്വം നല്‍കിയ ആളെന്ന് പരക്കെ വിശേഷിപ്പിക്കപ്പെടുന്ന ഒരാള്‍ നാടിന്‍െറ പ്രധാനമന്ത്രിയും മറ്റൊരാള്‍ നാട് ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷനുമാണ്. അങ്ങനെയിരിക്കെ, കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ നാം ഗുജറാത്തിനെ മുന്‍നിര്‍ത്തി രൂപപ്പെടുത്തിയ ജാഗ്രതകള്‍ക്ക് വലിയ ഗുണമുണ്ടായില്ല എന്ന നിഗമനത്തിലത്തൊന്‍ കഴിയും. ചരിത്രത്തിലെ ആ ഹീന കൃത്യത്തിന് നേതൃത്വം നല്‍കിയവരെതന്നെ ജനാധിപത്യ ഇന്ത്യ അതിന്‍െറ സാരഥ്യം ഏല്‍പിച്ചുവെന്നു വന്നാല്‍, നാടിനെ കുറിച്ചുള്ള ശുഭപ്രതീക്ഷകള്‍ കൈവിടാനുള്ള വലിയ ന്യായമാണത്. പച്ച മനുഷ്യരെ പച്ചക്ക് ചുട്ടുകൊന്ന് ശൂലത്തില്‍ കുത്തിയെടുത്ത് നൃത്തമാടിയവരെ, അതിനു നേതൃത്വം നല്‍കിയവരെ, അതിനെ ന്യായീകരിച്ചവരെ, പിന്തുണച്ചവരെ...നാടിന്‍െറ നേതൃത്വം ഏല്‍പിക്കുന്നതാണ് ജനാധിപത്യമെങ്കില്‍ പിന്നെ ഇതിനൊക്കെ എന്തര്‍ഥം എന്ന അശുഭചിന്ത ആരും എളുപ്പം പങ്കുവെച്ചു പോകും. എത്രയെത്ര കവിതകളും കഥകളും ലേഖനങ്ങളും നാമെഴുതി! മനസ്സിനെ പിടിച്ചുലക്കുന്ന എത്രയെത്ര സിനിമകളുണ്ടായി! ബുദ്ധിജീവികളും എഴുത്തുകാരും കലാകാരന്മാരുമായ നല്ല മനുഷ്യര്‍ എത്രയധികം അതെക്കുറിച്ച് സംസാരിച്ചു! എന്നിട്ടും ഈ നാട് പിന്നെയും മനുഷ്യരെ കൊല്ലുന്ന ആ അക്രമിക്കൂട്ടത്തെ പിന്തുണച്ചല്ളോ എന്ന അശുഭ ചിന്ത. പക്ഷേ, ആ കലാപത്തിന്‍െറ നേരിട്ടുള്ള ഇരയായ, വിധവയായ, നിസ്സഹായയായ സകിയ ജാഫരി പറയുന്നു; അശുഭചിന്തകള്‍ക്ക് സ്ഥാനമില്ല. ഇത് എഴുന്നേറ്റ് നില്‍ക്കുന്ന മനുഷ്യരുടെകൂടി നാടാണ്.
എഴുന്നേറ്റ് നില്‍ക്കുന്നതിനെ കുറിച്ച സകിയയുടെ സംസാരത്തിന് വലിയ ആഴമുണ്ട്. കാരണം, എഴുന്നേറ്റ് നില്‍ക്കുന്നതും ശരിയാംവിധം സംസാരിക്കുന്നതും വലിയ അപരാധമായിക്കഴിഞ്ഞ കാലത്താണ് നാം ജീവിക്കുന്നത്. പക്ഷേ, അങ്ങേയറ്റം നിസ്സഹായരാക്കപ്പെട്ടവരെ സംബന്ധിച്ചിടത്തോളം എഴുന്നേറ്റ് നില്‍ക്കാന്‍ നാട്ടില്‍ ആളുകളുണ്ട് എന്നത് മാത്രമാണ് അവരെ അതിജീവിക്കാന്‍ പ്രാപ്തമാക്കുന്നത്. അതുമില്ലായിരുന്നെങ്കില്‍ അവര്‍ തന്നെ ഇല്ലാതായി പോവുമായിരുന്നു. അതായത്, നട്ടെല്ലുള്ള മനുഷ്യരുടെ വംശം ഇല്ലാതായിപ്പോയാല്‍ ഇല്ലാതാവുന്നത് നമ്മുടെ ജനാധിപത്യ ഇന്ത്യ തന്നെയാണ്. അതിനാല്‍, പതിനഞ്ചാം ആണ്ടിന്‍െറ ഈ നേരത്ത് കുനിയാതെ നില്‍ക്കുക എന്നതു തന്നെയാണ് നാം മനസ്സിലുറപ്പിച്ച് പുതുക്കേണ്ട പ്രതിജ്ഞ.
ഗുജറാത്തിന്‍െറ പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷവും മാറാതെ ബാക്കിയാവുന്ന പ്രവണത, ഗുജറാത്തിന്‍െറ മണം ഇപ്പോഴും അന്തരീക്ഷത്തിലുണ്ട് എന്നതാണ്. ഡല്‍ഹിയിലെ വിവിധ സര്‍വകലാശാലകളെ ചുറ്റിപ്പറ്റി പുറത്തുവരുന്ന വാര്‍ത്തകളില്‍ ആ മണമുണ്ട്. ഉച്ചത്തില്‍ സംസാരിച്ച ഒരു കോളജ് വിദ്യാര്‍ഥിനിക്കെതിരെ മന്ത്രിമാരും ഭ്രാന്തന്‍ ആള്‍ക്കൂട്ടവും ആക്രോശങ്ങളോടെ വരുമ്പോള്‍ നാം ശരിക്കും ഭയന്നുപോവുന്നുണ്ട്. നമ്മുടെ രാജ്യമാകെയും ഗുജറാത്തിന്‍െറ വക്കത്തോ എന്ന് നാം ശങ്കിച്ചു പോകുന്നുണ്ട്.
പക്ഷേ, പിന്നെയും നാം ശുഭചിന്തകള്‍ പങ്കുവെക്കുക. കാരണം, സര്‍വകലാശാലകളില്‍ നിന്നുതന്നെ വേറിട്ട സ്വരങ്ങള്‍ ധാരാളം ഉയരുന്നുണ്ട്. ആ കുട്ടികള്‍ നമ്മുടെ ജനാധിപത്യത്തിന്‍െറ ഭാവിയാണ്. അവരെ ഭീഷണിപ്പെടുത്തുന്തോറും അവര്‍ പതിന്മടങ്ങ് ശക്തിയോടെ ഒച്ചവെക്കുന്നുണ്ട്. അതിനാല്‍, എന്‍െറ ഇന്ത്യ ഗുജറാത്തിന് ശേഷവും; പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷവും തുടിപ്പോടെ ജീവിച്ചിരിക്കും എന്നുറപ്പിക്കേണ്ടത് ജനാധിപത്യവാദികളായ മുഴുവന്‍ മനുഷ്യരുടെയും ഉത്തരവാദിത്തമാണ്. ഇരകളെന്ന അപകര്‍ഷബോധത്തെ കുടഞ്ഞുതെറിപ്പിച്ച് ഇത് എന്‍െറകൂടി നാടാണ്; എനിക്കും ധാരാളം ചെയ്യാനുണ്ട്; അത് ഞാന്‍ ചെയ്തിരിക്കും എന്ന പ്രതിജ്ഞയാണ് നാം എടുക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
