Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഗുജറാത്തും ഇന്ത്യയും രണ്ടു പതിറ്റാണ്ടിനിപ്പുറം
cancel

ണ്ടായിരത്തിലധികം മനുഷ്യജീവനുകളെ ഇല്ലാതാക്കിയ, പതിനായിരങ്ങൾ കുടിയിറക്കപ്പെട്ട, നൂറുകണക്കിന് സ്ത്രീകൾ ബലാത്സംഗംചെയ്യപ്പെട്ട ഒരു വർഗീയാതിക്രമം മാ​​ത്രമായി ഗുജറാത്ത്‍ വംശഹത്യയെ വിലയിരുത്താനാവില്ല. അതിനപ്പുറം, ഇന്ത്യയിൽ മുസ്‍ലിംന്യൂനപക്ഷത്തിന്‍റെ ജീവിതംതന്നെ വലിയ ചോദ്യചിഹ്നമായി മാറിയ നിർണായക ചരിത്രസന്ധി എന്നുകൂടി അതിനെ നിരീക്ഷിക്കാവുന്നതാണ്. ബഹുസ്വര, മതേതര ഇന്ത്യ എന്ന ആശയത്തിന്റെ ആത്മാവിനെ അത്യധികം കള​ങ്കപ്പെടുത്തിയ സംഭവത്തിന്​ രണ്ടു പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. 2002 ഫെബ്രുവരി 27നായിരുന്നു ഗോധ്രയിൽ സബർമതി എക്സ്​പ്രസിന്​ അക്രമികൾ തീവെച്ചതിനെ തുടർന്ന്​ അയോധ്യയിൽനിന്നു മടങ്ങുകയായിരുന്ന കർസേവകരടക്കം​ 59 പേർ ദാരുണമായി കൊല്ലപ്പെട്ടത്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. തീർത്തും ആസൂത്രിതമായ മുസ്‍ലിംവിരുദ്ധ ആക്രമണങ്ങളായിരുന്നു അതൊക്കെയും. ഗുജറാത്തിലെ 26 ജില്ലകളിൽ 20ലും ഗോധ്ര സംഭവത്തിന്റെ പിന്നാലെ ആക്രമണമുണ്ടായി എന്നു വരുമ്പോൾ, അതൊട്ടും യാദൃച്ഛികമാകില്ല. ഇക്കാര്യം പിന്നീട് വിവിധ വസ്തുതാന്വേഷണ സംഘങ്ങളും സ്വതന്ത്ര അന്വേഷണ ഏജൻസികളുമെല്ലാം കൃത്യമായ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും വെളിച്ചത്തിൽ തെളിയിച്ചതാണ്. സമാനതകളില്ലാത്ത വംശഹത്യയുടെ ചേതോവികാരമെന്തായിരുന്നുവെന്ന് തുടക്കത്തിലേ വ്യക്തമായിരുന്നു; കൂട്ടക്കുരുതിക്ക് നേതൃത്വം നൽകിയവരെക്കുറിച്ചും അണിയറയിൽ ചരടുവലിച്ചവരെക്കുറിച്ചും ജനസാമാന്യത്തിന് കൃത്യമായ ധാരണയുമുണ്ട്. എന്നിട്ടും, വംശഹത്യയെ അതിജീവിച്ച ഇരകൾ ഇപ്പോഴും നീതിക്കായി അലയുകയാണ്. വേട്ടക്കാരാവട്ടെ, അധികാരത്തിന്റെ ശീതളിമയിൽ 'ഗുജറാത്ത് മോഡൽ' രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്നു.

90കളുടെ ഒടുവിൽ ഗുജറാത്തിൽ ബി.ജെ.പി അധികാരത്തിലെത്തിയശേഷം, ആ സംസ്ഥാനത്തിന് ഹിന്ദുത്വ ഫാഷിസത്തിന്റെ പരീക്ഷണശാല എന്നൊരു വിശേഷണം പല സാമൂഹികശാസ്ത്രജ്ഞരും അക്കാദമിക പണ്ഡിതരും ചാർത്തിക്കൊടുത്തിരുന്നു. ബാബരിധ്വംസനശേഷം രാജ്യത്ത് രൂപപ്പെട്ട മുസ്‍ലിംവിരുദ്ധ മനോഭാവംതന്നെയായിരുന്നു പശ്ചാത്തലം. വിദ്വേഷത്തിന്റെയും മുസ്‍ലിം അപരവത്കരണത്തിന്റെയും പ്രതിലോമ രാഷ്ട്രീയമുറകൾ ഹിന്ദുത്വയുടെ വക്താക്കളും പ്രചാരകരും സ്വീകരിച്ചുതുടങ്ങിയത് ആ സമയം മുതലാണ്. ആ രാഷ്ട്രീയപരീക്ഷണങ്ങൾ കൃത്യമായി നടപ്പാക്കിയ സംസ്ഥാനമായിരുന്നു ഗുജറാത്ത്. കേശുഭായ് പട്ടേലിനുശേഷം നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിപദത്തിൽ വന്നപ്പോൾ അതിന് വേഗംവെച്ചുവെന്നു മാത്രം. അതുകൊണ്ടുതന്നെ, രാജ്യത്തെ പല സംസ്ഥാനങ്ങളിലും അരങ്ങേറിയതുപോലൊരു വർഗീയ കലാപമായി ഇതിനെ കാണാനാവില്ല. ​വെറുപ്പിന്റെ വൈറസുകൾ വിതച്ച്, മുസ്‍ലിം അപരവത്കരണത്തിന് കൃത്യമായ പാത​യൊരുക്കിയശേഷമായിരുന്നു ഉന്മാദികളായ ഹിന്ദുത്വപ്പട അവിടെ അഴിഞ്ഞാടിയത്. ആദ്യം മുസ്‍ലിംകളെ നിന്ദ്യന്മാരും കൊള്ളരുതാത്തവരും അധാർമികരുമായി ചിത്രീകരിച്ചു. മാംസം ഭക്ഷിക്കുന്നവർ സ്വാഭാവികമായും ധർമദീക്ഷയില്ലാത്തവരാകുമെന്ന് പ്രചരിപ്പിക്കപ്പെട്ടു. ഈ പ്രചാരണങ്ങൾക്ക് അവിടത്തെ മുഖ്യധാരാ മാധ്യമങ്ങളും ഏതാനും ഗാന്ധിയന്മാരുംവരെ കുടപിടിച്ചുവെന്നതാണ് വസ്തുത. ഇത്തരം പ്രചാരണങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ട വെറുപ്പിന്റെ സ്വാഭാവിക പരിണതിയായിരുന്നു ആ വംശഹത്യ.

നരോദ്യപാട്യയിലും ഗുൽബർഗ്​ സൊസൈറ്റിയിലുമൊക്കെ അരങ്ങേറിയ ആൾക്കൂട്ടത്തിന്റെ തേർവാഴ്ച ഇന്നിപ്പോൾ രാജ്യമെങ്ങും നിർബാധം നടന്നുകൊണ്ടിരിക്കുന്നു. ഗുജറാത്തിലെ ഹിന്ദുത്വ പരീക്ഷണം രാജ്യം മു​ഴുവനും ഇങ്ങനെ വ്യാപിക്കപ്പെട്ടതിന് പല കാരണങ്ങളുമുണ്ട്. തീർച്ചയായും, അന്ന് ഗുജറാത്തിനെ നയിച്ച മോദി പ്രധാനമന്ത്രിക്കസേരയിലെത്തിയത് അതിലൊന്നാണ്. അതുവരെയും സമാന്തര ഭരണകൂടമായി മാത്രമായി പ്രവർത്തിച്ചിരുന്ന സംഘ്പരിവാറിന് രാജ്യത്തിന്റെ പ്രത്യക്ഷഭരണം കൈവന്നു. അതോടെ, അജണ്ടകളിലേക്ക് നേരിട്ടു കടക്കുന്നതിന് അവർക്ക് പ്രത്യേകിച്ച് തടസ്സമൊന്നുമില്ലാതായി. പൗരത്വ നിയമഭേദഗതിയടക്കം എത്രയെത്ര നിയമങ്ങളാണ് ആ ദിശയിൽ ഇക്കഴിഞ്ഞ ഏഴു വർഷത്തിനിടെ ചുട്ടെടുക്കപ്പെട്ടത്! സംഘ്പരിവാർ നിയന്ത്രണത്തിലുള്ള സംസ്ഥാനങ്ങൾ മതപരിവർത്തന നിരോധന നിയമമടക്കം ജനാധിപത്യവിരുദ്ധമായ എത്രയോ ഇടപെടലുകളും ഇതേ കാലത്ത് നടത്തി. ആൾക്കൂട്ട കൊലപാതകങ്ങളും വടക്കുകിഴക്കൻ ഡൽഹിയിൽ നടന്നതുപോലുള്ള വംശഹത്യകളും നേതാക്കളുടെ കലാപാഹ്വാന പ്രസംഗങ്ങളുമെല്ലാം നിത്യസംഭവങ്ങളായി. സംഘ്പരിവാറിന്റെ ഈ വഴിയിലുള്ള പ്രയാണത്തിന്റെ തുടക്കവും പ്രചോദനവുമെല്ലാം വിരൽചൂണ്ടുന്നത് 20 വർഷം മുമ്പത്തെ ആ സംഭവത്തിലേക്കാണ്. പാർലമെന്റിൽ മൃഗീയ ഭൂരിപക്ഷമു​െള്ളാരു പാർട്ടിയുടെ പ്രത്യയശാസ്ത്രം വംശഹത്യയുടെയും അപരവത്കരണത്തിന്റേതുമാകുമ്പോൾ, രാജ്യത്തിന്റെ ഗതിയും ഭാഗധേയവും അതേ ദിശയിലായിരിക്കും.

യാഥാർഥ്യം ഇതാണെങ്കിലും, ജനാധിപത്യസമൂഹത്തിന് നിസ്സംഗരായിരിക്കാൻ സാധ്യമല്ല. ഈ ഘട്ടത്തിൽ പോരാട്ടത്തിന്റെയും സംവാദത്തിന്റെയും പുതിയ വേദികൾ തുറക്കേണ്ടത് അവരുടെ ബാധ്യതതന്നെയാണ്. ഏറെ പ്രതീക്ഷാനിർഭരമായ കാര്യം അരികുവത്​കരിക്കപ്പെട്ടവർ സ്വന്തം അഭ്യുദയത്തിനു മറ്റാരെയും കാത്തുനിൽക്കാതെ മുന്നോട്ടുവരുന്നു എന്നതാണ്​. ഗുജറാത്തിലെ ഇരുളനുഭവങ്ങളിൽനിന്നു സ്വയം ശാക്തീകരണത്തിന്‍റെ വെളിച്ചത്തിലേക്ക്​ ഇരകൾ മത്സരിക്കുന്ന ശുഭവാർത്തകളും ഗുജറാത്തിൽനിന്നു വരുന്നുണ്ട്​. ഗുജറാത്ത് വംശഹത്യക്കാലത്ത് ഇരകളുടെ പ്രതീകമായി അവതരിപ്പിക്കപ്പെട്ട, കൈകൂപ്പി യാചിക്കുന്ന കുത്​ബുദ്ദീൻ അൻസാരിയും ബിൽക്കീസുമൊക്കെ അതിജീവനത്തിന്‍റെ ക്രിയാത്മക മാതൃകകൾ രചിക്കുകയാണി​േപ്പാൾ. അക്രമികൾ ചവിട്ടിമെതിച്ചിട്ടും ഭരണകൂടം അതിനു പാകത്തിൽ പാർശ്വവത്​കരിച്ചിട്ടും വിധിയെ പഴിച്ചു നിൽക്കാതെ അതിന്‍റെ ഗതി മാറ്റാൻ ജനാധിപത്യവഴിയിൽ അവർ പ്രതിരോധം തീർത്തുകൊണ്ടിരിക്കുന്നു. ആ മാറുന്ന മുഖങ്ങളാണ് പുതിയ കാലത്തിന്റെ പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam editorialGujarat riot
News Summary - Gujarat and India after two decades Madhyamam editorial
Next Story