Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഗവർണർ സ്വയം...

ഗവർണർ സ്വയം വെളിപ്പെടുത്തുമ്പോൾ

text_fields
bookmark_border
ഗവർണർ സ്വയം വെളിപ്പെടുത്തുമ്പോൾ
cancel

അനുദിനം വഷളായിവരുന്ന സംസ്ഥാന സർക്കാറുമായുള്ള പോരിലേക്ക് കൂടുതൽ എണ്ണ കോരിയൊഴിക്കുകയായിരുന്നു തിങ്കളാഴ്ച തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിലൂടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിക്ഷിപ്ത താൽപര്യങ്ങൾക്ക് വഴങ്ങാത്തതാണ് സർക്കാർ താനുമായി ഏറ്റുമുട്ടലിന് വഴിയൊരുക്കുന്നതെന്നു പറഞ്ഞ ഗവർണർ, വൈദേശിക പ്രത്യയശാസ്ത്രത്തിന്‍റെ വർഗശത്രുനിലപാടുകാരാണ് ഭരണത്തിലെന്നും അതിന്‍റെ കെടുതിയാണ് കാമ്പസിൽ മുതൽ കണ്ണൂരിലെ ചരിത്ര കോൺഗ്രസിൽ വരെ ഉണ്ടായ അനിഷ്ടസംഭവങ്ങൾക്ക് കാരണമെന്നുംകൂടി വ്യാഖ്യാനിച്ച് വിവാദത്തെ തീർത്തും രാഷ്ട്രീയവത്കരിച്ചു.

സർവകലാശാല, ലോകായുക്ത നിയമഭേദഗതി ബില്ലുകളിൽ ഒപ്പിടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഗവർണറുടെ അധികാരപരിധിയിൽ നിയമത്തിനും കീഴ് വഴക്കങ്ങൾക്കും വിരുദ്ധമായി മുഖ്യമന്ത്രി ഇടപെട്ടെന്നും കണ്ണൂർ വി.സി നിയമനത്തിൽ തന്‍റെ ഇംഗിതം നടപ്പാക്കാൻ രാജ്ഭവനിൽ നേരിട്ടെത്തി സമ്മർദമുണ്ടാക്കിയെന്നും ആരോപിച്ചു. ആർ.എസ്.എസ് തലവനെ അങ്ങോട്ടുചെന്ന് കണ്ടതിനെ ന്യായീകരിച്ചും സംഘ്പരിവാറിന്‍റെ രാഷ്ട്രീയനിലപാടിനെ പ്രകീർത്തിച്ചും സ്വന്തം രാഷ്ട്രീയചായ്വുകൾ ഗവർണർ കൃത്യമായി വെളിപ്പെടുത്തുകയും ചെയ്തു.

കണ്ണൂർ സർവകലാശാലയിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ടാണ് ഗവർണർ-സർക്കാർ പോര് കടുത്തത്. പിന്നീട് കലാശാലയിലെ ബന്ധുനിയമനം, മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫിലെ അതിരുവിട്ട നിയമനരീതി, ഗവർണറുടെയും ലോകായുക്തയുടെയും ചിറകരിയുന്നതടക്കമുള്ള ഭേദഗതി ബില്ലുകളിന്മേലുള്ള തർക്കങ്ങൾ എന്നിവയിലൂടെ അത് കൂടുതൽ രൂക്ഷമായിത്തീർന്നു. ഇടക്കാലത്ത് ഇരുവിഭാഗവും അനുരഞ്ജന വഴിയിലേക്ക് നീങ്ങിയെന്ന് തോന്നിയെങ്കിലും പിന്നെയും കാര്യങ്ങൾ പഴയപടിയിലെത്തി.

ഗവർണർ പതിവുരീതികളിൽനിന്ന് വിട്ട് സജീവ രാഷ്ട്രീയചർച്ചകളിലേക്കും സർക്കാർ വിമർശനങ്ങളിലേക്കും നീങ്ങിയപ്പോഴും ഭരണഘടന പദവിയുടെ അന്തസ്സ് പരിഗണിച്ച് നിസ്സംഗതയുടെയും ഒഴിഞ്ഞുമാറ്റത്തിന്‍റെയും ഔചിത്യമാർന്ന സമീപനമായിരുന്നു മുഖ്യമന്ത്രി സ്വീകരിച്ചുവന്നത്. എന്നാൽ, നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകാതെ വെച്ചുതാമസിപ്പിച്ച ഗവർണർ, മുഖ്യമന്ത്രിക്കും സർക്കാറിനുമെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയതോടെ മുഖ്യമന്ത്രിയും ഭരണകക്ഷി, മുന്നണി നേതാക്കളും പ്രതിരോധത്തിന് കച്ചമുറുക്കി. അതിനുപിറകെയാണ് ഗവർണർ ഇന്നെല വാർത്തസമ്മേളനം വിളിച്ച് തനിക്കുള്ളതെല്ലാം വെട്ടിത്തുറന്നു പറഞ്ഞത്.

കണ്ണൂരിൽ തനിക്കുനേരെ ആക്രമണമുണ്ടായപ്പോൾ സഹായക നിലപാട് സ്വീകരിച്ചതിനാണോ വി.സിക്കും കെ.കെ. രാഗേഷിനും ലഭിച്ച സ്ഥാനമാനങ്ങളെന്ന് പരിഹസിച്ച് രാഷ്ട്രീയ വിഴുപ്പലക്കിനുതന്നെ മുതിർന്നു അദ്ദേഹം. മാർക്സിസത്തെ പുറം പ്രത്യയശാസ്ത്രമെന്നു കുത്തിയ അദ്ദേഹം, കാമ്പസുകളിൽ മുതൽ മുഖ്യമന്ത്രിയുടെ വാർത്തസമ്മേളനത്തിൽ വരെ പ്രതിയോഗികളോട് സ്വേച്ഛാധിപത്യം പുലർത്തുന്ന രീതിയെയും അപഹസിച്ചു. ആരോപണത്തോടെ പ്രതിക്കൂട്ടിലായ സർക്കാർ പ്രതിസന്ധിക്ക് പ്രതിവിധി കാണാൻ നിർബന്ധിതരാണ്.

വിപുല അധികാരങ്ങളുണ്ടായിരുന്ന കോളനിവാഴ്ചക്കാലത്തേതിൽനിന്ന് ഭിന്നമായി, സംസ്ഥാന സർക്കാറിന് സഹായിയും മാർഗദർശിയും എന്നതരത്തിൽ കക്ഷിരാഷ്ട്രീയത്തിൽ നിന്നൊഴിഞ്ഞ രാഷ്ട്രപതിയുടെ, അഥവാ കേന്ദ്രത്തിന്‍റെ പ്രതിനിധി എന്നതാണ് ഭരണഘടന നിർമാണവേളയിൽ ഗവർണർ പദവിക്ക് കൽപിച്ചരുളിയത്. അധികാരങ്ങളുടെ കാര്യത്തിൽ ഭരണഘടന കൃത്യമായ തീർപ്പുപറഞ്ഞിട്ടില്ലെന്നിരിക്കെ ഭരണനിർവഹണത്തിന് സൗകര്യവും സൗന്ദര്യവും പ്രദാനം ചെയ്യുകയാണ് ഗവർണർ പദവിയുടെ ധർമം.

ജനങ്ങളോട് ഉത്തരവാദിത്തമുള്ള ഭരണകൂടത്തോട് ചേർന്നുപോകുകയും മാർഗനിർദേശം നൽകുകയുമാണ് കടമ എന്നു ഗവർണർ തിരിച്ചറിഞ്ഞേ മതിയാകൂ. എന്നാൽ, നിയമനം കേന്ദ്ര ഭരണകൂടത്തിന്‍റേതായതുകൊണ്ടുതന്നെ അത് അവരുടെ 'ഹിസ് മാസ്റ്റേഴ്സ് വോയ്സു'കളായി പരിണമിക്കുകയേ ഗവർണർമാർക്ക് വഴിയുള്ളൂ. ചോറിങ്ങും കൂറങ്ങും എന്ന ശൈലി സ്വീകരിച്ച് സ്വന്തം നില ഭദ്രമാക്കുകയാണ് ഇന്നോളം രാജ്യം കണ്ടുപോന്ന ഗവർണർ ഭരണരീതി. കേന്ദ്രത്തിന്‍റെ ഹിതാഹിതങ്ങൾക്ക് ഗവർണർ കരുവാകുന്നതിന്‍റെ പ്രത്യാഘാതം സ്വാതന്ത്ര്യാനന്തരം ആദ്യം കണ്ട സംസ്ഥാനം കൂടിയാണ് കേരളം -1959ൽ ക്രമസമാധാനനില ചൂണ്ടിക്കാട്ടി ഇ.എം.എസ് നമ്പൂതിരിപ്പാട് മന്ത്രിസഭയെ പിരിച്ചുവിട്ട ഏകാധിപത്യനടപടിയിലൂടെ. പിന്നീട് കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാറുകൾ ഓരോ ദശകത്തിലും ഒരു മന്ത്രിസഭയെയെങ്കിലും മറിച്ചിട്ട് 'പാരമ്പര്യം' കാത്തു.

തുടർന്ന് ഭരണം ബി.ജെ.പിയുടെ പിടിയിലമർന്നതോടെ അവർ കോൺഗ്രസിനെയും കടത്തിവെട്ടി.പല സംസ്ഥാനങ്ങളിലും ബി.ജെ.പി സർക്കാറിനെ കുടിയിരുത്തുന്നതും ഇതര ഭരണകൂടങ്ങളെ കുടിയിറക്കുന്നതും രാജ്ഭവന്‍റെ ഒത്താശയിലായി. മുഖ്യമന്ത്രിയെ ഭരണഘടനയും ജനാധിപത്യമൂല്യങ്ങളും സംബന്ധിച്ച് ഉദ്ബോധിപ്പിക്കുന്നുണ്ട് ഗവർണർ. എന്നാൽ, മുഖ്യമന്ത്രിയുമായുള്ള കത്തിടപാടുകൾ പുറത്തുവിട്ടും ഭരണകക്ഷിയെ രാഷ്ട്രീയമായി വെല്ലുവിളിച്ചും ഗവർണർ പദവിയെ അദ്ദേഹം എവിടെ കൊണ്ടെത്തിച്ചു എന്ന ചോദ്യം പ്രസക്തമാണ്.

ഗവർണർമാരെ റബർ സ്റ്റാമ്പുകളാക്കി കേന്ദ്ര ഭരണകൂടങ്ങൾ കളിക്കാനുള്ള സാധ്യത അനുഭവത്തിൽ തെളിഞ്ഞതുകൊണ്ടാവണം, 1966ൽ ഒന്നാം ഭരണ പരിഷ്കരണ കമീഷൻ മുതൽ 1988ൽ സർക്കാരിയ കമീഷൻ വരെ ഗവർണറുടെ തെരഞ്ഞെടുപ്പും ഉത്തരവാദിത്തവും സംബന്ധിച്ച ശിപാർശകളിൽ പറഞ്ഞ പ്രധാന കാര്യം, ആൾ കേന്ദ്രത്തിന്‍റെ ഏജന്‍റാവാൻ പാടില്ല എന്നാണ്. എന്നാൽ, 2001ൽ ഭരണഘടന പ്രവർത്തനം പുനരവലോകനം ചെയ്യാൻ നിയുക്തമായ ദേശീയ കമീഷൻ ചൂണ്ടിക്കാട്ടിയത്, ഗവർണർമാർ കേന്ദ്രത്തിന്‍റെ ഏജന്‍റുമാരായി മാറിയിരിക്കുന്നു എന്നായിരുന്നു. ആ ഏജൻസിപ്പണിക്ക് മാറ്റമൊന്നും വന്നില്ല എന്നുതന്നെ തെളിയിക്കുന്നു ഇപ്പോൾ ആരിഫ് മുഹമ്മദ് ഖാനും.

Show Full Article
TAGS:Arif Mohammad Khan 
News Summary - Governor Arif Mohammad Khan reveals himself
Next Story