ഗവർണറുടെ ഇടപെടലും ഉഭയകക്ഷി ധാരണകളും
text_fieldsപതിറ്റാണ്ടുകളായി കണ്ണൂർ ജില്ലയുടെ സ്വാസ്ഥ്യം കെടുത്തിയ സി.പി.എം^ആർ.എസ്.എസ് സംഘട്ടനങ്ങളും സംഘർഷങ്ങളും കൊലപാതകങ്ങളും നശീകരണ പ്രവർത്തനങ്ങളും ഒടുവിലത്തെ ഉഭയകക്ഷി ചർച്ചകളെത്തുടർന്ന് തെല്ലൊന്ന് ശമിച്ചു എന്നു തോന്നിയപ്പോഴാണ് തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തെ ജനങ്ങളെ മുഴുവൻ ഭീതിയിലാഴ്ത്തിക്കൊണ്ട് ഇരുപക്ഷവും ചോരക്കളിക്കും സംഹാരതാണ്ഡവത്തിനും ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. പതിവിന് വിപരീതമായി സംസ്ഥാന ഗവർണർതന്നെ പ്രശ്നത്തിലിടപെടുകയും ആഭ്യന്തര വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും രാജ്ഭവനിലേക്ക് വിളിച്ചുവരുത്തുകയും ചെയ്ത സംഭവം വിവാദപരമായിത്തീർന്നിരിക്കെത്തന്നെ ഭാവിയിൽ സമാധാനപരമായും ജനാധിപത്യപരമായും നീങ്ങാനും പ്രവർത്തിക്കാനും രക്തച്ചൊരിച്ചിലിന് വിരാമമിടാനും ഇരുപക്ഷത്തിനും ആവുമോ എന്ന ചോദ്യമാണുയരുന്നത്. തിരുവനന്തപുരം, കോട്ടയം, കണ്ണൂർ ജില്ലകളിൽ ഉഭയകക്ഷി ചർച്ചകളും സംസ്ഥാനതലത്തിൽ നേതൃയോഗവും ആഗസ്റ്റ് ആറിന് സർവകക്ഷിയോഗവും നടത്തുമെന്ന് ഗവർണറെ കണ്ടശേഷം ഉറപ്പുനൽകിയ മുഖ്യമന്ത്രി ആ ദിശയിലുള്ള നടപടികൾ കഴിഞ്ഞദിവസം ആരംഭിച്ചിട്ടുമുണ്ട്.
സംഘട്ടനങ്ങളും ഏറ്റുമുട്ടലുകളും അവസാനിപ്പിക്കാൻ സി.പി.എം^ബി.ജെ.പി നേതാക്കൾ ധാരണയിലെത്തിയതായി ബന്ധപ്പെട്ടവർ മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നു. എന്നാൽ, ക്രമസമാധാനപാലനം സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽപെട്ട കാര്യമാണെന്നിരിക്കെ കേന്ദ്രത്തിെൻറ പ്രതിനിധിയായ ഗവർണർ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും സമൻസയച്ച നടപടിക്കുള്ള പ്രകോപനം എന്താണെന്നത് ചൂടേറിയ ചർച്ചാവിഷയമാണ്. കേരളത്തെക്കാൾ എത്രയോ മോശമായ ക്രമസമാധാനനിലയുള്ള സംസ്ഥാനങ്ങളിൽ ഗവർണർമാർ ഇവ്വിധം ഇടപെട്ടതായി കാണുന്നില്ല. ക്രമസമാധാനം തീർത്തും തകർന്ന ഘട്ടങ്ങളിൽ കേന്ദ്രസർക്കാർ ആവശ്യപ്പെടുന്നതു പ്രകാരം ഗവർണർമാർ റിപ്പോർട്ട് അയക്കുകയും അതിന്മേൽ അനിവാര്യമാണെങ്കിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ കേന്ദ്രം ശിപാർശ ചെയ്യുകയുമാണ് ഭരണഘടനാപരമായ വഴക്കം. അത്രത്തോളമായില്ലെങ്കിലും സംസ്ഥാന സർക്കാർ ക്രമസമാധാന പാലനത്തിൽ പതറുന്നുവെന്ന് ബോധ്യപ്പെട്ടാൽ ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച് കാര്യങ്ങളന്വേഷിക്കുന്നതിലും അസ്വാഭാവികതയില്ല. പക്ഷേ, തിരുവനന്തപുരത്തെ സ്ഥിതി അത്രക്ക് വഷളായിട്ടുണ്ടെന്ന അഭിപ്രായം ആർക്കുമുണ്ടാവാനിടയില്ല. വഷളാവുന്നതിനു മുമ്പ് വേണം മതിയായ ജാഗ്രതയും നടപടികളുമെന്ന് ഗവർണർക്ക് തോന്നിയാലും തെരഞ്ഞെടുക്കപ്പെട്ട സർക്കാറുമായി ആശയവിനിമയമാവാം. എന്നാൽ, അതിനപ്പുറം കടന്ന്, ഒരു ആർ.എസ്.എസുകാരൻ കൊല്ലപ്പെടുേമ്പാഴേക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് മുഖ്യമന്ത്രിയെ വിളിച്ച് ഉത്കണ്ഠ അറിയിക്കുന്നതിലും ഗവർണർ മുഖ്യമന്ത്രിയെയും പൊലീസ് മേധാവിയെയും വിളിച്ചുവരുത്തുന്നതിലും ദുരൂഹമായ വേഗതയും ജാഗ്രതയുമുണ്ട് എന്ന് കരുതുന്നവരെ കുറ്റപ്പെടുത്താനാവില്ല. സമാന സാഹചര്യങ്ങളിൽ ബംഗാൾ ഗവർണർ മുഖ്യമന്ത്രി മമത ബാനർജിയെ രാജ്ഭവനിലേക്ക് വിളിച്ചപ്പോൾ അവർ ഹാജരാവാൻ വിസമ്മതിച്ചത് ഇൗ സന്ദർഭത്തിൽ ഒാർക്കേണ്ടതാണ്.
എന്തായാലും ഗവർണർ ഇടപെട്ടു, മുഖ്യമന്ത്രി പിണറായി വിജയൻ സമാധാന പുനഃസ്ഥാപനം ഉറപ്പുനൽകി, അതിനാവശ്യമായ നടപടികളും തുടങ്ങി. അത്രയും നല്ലത്. ഉഭയകക്ഷി ചർച്ചകളും സർവകക്ഷി യോഗവും മാർക്സിസ്റ്റ്^ആർ.എസ്.എസ് സംഘർഷങ്ങൾ ഇല്ലാതാക്കുന്നതിൽ വിജയിച്ചാൽ എല്ലാ വിഭാഗം ജനങ്ങളും അതിൽ സന്തോഷിക്കുകയേ ചെയ്യൂ. വിശിഷ്യാ അക്രമസംഭവങ്ങൾ ഒാരോന്ന് കഴിയുേമ്പാഴേക്ക് ഒരു മുന്നറിയിപ്പും ഇല്ലാതെ ബലപ്രയോഗത്തിലൂടെ ജനജീവിതം സ്തംഭിപ്പിക്കുന്ന ഹർത്താൽ എന്ന ബന്ദ് തടയുന്നതിൽ കോടതികൾപോലും പരാജയപ്പെട്ട സാഹചര്യത്തിൽ. രോഗികളെ ആശുപത്രികളിലെത്തിക്കുന്നതുപോലും ഹർത്താൽ അനുകൂലികൾ തടസ്സപ്പെടുത്തി എന്നാണ് ഇത്തവണ പുറത്തുവന്ന വാർത്ത. അത്യാവശ്യങ്ങൾക്ക് പുറത്തിറങ്ങിയ ഇരുചക്ര വാഹനങ്ങളെ വരെ വെറുതെ വിട്ടില്ല. കടകളും വീടുകളും ഒാഫിസുകളും പൊതു വാഹനങ്ങളും തകർക്കുക എല്ലാ രാഷ്ട്രീയ സംഘട്ടനങ്ങളുടെയും ഹർത്താലുകളുടെയും പൊതുരീതിയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇൗ ദുഃസ്ഥിതിക്കറുതി വരണമെങ്കിൽ ഗവർണറുടെ കണ്ണുരുട്ടലോ കോടതിയുടെ വിലക്കോ രാഷ്ട്രീയ നേതാക്കളുടെ ഉപവാസങ്ങളോ പര്യാപ്തമല്ല എന്നതാണ് അനുഭവം.
താത്ത്വികമായി ജനാധിപത്യത്തെ അംഗീകരിക്കാത്ത പാർട്ടികളാണെങ്കിൽപോലും ഭരണഘടന നിലനിൽക്കുവോളം പ്രായോഗികമായെങ്കിലും ഹിംസയും ബലപ്രയോഗവും രക്തച്ചൊരിച്ചിലും വെടിയണം. വഴിയാധാരമാവുന്ന വിധവകളെയും അനാഥരാവുന്ന കുഞ്ഞുങ്ങളെയുമോർത്തെങ്കിലും പരസ്പരം കഴുത്തറുക്കരുത്. കുടുംബനാഥെൻറ കഥകഴിച്ച് രക്തസാക്ഷികളെ സൃഷ്ടിക്കുന്നവർക്ക് ആരുടെയൊക്കെ കണ്ണീർ, എത്രകാലം ഒപ്പാൻ കഴിയുമെന്നാലോചിക്കണം. അതിലുപരി അനുയായികളെ രക്തസാക്ഷികളെന്നും ബലിദാനികളെന്നും പേർ വിളിച്ച് പണംപിരിച്ച് സ്മാരകങ്ങളും പ്രതിമകളും നിർമിച്ച് പുഷ്പാർച്ചനകൾ നടത്തുന്ന നേതാക്കളിൽ എത്രപേർ ഇന്നേവരെ കൊലക്കത്തിക്കിരയായിട്ടുണ്ടെന്ന കണക്കെടുപ്പും പ്രസക്തമാണ്. ഇൗ വക കാര്യങ്ങളിലൊന്നും ആത്മാർഥമായ പുനർവിചാരമുണ്ടായില്ലെങ്കിൽ, ഉഭയകക്ഷി ധാരണകളും സർവകക്ഷി തീരുമാനങ്ങളും ഭരണകർത്താക്കളുടെ ഉറപ്പുകളും എത്രയോ കഴിഞ്ഞുപോയിട്ടുണ്ടെന്നോർക്കുക. കൊലക്കത്തി ഉറയിലിടുക വളരെ എളുപ്പമാണ്, ഞങ്ങളത് പലതവണ ചെയ്തിട്ടുണ്ട് എന്നാണോ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
