ദേശീയ രാഷ്​ട്രീയത്തിലെ ശുഭവാർത്തകൾ

07:56 AM
02/08/2018
editorial

ഏതാനും മാസങ്ങൾക്കുശേഷം രാജ്യം പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കെ ദേശീയ രാഷ്​ട്രീയം കൂടുതൽ ചടുലമായിക്കൊണ്ടിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പ് രാജ്യത്ത് ഇതുവരെ നടന്ന മറ്റു തെരഞ്ഞെടുപ്പുകളെപ്പോലെയായിരിക്കില്ല എന്ന് ഓർമിപ്പിക്കുന്നവർ നിരവധിയുണ്ട്. 2019ലും ബി.ജെ.പിക്കുതന്നെയാണ് ഭൂരിപക്ഷം കിട്ടുന്നതെങ്കിൽ ഒരു പക്ഷേ, ആ സ്വഭാവത്തിലെ ഇന്ത്യയിലെ അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കും അത് എന്നാണ് അവർ ഓർമപ്പെടുത്തുന്നത്.  അതായത്, നിലവിലുള്ള ഭരണഘടന തന്നെ അടിമേൽ മാറ്റിമറിച്ച് തങ്ങളുടെ സിദ്ധാന്തങ്ങൾക്കനുസരിച്ചുള്ള ഒരു ഭരണഘടന രൂപപ്പെടുത്തിയെടുക്കാൻ അത് ബി.ജെ.പിക്ക് അവസരമൊരുക്കും എന്നാണ് അവർ പറയുന്നത്. ലോക്സഭയിലും മൂന്നിൽ രണ്ട് സംസ്​ഥാന അസംബ്ലികളിലും ബി.ജെ.പിക്ക് ഇപ്പോൾതന്നെ ഭൂരിപക്ഷമുണ്ട്. ഭരണഘടന ഭേദഗതിയിൽനിന്ന് ബി.ജെ.പിയെ തടയുന്നത് ആവശ്യമായ ഭൂരിപക്ഷം രാജ്യസഭയിലില്ല എന്നതു മാത്രമാണ്. എന്നാൽ, ഏതാനും വർഷങ്ങൾക്കുശേഷം രാജ്യസഭയിൽ അവർക്ക് ഭൂരിപക്ഷമുണ്ടാകും. അപ്പോൾപിന്നെ, അവരെ തടയാൻ ബാക്കിയുള്ള ഏക സ്​ഥലം ഇനി വരാൻ പോകുന്ന ലോക്സഭ മാത്രമായിരിക്കും. അതിനാൽ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ഭാഗധേയവുമായി ബന്ധപ്പെട്ട ചരിത്രപരമായ സന്ദർഭമാണ് എന്ന കാര്യത്തിൽ സംശയമില്ല. ശശി തരൂരിനെപ്പോലുള്ള കോൺഗ്രസ്​ നേതാക്കൾ കുറച്ചു നാളായി ഇതേക്കുറിച്ച് ഗൗരവത്തിൽ സംസാരിക്കുന്നുണ്ട്.

സംഘ്​പരിവാറി​െൻറ രാഷ്​ട്രീയമുന്നേറ്റങ്ങൾക്ക് കേവലമായ തെരഞ്ഞെടുപ്പ് വിജയങ്ങൾക്കപ്പുറത്തുള്ള മാനങ്ങളുണ്ടെന്ന ഓർമപ്പെടുത്തലുകൾ മതേതര രാഷ്​ട്രീയ കക്ഷികൾ പലപ്പോഴും ഗൗരവത്തിലെടുത്തിരുന്നില്ല. തങ്ങളുടെ സങ്കുചിത നേട്ടങ്ങളിലായിരുന്നു എപ്പോഴും അവരുടെ കണ്ണ്. എന്നാൽ, സാഹചര്യത്തി​െൻറ ഗൗരവത്തെ മനസ്സിലാക്കാൻ മുഖ്യധാരാ രാഷ്​ട്രീയ പാർട്ടികൾ ശ്രമിക്കുന്നുണ്ടെന്ന ശുഭവാർത്തകളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. ബി.ജെ.പിക്കെതിരായ വിശാല പ്രതിപക്ഷ സഖ്യത്തിന് മുഖ്യ പ്രതിപക്ഷകക്ഷിയായ കോൺഗ്രസ്​ തന്നെ മുൻകൈ എടുക്കുന്നുവെന്നതാണ് ഈ വിഷയത്തിലെ ശുഭസൂചകമായ കാര്യം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പാർലമ​െൻറ്​ അംഗങ്ങളെ സംഭാവന ചെയ്യുന്ന ഉത്തർപ്രദേശിൽ നിന്നുതന്നെ ഇതി​െൻറ ആദ്യ ചുവടുകൾ വരുന്നുവെന്നത് ആശാവഹമാണ്. ഫുൽപുർ, ഗോരഖ്പുർ, കൈരാന ഉപതെരഞ്ഞെടുപ്പുകളിൽ ഈ പരീക്ഷണം വിജയിക്കുകയും ബി.ജെ.പി ദയനീയ തോൽവി നേരിടുകയും ചെയ്തതാണ്. പരസ്​പരം പോരടിച്ചിരുന്ന എസ്​.പി, ബി.എസ്​.പി കക്ഷികളും കോൺഗ്രസും രാഷ്​ട്രീയ ലോക്ദളുമെല്ലാം ചേർന്ന് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ ബി.ജെ.പിയെ നിലംപരിശാക്കാൻ അവർക്ക് സാധിച്ചു. ഈ രാഷ്​ട്രീയ ധാരണ 2019ലെ പൊതുതെരഞ്ഞെടുപ്പിൽ ഔപചാരിക സഖ്യമെന്ന നിലക്ക് വളർത്തി മുന്നോട്ടുകൊണ്ടുപോകാൻ ബന്ധപ്പെട്ട പാർട്ടികൾ ധാരണയായി എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 80 സീറ്റുകളാണ് ഉത്തർപ്രദേശിലുള്ളത്. ഇതിൽ 35 സീറ്റിൽ ബി.എസ്​.പി, 32 സീറ്റിൽ എസ്​.പി, 10 സീറ്റിൽ കോൺഗ്രസ്​, മൂന്ന് സീറ്റിൽ ആർ.എൽ.ഡി എന്നിങ്ങനെയാണ് ഏതാണ്ട് എത്തിയ ധാരണ.

സമാനമായ വിശാല സഖ്യങ്ങൾക്കുവേണ്ടിയുള്ള ശ്രമങ്ങൾ മഹാരാഷ്​ട്ര, മധ്യപ്രദേശ്, രാജസ്​ഥാൻ, ഹരിയാന തുടങ്ങിയ സംസ്​ഥാനങ്ങളിലും ആരംഭിച്ചിട്ടുണ്ട്. മഹാരാഷ്​ട്രയിൽ എൻ.സി.പിയും കോൺഗ്രസും ബി.എസ്​.പിയും ഒന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്നതിനെക്കുറിച്ച ആലോചനകളാണ് നടക്കുന്നത്. മധ്യപ്രദേശ്, രാജസ്​ഥാൻ തുടങ്ങിയ സംസ്​ഥാനങ്ങളിലും ദലിത് മേഖലകളിൽ ബി.എസ്​.പിക്ക് നല്ല സ്വാധീനമുണ്ട്. ഏതു സാഹചര്യത്തിലും ഒറ്റക്ക് മത്സരിക്കുക എന്നത് ഒരു സിദ്ധാന്തംപോലെ കൊണ്ടുനടന്നിരുന്നവരായിരുന്നു ബി.എസ്​.പിക്കാർ. എന്നാൽ, രാജസ്​ഥാനിലും മധ്യപ്രദേശിലും കോൺഗ്രസുമായി ചേർന്ന് മത്സരിക്കുന്നതിൽ ഇപ്പോൾ ആ പാർട്ടിക്ക് താൽപര്യമുണ്ട്. വിശാല സഖ്യത്തിനുവേണ്ടിയുള്ള ഈ ശ്രമങ്ങൾ വിജയിക്കുകയാണെങ്കിൽ അത് ഇന്ത്യൻ ജനാധിപത്യത്തിന് നൽകുന്ന സംഭാവനകൾ വലുതായിരിക്കും.

വ്യത്യസ്​ത രാഷ്​ട്രീയ ആശയങ്ങൾ പിന്തുടരുന്ന, അതേ സമയം ജനാധിപത്യത്തി​െൻറയും മതേതരത്വത്തി​െൻറയും പൊതുമൂല്യങ്ങളിൽ പരസ്​പരം യോജിപ്പുള്ള പാർട്ടികൾ സഖ്യം ചേരുകയും മുന്നണിയാവുകയും ചെയ്യുന്നത് ജനാധിപത്യത്തെ കൂടുതൽ ബഹുസ്വരമാക്കുകയും ശക്​തിപ്പെടുത്തുകയും ചെയ്യും. അതായത്, ഈ വിശാല സഖ്യം യാഥാർഥ്യമാവുകയും അത് അധികാരത്തിലെത്തുകയും ചെയ്യുകയാണെങ്കിൽ അത് ഇന്ത്യൻ ജനാധിപത്യത്തെ മുമ്പുള്ളതിനെക്കാൾ മെച്ചപ്പെട്ട അവസ്​ഥയിലെത്തിക്കും എന്ന കാര്യത്തിൽ സംശയമില്ല. പല കാരണങ്ങളാൽ ദേശീയ മുഖ്യധാരയുടെ പുറത്ത് നിർത്തപ്പെട്ട സാമൂഹിക വിഭാഗങ്ങൾക്കും ഭൂമിശാസ്​ത്ര മേഖലകൾക്കും പൊതുധാരയിൽ ഇടം നേടിയെടുക്കാൻ അത് സഹായിച്ചേക്കും. ആ നിലയിൽ നോക്കുമ്പോൾ രൂപപ്പെടാനിരിക്കുന്ന വിശാല സഖ്യം ബി.ജെ.പിയെ തോൽപിക്കുക എന്ന കേവല രാഷ്​ട്രീയ വിജയത്തിനപ്പുറം നമ്മുടെ ജനാധിപത്യത്തെയും ബഹുസ്വരതയെയും സമ്പന്നമാക്കുന്ന വലിയൊരു മുന്നേറ്റമായി അടയാളപ്പെടുത്തപ്പെടും.

Loading...
COMMENTS