Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightനന്മ നിറഞ്ഞ മനുഷ്യരും...

നന്മ നിറഞ്ഞ മനുഷ്യരും സംഘങ്ങളും

text_fields
bookmark_border
editorial
cancel

നമ്മുടെ നാടൊന്നാകെ കടന്നുപോകുന്നത് അസാധാരണ സാഹചര്യത്തിലൂടെയാണ്. പ്രളയക്കെടുതിയിൽ വിറങ്ങലിച്ചിരിക്കുന്നു കേരളം. മുറിയാതെ പെയ്യുന്ന പേമാരിയും കുത്തിയൊലിച്ച് ആർത്തിരമ്പിവരുന്ന വെള്ളപ്രവാഹവും ജീവനെടുത്തത് മുപ്പതിലധികം ആളുകളുടെ. കാണാതായവർ പത്തിലധികം. 14 ജില്ലകളും മഴക്കെടുതിക്ക് ഇരയായിരിക്കുന്നു. എട്ടു ജില്ലകളിലും അതിജാഗ്രത (റെഡ് അലർട്ട്) പ്രഖ്യാപിക്കേണ്ടിവന്നു. കേരളത്തിലെ മുഴുവൻ അണക്കെട്ടുകളും ചരിത്രത്തിലാദ്യമായി തുറന്നു. െവള്ളത്താൽ ചുറ്റപ്പെട്ട് ഒറ്റപ്പെട്ട പ്രദേശങ്ങൾ നൂറുകണക്കിന്. അറുപതിനായിരത്തിലധികം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ. തകർന്ന റോഡുകളുടെയും നശിച്ച കൃഷിയുടെയും വളർത്തുമൃഗങ്ങളുടെ നഷ്​ടത്തി​െൻറയും പൂർണമായും ഭാഗികമായും കേടുപറ്റിയ കെട്ടിടങ്ങളുടെയൊക്കെ പൂർണമായ കണക്കുകൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. പ്രാഥമികമായി 8316 കോടിയുടെ നാശനഷ്​ടമാണ് സർക്കാർ കണക്കുകൂട്ടിയിരിക്കുന്നത്. ചുരുക്കത്തിൽ, സമീപകാല ചരിത്രത്തിലെ ഏറ്റവും വലുതും വ്യാപകത്വവുമുള്ള പ്രളയദുരന്തത്തെ അതിജീവിക്കാനുള്ള തത്രപ്പാടിലാണ് എല്ലാവരും.

ഒരു ദുരന്തത്തെ അതിജീവിക്കാനുള്ള പ്രഥമ പടി എണ്ണയിട്ട യന്ത്രംകണക്കെ പ്രവർത്തനക്ഷമമായ സർക്കാർ മെഷിനറിയാണ്. സ്വാഭാവികമായുണ്ടാകുന്ന, ഒറ്റപ്പെട്ട അപവാദങ്ങൾ മാറ്റിനിർത്തിയാൽ സർക്കാർ സംവിധാനങ്ങൾ അഭിനന്ദനാർഹമായ രീതിയിൽ കാര്യക്ഷമമായി പണിയെടുത്തിരിക്കുന്നു. വില്ലേജ് ഓഫിസിലെ ജീവനക്കാർ മുതൽ മുഖ്യമന്ത്രിവരെയുള്ള എല്ലാതലങ്ങളിലുമുള്ളവർ സമയവും ജീവനും തൃണവത്​ഗണിച്ചുകൊണ്ട്​ നടത്തിയ സേവനങ്ങൾ ഏറെ ശ്ലാഘനീയവും മഹാ പ്രളയക്കെടുതി വേഗത്തിൽ അതിജീവിക്കാനാകുമെന്ന് പ്രത്യാശ നൽകുന്നതുമാണ്. ഒറ്റപ്പെട്ട ദുരനുഭവങ്ങളിൽ ഏറ്റവും പ്രധാനം ബാണാസുര അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടുവെന്ന വയനാട് കലക്ടറുടെ പരാതിയാണ്. വലിയ നാശനഷ്​ടത്തിനിടയാക്കിയ ഈ അലംഭാവത്തിന്​ ഉത്തരവാദികളായവ​െരക്കുറിച്ച് അടിയന്തരമായി അന്വേഷിക്കുകയും നടപടി സ്വീകരിക്കുകയും വേണം. അവരുടെ ഉത്തരവാദിത്തരഹിത ചെയ്തികൾ നിമിത്തം മുഴുവൻ സർക്കാർ ഉദ്യോഗസ്ഥരും ഈ പ്രളയ കാലത്ത് നിർവഹിച്ച സ്തുത്യർഹമായ സേവനത്തി​െൻറ വിലകൂടിയാണ് കെടുത്തിയിരിക്കുന്നത്. 

കേന്ദ്ര സർക്കാറി​െൻറയും ഇതര സംസ്ഥാന സർക്കാറുകളുടെയും സഹായഹസ്തവും വിലപ്പെട്ടതും ആശ്വാസകരവുംതന്നെ. ആർദ്രതയുള്ള ജനങ്ങളുടെയും സേവനസജ്ജരായ സന്നദ്ധസംഘങ്ങളുടെയും കരുതലും സ്നേഹോഷ്മളമായ ചേർന്നുനിൽപുമാണ് ദുരന്തകാലത്തെ മറികടക്കാനുള്ള മറ്റൊരു പോംവഴി. ഓരോ മലയാളിക്കും അഭിമാനിക്കാനാകുംവിധം എത്രയത്രെ സന്നദ്ധ സംഘങ്ങളും കൂട്ടായ്മകളുമാണ് ദുരിതത്തി​െൻറ ഒന്നാം ദിനം മുതൽ എല്ലാ തിരക്കുകളും ഉപേക്ഷിച്ച് ദുരിതം ബാധിച്ചവർക്ക് സമാശ്വാസവുമായെത്തിയത്. വ്യവസായ പ്രമുഖരും സാധാരണക്കാരും പ്രവാസികളും സാംസ്കാരിക വ്യക്തിത്വങ്ങളുമെല്ലാം അഹമഹമികയാ സേവനസജ്ജരായി ദുരന്തബാധിതരുടെ കണ്ണീരൊപ്പാനും കൂടെനിൽക്കാനും കടന്നുവന്നിരിക്കുന്നു. ദുരന്തപ്രളയത്തിലെ പ്രത്യാശയുടെ തുരുത്തുകളാണവ. വലിയ സുകൃതവും ദുരന്തകാലത്തെ അതിജീവിക്കാനുള്ള പ്രാണവായുവുമാണ് എല്ലാ ഭേദങ്ങളും വിസ്മരിച്ച് നന്മനിറഞ്ഞ മനുഷ്യസഞ്ചയമായി നമുക്ക് മാറാനാകുമെന്നത്. കാരുണ്യപൂർവം ഓടിയെത്തിയ എല്ലാവരും പ്രതിസന്ധിയിലകപ്പെട്ടവർക്ക് കരകയറാനാകുന്ന നന്മയുടെയും സ്നേഹത്തി​െൻറയും വലിയ ഈടുവെപ്പുകളാണ് ദുരിതഭൂമിയിൽ സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്. 

എന്നാൽ, പൂർവാനുഭവം വെച്ചു പറയാനാകും, ചിലപ്പോഴെങ്കിലും സന്നദ്ധപ്രവർത്തനങ്ങൾ പുനരധിവാസ ക്യാമ്പുകളിലെ താൽക്കാലികമായ സമാശ്വാസ പ്രവർത്തനങ്ങളിൽ നിലച്ചുപോകുന്നു. സമൂഹമാധ്യമങ്ങളുടെ ഭ്രമാത്മക സ്വാധീനമാകാം, നമുക്കിടയിലും ഡിസാസ്​റ്റർ ടൂറിസവും ദുരിതഭൂമിയിലെ സെൽഫിഭ്രമവും വളർന്നുവരുകയാണ്. അതിനേക്കാൾ അപകടകരമാണ് ദുരിതമേഖലയിലെ ദൃശ്യങ്ങളും അനുകമ്പയുടെ വർത്തമാനങ്ങളും ഔചിത്യമില്ലാതെ പ്രയോഗിച്ച് കാരുണ്യപ്രവൃത്തിയെന്ന ഭാവേന ​െവെറലാക്കി ദുരിതമനുഭവിക്കുന്നവരുടെ അഭിമാനത്തെ ക്ഷതപ്പെടുത്തുന്നത്. അപൂർവം ചിലർ സന്നദ്ധ പ്രവൃത്തിയുടെ വിലയറിയാതെ നിമിഷാർധത്തിൽ പ്രശസ്​തരാകാൻ ഒരുങ്ങിയിറങ്ങുന്നത് മുഴുവൻ സന്നദ്ധ സംഘങ്ങളുടെയും നന്മകളിൽ നഞ്ചു കലക്കുന്നതിന് തുല്യമാണ്. ഉറ്റവരെയും ഉടയവരെയും നഷ്​ടപ്പെട്ടവരെ തന്നോളം ചേർത്തുനിർത്തി അത്താണിയാകുന്നതി​െൻറ പേരാണ് ആർദ്രതയെന്നത്. ഉപയോഗിച്ച വസ്ത്രങ്ങൾ നൽകുന്നതും കുറച്ച് സാമ്പത്തികസഹായം നൽകുന്നതുമല്ല സഹായഹസ്തമെന്നത്, മറിച്ച് ആത്മാഭിമാനം സംരക്ഷിച്ചും പ്രതീക്ഷകൾ കൈമാറിയും ദുരിതത്തെ അതിജീവിക്കാനുള്ള ത്രാണി നൽകുന്നതി​െൻറ പേരാണത്. 

സൂനാമി ദുരന്തശേഷം നാം നിർവഹിച്ച ത്യാഗോജ്ജ്വല സേവനപ്രവർത്തനങ്ങൾക്ക് എന്തു സംഭവിച്ചുവെന്ന ഓർമ തീർച്ചയായും സന്നദ്ധ സംഘങ്ങൾക്ക് ഉണ്ടാകേണ്ടതാണ്. സന്നദ്ധ സംഘങ്ങളുടെ അശ്രാന്ത പരിശ്രമങ്ങളും ജനങ്ങളുടെ നന്മനിറഞ്ഞ പ്രതികരണങ്ങളും ശരിയായ ആളുകളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പൗരസമൂഹത്തിനും ബാധ്യതയുണ്ടെന്ന് പഠിപ്പിക്കുന്നു സൂനാമി ദുരന്താനന്തര പുനരധിവാസത്തി​െൻറ ചരിത്രം. ഈ പ്രളയക്കെടുതിയെ ശരിയാംവിധം മറികടക്കാൻ സർക്കാറിനെയും സന്നദ്ധസംഘങ്ങളെയും പ്രാപ്തമാക്കട്ടെ ആ ഓർമകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialarticlemalayalam newsNGOsRain Havoc
News Summary - Good Minded Human and Organisations - Article
Next Story