ദൈവമില്ലാത്തവരുടെ ദൈവം
text_fieldsകമ്യൂണിസ്റ്റുകാർ തങ്ങൾ ഭരണത്തിലുള്ള രാജ്യങ്ങളിൽ നിലനിൽക്കുന്നത് ജനകീയ ജനാധിപത്യമാണെന്ന് അവകാശപ്പെടുമെങ്കിലും സാമാന്യബുദ്ധിക്ക് അത് ശുദ്ധ സമഗ്രാധിപത്യമോ ഏകാധിപത്യമോ ആണ്. ജനാധിപത്യത്തിെൻറ പ്രാഥമിക താൽപര്യമാണ് വിയോജിക്കാനും അഭിപ്രായം തുറന്നുപറയാനും വിമർശിക്കാനുമുള്ള അവകാശം. ഒരേയൊരു പാർട്ടി ശക്തനായ ഒരു നേതാവിെൻറ കീഴിൽ പ്രതിയോഗികളെ മുഴുവൻ അടിച്ചമർത്തി എതിർശബ്ദം ഉയരാൻപോലും അവസരം കൊടുക്കാതെ ഭരിക്കുന്നതിനെ മറ്റെന്ത് പേരിട്ട് വിളിച്ചാലും അത് ജനാധിപത്യമാവില്ല. 1949ൽ ലോകത്തിലേറ്റവും ജനസംഖ്യയുള്ള ചൈനയിൽ അരങ്ങേറിയ കമ്യൂണിസ്റ്റ് വിപ്ലവാനന്തരം മാവോ സേതൂങ്ങിെൻറ നേതൃത്വത്തിൽ ആ രാജ്യത്ത് തുടർന്നുവന്നത് ഏകപാർട്ടി ഭരണമാണ്. മാവോ ലോകത്തോട് വിടവാങ്ങുന്നതുവരെ മറ്റൊരു നേതാവിനും പാർട്ടിയെ നയിക്കാനോ രാജ്യം ഭരിക്കാനോ അവസരം ലഭിക്കുകയുണ്ടായില്ല. എന്നാൽ, ഒരേയൊരു വ്യക്തിയിൽ അധികാരം കേന്ദ്രീകരിക്കാതിരിക്കാൻ മാവോയുടെ പിൻഗാമി ഡെങ് സിയാവോ പിങ് ശ്രമിച്ചിരുന്നു. ജിയാങ് സെമിൻ, ഹുജിൻറാഒാ എന്നിവർ രണ്ടുതവണ മാത്രം അധികാരത്തിലിരുന്നു. കൂട്ട നേതൃത്വം എന്ന ആശയം നടപ്പാക്കാനും ശ്രമമുണ്ടായി.
പക്ഷേ, 2013ൽ ചൈനയുടെ അത്യുന്നത പദവിയിലെത്തിയ ഇപ്പോഴത്തെ പ്രസിഡൻറ് ഷി ജിൻപിങ് ആജീവനാന്തം തദ്സ്ഥാനത്ത് തുടരാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ബെയ്ജിങ്ങിൽനിന്നുള്ള വാർത്തകൾ വ്യക്തമാക്കുന്നു. രണ്ടാമത്തെ ഉൗഴം 2023ൽ അവസാനിക്കുന്നതോടെ സ്ഥാനമൊഴിയേണ്ടതില്ലെന്ന തീരുമാനം ഭരണഘടന വ്യവസ്ഥയായിത്തന്നെ കൊണ്ടുവരാൻ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പച്ചക്കൊടി കാട്ടിക്കഴിഞ്ഞു. പാർട്ടിയുടെ ഭരണഘടനയിൽ ഷിയുടെ പേര് നേരത്തേ സ്ഥലംപിടിച്ചതിന് പുറമെ അദ്ദേഹത്തിെൻറ തത്ത്വങ്ങൾ ഭരണഘടനാ സൂക്തങ്ങളുമായി; അതൊക്കെ പാഠപുസ്തകങ്ങളുടെയും ഭാഗമായി. എതിർശബ്ദങ്ങളുയർത്താൻ സാധ്യതയുള്ളവരെയൊക്കെ ഷി അടിച്ചൊതുക്കി. ഇതിനൊക്കെ അദ്ദേഹത്തിനുള്ള ന്യായീകരണം ലോകത്തിലെ സാമ്പത്തിക ശക്തികളിൽ രണ്ടാമത്തേതായി ചൈനയെ താൻ ഉയർത്തിക്കൊണ്ടുവന്നു എന്നുള്ളതാണ്. രാജ്യത്ത് അഴിമതി തടയാൻ ശക്തമായ നടപടികൾ സ്വീകരിച്ചതായും അദ്ദേഹം അവകാശപ്പെടുന്നു. പക്ഷേ, അഴിമതിയുടെ േലാക പട്ടിക തയാറാക്കുന്ന ‘ട്രാൻസ്പരൻസി ഇൻറർനാഷനലി’െൻറ കണക്കിൽ ൈചന ഇപ്പോഴും 77ാം സ്ഥാനത്താണ്. അതോടൊപ്പം ലോകത്തിലെ എണ്ണപ്പെട്ട ബൂർഷ്വകളുടെ പട്ടികയിലും ചൈനീസ് വ്യവസായികൾ വേണ്ടത്രയുണ്ട്. ആഗോള മുതലാളിത്തത്തിെൻറ പ്രമാണമായ നവഉദാരീകരണം നടപ്പാക്കുന്നതിലും ചൈന മുൻപന്തിയിൽതന്നെ. ഇതൊക്കെ ചേർന്നതാണ് ആ രാജ്യത്തിെൻറ വളർച്ചയും ഉയർച്ചയും എന്ന് കാണാതിരുന്നുകൂടാ. മറ്റൊരുവിധം പറഞ്ഞാൽ, മാർക്സിസത്തിെൻറ മൗലിക തത്ത്വങ്ങളിൽ മതിയാവോളം വെള്ളം ചേർത്തുകൊണ്ടാണ് മുതലാളിത്ത മാനദണ്ഡ പ്രകാരമുള്ള വികസനവും പുരോഗതിയും ചൈന നേടിയെടുത്തിരിക്കുന്നത്. ഇൗ മാറ്റത്തിന് ശക്തവും ഫലപ്രദവുമായ നേതൃത്വം നൽകാൻ ഷി ജിൻപിങ്ങിന് സാധിക്കുന്നുവെന്നതാണ് അദ്ദേഹത്തെ ആജീവനാന്ത പ്രസിഡൻറായി വാഴിക്കാൻ അദ്ദേഹംതന്നെ നയിക്കുന്ന പാർട്ടിയുടെ ന്യായം.
ഇതേ ന്യായംവെച്ച് ഉത്തര കൊറിയയുടെ ഏകാധിപതിയായ തലവൻ കിം ജോങ് ഉന്നിനെയും കരുത്തനായ കമ്യൂണിസ്റ്റ് രാഷ്ട്രത്തലവനായി മാർക്സിസ്റ്റ് ലോകം അംഗീകരിക്കേണ്ടതാണ്. വിശിഷ്യ ഡോണൾഡ് ട്രംപ് നയിക്കുന്ന അമേരിക്കൻ സാമ്രാജ്യത്വത്തെ അതിശക്തമായി അദ്ദേഹം വെല്ലുവിളിച്ചുകൊണ്ടിരിക്കുേമ്പാൾ. പക്ഷേ, രണ്ടു പേരും സാമ്പത്തികമായും സൈനികമായും തങ്ങളുടെ രാജ്യങ്ങളെ ലോകത്തിലെ നെറുകയിലെത്തിച്ചാലും അത് മാനവികതയുടെയും ജനാധിപത്യത്തിെൻറയും സമ്പൂർണ നിഷേധത്തിലൂടെയാണെന്ന സത്യം അവശേഷിക്കുന്നു. മനുഷ്യൻ അപ്പംകൊണ്ട് മാത്രമല്ല എന്ന പ്രാഥമിക തത്ത്വത്തെ പാടെ നിരാകരിക്കുന്നതാണ് വികസനത്തെയും സാമ്പത്തികമായ ഉയർച്ചയെയും കുറിച്ച ഇൗ കാഴ്ചപ്പാട്. തൊഴിലാളി വർഗാധിപത്യത്തെക്കുറിച്ച അവകാശവാദമാണ് ചൈന ഉയർത്തിപ്പിടിക്കുന്നതെങ്കിലും തൊഴിലാളി യൂനിയനുകൾ രൂപവത്കരിക്കാനോ സമരങ്ങൾ സംഘടിപ്പിക്കാനോ ഒന്നും ആ രാജ്യത്ത് സ്വാതന്ത്ര്യമില്ല. തന്മൂലം നിഷ്കരുണമായ തൊഴിൽ ചൂഷണം നിർബാധം തുടരുകയും ചെയ്യുന്നു. മുസ്ലിം ന്യൂനപക്ഷത്തിന് മുൻതൂക്കമുള്ള സിൻജ്വങ് പ്രവിശ്യയിൽ മുസ്ലിം ചിഹ്നങ്ങൾ ഉപയോഗിക്കാനോ റമദാൻ വ്രതത്തിനോ- മുസ്ലിം പേരുകളിടാൻപോലും- അനുവാദമില്ലാത്തവിധം വിശ്വാസ സ്വാതന്ത്ര്യ നിഷേധമാണ് നടക്കുന്നത്. ആർക്കും എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിെൻറ പേരിൽ അനുവദിക്കേണ്ടതെന്ന അഭിപ്രായം വിവേകശാലികൾക്കുണ്ടാവില്ല. തീർച്ചയായും എല്ലാ സ്വാതന്ത്ര്യങ്ങൾക്കും പരിധിയും പരിമിതിയുമുണ്ട്. വ്യക്തിസ്വാതന്ത്ര്യത്തെക്കാൾ പ്രാധാന്യം സാമൂഹിക നന്മക്കും വികാസത്തിനും ആയിരിക്കുകയും വേണം. എന്നുവെച്ച് രാഷ്ട്രത്തലവനെയും പാർട്ടി സാരഥിയെയും ദൈവതുല്യനായി പ്രതിഷ്ഠിച്ച് അയാൾക്ക് അപ്രമാദിത്വം കൽപിക്കുന്നതും സമ്പൂർണ വിധേയത്വം അർപ്പിക്കുന്നതും നീതീകരിക്കാനാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
