Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightആക്രോശമല്ല പരിഹാരം

ആക്രോശമല്ല പരിഹാരം

text_fields
bookmark_border
ആക്രോശമല്ല പരിഹാരം
cancel

കുഞ്ഞുങ്ങൾക്കും സ്​ത്രീകൾക്കുംനേരെ നടക്കുന്ന അതിക്രമങ്ങളുടെ വാർത്തകൾ അവസാനിക്കുന്നില്ല. ആലുവയിൽ അഞ്ചുവയസ്സുകാരിയെ അതിഹീനമാംവിധം പീഡിപ്പിച്ച്​ കൊലപ്പെടുത്തിയത്​ ഇക്കൂട്ടത്തിൽ നാം അറിഞ്ഞ വാർത്തകളിൽ അവസാനത്തേത്​. ഇനി അത്തരം സംഭവങ്ങളുണ്ടാവരുതേ എന്ന്​ ആശിക്കാം എന്നല്ലാതെ ഉറപ്പിക്കാനാവാത്ത അവസ്​ഥ​.

വീടകമെന്നോ വിദ്യാലയമെന്നോ പൊതുസ്​ഥലങ്ങളിലെന്നോ പൊതുവാഹനങ്ങളിലെന്നോ വ്യത്യാസമില്ലാതെ അത്രയധികം സ്​ത്രീവിരുദ്ധ അതിക്രമങ്ങളാണ്​ നമ്മുടെ രാജ്യത്ത്​ നടമാടുന്നത്​. നാട്​ നടുങ്ങിയെന്നും പൊതുമനഃസാക്ഷി തേങ്ങിയെന്നുമെല്ലാം ആലങ്കാരികമായി പറയാറുണ്ടെങ്കിലും സത്യസന്ധമായിപ്പറഞ്ഞാൽ ഇത്തരം അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിന്​ കാര്യക്ഷമമായ എന്തെങ്കിലും പ്രവർത്തനങ്ങൾ രാജ്യത്ത്​ നടക്കുന്നുണ്ടോ? ഭരണകൂടമാവ​ട്ടെ, നീതിപീഠമാവ​ട്ടെ, നിയമപാലകരാവ​ട്ടെ, മാധ്യമങ്ങളും പൊതുസമൂഹവുമാവ​ട്ടെ ആത്​മാർഥമായ രീതിയിൽ ഒരു കാൽവെപ്പെങ്കിലും നടത്തിയിട്ടുണ്ടോ, ഉണ്ടായിരുന്നുവെങ്കിൽ ഇവ്വിധത്തിൽ സ്​ത്രീകളുടെ കരച്ചിലും ചോരപൊടിയുന്ന കുഞ്ഞുടലുകളും നിരന്തരം ആവർത്തിക്കപ്പെടുമായിരുന്നുവോ? ഏതെങ്കിലും രീതിയിൽ വാർത്താപ്രാധാന്യം നേടുന്ന സംഭവങ്ങൾ മാത്രമാണ്​ പൊതുസമൂഹത്തിനിടയിൽ ചർച്ചയാവുന്നതുപോലും. ഏതൊരു പരിഷ്​കൃത സമൂഹത്തി​െൻറയും ശിരസ്സ്​ നാണക്കേടുകൊണ്ട്​ താനേ കുനിഞ്ഞുപോകുന്ന മണിപ്പൂരിലെ സ്​ത്രീവിരുദ്ധ ലൈംഗിക അതിക്രമത്തി​െൻറ വിഡിയോ പുറത്തുവരുന്നതുവരെ അവിടത്തെ സ്​ത്രീകളും കുഞ്ഞുങ്ങളും അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും സംസാരിക്കാൻ നമ്മുടെ ദേശീയ മാധ്യമങ്ങൾക്കുപോലും താൽപര്യമില്ലായിരുന്നു.

നാഷനൽ ക്രൈം റെക്കോഡ്​സ്​ ബ്യൂറോയിൽ ലഭ്യമായ കണക്കുപ്രകാരം 2021 വർഷം മാത്രം ഇന്ത്യയിൽ റിപ്പോർട്ട്​ ചെയ്യപ്പെട്ട ബലാത്സംഗങ്ങളുടെ എണ്ണം 31677 ആണ്​. അതായത്,​ ദിനംപ്രതി 86 എണ്ണം. ആ വർഷം രാജ്യത്ത്​ ഏറ്റവുമധികം സ്​ത്രീവിരുദ്ധ അക്രമങ്ങൾ അരങ്ങേറിയത്​ ഉത്തർപ്രദേശിലാണ്​. 2019 മുതൽ 2022 വരെയുള്ള മൂന്നു വർഷത്തിനിടെ രാജ്യത്തുനിന്ന്​ 13.13 ലക്ഷം സ്​ത്രീകളെയും പെൺകുട്ടികളെയും കാണാതാ​യി. ഏറ്റവുമധികം തിരോധാനങ്ങൾ നടന്നത്​ മധ്യപ്രദേശിൽനിന്ന്​. കാര്യക്ഷമമായ ഭരണം നടക്കുന്ന സംസ്​ഥാനങ്ങളെന്നും കാര്യപ്രാപ്​തിയുള്ള മുഖ്യമന്ത്രി ഭരിക്കുന്ന നാട്​ എന്നുമൊക്കെ അവകാശവാദം മുഴക്കുന്ന രണ്ടു സംസ്​ഥാനങ്ങളുടെ അവസ്​ഥയാണിത്​. സ്​ത്രീകളും കുഞ്ഞുങ്ങളും സുരക്ഷിതരല്ലാത്ത നാട്ടിലെ എന്തു കാര്യക്ഷമതയെക്കുറിച്ചാണ്​ പുളകംകൊള്ളാനാവുക​?

സ്​ത്രീകളെയും കുഞ്ഞുങ്ങളെയും ആത്​മാഭിമാനമുള്ള മനുഷ്യരായി അംഗീകരിക്കാനുള്ള മനസ്സില്ലായ്​മ അഥവ, മനുഷ്യത്വമില്ലായ്​മയാണ്​ ഓരോ പീഡനത്തിന്റെയും അതിക്രമത്തിന്റെയും മനുഷ്യക്കടത്തി​െൻറയും ആദ്യകാരണം. അതിക്രമത്തിനിരയായതാരെന്നും കുറ്റവാളി ആരെന്നും നോക്കി മാത്രം ഉണരുന്ന ‘പൊതുമനഃസാക്ഷി’യും കാര്യക്ഷമമാവുന്ന നീതി-നിയമ വ്യവസ്​ഥകളുമാണ്​ ഇത്തരം അതിക്രമങ്ങൾക്കെല്ലാം വളമാവുന്നത്​.

ഏറ്റവും എളുപ്പത്തിൽ മനസ്സിലാക്കാൻ ചില ഉദാഹരണങ്ങൾ പറയാം. 2012ൽ ഡൽഹിയിൽ നടമാടിയ കൂട്ടബലാത്സംഗക്കൊലയെത്തുടർന്ന്​ രാജ്യമൊട്ടാകെ ഇളകി മറിഞ്ഞിരുന്നു, രാഷ്​ട്രപതി ഭവനിലേക്കുപോലും മാർച്ച്​ നടന്നു. എന്നാൽ, 2020ൽ ഹാഥ്​റസിൽ ഒരു ദലിത്​ യുവതി കൂട്ടബലാത്സംഗത്തെത്തുടർന്ന്​ കൊല്ലപ്പെട്ട സംഭവം ഇത്തരത്തിൽ രാജ്യത്തെ പിടിച്ചുകുലുക്കിയില്ല, സംഭവസ്​ഥലം സന്ദർശിക്കാൻ പുറപ്പെട്ട മാധ്യമ-രാഷ്​ട്രീയ പ്രവർത്തകരെ യു.എ.പി.എ ചുമത്തി ജയിലിലടക്കാൻ കാണിച്ച ശുഷ്​കാന്തി പ്രതികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ ഭരണകൂടം സ്വീകരിച്ചില്ല. ജമ്മു -കശ്​മീരിലെ കഠ്​വയിൽ ബാലികയെ ബലാത്സംഗക്കൊലക്കിരയാക്കിയ കേസിലെ പ്രതികളോട്​ ഐക്യദാർഢ്യം പ്രകടിപ്പിച്ച്​ പ്രകടനംപോലും നടന്നു. വനിത ഗുസ്​തി താരങ്ങളെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന ആരോപണം നേരിടുന്ന ബി.ജെ.പി പാർലമെൻറംഗത്തെയും പരിരക്ഷിച്ചു നിർത്തുന്നത്​ അതിശക്​തമായ ഭരണകൂട-നിയമപാലക സംവിധാനങ്ങളാണല്ലോ. ഗുജറാത്ത്​ വംശഹത്യക്കിടെ അതിക്രൂര ലൈംഗിക അതിക്രമങ്ങളും കൊലപാതകങ്ങളും നടത്തിയവരെന്ന്​ കണ്ടെത്തി കോടതി ശിക്ഷിച്ച പ്രതികളെ ശിക്ഷയിൽ ഇളവുനൽകി മോചിപ്പിക്കുകയും സംസ്​കാരികളെന്ന്​ ഉദ്​ഘോഷിച്ച്​ സ്വീകരണമൊരുക്കുകയും ചെയ്തതും ഏറെ മുൻപല്ല. ഇതെല്ലാം നൽകുന്ന സന്ദേശമെന്താണ്​?

കേരളവും സ്​ത്രീകൾക്കും കുഞ്ഞുങ്ങൾക്കും പേടിച്ചു മാത്രം സഞ്ചരിക്കാൻ കഴിയുന്ന നാടുകളിലൊന്നായി എണ്ണപ്പെടുന്നു എന്നു വരുന്നത്​ അത്യന്തം ഗൗരവതരമാണ്​. ആലുവ സംഭവത്തിൽ പിടിയിലായ പ്രതി ഒരു ഇതരസംസ്​ഥാനത്തൊഴിലാളിയാണെന്നതിനാൽ പൊതുജനരോഷം അതിശക്​തമായിരുന്നു​​. പൊലീസിന്​ കൊടുക്കാതെ ജനങ്ങൾക്ക്​ വിട്ടുതരണമെന്നുപോലും ജനങ്ങൾ ആക്രോശിക്കുകയും മാധ്യമങ്ങൾ അത്​ പകർത്തി പ്രദർശിപ്പിക്കുകയും ചെയ്​തു. സംസ്​ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിലെ സമസ്​ത ജീവിതമേഖലകളിലും ഇടപെട്ട്​ പ്രവർത്തിച്ചുപോരുന്ന കുടിയേറ്റത്തൊഴിലാളികൾക്കെതിരെ നേരത്തേതന്നെ നിലനിൽക്കുന്ന മുൻവിധിയും വിദ്വേഷവും ആളിക്കത്തിക്കാൻ ആലുവയിലെ ദാരുണസംഭവം വഴിവെക്കും. പക്ഷേ, ആ തൊഴിലാളികളെ മുഴുവൻ ആട്ടിപ്പായിച്ചാൽ ഈ മണ്ണിൽ കുഞ്ഞുങ്ങളും സ്​ത്രീകളും സുരക്ഷിതരായിരിക്കുമെന്ന്​ ആർക്കെങ്കിലും ഉറപ്പ്​ നൽകാനാകുമോ?

സ്​ത്രീകൾക്കും കുഞ്ഞുങ്ങൾക്കുമെതിരായ അതിക്രമങ്ങൾ നിരന്തരം തുടരുന്ന നാട്​ അതേതുതന്നെയായാലും അപകടംപിടിച്ച ദേശമാണ്​, അക്രമി ആരെന്നോ ആക്രമിക്കപ്പെട്ടതാരെന്നോ നോക്കാതെ ശക്​തമായ നിയമം നടപ്പാക്കുകയേ ഈ ഗുരുതരാവസ്​ഥക്ക്​ പരിഹാരമാർഗമുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam editorialAluva Girl Murder
News Summary - Girl child murder in Aluva: Madhyamam editorial
Next Story