Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപരക്കട്ടെ,...

പരക്കട്ടെ, സമാധാനത്തിന്‍റെ നിലാവെളിച്ചം

text_fields
bookmark_border
പരക്കട്ടെ, സമാധാനത്തിന്‍റെ നിലാവെളിച്ചം
cancel

പതിനഞ്ച് മാസമായി ഗസ്സയുടെ ആകാശത്ത് തീമഴയായി പെയ്തുകൊണ്ടിരുന്ന വംശഹത്യ യുദ്ധത്തിന്‍റെ ക്രൗര്യതക്ക് താൽക്കാലികമായി വിരാമം കുറിക്കപ്പെടുകയാണ്. സമാധാനത്തിന്‍റെ നിലാവെളിച്ചം വീണ്ടും ഗസ്സയിൽ പരക്കുമെന്നും തകർന്നുപോയ നഗരത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് പ്രത്യാശയുടെ പുഞ്ചിരിയുദിക്കുമെന്നും പ്രതീക്ഷിക്കുകയാണ് സമാധാനമാഗ്രഹിക്കുന്ന ലോകം.

ഇസ്രായേലും ഹമാസും തമ്മിലുണ്ടാക്കിയ കരാർ പ്രകാരം ഈ മാസം 19 മുതൽ ഗസ്സയിൽ വെടിനിർത്തൽ പ്രാബല്യത്തിലാകുമെന്ന ഖത്തർ പ്രധാനമന്ത്രി ശൈഖ് അബ്ദുറഹ്മാൻ ആൽഥാനിയുടെ പ്രഖ്യാപനവും അമേരിക്കൻ പ്രസിഡന്റ് ജോർജ് ബൈഡന്‍റെ സ്ഥിരീകരണവും കുളിരണിയിച്ചത് ഫലസ്തീനിലെ തെരുവുകളെ മാത്രമല്ല, ഇസ്രായേൽ വംശഹത്യക്കെതിരെ എഴുന്നേറ്റുനിന്ന് സംസാരിച്ച ലോകമൊട്ടുക്കുമുള്ള ഓരോ നീതികാംക്ഷിയെയുമാണ്. ഇതെഴുതുമ്പോഴും ഇസ്രായേൽ കരാറിൽ ഒപ്പുവെച്ചിട്ടില്ല. അതേസമയം ഗസ്സയിലെ ജനങ്ങൾ പൈതൃക ഗാനങ്ങളാലപിച്ചു നടത്തിയ ആഹ്ലാദപ്രകടനങ്ങളിലും അവരുടെ സംസാരങ്ങളിലും തുളുമ്പിനിന്നത് ആശ്വാസത്തിന്‍റെയും വിജയത്തിന്‍റെയും വിശാലതയിലേക്ക് ഇതിഹാസസമാനമായ ദൃഢനിശ്ചയത്തിലൂടെ നടന്നുകയറിയതിന്‍റെ സന്തോഷമായിരുന്നു. തടഞ്ഞുവെച്ച സങ്കടങ്ങളുടെ കണ്ണുനീരൊഴുക്കിക്കളഞ്ഞ് മുറിവേറ്റ ജീവിതത്തെ പുനർജനിപ്പിക്കാനും തച്ചുടക്കപ്പെട്ട നാടിനെ പുനർനിർമിക്കാനും ഞങ്ങൾക്ക് കരുത്തുണ്ടെന്ന് അവർ വിളിച്ചുപറയുന്നുണ്ടായിരുന്നു.

ചരിത്രം കണ്ട ഏറ്റവും നിഷ്ഠുരമായ ആക്രമണങ്ങൾക്കാണ് കഴിഞ്ഞ 467 ദിവസങ്ങളിൽ ഗസ്സ മുനമ്പ് വിധേയമായത്. ഉപരോധങ്ങൾകൊണ്ട് നേരത്തേതന്നെ അതൊരു ജയിലായിരുന്നു. 2023 ഒക്ടോബറിന് ശേഷമാകട്ടെ, അവരുടെ താമസസ്ഥലങ്ങൾ മുഴുവൻ ബോംബിട്ട് തകർത്തു. ആശുപത്രികൾ, സ്കൂളുകൾ, കളിസ്ഥലങ്ങൾ എല്ലാം തരിപ്പണമാക്കി. യുദ്ധക്കെടുതികൾക്കിടയിൽ താമസമാക്കിയ ടെന്‍റുകൾക്ക് മുകളിലും പേമാരികണക്കെ ആകാശത്തുനിന്ന് തീമഴ വർഷിപ്പിച്ചു. ഭക്ഷണവും മരുന്നും റഫ അതിർത്തിയിൽ ഉപരോധിച്ചു. ഭക്ഷണം ലഭിക്കാതെ പട്ടിണികൊണ്ട് ആളുകൾ മരിക്കാൻ തുടങ്ങി.

ലോകത്തിലെ ഏതു നഗരത്തെക്കാളും ചെറുതായ ഒരു സ്ഥലത്തെ, 30 ലക്ഷത്തോളം വരുന്ന ജനതയെ ലോകത്തേറ്റവും നൂതനമായ ആയുധശക്തി സ്വായത്തമാക്കിയവർ പ്രമുഖ ലോകരാഷ്ട്രങ്ങളുടെ പിന്തുണയോടെയും മൗനാനുവാദത്തോടെയുമാണ് ഭൂപടത്തിൽനിന്ന് മുറിച്ചുമാറ്റാൻ പരിശ്രമിച്ചത്. സ്വന്തം വീടുകൾ തകർന്നടിയുന്നതും ഉറ്റവർ രക്തസാക്ഷികളാകുന്നതും കണ്ടുകൊണ്ടുതന്നെ അവർ അധിനിവേശത്തെ ചെറുത്തുനിന്നു. ഒന്നരലക്ഷത്തിലധികം ആളുകളുടെ ജീവൻ ബലിയർപ്പിക്കപ്പെട്ടു. 20 ലക്ഷത്തിലധികം പേർക്കും വീടുകൾ അന്യമായി. മുനമ്പിലെ 90 ശതമാനം നിർമിതികളും നശിപ്പിക്കപ്പെട്ടു. അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും സർവ പിന്തുണയോടെ ഇസ്രായേലിന്‍റെ സൈന്യം ഗസ്സയിലെ മുക്കുമൂലകൾ അത്യാധുനിക ഉപകരണങ്ങളുമായി ബന്ദികളെ തിരഞ്ഞു. ഹമാസിന്‍റെ പ്രധാനികളിലെ ഭൂരിപക്ഷവും രക്തസാക്ഷികളായി. എന്നിട്ടും, അവരെ കണ്ടെത്താനോ മോചിപ്പിക്കാനോ ഇസ്രായേൽ സൈന്യത്തിന് സാധ്യമായില്ല. ഹമാസിനെ ഇല്ലാതാക്കുമെന്ന നെതന്യാഹുവിന്‍റെ വീരവാദം പാഴ് വാക്കായി.

ഒടുക്കം ഹമാസിനെ അംഗീകരിച്ചുകൊണ്ട് വെടിനിർത്തൽ കരാർ അംഗീകരിക്കാൻ അവർ നിർബന്ധിതമായിരിക്കുന്നു. ചരിത്രത്തിൽ അത്യപൂർവമായ പ്രതിരോധവും വീരേതിഹാസവുമാണ് ഫലസ്തീൻ ജനത പ്രകടിപ്പിച്ചത്. നാട് തകർന്നെരിയുമ്പോഴും തകരാത്ത നിശ്ചയദാർഢ്യത്തോടെ അഭിമാനവും അന്തസ്സും ഇല്ലാതാക്കാൻ ശ്രമിച്ച മരണത്തിന്റെയും നാശത്തിന്റെയും വക്താക്കളെ ചെറുക്കാനാകുമെന്നവർ പഠിപ്പിച്ചിരിക്കുന്നു. അധിനിവേശക്കാർ എത്ര ശ്രമിച്ചാലും മനുഷ്യത്വം വിജയിക്കുമെന്ന സത്യത്തെ അവർ ലോകത്തെ ഓർമിപ്പിക്കുന്നു. സ്വതന്ത്ര ഫലസ്തീൻ എന്ന ആവശ്യത്തിന് ലോകത്തിന്‍റെ അംഗീകാരം നേടിയെടുക്കുന്നതിൽ വലിയ വില നൽകിക്കൊണ്ടുതന്നെ ഹമാസ് വിജയിച്ചിരിക്കുന്നു.

യഥാർഥത്തിൽ ഇത് വളരെ വൈകിയ കരാറാണ്. യു.എൻ പലതവണ വെടിനിർത്തലിന് ആഹ്വാനം ചെയ്തതാണ്. ഇസ്രായേൽ അതിന് വഴങ്ങാൻ തയാറായിരുന്നില്ല. ഇടക്കാലത്ത് അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ കരാർ അംഗീകരിക്കാൻ ഹമാസ് തയാറായെങ്കിലും ഇസ്രായേൽ വിസമ്മതിച്ചു. ഈ കാലതാമസത്തിന് നൽകേണ്ടിവന്ന വിലയും ജീവത്യാഗവും കനത്തതായിരുന്നു. എന്നിട്ടും ലോകരാഷ്ട്രങ്ങൾ പഴിപറഞ്ഞത് ഫലസ്തീനിലെ ചെറുത്തുനിൽപ് പ്രസ്ഥാനങ്ങളെയായിരുന്നു. ഇപ്പോഴും വെടിനിർത്തലിനെ അംഗീകരിക്കാൻ ഇസ്രായേലിലെ പല രാഷ്ട്രീയപാർട്ടികളും തയാറായിട്ടില്ല. നെതന്യാഹു രാഷ്ട്രീയമായി തോറ്റു.

15 മാസത്തെ യുദ്ധത്തിനുശേഷം സൈനികമായും പരാജയപ്പെട്ടിരിക്കുന്നുവെന്ന വിലയിരുത്തലിലാണ് തീവ്ര സയണിസ്റ്റ് സംഘങ്ങൾ. നെതന്യാഹു മന്ത്രിസഭയിലെ ധനമന്ത്രി ബെസലേൽ സ്മോട്രിച്, ദേശീയ സുരക്ഷ ഉപദേഷ്ടാവ് ഇത്മർ ബെൻഗിവർ തുടങ്ങിയവർ നെതന്യാഹു സർക്കാറിനുള്ള പിന്തുണ പിൻവലിക്കാൻവരെ ആലോചിക്കുകയാണ്. വെടിനിർത്തലിന്‍റെ ആദ്യഘട്ടത്തിനുശേഷം യുദ്ധം പുനരാരംഭിക്കാൻ കരാർ അനുവദിക്കുന്നുവെന്ന് നെതന്യാഹു പറയുന്നത് ഇസ്രായേൽ അകപ്പെട്ട പ്രതിസന്ധിയുടെ ആഴമാണ് വെളിപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ രാത്രിയിലെ ഷെല്ലാക്രമണങ്ങൾക്ക് കുറവുവരുത്താൻ അവർ ഇതുവരെ സന്നദ്ധരായിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 81 ഫലസ്തീനികളാണ് ഗസ്സയിൽ രക്തസാക്ഷികളായിരിക്കുന്നത്. എന്നാൽ, കരാറിലൂടെ പശ്ചിമേഷ്യയിലെ രാഷ്ട്രീയത്തിൽ ചില നിഗൂഢ പദ്ധതികൾ നടപ്പാക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്നാണ് പുറത്തുവരുന്ന സൂചനകൾ. ട്രംപിന്‍റെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് നെതന്യാഹുവിന് രഹസ്യമായ ചില ഉറപ്പുകൾ നൽകിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. അവയുടെ നിജസ്ഥിതികളും ഫലസ്തീനിലെ സമാധാനത്തെ കെടുത്തിക്കളയുമോ എന്ന് വ്യക്തമാകുക വരും നാളുകളിലായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EditorialGaza GenocideGaza Seas fire
News Summary - gaza Seas fire
Next Story