Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightമാധ്യമ സ്വാതന്ത്ര്യം...

മാധ്യമ സ്വാതന്ത്ര്യം രാജ്യദ്രോഹം?

text_fields
bookmark_border
Freedom of the press
cancel


രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യത്തിന്റെ മുന്നണിപ്പോരാളികളും ‘ദ വയറി’ന്റെ സാരഥികളുമായ സിദ്ധാർഥ് വരദരാജൻ, കരൺഥാപർ എന്നിവരുടെ പേരിൽ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ചുമത്തിയ ഒരു കേസിന്റെ മറവിൽ ഗുവാഹതിയിലെ ക്രൈംബ്രാഞ്ച് മുമ്പാകെ ആഗസ്റ്റ് 22ന് ഹാജരാവണമെന്ന് സമൻസ് അയച്ചിരിക്കുകയാണ് അസം പൊലീസ്. ഭാരതീയ ന്യായസംഹിത 152, 196, 197 (1) വകുപ്പുകൾ പ്രകാരമാണ് കേസ് ചാർജ് ചെയ്യപ്പെട്ടിരിക്കുന്നത്. അസമിലെ മോറിഗാവ് പൊലീസ് സ്റ്റേഷനിൽ നേരത്തേ ഫയൽ ചെയ്യപ്പെട്ട രാജ്യദ്രോഹ കേസിൽ ജൂലൈ 11ന് സുപ്രീംകോടതി ‘ദ വയർ’ മാധ്യമപ്രവർത്തകർക്ക് അറസ്റ്റിൽനിന്ന് സംരക്ഷണം നൽകിയിരുന്നതാണ്. ഒരു ബി.ജെ.പി പ്രവർത്തകൻ നൽകിയതായിരുന്നു പ്രസ്തുത കേസ്. മാസത്തിനുശേഷം വീണ്ടും അസം പൊലീസ് അതേ കുറ്റങ്ങൾ ചുമത്തി മറ്റൊരു കേസ് ഫയലിൽ സ്വീകരിച്ച് ഇരുവർക്കും സമൻസ് അയച്ചതിന് പിന്നിലെ ചേതോവികാരവും ഗൂഢാലോചനകളും ദുരൂഹമല്ല.

ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണകൂടം സ്വാതന്ത്ര്യസമര സേനാനികളെ പിടികൂടി ശിക്ഷിക്കാൻ വേണ്ടി ഐ.പി.സി 124 എ വകുപ്പ് പ്രകാരമുള്ള രാജ്യദ്രോഹകുറ്റത്തിന്റെ ശിക്ഷ നിയമങ്ങളാകെ പുനഃപരിശോധിച്ച് പുതിയ നിയമനിർമാണം നടത്താൻ പോവുകയാണെന്ന് മോദി സർക്കാർ ബോധിപ്പിച്ചതിന്റെ വെളിച്ചത്തിലാണ് എതിർശബ്ദങ്ങളെ രാജ്യദ്രോഹം ആരോപിച്ച് അടിച്ചമർത്തുന്ന നെറികെട്ട നിയമത്തെ പരമോന്നത കോടതി അന്ന് മരവിപ്പിച്ചിരുന്നത്. എന്നാൽ, കൊളോണിയൽ കാലത്തെ നിയമങ്ങളുടെ നിയമവിരുദ്ധത പോക്കാനെന്ന പേരിൽ ഹിന്ദുത്വ വലിയ അവകാശവാദങ്ങളോടെ കൊണ്ടുവന്ന ഭാരതീയ ന്യായസംഹിത അതേ ഉള്ളടക്കം ഉൾക്കൊള്ളുന്നു എന്നതാണ് വിരോധാഭാസം. അതാണിപ്പോൾ ജനാധിപത്യത്തിനും ഭരണഘടനാപരമായ മൗലികാവകാശങ്ങൾക്കുവേണ്ടിയും നിരന്തരം ശബ്ദമുയർത്തുന്ന രണ്ട് പ്രമുഖ മാധ്യമപ്രവർത്തകരെ പിടികൂടി ജയിലിലടക്കാൻ അസം സർക്കാറിന്റെ പൊലീസ് ആയുധമാക്കിയിരിക്കുന്നത്.

കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരണത്തിലിരിക്കുന്ന ഹിന്ദുത്വ ഭരണകൂടങ്ങൾ മൗലികമായിതന്നെ നിരാകരിച്ചതാണ് മതനിരപേക്ഷ ജനാധിപത്യ ഭരണഘടനയുടെ അന്തസ്സത്ത. തീവ്രവംശീയതയുടെ ഭൂമികയിൽ തങ്ങൾ കൊണ്ടുവരുന്ന പക്ഷപാതപരമായ നിയമങ്ങളും നീതിയുടെ പ്രാഥമിക താൽപര്യങ്ങൾപോലും ബലികഴിച്ചുകൊണ്ടുള്ള നടപടികളും മനുഷ്യാവകാശങ്ങളുടെ നഗ്നമായ നിഷേധമാണെന്ന് രാജ്യത്തിനകത്തും പുറത്തുമുള്ള സ്വതന്ത്ര ഏജൻസികളും മനുഷ്യസ്നേഹികളും നിരന്തരം ചൂണ്ടിക്കാട്ടിയിട്ടും പുനർവിചിന്തനത്തിന്റെയോ തിരുത്തൽ നടപടികളുടെയോ ലക്ഷണം പോലും കാണാനില്ലെന്നതാണ് രാജ്യത്തിന്റെ ദുര്യോഗം. മാധ്യമസ്വാതന്ത്ര്യത്തിന്റെ ലോകപട്ടികയിൽ നമ്മുടെ രാജ്യത്തിന്റെ സ്ഥാനം 151 ആണെന്ന് വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്സ് ഏറ്റവും ഒടുവിലും ചൂണ്ടിക്കാട്ടിയിട്ടും ഒരാശങ്കയും പ്രകടിപ്പിച്ചിട്ടില്ല മോദി സർക്കാർ. മറിച്ച് 180 രാജ്യങ്ങളിൽ മറ്റുചിലത് ഇന്ത്യയെക്കാൾ മോശമായതിന്റെ ബലത്തിൽ നമ്മുടെ സ്ഥാനം 159ൽനിന്ന് 151ലേക്ക് താഴ്ന്നത് നേട്ടമായി കരുതുകയാണ് ഗോദി മീഡിയ. സർക്കാറിന് രക്ഷാകവചമൊരുക്കുന്നതും മനുഷ്യാവകാശ ലംഘനങ്ങളെ വെള്ളപൂശുന്നതുമായ പ്രോപഗണ്ട ഉപാധികളായി കോർപറേറ്റുകൾ കൈയടക്കിയ അച്ചടി-ദൃശ്യ-ശ്രാവ്യ-നവ മാധ്യമങ്ങൾ മാറിയിരിക്കുന്നു. അതിനാൽ ആരെയും ഭയപ്പെടാനില്ലെന്ന ആശ്വാസത്തിലാണ് തീവ്രവലതുപക്ഷവും അവരെ പ്രതിനിധീകരിക്കുന്ന സർക്കാറും.

അതുകൊണ്ടുതന്നെ രാക്ഷസീയ നിയമങ്ങൾ ഉപയോഗിച്ച്, അവശേഷിക്കുന്ന മനുഷ്യാവകാശ പ്രവർത്തകരെയും മാധ്യമങ്ങളെയും വേട്ടയാടി അനിശ്ചിതകാലം കാരാഗൃഹത്തിലടക്കാൻ കേന്ദ്ര-സംസ്ഥാനങ്ങൾക്ക് ആരെയും ഭയപ്പെടേണ്ടതില്ല. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽവന്ന 2014നുശേഷം 2021 വരെയുള്ള കാലത്ത് രാജ്യദ്രോഹകുറ്റത്തിന് ജയിലിലടക്കപ്പെട്ടവരുടെ എണ്ണം 65 ശതമാനം വർധിച്ചതായാണ് കണക്ക്. ഇവരിൽ മാധ്യമപ്രവർത്തകരുടെ എണ്ണം കുറവല്ല. ഒപ്പം ശാരീരികാക്രമണങ്ങളും കൈയേറ്റങ്ങളും നിരന്തരം വർധിച്ചുകൊണ്ടിരിക്കുന്നു. കുറ്റവാളികളെ പിടികൂടി നീതിപീഠത്തിന് മുന്നിൽ ഹാജരാക്കാൻ നിയമപാലകർക്ക് താൽപര്യമില്ല. സമൂഹമാധ്യമങ്ങളിൽ സർക്കാറിന്റെ തെറ്റായ നയങ്ങളെയും നടപടികളെയും സകാരണം വിമർശിക്കുന്നവരെ നിശബ്ദരാക്കാൻ സംസ്കാരശൂന്യരുടെ വൻപടതന്നെ രംഗത്തുണ്ടുതാനും.

അത്യന്തം ഹീനമായ ഭാഷയിൽ വ്യക്തിഹത്യ നടത്തുന്നവർക്കെതിരെ നിയമത്തിന്റെ കൈകൾ നീളുന്നില്ല. പകരം ഗൗരവപൂർവം തെളിവുകളുടെ ബലത്തിൽ സർക്കാറിന്റെയും ഭരണപക്ഷത്തിന്റെയും അതിക്രമങ്ങളെയും വീഴ്ചകളെയും ചൂണ്ടിക്കാട്ടുന്നവർക്കുള്ളതാണ് രാജ്യദ്രോഹകുറ്റവും അറസ്റ്റുകളും. രാഷ്ട്രാന്തരീയതലത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജവാർത്തകളുടെ മറുവശം അത്യന്തം ശ്രമകരമായി തേടിപ്പിടിച്ച് അവതരിപ്പിക്കാൻ സാഹസികയത്നത്തിലേർപ്പെട്ട ആൾട്ട് ന്യൂസിന്റെ മുഹമ്മദ് സുബൈറിന് ഇരുമ്പഴിക്കുള്ളിൽനിന്ന് പുറത്തുകടക്കാൻ കോടതിവിധി വേണ്ടിവന്നു. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ സിന്ദൂർ ഓപറേഷൻ വേളയിൽ പാക് മാധ്യമങ്ങളിലൂടെ പ്രചരിച്ച കള്ളക്കഥകളുടെ സത്യാവസ്ഥ അനാവരണം ചെയ്ത മുഹമ്മദ് സുബൈർ വർഗീയ ഫാഷിസ്റ്റുകളുടെയും മടിത്തട്ടു മാധ്യമങ്ങളുടെയും കണ്ണിൽ ‘രാജദ്രോഹി’ തന്നെ.

വിദ്വേഷ പ്രസംഗങ്ങൾക്കും ദ്രോഹനയങ്ങൾക്കും കുപ്രസിദ്ധനായ അസം മുഖ്യമന്ത്രി ഹിമന്തശർമയുടെ ഗണത്തിൽപെട്ട ഭരണാധികാരികളുടെ മാധ്യമവേട്ട നിർവികാരമായി നോക്കിനിൽക്കാതെ മുതിർന്ന മാധ്യമപ്രവർത്തകരുടെ നേരെയുള്ള പ്രതികാര നടപടിക്കെതിരെ രാജ്യസ്നേഹികളും മാനവികതയുടെ വക്താക്കളും അത്യുച്ചത്തിൽ ശബ്ദമുയർത്തിയേ മതിയാവൂ. നിയോ ഫാഷിസത്തിലേക്കുള്ള ദ്രുതപ്രയാണത്തിന് തടയിടാൻ കഴിഞ്ഞില്ലെങ്കിൽ സർവാധിപത്യത്തിന്റെ കരാളഹസ്തങ്ങളിൽ 140 കോടി ജനം ഞെരിഞ്ഞമരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorialtreasonFreedom of the press
News Summary - Freedom of the press is treason
Next Story