ക്രിമിനലിസത്തിൽനിന്ന് മുക്തി
text_fieldsകോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞ് പരസ്പരം ഏറ്റുമുട്ടിയപ്പോൾ തലതകർന്ന് ഷഹബാസ് എന്ന പത്താംക്ലാസുകാരൻ ദാരുണമായി കൊല്ലപ്പെട്ട സംഭവം സംസ്ഥാനത്തെയാകെ ഞെട്ടിച്ചതോടൊപ്പം നമ്മുടെ വിദ്യാർഥി-യുവജനങ്ങൾ ഏതു ദിശയിലാണ് അതിവേഗം കുതിക്കുന്നതെന്ന ഉത്കണ്ഠ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗങ്ങളെയാകെ പിടിച്ചുകുലുക്കിയിരിക്കുന്നു. നിയമസഭയിൽ മുൻ പ്രതിപക്ഷ നേതാവ് നോട്ടീസ് നൽകിയ തദ്വിഷയകമായ അടിയന്തര പ്രമേയത്തിന്മേൽ നടന്ന ചർച്ചയിൽ പങ്കെടുക്കവേ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രകടിപ്പിച്ച ആശങ്ക ജനങ്ങളുടെ മൊത്തം വികാരങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ്.
ഒറ്റപ്പെട്ട സംഭവമല്ല താമരശ്ശേരിയിലേതെന്നും തൊട്ടുമുമ്പുള്ള ദിവസങ്ങളിലും അതിന് മുമ്പുമായി കേരളം സാക്ഷ്യംവഹിച്ച അറുകൊലകളും ആത്മഹത്യകളും ഭീകര കുറ്റകൃത്യങ്ങളും ദൈവത്തിന്റെ സ്വന്തം നാടിനെ പിശാചിന്റെ സ്വന്തം നാടായി മാറ്റിക്കൊണ്ടിരിക്കുകയാണെന്നും നാം വേദനയോടെ മനസ്സിലാക്കേണ്ടി വന്നിരിക്കുകയാണ്. ‘നമുക്ക് സവിശേഷമായ ഒരു സംസ്കാരമുണ്ട്. ജീവിത സാഹചര്യവുമുണ്ട്. അതിന് നിരക്കുന്നതല്ലാത്തതൊന്നും ഇവിടെ സംഭവിച്ചുകൂടാ’ എന്ന് മറുപടിപ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടിയതിനോട് സ്വബോധമുള്ള ഒരാളും വിയോജിക്കാനിടയില്ല. ആധുനിക മുതലാളിത്തവും അതിന്റെ ഭാഗമായി വന്ന പുതുകമ്പോള വ്യവസ്ഥയും അതിലെ തീവ്ര മത്സരാധിഷ്ഠിത ജീവിതവും നമ്മുടെ ഇളംതലമുറയെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞുവെച്ചു.
പ്രതിപക്ഷ നേതാവാകട്ടെ, കേരളത്തിൽ ലഹരിമരുന്ന് വ്യാപനം വർധിക്കുകയാണെന്നും ഒരുകാലത്തുമില്ലാത്ത നിലയിൽ 15 മിനിറ്റിനകം ആർക്കുവേണമെങ്കിലും ഏതുതരത്തിലുള്ള ഡ്രഗ്സും കിട്ടുമെന്നും എടുത്തുപറഞ്ഞുകൊണ്ട് പുതുതലമുറയെ ആപത്കരമാംവിധം ഗ്രസിച്ചുകൊണ്ടിരിക്കുന്ന ലഹരി അഡിക്ഷൻ, കുറ്റകൃത്യങ്ങളുടെ വർധനവിൽ വഹിക്കുന്ന പങ്കിലേക്ക് വിരൽചൂണ്ടി. സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുമാസത്തിനിടെ നടന്ന 63 കൊലപാതകങ്ങളിൽ മുപ്പതെണ്ണത്തിനും ലഹരിബന്ധമുണ്ടെന്ന് പൊലീസ് രേഖകളും പുറത്തുവന്നുകൊണ്ടിരിക്കുന്നു. സിനിമയും സീരിയലുകളും സെക്സിനും വയലൻസിനും നൽകുന്ന അമിത പ്രാധാന്യവും ലക്കും ലഗാനുമില്ലാത്ത സമൂഹ മാധ്യമങ്ങളുടെ അതിപ്രസരവും കുടുംബജീവിതത്തിനും വിദ്യാർഥി സമൂഹത്തിന്റെ അച്ചടക്കത്തിനും യുവജന ശക്തിയുടെ ക്രിയാത്മക ഔത്സുക്യത്തിനും ഏൽപിച്ചുകൊണ്ടിരിക്കുന്ന പരിക്കുകൾ മാരകമാണെന്ന ആലോചന ഈ പശ്ചാത്തലത്തിൽ ഉയരുന്നുണ്ട്.
പക്ഷേ, രോഗലക്ഷണങ്ങളെയും തജ്ജന്യ പ്രത്യാഘാതങ്ങളെയും കുറിച്ച ചർച്ചകളും അഭിപ്രായ പ്രകടനങ്ങളും അനാരോഗ്യ പ്രവണതകളെ നേരിടാൻ പ്രതിപക്ഷത്തിന്റെ കൂടി പിന്തുണയോടെ സർക്കാർ സ്വീകരിക്കാൻപോവുന്ന പ്രതിരോധ നടപടികളുമെല്ലാം താൽക്കാലിക ഒച്ചപ്പാടായി മാറി സാമൂഹിക ജീവിതം പൂർവാവസ്ഥയിൽത്തന്നെ തുടരാനുള്ള സാധ്യത ഒട്ടുമേ നിരാകരിക്കാനാവില്ലെന്നാണ് അനുഭവങ്ങൾ പഠിപ്പിക്കുന്നത്. ജീവിത തുറകളിലൊന്നിലോ രണ്ടിലോ മാത്രം സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസമല്ല നമ്മുടെ യുവജനങ്ങളുടെ മാർഗച്യുതി എന്നതുതന്നെ കാരണം. ആധുനിക മുതലാളിത്തവും അതിന്റെ ഭാഗമായി വന്ന കമ്പോള വ്യവസ്ഥയുമാണ് ഇത്തരമൊരു സ്ഥിതിവിശേഷത്തിനുത്തരവാദി എന്ന് കമ്യൂണിസ്റ്റുകാരനായ പിണറായി വിജയൻ വിലയിരുത്തിയതിൽ സ്വാഭാവികതയുണ്ട്. തീർച്ചയായും ആഗോളീകരണവും തദ്ഫലമായി ആഗോള വ്യാപകമായി നിലവിൽവന്ന വിപണി സമ്പദ്‍വ്യവസ്ഥയും മനുഷ്യനെ കേവലം ധനത്തിന്റെയും തജ്ജന്യ നേട്ടകോട്ടങ്ങളുടെയും ഗുണഭോക്താവാക്കി മാറ്റിയതോടെ മാനവിക മൂല്യങ്ങൾക്ക് ഒരു വിലയും നിലയുമില്ലാതായി എന്നതാണവസ്ഥ.
സമ്പത്തിനും സുഖസൗകര്യങ്ങൾക്കും പിന്നാലെയുള്ള നെട്ടോട്ടത്തിൽ വിജയിക്കുന്നവരാണ് യഥാർഥ ജീവിതവിജയി എന്നുവന്നതോടെ പെറ്റുപോറ്റിയ മാതാപിതാക്കളോടോ കൂടപ്പിറപ്പുകളോടോ അയൽക്കാരോടോ സമൂഹത്തോടോ ഒരു കടപ്പാടും തനിക്കില്ലെന്ന് വിശ്വസിക്കുന്നവന്റെ കണ്ണിൽ സാംസ്കാരിക ധാർമിക മൂല്യങ്ങൾക്കെന്ത് വില! സുഖം തേടിയുള്ള കുതിപ്പിൽ തടസ്സമെന്ന് തോന്നിയ ആരെയും തട്ടിമാറ്റാനോ വെട്ടിമാറ്റാനോ അയാൾ സർക്കാർ നിയമങ്ങളെയോ കോടതികളെയോ അല്ലാതെ മറ്റാരെ പേടിക്കണം! ആ തടസ്സമാവട്ടെ തട്ടിനീക്കാനും പണംതന്നെ ശരണം. മനുഷ്യനെ നന്നാക്കാനുള്ളതാണ് വിദ്യാഭ്യാസം എന്ന പഴയ സങ്കൽപം മുഖ്യമന്ത്രി പ്രസംഗവശാൽ അനുസ്മരിച്ചിട്ടുണ്ട്. അതും പക്ഷേ, തീർത്തും കാലഹരണപ്പെട്ട വേദാന്തമാണ്. പരമാവധി ഉയർന്ന തൊഴിൽ, പരമാവധി മെച്ചപ്പെട്ട വേതനം, അത്യാധുനിക ജീവിതസൗകര്യങ്ങൾ ഇവയൊക്കെയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമായി സർക്കാറുകളും വിദ്യാഭ്യാസ വിദഗ്ധരും പാഠ്യപദ്ധതികളും അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ കുട്ടികളുടെ മുന്നിൽ വെക്കുന്നത്.
സ്വാഭാവികമായും അത് തേടിപ്പിടിക്കാനുള്ള നെട്ടോട്ടത്തിലേർപ്പെട്ട ഇളംതലമുറക്ക് രക്ഷിതാക്കളോടുള്ള കടപ്പാടോ സഹപാഠികളോടുള്ള ഉള്ളുതുറന്ന സൗഹൃദമോ സമൂഹത്തോടും രാജ്യത്തോടുമുള്ള ബാധ്യതകളോ ചിന്താവിഷയമാവുന്നേയില്ല. പ്രകൃത്യാ സന്മനസ്സും സ്നേഹബന്ധങ്ങളോട് ആഭിമുഖ്യവുമുള്ള കുട്ടികളാണെങ്കിൽ അവരെക്കൂടി അതിൽനിന്ന് പിന്തിരിപ്പിക്കാൻ നാസ്തിക-മൂല്യനിരാസ-അധാർമിക-പൈശാചിക ശക്തികൾ വലവിരിച്ചിരിപ്പുണ്ട്. അവരെ തളക്കാനോ തളർത്താൻ പോലുമോ സർക്കാറോ നിയമപാലകരോ തയാറായില്ലെന്നതാണ് തിക്തസത്യം. സദ്ബുദ്ധി ഉപദേശിക്കുന്നവരേക്കാൾ പിന്തിരിപ്പന്മാരും മൗലികവാദികളും മറ്റില്ലെന്ന പൊതുബോധം സൃഷ്ടിച്ചെടുക്കുന്നതിൽ മാനവികതയുടെ ശത്രുക്കൾ വിജയിച്ചുകൊണ്ടിരിക്കുന്നു.
ഉള്ളതുപറഞ്ഞാൽ സ്ഥിതി ഇതാണെങ്കിലും കൂരിരുട്ടിനെ പഴിക്കാതെ വെളിച്ചത്തിന്റെ തിരിനാളമെങ്കിലും കൊളുത്തുക എന്ന പഴമൊഴി കണക്കിലെടുത്ത് സർക്കാർതന്നെ സകല മാർഗേനയും പണിതുയർത്തുന്ന ലഹരി സാമ്രാജ്യത്തിൽനിന്ന് രാസലഹരിയെ വേർപെടുത്തി അതിന്റെ വ്യാപനമെങ്കിലും കുറക്കാനുള്ള നടപടികളിൽ പൊലീസിനോടും എക്സൈസിനോടും സഹകരിക്കാതിരിക്കേണ്ട കാര്യമില്ല. സിനിമയിൽനിന്ന് വയലൻസ് മാറ്റിനിർത്തണമെന്ന മുറവിളി സിനിമക്കാരും സെൻസർ ബോർഡും കേട്ടഭാവം നടിക്കുകയില്ലെങ്കിലും സ്വന്തം കുട്ടികളെ അതിന്റെ സ്വാധീന വലയത്തിൽനിന്ന് രക്ഷപ്പെടുത്താൻ രക്ഷിതാക്കളും സാമൂഹിക പ്രവർത്തകരും ശ്രമിച്ചാൽ ഫലമുണ്ടാവും. വിദ്യാലയാന്തരീക്ഷം ഹിംസമുക്തമാക്കാൻ അധ്യാപകരും രക്ഷാകർതൃ സമിതികളും നിയമപാലകരും മനസ്സുവെച്ചാൽ മാറ്റമുണ്ടാവും. കുട്ടിക്കുറ്റവാളികളെക്കൊണ്ട് കൊടിപിടിപ്പിക്കുകയല്ല അവരെ ഗുണദോഷിച്ച് നേർവഴിയിലേക്കാനയിക്കുകയാണ് തങ്ങളുടെ ദൗത്യമെന്ന തിരിച്ചറിവ് വിദ്യാർഥി സംഘടനകൾക്കുണ്ടായാൽ പൊലീസിന്റെ ജലപീരങ്കിപ്രയോഗം കുറക്കുകയെങ്കിലും ചെയ്യാം. സംസ്ഥാനത്തിന്റെ മഹിതമായ സാംസ്കാരിക പാരമ്പര്യം തിരിച്ചുപിടിക്കാൻ മുഴുവൻ കേരളീയർക്കും സദ്ബുദ്ധിയുണ്ടാവട്ടെ എന്ന് പ്രാർഥിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.