Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightട്രംപിന്‍െറ ആദ്യ വെടി

ട്രംപിന്‍െറ ആദ്യ വെടി

text_fields
bookmark_border
ട്രംപിന്‍െറ ആദ്യ വെടി
cancel

ദൈവത്തിന്‍െറ ജനങ്ങള്‍ ഐക്യത്തോടെ ഒറ്റക്കെട്ടായി ജീവിക്കുന്നത് എത്ര നല്ലതും സന്തോഷകരവുമായിരിക്കും എന്ന് ബൈബിള്‍ നമ്മോട് പറയുന്നു എന്ന് യു.എസ് പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്തയുടനെയുള്ള പ്രസംഗത്തില്‍ അനുസ്മരിച്ച ഡോണള്‍ഡ് ട്രംപ്, ഭരണമാരംഭിച്ചപ്പോള്‍ തുടങ്ങിയിരിക്കുന്നത് ഇസ്രായേലിലെ തന്‍െറ രാജ്യത്തിന്‍െറ നയതന്ത്ര കാര്യാലയം ജറൂസലമിലേക്ക് മാറ്റാനുള്ള നടപടികളാണെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. രണ്ടു ജനതകളെ ശാശ്വത ശത്രുക്കളാക്കാനുള്ള തീരുമാനം! ജൂതരാഷ്ട്രത്തിന്‍െറ ചിരകാലമായുള്ള ഈയാവശ്യത്തിന്, പൂര്‍ണപിന്തുണയും സംരക്ഷണവും ആവര്‍ത്തിച്ചു പ്രഖ്യാപിച്ചുകൊണ്ടുതന്നെ പ്രായോഗികമായി അതംഗീകരിക്കാന്‍ ട്രംപിന്‍െറ മുന്‍ഗാമികളൊക്കെയും വിസമ്മതിക്കുകയായിരുന്നു.

എന്നാല്‍, വര്‍ണവെറിയനും വംശവെറിയനും തീവ്രവലതുപക്ഷ പ്രതിനിധിയുമായ ഡോണള്‍ഡ് ട്രംപ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ചെയ്ത വാഗ്ദാനം, ഐക്യരാഷ്ട്രസഭയുടെ ആവര്‍ത്തിച്ചുള്ള വിലക്കുകള്‍ കാറ്റില്‍പറത്തി കിഴക്കന്‍ ജറൂസലമിലെ ഇസ്രായേല്‍ കുടിയേറ്റങ്ങളെ അമേരിക്ക അനുകൂലിക്കുമെന്നതും യു.എസ് എംബസി ആ പുണ്യപുരാതന നഗരത്തിലേക്ക് മാറ്റുമെന്നതുമായിരുന്നു. എന്തുവിലകൊടുത്തും തന്നെ ജയിപ്പിക്കാന്‍ രംഗത്തിറങ്ങിയ സയണിസ്റ്റ് ലോബിയെ തൃപ്തിപ്പെടുത്താനും താന്‍ മുഖ്യശത്രുവായി കാണുന്ന മുസ്ലിംകളെ പരമാവധി പ്രകോപിപ്പിക്കാനും ലക്ഷ്യവെച്ചുതന്നെയാണ് എംബസി മാറ്റത്തിനുള്ള നടപടികള്‍ ട്രംപ് ആരംഭിച്ചിരിക്കുന്നത്. ഇതേ പ്രസംഗത്തിലെ ‘ഇസ്ലാമിക ഭീകരത’ ലോകത്തുനിന്ന് താന്‍ തുടച്ചുനീക്കും എന്ന ട്രംപിന്‍െറ ആക്രോശംകൂടി ചേര്‍ത്തുവായിച്ചാല്‍ ചിത്രം പൂര്‍ണമാവും.

1917ലെ ബാല്‍ഫര്‍ പ്രഖ്യാപനത്തോടെ ഒൗപചാരികമായാരംഭിച്ച ഇസ്രായേല്‍ രാഷ്ട്ര നിര്‍മാണ പ്രക്രിയ ജറൂസലം നിര്‍ദിഷ്ട ജൂതരാഷ്ട്രത്തിന്‍െറ തലസ്ഥാനമാവുന്നതോടെയാണ് പൂര്‍ണതയിലത്തെുക എന്നത് സയണിസ്റ്റ് അജണ്ടയായിരുന്നു. 1948ല്‍ ഐക്യരാഷ്ട്രസഭയുടെ അനുകൂല തീരുമാനത്തോടെ യാഥാര്‍ഥ്യമായിത്തീര്‍ന്ന ഇസ്രായേല്‍, ഒരിക്കലും അതിന്‍െറ അതിര്‍ത്തികള്‍ നിര്‍ണയിക്കാതെ തുടര്‍ന്നതുതന്നെ വിശാല ഇസ്രായേല്‍ എന്ന സ്വപ്നസാക്ഷാത്കാരത്തിനു വേണ്ടിയായിരുന്നുവെന്നത് സര്‍വര്‍ക്കും അറിയാവുന്ന സത്യം മാത്രം. 1967ലെ യുദ്ധത്തില്‍ ജോര്‍ഡനില്‍നിന്ന് ഖുദ്സ് അഥവാ ജറൂസലം ഉള്‍പ്പെടുന്ന വെസ്റ്റ് ബാങ്ക് പിടിച്ചെടുത്തതോടെ ലക്ഷ്യംനേടുന്നതില്‍ നിര്‍ണായക വിജയമാണ് ഇസ്രായേല്‍ കൈവരിച്ചത്.

യുദ്ധത്തില്‍ ഇസ്രായേല്‍ പിടിച്ചെടുത്ത അറബ് പ്രദേശങ്ങള്‍ വിട്ടുകൊടുക്കണമെന്ന് യു.എന്‍ രക്ഷാസമിതി ആവശ്യപ്പെട്ടിട്ടും ജൂതരാഷ്ട്രം അത് കേട്ടഭാവം നടിച്ചില്ളെന്ന് മാത്രമല്ല ഓസ്ലോ കരാറിലൂടെ തങ്ങള്‍ അംഗീകരിച്ച ഫലസ്തീന്‍ രാഷ്ട്രത്തിന്‍െറ ഭാഗമായ പ്രദേശത്തുപോലും ജൂത കോളനികള്‍ സ്ഥാപിക്കാനാണ് ആ രാജ്യം നിരന്തരം പണിയെടുത്തതും. ഏറ്റവുമൊടുവില്‍ ജറൂസലമിലും വെസ്റ്റ് ബാങ്കിലുമായി ജൂത പാര്‍പ്പിടങ്ങളുടെ പുതിയ സമുച്ചയവുമായി നെതന്യാഹു ഗവണ്‍മെന്‍റ് മുന്നോട്ടു നീങ്ങവെ 2016 ഡിസംബര്‍ അവസാനവാരത്തില്‍ യു.എന്‍ രക്ഷാസമിതി അത് നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്ന പ്രമേയം വന്‍ ഭൂരിപക്ഷത്തോടെ പാസാക്കി. ബറാക് ഒബാമയുടെ അമേരിക്ക വ്യക്തമായ നയംമാറ്റത്തിന്‍െറ സൂചനയോടെ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നത് സമാധാനലോകം അമ്പരപ്പോടെയും ആശ്വാസത്തോടെയുമാണ് സ്വാഗതം ചെയ്തത്. ഫലസ്തീന്‍ അതോറിറ്റിയാവട്ടെ അവരുടെ ആഹ്ളാദം മറച്ചുവെച്ചതുമില്ല.

പക്ഷേ, അമേരിക്കയുടെ നിലപാടില്‍ രോഷാകുലനും നിരാശനുമായ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു ആരെന്തുപറഞ്ഞാലും തങ്ങള്‍ പാര്‍പ്പിട പദ്ധതിയുമായി മുന്നോട്ടുപോവുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഡോണള്‍ഡ് ട്രംപിന്‍െറ യു.എസ് ഭരണകൂടം യു.എന്‍ പ്രമേയത്തെ തൃണവത്ഗണിച്ചുകൊണ്ട് ഇസ്രായേലിന്‍െറ ധിക്കാരപരമായ ഏതു നടപടിയെയും പിന്താങ്ങുമെന്ന ഉറപ്പ് നെതന്യാഹുവിനുണ്ടായിരുന്നതാണ് കാരണം. അയാളുടെ പ്രതീക്ഷകള്‍ തെറ്റായിട്ടില്ളെന്ന് ട്രംപിന്‍െറ തുടക്കം തെളിയിക്കുന്നു. അമേരിക്കതന്നെ ഫലസ്തീനില്‍ ഇരുരാഷ്ട്രങ്ങള്‍ എന്ന തത്ത്വം ആവര്‍ത്തിച്ച് അംഗീകരിച്ചതാണെങ്കിലും ഹതഭാഗ്യരായ ഫലസ്തീന്‍ ജനതയെ, ഹിറ്റ്ലര്‍ ജൂതരോട് ചെയ്തപോലെ അടിച്ചോടിക്കാനും വഴിയാധാരമാക്കാനും ഡോണള്‍ഡ് ട്രംപ് പൂര്‍ണ പിന്തുണ നല്‍കുമെന്ന ഉറച്ച വിശ്വാസം ഇസ്രായേലിനുണ്ട്.

അന്താരാഷ്ട്ര മര്യാദകള്‍ക്കും യു.എന്‍ പ്രമാണങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും കടകവിരുദ്ധമായ ഇസ്രായേലിന്‍െറയും ട്രംപിന്‍െറയും നീക്കങ്ങളോട് ലോകം എങ്ങനെ പ്രതികരിക്കുന്നു എന്നാണറിയാനുള്ളത്. കൈയൂക്കാണ് പരമസത്യം  എന്ന് തീരുമാനിച്ചുവെങ്കില്‍ ഇത്തരം തെമ്മാടിത്തങ്ങള്‍ നിര്‍ബാധം തുടരാം. അതല്ല സത്യത്തിനും നീതിക്കും മാനവികതക്കും എന്തെങ്കിലും വിലയോ പരിഗണനയോ ഉണ്ടെങ്കില്‍ ഇസ്രായേലിന്‍െറ ധാര്‍ഷ്ട്യത്തിന് തടയിടാനും ട്രംപിന്‍െറ കുത്സിതനീക്കങ്ങളെ തുറന്നെതിര്‍ക്കാനും ഭരണകൂടങ്ങളും പാര്‍ട്ടികളും ജനങ്ങളും തയാറാകേണ്ട സമയമാണിത്.

തങ്ങളുടെ നയതന്ത്രകാര്യാലയം തെല്‍ അവീവില്‍നിന്ന് ജറൂസലമിലേക്ക് അമേരിക്ക മാറ്റുന്നതോടെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും അവരുടെ ഒപ്പംനില്‍ക്കുന്നവരും ആ വഴി പിന്തുടരുമെന്നത് സ്വാഭാവിക പരിണതിയാണ്. നിലനില്‍ക്കുന്ന രാഷ്ട്രാന്തരീയ സാഹചര്യങ്ങളില്‍ അറബ്-മുസ്ലിം രാജ്യങ്ങളില്‍പോലും എത്രയെണ്ണം ട്രംപിനെതിരെ വിരലനക്കാന്‍ ധൈര്യപ്പെടുമെന്ന് കണ്ടറിയണം.

Show Full Article
TAGS:madhyamam editorial 
Next Story