Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightആശ്രമത്തിൽ പടർന്ന...

ആശ്രമത്തിൽ പടർന്ന അഗ്​നി

text_fields
bookmark_border
ആശ്രമത്തിൽ  പടർന്ന അഗ്​നി
cancel

ജാതിചിന്തകളും മതാത്മക ആചാരങ്ങളും സംസ്കാരമായി ആഴത്തിൽ വേരോടിയ നമ്മുടെ സമൂഹത്തിൽ ശബരിമലയിലെ സ്ത്രീ പ്രവേശനം പോ​െലയുള്ള കോടതിവിധികൾ സാമുദായികമായി പ്രക്ഷുബ്​ധതയുണ്ടാക്കുക സ്വാഭാവികം. അത്തരം വൈകാരിക വിക്ഷുബ്​ധതകളും അവ ഉൽപാദിപ്പിക്കുന്ന പ്രക്ഷോഭ പരിപാടികളും -അവ പ്രതിലോമപരമോ പുരോഗമനപരമോ ആകട്ടെ- പൗരാവകാശ ലംഘനങ്ങൾക്കും സാമൂഹിക ധ്രുവീകരണത്തിനുമുള്ള ഉപാധിയാക്കപ്പെടാതിരിക്കാനുള്ള ജാഗ്രത പുലർത്തിയിട്ടില്ലെങ്കിൽ കേരളം എത്തിപ്പെടുക പെ​െട്ടന്ന് രക്ഷിച്ചെടുക്കാനാകാത്ത സാമുദായിക ധ്രുവീകരണത്തി​െൻറ ചളിക്കുണ്ടിലായിരിക്കും. കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കപ്പെടുന്ന സാമുദായിക ധ്രുവീകരണ പദ്ധതികളായി വികാസം പ്രാപിക്കുന്നു, ദൗർഭാഗ്യവശാൽ ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ അരങ്ങേറുന്ന സമീപകാല പ്രക്ഷോഭങ്ങളുടെ സ്വഭാവം. അതി​െൻറ ഒടുവിലത്തെ ഉദാഹരണമാണ് സ്വാമി സന്ദീപാനന്ദ ഗിരിയുടെ കുണ്ടമൺ കടവിലെ സാളഗ്രാമം ആശ്രമത്തെ വെണ്ണീറാക്കാൻ പടർത്തിയ തീ. ഒരു കോടി രൂപയിലധികം നഷ്​ടം കണക്കാക്കപ്പെടുന്ന, അപലപനീയമായ ആക്രമണം കൂടുതൽ നടുക്കമുണ്ടാക്കുന്നത് അവിടെ വെച്ച റീത്തിലൂടെ നൽകുന്ന മുന്നറിയിപ്പാണ്. വിയോജിപ്പുകൾ അവ സന്യസ്ഥരിൽനിന്നായാൽപോലും അഗ്​നികൊണ്ട് തുടച്ചുനീക്കുമെന്ന തീർപ്പി​െൻറ ശംഖൊലിയാണ് രാത്രിയുടെ ഇരുളിൽ ആക്രമികൾ സാളഗ്രാമത്തിൽ മുഴക്കിയിരിക്കുന്നത്.

ശബരിമല പ്രക്ഷോഭത്തിലൂടെ കേരളം എത്തിയ അപകടമുനമ്പി​െൻറ വ്യാപ്തി കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് ആശ്രമത്തിനുനേ​െരയുള്ള നിഷ്ഠുര ആക്രമണം.
ആക്രമണത്തിനു പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് പരസ്യമായി വ്യക്തമാക്കിയിരിക്കുന്നു സ്വാമി സന്ദീപാനന്ദ ഗിരി. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​, താഴമൺ തന്ത്രി കുടുംബം, പന്തളം രാജ കുടുംബം തുടങ്ങിയവർ ഗൂഢാലോചനയിൽ പങ്കാളിയാ​െണന്നും അദ്ദേഹം ആരോപണമുന്നയിച്ചിരിക്കുന്നു. സംഘ്പരിവാറിനെതിരെ സംസാരിച്ചതിനോടുള്ള പ്രതികാരമാണ് ഹീനമായ ആക്രമണത്തിന് കാരണമെന്ന് ഉറച്ചുവിശ്വസിക്കുകയും ചെയ്യുന്നു അദ്ദേഹം. ഈ സംശയത്തെ സാധൂകരിക്കുന്നതാണ് സമൂഹമാധ്യമങ്ങളിൽ സന്ദീപാനന്ദ ഗിരിക്കെതിരെ നടക്കുന്ന വേട്ടയും സംഘ് അനുകൂലികളുടെ ന്യായീകരണ പോസ്​റ്റുകളും. ആശ്രമ സന്ദർശനശേഷം ആക്രമണത്തിൽ ഹീനമായ ഗൂഢാലോചനയുണ്ടെന്ന് മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയിരിക്കെ വസ്തുതകൾ സ്വതന്ത്രമായ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരുകയെന്നത് പിണറായി സർക്കാറി​െൻറ അടിയന്തര കർത്തവ്യമാണ്. കാരണം, വ്യത്യസ്ത ശബ്​ദങ്ങളെ ഇല്ലായ്മചെയ്യാൻ കേരളത്തിലും സംഘ്പരിവാർ പദ്ധതികളിട്ടിട്ടുണ്ടെങ്കിൽ അവയെ നിയമപരമായി നിർമാർജ്ജനം ചെയ്യണം. ജനാധിപത്യ കേരളത്തി​െൻറ ആണിക്കല്ലിളകാതിരിക്കാനുള്ള അത്യന്താപേക്ഷിത നടപടിക്രമമാണ് ഫലപ്രദമായ അന്വേഷണവും ഗൂഢാലോചകരെ നിയമത്തി​െൻറ മുന്നിൽ ഹാജരാക്കലും.

സുപ്രീംകോടതി വിധി നിയമപരമായി പവിത്രമാ​െണങ്കിലും ജനാധിപത്യപരമായി അവ ചോദ്യം ചെയ്യാവുന്നതും അവക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാവുന്നതുമാണ്. കോടതികൾക്ക് തെറ്റുപറ്റുമെന്നതിന്​ കോടതി വിധികളുടെ ചരിത്രംതന്നെ സാക്ഷിയാണ്. അവ തിരുത്തേണ്ടതും നിയമാനുസൃതം ഭരണഘടനാപരമായ നടപടി ക്രമങ്ങളിലൂടെയാണ്. അതിനാവശ്യമായ പൊതു വികാരം സ്വരുക്കൂട്ടാൻ സംവാദങ്ങൾക്കും തെരുവ് സമരങ്ങൾക്കും ജനാധിപത്യത്തിൽ തുറന്ന അവസരങ്ങളുണ്ടാവണം. അവ ആചാര സംരക്ഷണത്തിനുവേണ്ടി നിലകൊള്ളുന്നവർക്കും കോടതിവിധിയെ നവോത്ഥാനമായി വിലയിരുത്തുന്നവർക്കും ഒരുപോലെ ലഭ്യമാകണം. അപ്പോഴേ ജനാധിപത്യം പൂർണാർഥത്തിൽ സാക്ഷാത്കരിക്കപ്പെടൂ. വിശ്വാസത്തിനുമേൽ കോടതികൾക്ക് എത്രമാത്രം നിയമനിർമാണം നടത്താമെന്ന ജസ്​റ്റിസ് ഇന്ദു മൽഹോത്രയുടെ പ്രസക്തമായ ചോദ്യം സഗൗരവം വിശ്വാസികൾക്ക് സംവാദമായി വളർത്തുകയും വികസിപ്പിക്കുകയും ചെയ്യാം. അതുപോലെ, ഭരണഘടനയുടെ തുല്യതാ സങ്കൽപത്തിന് വിരുദ്ധമാ​െണന്ന ഭൂരിപക്ഷ വിധിയെ നവോത്ഥാനമായി വിലയിരുത്താനും പ്രചരിപ്പിക്കാനുമുള്ള അവകാശം അതുന്നയിക്കുന്നവർക്കും ലഭിക്കണം. എന്നാൽ, കോടതി വിധിക്കെതിരെയുള്ള പ്രക്ഷോഭങ്ങൾ ആസൂത്രിതമായ ആക്രമണത്തി​െൻറ സ്വഭാവം ആർജ്ജിക്കുന്നുവെങ്കിൽ, വിധ്വംസക തൽപരർക്ക് സംസ്ഥാനത്ത് നിയമത്തെ കൈയിലെടുക്കാനുള്ള അവസരമായിമാറുന്നുവെങ്കിൽ അത്​ എന്തു വിലകൊടുത്തും തടയേണ്ടത് മുഴുവൻ വിശ്വാസികളുടെയും അവിശ്വാസികളുടെയും ബാധ്യതയാണ്. കാരണം, അവ ശബരിമലയുടെ വിശുദ്ധി സംരക്ഷിക്കാനല്ല, കേരളത്തിൽ നിലനിൽക്കുന്ന സൗഹാർദത്തെ തകർക്കാനാണ്. സാള ആശ്രമത്തിൽ പടർന്ന തീ അവിടത്തന്നെ കെടുത്താനുള്ള ഉൽപതിഷ്ണുത പ്രകടിപ്പിക്കാൻ ഒരോ മലയാളിയും മുന്നോട്ടു വരേണ്ടിയിരിക്കുന്നു.

സുപ്രീംകോടതി വിധിക്കെതിരെയുള്ള സമരങ്ങൾ ഭാവി കേരളത്തെ എങ്ങനെ നിർമിച്ചെടുക്കുമെന്ന ആലോചനകളെയും അനിവാര്യമാക്കുന്നുണ്ട് ആശ്രമത്തിനു നേരയുള്ള ആക്രമണം. പ്രതിലോമപരവും കേവല വൈകാരികവുമായ വാദങ്ങൾ നിർലജ്ജം ഉന്നയിക്കാൻ നേതാക്കളെ ധൃഷ്​ടരാക്കുന്നത് താൽക്കാലിക രാഷ്​​ട്രീയ ലാഭത്തോടൊപ്പം ഈ പ്രക്ഷോഭം ചരിത്രത്തിൽ ഏത് രീതിയിലാണ് രേഖപ്പെടുത്തപ്പെടാൻ പോകുന്നതെന്ന ബോധ്യമില്ലായ്​മകൊണ്ടുകൂടിയാണ്. ശബരിമല ആചാരങ്ങളുടെ സംരക്ഷണത്തി​െൻറ പേരിൽ നടക്കുന്ന സമരങ്ങൾ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുക എന്തി​െൻറ പേരിലാകുമെന്ന് കൂലങ്കഷമായി പുനരാലോചിക്കാൻ പ്രേരിപ്പിക്കുന്നു സാളഗ്രാമത്തിൽ പടർന്ന അഗ്​നി. അവിടെ പടർന്നത് ഭഗവദ്ഗീതയിൽ പറയുന്ന വിശുദ്ധാഗ്​നിയല്ല, വെറുപ്പി​െൻറ വിദ്വേഷാഗ്​നിയാണ്.

Show Full Article
TAGS:madhyamam editorial sandeepananda giri sabarimala women entry article malayalam news 
Next Story