പൊലീസ് തലപ്പത്തെ നാണംകെട്ട പോര്
text_fieldsസംസ്ഥാന ഭരണത്തിെൻറ നട്ടെല്ലായി വർത്തിക്കുന്ന രണ്ട് വകുപ്പുകളാണ് ആഭ്യന്തരവും ധനകാര്യവും. മെച്ചപ്പെട്ട ക്രമസമാധാനവും ഭദ്രമായ സാമ്പത്തിക സ്ഥിതിയും ഉറപ്പാക്കാൻ കഴിഞ്ഞാൽ ഗവൺമെൻറിനു സുഗമമായി മുന്നോട്ടുകുതിക്കാൻ സാധിക്കുമെന്നാണ് സങ്കൽപം. എന്നാൽ, പിണറായി സർക്കാർ അധികാരത്തിലേറിയത് മുതൽ ഏറ്റവും കൂടുതൽ ദുഷ്പ്പേര് ക്ഷണിച്ചുവരുത്തിയത് ആഭ്യന്തരവകുപ്പാണെന്ന് പറയാതിരിക്കാൻ വയ്യ. ഭരണത്തിെൻറ പ്രതിച്ഛായ കളങ്കപ്പെടുത്തുന്നതിൽ പൊലീസിെൻറ തലപ്പത്തിരിക്കുന്നവർ നൽകുന്ന സംഭാവനകൾ തുടർന്നുകൊണ്ടേയിരിക്കുകയാണ്. ഉത്തരവാദപ്പെട്ട പദവിയിൽ പ്രതിഷ്ഠിക്കപ്പെട്ടവർ തങ്ങളിരിക്കുന്ന സ്ഥാനത്തിെൻറ വലുപ്പം മനസ്സിലാക്കാതെ, പ്രതികാരബുദ്ധിയോടെ തറവേലകൾ കളിക്കുകയാണെന്ന് വേണം വിലയിരുത്താൻ. ഏറ്റവുമൊടുവിലായി, പൊലീസ് മേധാവി ടി.പി. സെൻകുമാറും എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയും തമ്മിൽ തുടരുന്ന ചക്കളത്തിപ്പോരിെൻറ വിശദാംശങ്ങൾ പുറത്തുവരുമ്പോൾ സാമാന്യജനംപോലും ലജ്ജിച്ച് തല താഴ്ത്തുന്നു. തെരുവിൽ അരങ്ങേറാറുള്ള തമ്മിൽത്തല്ലും അസഭ്യവർഷവും പോർവിളിയുമൊക്കെയാണ് പൊലീസ് ആസ്ഥാനത്തു ഇന്ന് നടമാടുന്നതെന്ന് കേൾക്കുന്നത് ഒരു സംസ്ഥാനത്തിെൻറ മൊത്തം അന്തസ്സാണ് കെടുത്തുന്നത്.
ഡി.ജി.പി സെൻകുമാർ തന്നോട് മോശമായി പെരുമാറി എന്ന് കാണിച്ച് മേയ് ഒമ്പതിന് തച്ചങ്കരി ചീഫ് സെക്രട്ടറി നളിനി നെറ്റോക്കും ആഭ്യന്തര സെക്രട്ടറി സുബ്രതാ വിശ്വാസിനും പരാതി നൽകിയതോടെ പുറത്തുവന്ന പോര്, ഇപ്പോൾ പരസ്പരം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിലാണ് ചെന്നെത്തി നിൽക്കുന്നത്. തെൻറ കേസുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ടോമിൻ തച്ചങ്കരി പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി^ബ്രാഞ്ചിൽനിന്ന് ചോർത്തിക്കൊണ്ടുപോയി എന്നാണ് ഡി.ജി.പി നൽകുന്ന വിശദീകരണം. അതേസമയം, വിരമിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ, രഹസ്യസ്വഭാവമുള്ള ഫയലുകൾ സെൻകുമാർ ആവശ്യപ്പെടുന്നത് ദുഷ്ടലാക്കോടെയാണെന്നാണ് തച്ചങ്കരിയുടെ വാദം. സർക്കാറിെനതിരായ കേസുകളിൽ ടി^സെക്ഷനിലെ വിവരങ്ങൾ ഭാവിയിൽ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും തച്ചങ്കരി ആഭ്യന്തരവകുപ്പിനെ അറിയിച്ചിരിക്കയാണ്.
ഇത് സ്വയം പൊട്ടിമുളച്ച തർക്കമല്ല. സർക്കാർ പയറ്റിയ ചില തന്ത്രങ്ങളുടെ സ്വാഭാവിക പരിണതി മാത്രമാണ്. കോടതിവിധിയിലൂടെ പൊലീസ് മേധാവി സ്ഥാനത്തേക്ക് പുന$പ്രവേശനം തരപ്പെടുത്തിയ സെൻകുമാറിെൻറ കൈകാലുകൾക്ക് കൂച്ചുവിലങ്ങിടുക എന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് എ.ഡി.ജി.പിയായി ടോമിൻ തച്ചങ്കരി നിയോഗിക്കപ്പെടുന്നത്. തങ്ങൾക്ക് അനഭിമതനായ ഒരാൾ പൊലീസ് തലപ്പത്ത് പ്രതിഷ്ഠിക്കപ്പെട്ടതിലുള്ള കുണ്ഠിതം തീർക്കാനുള്ള ഈ അടവ് പരാജയപ്പെടുത്താനുള്ള സെൻകുമാറിെൻറ ശ്രമങ്ങൾ വിജയിക്കാതെ പോയപ്പോൾ ഏറ്റുമുട്ടലിെൻറ പാതയിലേക്ക് കടന്നു. ടോപ്സീക്രട്ട് വിഭാഗം തെൻറ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കണമെന്ന സെൻകുമാറിെൻറ ആവശ്യത്തിന് സ്വാഭാവികമെന്നോണം തച്ചങ്കരി തടസ്സംനിന്നു. അതോടെ, പൊലീസ് മേധാവി എന്ന നിലയിൽ തെൻറ പ്രവർത്തനത്തെ ബാധിക്കുന്നതുകൊണ്ട് ഓഫിസിലേക്ക് വിളിച്ചുവരുത്തി താക്കീതുചെയ്തു എന്നാണ് സെൻകുമാറിെൻറ ഭാഷ്യം. അതല്ല, ശകാരിക്കുകയും ചീത്തവിളിക്കുകയും ചെയ്തുവെന്ന് തച്ചങ്കരിയുടെ പരാതിയിൽ പറയുന്നു. എ.ഡി.ജി.പി എന്ന നിലയിൽ തച്ചങ്കരി പ്രാപ്തനായ ഉദ്യോഗസ്ഥനല്ല എന്നാണ് സെൻകുമാറിെൻറ സർട്ടിഫിക്കറ്റ്. എന്നുമാത്രമല്ല, തച്ചങ്കരിയെ കുറിച്ച് താൻ ചില അന്വേഷണങ്ങൾ നടത്തിയിട്ടുണ്ടെന്നും ഇത്തരം കേസുകൾ തുടരുകയാണെങ്കിൽ എല്ലാ വിവരങ്ങളും കേന്ദ്രസർക്കാറിനെ അറിയിക്കേണ്ടിവരുമെന്നും പൊലീസ് മേധാവി ഭീഷണി മുഴക്കുന്നുണ്ട്. ഇരുപക്ഷവും മത്സരഗോദയിൽ രണ്ടും കൽപിച്ചാണ് ഇറങ്ങിയിരിക്കുന്നതെന്ന് ചുരുക്കം.
ഈ മാസത്തോടെ സർവിസിൽനിന്ന് വിരമിക്കുന്ന സെൻകുമാറിനെ സംബന്ധിച്ചിടത്തോളം പരമോന്നത നീതിപീഠം വഴി വീണ്ടുകിട്ടിയ എണ്ണപ്പെട്ട ദിവസങ്ങൾ ‘ഫലപ്രദമായി’ വിനിയോഗിക്കണമെന്നുണ്ടാവാം. പക്ഷേ, തന്നെ അനുകൂലിക്കാത്ത ഒരു സർക്കാറിനെ മൂകസാക്ഷിയാക്കി നിർത്തി തെൻറ ഹിതങ്ങൾ നടപ്പാക്കാൻ സാധിക്കുമെന്ന് കരുതുന്നതിലെ പോഴത്തം സ്വയം തിരിച്ചറിയുന്നതല്ലേ ഉചിതം. അതീവരഹസ്യങ്ങൾ സൂക്ഷിക്കാൻ കണ്ടെത്തിയ ഉപായം സർക്കാറിെൻറ അതിബുദ്ധിയിൽ ജനിച്ചതാവാം. അതിനുപറ്റിയ ആളെത്തന്നെയാണ് ദൗത്യം ഏൽപിച്ചിരിക്കുന്നതും. ടി^ബ്രാഞ്ചിലെ ജൂനിയർ സൂപ്രണ്ടിനെ മാറ്റിക്കൊണ്ട് സെൻകുമാർ തുടങ്ങിയ നടപടിക്ക് പെട്ടെന്ന് പ്രതികരണമുണ്ടായതിൽനിന്ന് തന്നെ സർക്കാറിെൻറ ഈ വിഷയത്തിലുള്ള നിലപാട് വ്യക്തമായതാണ്. തെൻറ പരിമിതി ഉൾക്കൊണ്ട് പൊലീസ് മേധാവി പിന്മാറുമെന്ന് സർക്കാർ പ്രതീക്ഷിച്ചിരുന്നുവോ ആവോ? പൊലീസ് ആസ്ഥാനത്ത് ഒന്നിലധികം എ.ഡി.ജി.പിമാരും ഐ.ജിമാരും ഡി.ഐ.ജിമാരും മുൻകാലങ്ങളിൽ ഉണ്ടായിരുന്നത് കാര്യക്ഷമമായ പൊലീസ് ഭരണം ലക്ഷ്യമിട്ടായിരിക്കാം. എന്നാൽ ഉദ്യോഗസ്ഥരുടെ കുറവല്ല, ഉള്ളവർ തമ്മിലുള്ള ചേരിപ്പോരാണ് അവസ്ഥ വഷളാക്കിയതെന്ന് എല്ലാവരും മനസ്സിലാക്കുന്നുണ്ട്. ഇപ്പോഴത്തെ സംഭവവികാസങ്ങൾ ആത്യന്തികമായി ഇടതുസർക്കാറിെൻറ മുഖത്താണ് ചളി തെറിപ്പിച്ചുകൊണ്ടിരിക്കുന്നത്. ശതാവധാനതയോടെ ചെയ്യേണ്ട കാര്യങ്ങൾ, കുറുക്കുവഴികളിലൂടെ നിറവേറ്റാൻ ശ്രമിക്കുന്നതാണ് അച്ചടക്കം അനിവാര്യമായ പൊലീസ് സേനയിൽ ജുഗുപ്സാവഹമായ അവസ്ഥ സൃഷ്ടിച്ചതെന്ന് ബന്ധപ്പെട്ടവർ സമ്മതിച്ചേ പറ്റൂ. സെൻകുമാർ ഈ മാസാന്ത്യം വിടപറയുന്നതോടെ, അന്തരീക്ഷം തെളിയുമെന്ന് ആർക്കെങ്കിലും ഉറപ്പുനൽകാൻ സാധിക്കുമോ എന്നതാണ് ബാക്കിയാവുന്ന ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
