തിളച്ചുമറിയുന്ന കർഷക പ്രക്ഷോഭങ്ങൾ
text_fieldsമധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി നടക്കുന്ന വൻ കർഷക പ്രക്ഷോഭങ്ങൾ ദേശീയ മാധ്യമങ്ങൾ വേണ്ടവിധം ശ്രദ്ധിച്ചിട്ടില്ല. കർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങളോടും അവരുടെ സമരങ്ങളോടും നഗരകേന്ദ്രീകൃത മാധ്യമങ്ങൾ പൊതുവെ സ്വീകരിക്കുന്ന സമീപനം മാത്രമല്ല, ഇരു സംസ്ഥാനങ്ങളും ഭരിക്കുന്ന ബി.ജെ.പിയോട് മുഖ്യധാരാ മാധ്യമങ്ങൾ കാണിക്കുന്ന പക്ഷപാത സമീപനവും ഈ വാർത്താതമസ്കരണത്തിന് കാരണമാണ്. എന്നാൽ, മധ്യപ്രദേശിലെ മന്ദ്സോറിൽ ചൊവ്വാഴ്ച സമരം നടത്തുന്ന കർഷകർക്കുനേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ ആറു പേർ കൊല്ലപ്പെട്ടത് വിഷയത്തെ ദേശീയ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട് (ആറ് കർഷകർ വെടിയേറ്റ് മരിച്ചിട്ടും അത് രാത്രിചർച്ചയിൽ വിഷയമാക്കാൻ പ്രധാനപ്പെട്ട ദേശീയ ചാനലുകളൊന്നും തയാറായില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്). രാജ്യത്തിെൻറ അടിസ്ഥാന മേഖലയായ കാർഷികരംഗത്തും ഗ്രാമീണ സമ്പദ്ഘടനയിലും യഥാർഥത്തിൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതിെൻറ മികച്ച ദൃഷ്ടാന്തമാണ് മഹാരാഷ്ട്രയിലെയും മധ്യപ്രദേശിലെയും കർഷക പ്രക്ഷോഭങ്ങൾ.
തങ്ങളുടെ പോസ്റ്റർ ബോയ് ആയി ബി.ജെ.പി ഉയർത്തിക്കാട്ടുന്ന ആളാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. മധ്യപ്രദേശ് സ്വർഗഭൂമിയായി മാറുന്നു എന്ന തരത്തിലാണ് സംഘ്പരിവാർ മാധ്യമങ്ങൾ ആ സംസ്ഥാനത്തെകുറിച്ച് പ്രചരിപ്പിക്കാറുള്ളത്. എന്നാൽ, കഴിഞ്ഞ വർഷം മാത്രം 1695 കർഷകർ/കർഷകത്തൊഴിലാളികൾ ആ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തിട്ടുണ്ട് എന്നാണ് ദേശീയ ൈക്രം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ കാണിക്കുന്നത്. സംസ്ഥാനത്തിെൻറ കാർഷിക മേഖല വൻ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി കാർഷിക വിളകൾ റോഡിൽ തള്ളിയും പാൽ റോഡിലൊഴിച്ചും പ്രതിഷേധിക്കുകയായിരുന്നു കർഷകർ. ചൊവ്വാഴ്ചത്തെ വെടിവെപ്പോടുകൂടി അവരുടെ രോഷം തിളച്ചുമറിയുകയാണ്. അത് തിരിച്ചറിഞ്ഞതുകൊണ്ടാകണം മന്ദസോറിന് പുറമെ, ഉജ്ജൈൻ, രത്ലം, നീമച്ച് തുടങ്ങിയ ജില്ലകളിലും സർക്കാർ കർഫ്യൂ പ്രഖ്യാപിക്കുകയും ഇൻറർനെറ്റ് വിലക്കേർപ്പെടുത്തുകയും ചെയ്തത്. സമരം ചെയ്യുന്ന കർഷക സംഘടനകളിൽ ചിലരെ വിലക്കെടുത്തും സമരക്കാർക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിച്ചും പ്രക്ഷോഭം പൊളിക്കാൻ മഹാരാഷ്ട്രയിൽ സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും സമരം ശക്തമായി തുടരുകയാണ്. കർഷക സംഘടനകളുടെ ആഭിമുഖ്യത്തിൽ നടന്ന പണിമുടക്കും ശ്രദ്ധിക്കപ്പെടുകയുണ്ടായി. വരൾച്ചക്കെടുതിയും കാർഷികോൽപന്നങ്ങൾക്ക് ന്യായവില ലഭിക്കാത്തതുമാണ് കർഷകപ്രക്ഷോഭങ്ങളുടെ പ്രധാനപ്പെട്ട കാരണങ്ങൾ. കാർഷികോൽപന്നങ്ങൾക്ക് സർക്കാർ താങ്ങുവില പ്രഖ്യാപിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. കൃഷിച്ചെലവിെൻറ ഒന്നര ഇരട്ടി തുക താങ്ങുവിലയായി ലഭിക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നത്.
വികസനത്തെക്കുറിച്ച് ഭരണാധികാരികൾ വലിയ വായിൽ സംസാരിക്കുമ്പോഴും അടിസ്ഥാന മേഖലയായ കാർഷികരംഗത്ത് കാര്യങ്ങൾ ഇപ്പോഴും പഴയപടി തന്നെയാണ് എന്നതാണ് മധ്യപ്രദേശിൽനിന്നും മഹാരാഷ്ട്രയിൽനിന്നുമുള്ള വാർത്തകൾ തെളിയിക്കുന്നത്. കാർഷിക മേഖലയിലെ പ്രശ്നങ്ങളും പ്രതിസന്ധികളും ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല. കർഷക ആത്മഹത്യകൾ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും പതിവായി മാറിയിരിക്കുന്നു. കഴിഞ്ഞ മാസമാണ് തമിഴ്നാട്ടിൽനിന്നുള്ള കർഷകർ ഡൽഹിയിൽ തമ്പടിച്ച് ദീർഘമായ സമരം നടത്തിയത്. അധികൃതർ ശ്രദ്ധിക്കാതായപ്പോൾ പരസ്യമായി ഉടുതുണി അഴിച്ച് സമരം ചെയ്യേണ്ട അവസ്ഥ വരെ അവർക്കുണ്ടായി. സബ്കാ വികാസ് (എല്ലാവരുടെയും വികസനം) എന്ന പരസ്യവാചകം നെറ്റിയിൽ എഴുതിവെച്ച സർക്കാർ പക്ഷേ, കർഷകരുടെ കാര്യത്തിൽ തികഞ്ഞ നിസ്സംഗതയാണ് കാണിക്കുന്നത്. കർഷകരോഷം പിടിവിട്ട് തിളച്ചുമറിയുന്നതിെൻറ സൂചനകളാണ് മധ്യപ്രദേശിൽ കാണുന്നത്.
കാർഷിക, ഗ്രാമീണ മേഖലകൾ അനുഭവിക്കുന്ന പ്രശ്നങ്ങളാണ് നമ്മുടെ രാജ്യത്തിെൻറ യഥാർഥ പ്രതിസന്ധികൾ. എന്നാൽ, അവയെല്ലാം മറച്ചുപിടിക്കുന്ന തരത്തിൽ പശുവിെൻറയും പോത്തിെൻറയുമൊക്കെ കാര്യം പറഞ്ഞ് ജനങ്ങൾക്കിടയിൽ ഭിന്നിപ്പും വർഗീയ വേർതിരിവും സൃഷ്ടിക്കാനാണ് കേന്ദ്ര സർക്കാറും സംഘ്പരിവാറും ശ്രമിച്ചുപോരുന്നത്. പശുവും പോത്തും വർഗീയ വൈകാരികതകളുമല്ല, കൃഷിയും ഭക്ഷണവും വെള്ളവുമൊക്കെയാണ് യഥാർഥ പ്രശ്നങ്ങൾ. യഥാർഥ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്തവരാണ് ജനങ്ങളെ വ്യാജ പ്രശ്നങ്ങളിൽ തളച്ചിടുന്നത്. അത്തരക്കാർക്കുള്ള നല്ല മുന്നറിയിപ്പാണ് മധ്യപ്രദേശിലെ കർഷക പ്രക്ഷോഭം. മാധ്യമങ്ങൾ തമസ്കരിച്ചാലും ജനങ്ങൾ അവരുടെ യഥാർഥ പ്രശ്നങ്ങളെ ഏറ്റെടുത്ത് മുന്നോട്ടുപോവുകതന്നെ ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
