Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകർഷകർ ചോദിക്കുന്നു,...

കർഷകർ ചോദിക്കുന്നു, ഒരൽപം ശ്രദ്ധ

text_fields
bookmark_border
കർഷകർ ചോദിക്കുന്നു, ഒരൽപം ശ്രദ്ധ
cancel

രാജ്യ തലസ്ഥാനത്ത് നടന്ന ഒരു കർഷകപ്രകടനം, ദേശീയശ്രദ്ധ പിടിച്ചുപറ്റാനുള്ള അറ്റകൈ പ്രയോഗമായിരുന്നു. തമിഴ്നാട്ടിൽനിന്ന് ചെന്ന കർഷകസംഘടന പ്രവർത്തകർ രാഷ്ട്രീയക്കാരുടെ അവഗണന അസഹ്യമായപ്പോഴാണ് പുതുമയുള്ള ആ പ്രതിഷേധരീതി പരീക്ഷിച്ചത്. ചിലർ തലയോട്ടി മാലയാക്കി കഴുത്തിലണിഞ്ഞിരുന്നു. കടം അടച്ചുതീർക്കാനാവശ്യപ്പെട്ട് ബാങ്കിൽനിന്ന് ജപ്തി നോട്ടീസ് വന്നപ്പോൾ ഹൃദയം തകർന്നു മരിച്ച തെൻറ ഭാര്യയുടെ തലയോട്ടിയാണ് തെൻറ കഴുത്തിലെന്ന് ഒരാൾ വിശദീകരിച്ചു.

150ഒാളം വരുന്ന കർഷകരിൽ മറ്റുള്ളവർക്കും ഇത്തരം കഥകൾ പറയാനുണ്ടായിരുന്നു. മറ്റൊന്നുകൂടി പ്രക്ഷോഭകർ ചെയ്തു: ചത്ത എലികളെ വായിൽ കടിച്ചുപിടിച്ച് അവർ തങ്ങളുടെ വറുതിയെപ്പറ്റി പ്രതീകം ചമച്ചു. പൊള്ളിക്കുന്ന ഡൽഹി സൂര്യനെപ്പോലും വെല്ലുവിളിച്ചാണ് കർഷകർ കുപ്പായംപോലുമില്ലാതെ ജന്തർമന്തറിൽ ‘ശവാസനം’ നടത്തിയത്. ഗതികേടിെൻറ മൂർധന്യം എത്രയെന്നറിയിക്കാൻ പോന്നതാണ് ഇതെല്ലാം. ആ ഗതികേടാകെട്ട പഴയതിെൻറ തുടർച്ചയോടൊപ്പം പുതിയ പ്രതിസന്ധികൂടി ചേർന്നതും കൂടിയാണ്.

കൃഷിത്തകർച്ചയും കടബാധ്യതയും മൂലം മുേമ്പ നിസ്സഹായരായിപ്പോയിരുന്ന കർഷകർക്കുമേൽ കൊടും വരൾച്ചയുടെ കനത്ത ഭാരംകൂടി വന്നുവീണിരിക്കുന്നു. കഴിഞ്ഞ ഒക്ടോബറിനു ശേഷം മാത്രം തമിഴ്നാട്ടിൽ 270ലേറെ കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ട്. നൂറ്റാണ്ടിലെ ഏറ്റവും കടുത്ത വരൾച്ചയനുഭവിക്കുന്ന തമിഴ്നാടിേൻറതുമാത്രമല്ലതാനും ഇൗ ദുരന്തം. കർണാടകയിൽ കഴിഞ്ഞമാസം ഒരു കർഷകൻ ട്രാൻസ്േഫാർമറിൽ കയറി വൈദ്യുതി കമ്പിയിൽ പിടിച്ച് ആത്മഹത്യ ചെയ്തത്, രണ്ടുകൊല്ലം തുടർച്ചയായി കൃഷി പിഴച്ചതിനാൽ കടംവീട്ടാൻ കഴിയാതെ പോയതിനാലാണ്. ഇൗയിടെ രണ്ടു ദിവസത്തിനകം മൂന്നു കർഷകർ ആത്മഹത്യ ചെയ്തത് ‘കർഷകസംസ്ഥാന’മായ പഞ്ചാബിലാണ്. മഹാരാഷ്ട്രയിലും തെലങ്കാനയിലും മറ്റും മാത്രമല്ല, കേരളത്തിലും കർഷക പ്രതിസന്ധി അതിരൂക്ഷമാണ്.

വരൾച്ചയാണ് മുഖ്യകാരണമെന്നു പറഞ്ഞ് സർക്കാറുകൾക്ക് ഒഴിഞ്ഞുമാറാനാവില്ല. ഒന്നാമതായി, കർഷകർക്കുവേണ്ടിയുള്ള നയങ്ങളോ ക്ഷേമപദ്ധതികളോ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്കപ്പുറം പോകാറില്ല. രണ്ടാമതായി, ജീവിതം വഴിമുട്ടിയ അവസ്ഥയിൽപോലും കർഷകരുടെ കടബാധ്യതകൾ എഴുതിത്തള്ളാൻ മടിക്കുന്ന സർക്കാർ അവരോട് പുലർത്തുന്ന അവഗണന പ്രകടവും ന്യായീകരിക്കാനാവാത്തതുമാണ്. കർഷകരോട് പ്രതിബദ്ധത പ്രഖ്യാപിച്ച് അധികാരത്തിൽ വന്ന മോദി സർക്കാറിെൻറ ഭരണത്തിൽ കർഷക ആത്മഹത്യ വർധിച്ചു. നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം 2015ൽ മാത്രം 12,600 കർഷകർ സ്വന്തം ജീവനെടുത്തു.

കൃഷി ഇൻഷുറൻസ് പോലുള്ള നടപടികൾ കേന്ദ്രം സ്വീകരിച്ചിട്ടുണ്ടെങ്കിലും ആവശ്യമായ വേഗം അവക്കില്ല എന്ന് കർഷകർ പറയുന്നു. കർഷക ആത്മഹത്യ തടയാൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ബാങ്കുകൾക്കും കഴിയാതെ പോകുന്നതെന്ത് എന്ന ഗൗരവമേറിയ ചോദ്യം സുപ്രീംകോടതി ഇൗയിടെ ഉന്നയിക്കുകവരെ ചെയ്തു. കാർഷികനയത്തിെൻറ പോരായ്മയിലേക്കാണ് ചീഫ് ജസ്റ്റിസ് ഖെഹാർ വിരൽചൂണ്ടിയത്.

ദരിദ്ര കർഷകരുടെ കാര്യത്തിൽ മെല്ലെപ്പോക്ക് തുടരുന്ന സർക്കാർ അതിസമ്പന്നരുടെ കാര്യത്തിൽ അതിവേഗമാണ് ചലിക്കുന്നത് എന്നതും ശ്രദ്ധിക്കാതെ വയ്യ. കർണാടകയിൽ ഒരു കർഷകൻ മൂന്നു ലക്ഷത്തിെൻറ കടവും പഞ്ചാബിലെ മറ്റൊരാൾ രണ്ടു ലക്ഷത്തിെൻറ കടവും തിരിച്ചടക്കാനാവാതെയാണ് ജീവനെടുത്തത്. സർക്കാറുകൾ വിചാരിച്ചാൽ വിട്ടുകൊടുക്കാവുന്ന ഇത്തരം ചെറിയ തുകകൾക്കുള്ള കടത്തിെൻറ പേരിലാണ് കർഷക ആത്മഹത്യയിൽ 60 ശതമാനവുമെന്ന് ക്രൈം ബ്യൂറോ എടുത്തുപറഞ്ഞിട്ടുണ്ട്. ഇവരാകെട്ട ചെറുകിട കർഷകരും കൃഷിത്തൊഴിലാളികളുമാണ്. ഇവരുടെ കടം എഴുതിത്തള്ളുന്നതിന് നയപരമായും സാമ്പത്തികമായും അനേകം തടസ്സവാദങ്ങളാണ് സർക്കാർ ഉയർത്താറ്.

റിസർവ് ബാങ്കിെൻറയും മറ്റും ഉന്നതർ ആവർത്തിച്ച് പറയാറുള്ളത്, കർഷക കടം എഴുതിത്തള്ളുന്നത് ചീത്ത കീഴ്വഴക്കത്തിനും ദുശ്ശീലങ്ങൾക്കും വഴിവെക്കുമെന്നാണ്. അതേസമയം, കേന്ദ്ര സാമ്പത്തികകാര്യ മുഖ്യഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ പറയുന്നു, വൻ കോർപറേറ്റുകളുടെ ഋണബാധ്യത എഴുതിത്തള്ളലാണ് നല്ല സാമ്പത്തിക ശാസ്ത്രമെന്ന്. അവിടെ കീഴ്വഴക്കം പ്രശ്നമല്ല. കോർപറേറ്റുകൾ നിലനിൽക്കാൻ അതല്ലാതെ വഴിയില്ലത്രെ. പാവം കർഷകർ ‘‘നിലനിൽക്കാൻ’’ മറ്റുവഴികൾ കാണാതെ വലയുേമ്പാൾ അവർക്ക് കിട്ടുന്നത് ഋണാശ്വാസമല്ല, ജപ്തി നോട്ടീസാണ്. അവർ ആത്മഹത്യയിലാണ് അഭയംതേടുന്നത്.

മധ്യപ്രദേശിലെ 32 കർഷകർ ചെറിയ ചെറിയ തുകകൾ തിരിച്ചടക്കാൻ വൈകിയതിന് അവരുടെ വിളവും ട്രാക്ടറുമൊക്കെ ഇൗയിടെ പിടിച്ചെടുത്ത് ലേലംചെയ്തു. ഇതേ സമയത്താണ് പാർലമെൻറ് സമിതി, രാജ്യത്തെ 6.8 ലക്ഷം കോടി കിട്ടാക്കടത്തിൽ 70 ശതമാനവും വൻ കോർപറേറ്റുകൾക്ക് ബാങ്കുകൾ കടം കൊടുത്തതാണെന്ന് കണ്ടെത്തുന്നത്. വൻ കമ്പനികളുടെ കടത്തിൽ നാലുലക്ഷം കോടി എഴുതിത്തള്ളാൻ പോകുന്നുവെന്നും കേട്ടു. കർഷകർക്ക് ഇതൊന്നുമില്ല. കർഷകർ ആത്മഹത്യ ചെയ്യുന്നത് കൃഷിപ്പിഴകൊണ്ട് മാത്രമല്ല, നയത്തിലെ പിഴവുകൊണ്ടുകൂടിയാണ് എന്ന് ചുരുക്കം. ചത്ത എലിയെ തിന്നും തലയോട്ടി മാലയണിഞ്ഞും അവർ അർഹമായ സഹായം ചോദിക്കുന്നു; ഇനിയും നാമവരെ ആത്മഹത്യയിലേക്ക് വിടരുത്.

Show Full Article
TAGS:madhyamam editorial 
Next Story