വ്യാജത്തിന്റെ തമ്പുരാക്കൾ
text_fieldsആറുമാസമായി തടങ്കലിൽ കഴിയുന്ന കശ്മീരിലെ രാഷ്ട്രീയ നേതാക്കൾ ഇന്ത്യൻ അധികൃതര ുടെ അന്യായമായ നടപടിയുടെ ഇരയാണ്. അവരെ തടവിൽ പാർപ്പിക്കാൻ കാരണമൊന്നുമില്ലാതി രിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ വ്യാജത്തെ കൂട്ടുപിടിച്ചത് ഗൗരവത ്തോടെ കാണേണ്ടതുണ്ട്. ജനാധിപത്യത്തെയും ജനാധിപത്യക്രമത്തിൽ അനിവാര്യമായ പ്രതിപക്ഷത്തെയും ബഹുമാനമില്ലെന്ന് സർക്കാർ തെളിയിച്ച നടപടി കൂടിയാണ് കശ്മീരിെൻറ പ്രത്യേക വകുപ്പ് എടുത്തുകളഞ്ഞതിനുശേഷം നടന്ന കാര്യങ്ങൾ. ഒടുവിലിപ്പോൾ പൗരത്വ ഭേദഗതിയെയും കശ്മീർ നടപടിയെയും ന്യായീകരിക്കാനായി പാർലമെൻറിൽ പ്രധാനമന്ത്രി ചെയ്ത ഒരുമണിക്കൂറിലേറെ നീണ്ട പ്രസംഗവും ആ പദവിക്ക് നിരക്കാത്ത തരത്തിൽ വ്യാജവാർത്തയെ കൂട്ടുപിടിച്ചതായി കാണുന്നു. ജമ്മു-കശ്മീർ മുഖ്യമന്ത്രിയായിരുന്ന ഉമർ അബ്ദുല്ല ‘‘370ാം വകുപ്പ് എടുത്തുകളഞ്ഞാൽ കശ്മീരിനെ ഇന്ത്യയിൽനിന്ന് അറുത്തുമാറ്റുന്ന ഭൂകമ്പമുണ്ടാകും’’ എന്ന് പറഞ്ഞതായി മോദി പറഞ്ഞു. ഈ പ്രസ്താവം, വ്യാജവാർത്തകൾ തമാശക്കായി സൃഷ്ടിച്ചുവിടുന്ന ഒരു വെബ്സൈറ്റ് (അതിെൻറ പേരുതന്നെ ‘ഫേയ്കിങ് ന്യൂസ്’ എന്നാണ്) ആറുവർഷം മുമ്പ് ഇറക്കിയ ഒരു വ്യാജമാണെന്ന് വസ്തുതാപരിശോധകർ കണ്ടെത്തിയിരിക്കുന്നു. നാട്ടിലെ ഏറ്റവും ഉയർന്ന ജനാധിപത്യവേദിയിൽ ഭരണത്തലവൻ നടത്തുന്ന വാദങ്ങളുടെയും പ്രസ്താവനകളുടെയും അവസ്ഥ ഇതാണെങ്കിൽ മറ്റു കാര്യങ്ങൾ ഊഹിക്കാവുന്നതേയുള്ളൂ. രാജ്യത്തിെൻറ സാംസ്കാരിക ഒൗന്നത്യത്തോട് നീതി പുലർത്താൻ ഭരണകർത്താക്കൾക്ക് കഴിയാതെ വരുന്നത് രാജ്യത്തെയും രാജ്യവാസികളെയും നാണക്കേടിലാക്കുകയേ ചെയ്യൂ എന്ന് എടുത്തുപറയേണ്ടതില്ല. ഇവിടെ പരാമർശിച്ച വ്യാജം പ്രധാനമന്ത്രി പറഞ്ഞത് ലോക്സഭയിലാണ്; രാജ്യസഭയിൽ പ്രധാനമന്ത്രിയുടെ ഒരു പദപ്രയോഗം അധ്യക്ഷൻ വെങ്കയ്യനായിഡു രേഖകളിൽനിന്ന് കഴിഞ്ഞദിവസം നീക്കം ചെയ്ത സംഭവവുമുണ്ടായി. പിന്നാലെ പ്രസംഗിച്ച പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദിെൻറ ഒരു വാക്കും അധ്യക്ഷൻ നീക്കം ചെയ്തു. സഭയുടെ അന്തസ്സിന് ചേരാത്ത പദപ്രയോഗങ്ങൾ എടുത്തുമാറ്റുന്നത് വിരളമല്ലെങ്കിലും പ്രധാനമന്ത്രിയുടെ വാക്കുകൾ നീക്കം ചെയ്യേണ്ടിവരുന്നത് അപൂർവമാണ്.
പിഴവുകൾ മനുഷ്യസഹജമാണ്. വികാരത്തള്ളിച്ചയിൽ അനുചിതവും അസത്യവുമായ വാക്കുകൾ ഉച്ചരിച്ചുപോകാറുണ്ട് മനുഷ്യർ. എന്നാൽ, ഉത്തരവാദപ്പെട്ട നേതാക്കൾ ഏറ്റവും ആദ്യത്തെ സന്ദർഭത്തിൽ അവ തിരുത്താനാണ് ശ്രമിക്കുക. നരേന്ദ്ര മോദി അടക്കമുള്ള ഏതാനും നേതാക്കളുടെ കാര്യത്തിൽ ഈ നിലവാരം ഇല്ലെന്നാണ് ഇതുവരെയുള്ള അനുഭവം. സർക്കാറോ പാർട്ടിയോ രാഷ്ട്രീയ പ്രതിസന്ധിയിലാകുേമ്പാഴും തെരഞ്ഞെടുപ്പ് കാലമാകുേമ്പാഴും വസ്തുതാവിരുദ്ധമായ പ്രസ്താവനകൾ നേതാക്കളിൽനിന്ന് നിരന്തരം വരുന്നു. മുൻകാലങ്ങളിൽ ലോക്സഭയിലോ രാജ്യസഭയിലോ ഒരു അവാസ്തവ പ്രസ്താവം ഏതെങ്കിലും മന്ത്രിയിൽനിന്നുണ്ടായാൽ അതു വലിയ ഒച്ചപ്പാടാവുകയും ബന്ധപ്പെട്ടയാൾ തിരുത്തേണ്ടിവരുകയും ചെയ്യാറുണ്ടായിരുന്നു. ഇന്ന്, പക്ഷേ, ജനപ്രതിനിധികൾ പോലും ഈ ശീലത്തോട് രാജിയായ മട്ടാണ്. വിമർശനവും പരിഹാസവുമൊക്കെ സമൂഹമാധ്യമങ്ങളുടെ മാത്രം ജോലിയാകുന്നു ഇത്തരം സന്ദർഭങ്ങളിൽ. പൗരത്വ ഭേദഗതി നിയമത്തെപ്പറ്റി പാർലമെൻറിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും മറ്റും നടത്തിയ പരസ്പരവിരുദ്ധങ്ങളായ പ്രസ്താവനകൾ മാധ്യമങ്ങളിലെല്ലാം പരക്കെ നിരൂപണം ചെയ്യപ്പെട്ടിട്ടും ഉത്തരവാദപ്പെട്ടവരിൽനിന്ന് ജനാധിപത്യ വേദികളിലൂടെ തിരുത്തൽ ഉണ്ടായില്ല- അതാരും ആവശ്യപ്പെട്ടുമില്ല. ജനസംഖ്യാ രജിസ്റ്ററിെൻറ നടപടികൾ പുരോഗമിക്കുേമ്പാഴും, അതു പൗരത്വ രജിസ്റ്ററിലേക്കുള്ള ചുവടുകൂടിയാണെന്ന് ഉന്നതപദവി വഹിക്കുന്നവർതന്നെ പറഞ്ഞിട്ടും, അങ്ങനെയൊന്നിനെപ്പറ്റി ചിന്തിച്ചിട്ടേ ഇല്ലെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. തടങ്കൽ കേന്ദ്രങ്ങൾ നാട്ടിലെങ്ങുമില്ലെന്ന് മോദി പറഞ്ഞതും, അവയെക്കുറിച്ചും അവയിൽ മരണപ്പെട്ടവരെക്കുറിച്ചും സർക്കാർ പാർലമെൻറിൽ കണക്കുസമർപ്പിച്ചിരിക്കെ ആയിരുന്നു. ഈ വൈരുധ്യങ്ങളും അവാസ്തവങ്ങളും വിശദീകരിക്കപ്പെടുകയോ തിരുത്തപ്പെടുകയോ ഉണ്ടായില്ല.
പൗരത്വ ഭേദഗതി നിയമം മത-സാമുദായിക അടിസ്ഥാനത്തിലുള്ളതല്ല എന്ന വലിയ കള്ളം കേന്ദ്രം ആവർത്തിച്ചുകൊണ്ടിരിക്കുന്നു. മതവിവേചനം വ്യക്തമാണെന്ന് യു.എൻ മനുഷ്യാവകാശ കമീഷൻ അടക്കം ചൂണ്ടിക്കാണിക്കുേമ്പാഴും അസത്യത്തിൽ ഉറച്ചുനിൽക്കുകയാണ് സർക്കാർ. ഒടുവിലിപ്പോൾ, തടങ്കൽപാളയങ്ങളിൽനിന്ന് (ഇന്ത്യയിൽ ഒട്ടുമേ ഇല്ലെന്ന് പ്രധാനമന്ത്രി ഉറപ്പു പറഞ്ഞ തടങ്കൽ കേന്ദ്രങ്ങളിൽനിന്ന്) മുസ്ലിംകളല്ലാത്തവരെ മോചിപ്പിക്കാൻ കേന്ദ്ര സർക്കാർ അസമിന് നിർദേശം നൽകിയിരിക്കുന്നു. ഈ ഒരൊറ്റ നിർദേശത്തിൽ സർക്കാറിെൻറ ഒന്നിലേറെ പെരും കള്ളങ്ങൾ തുറന്നുകാട്ടപ്പെട്ടിട്ടും തിരുത്താനോ നേരുപറയാനോ സർക്കാറിന് കഴിയുന്നില്ല. രാജ്യത്തിെൻറ, അവിടത്തെ സർക്കാറിെൻറ വിശ്വാസ്യതക്കാധാരം സത്യസന്ധതയാണ്. സത്യാന്വേഷണം ആദർശമാക്കിയ രാഷ്ട്രപിതാവിെൻറ നാട് ഇപ്പോൾ അസത്യാന്വേഷണ പരീക്ഷകളിൽ ഏർപ്പെട്ടിരിക്കുകയാണോ എന്ന് ചോദിക്കേണ്ടിവരുന്നു. സത്യസന്ധതയും വിശ്വാസ്യതയും നഷ്ടപ്പെട്ടാൽ പിന്നെ എന്താണ് ബാക്കി? രാജ്യത്തിെൻറ അന്തസ്സ് മാത്രമല്ല നിലനിൽപ്പുതന്നെയും അപകടത്തിലാക്കുന്നതാണ് കള്ളത്തരത്തോടും വ്യാജങ്ങളോടുമുള്ള ഈ ഭ്രമം. നേതാക്കൾ സത്യസന്ധരല്ലെങ്കിൽ ഭരണവും സമൂഹവും ദുഷിക്കുമെന്ന് തീർച്ച. ആ ദുഷിപ്പിൽ ജയിക്കുന്നവരുണ്ടാകില്ല; തോൽക്കുന്നവരേ ഉണ്ടാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
