വെളുക്കാൻ തേക്കുമ്പോൾ
text_fieldsഉൽപന്നങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാതെ നടത്തുന്ന ഇൻഫ്ലുവൻസർ മാർക്കറ്റിങ്ങും ഓൺലൈൻ വിൽപനയിലെ നിയന്ത്രണങ്ങളുടെ അഭാവവും സംബന്ധിച്ച് ഗൗരവമായ ചോദ്യങ്ങളാണ് മലപ്പുറത്തെ പെൺകുട്ടിയുടെ അനുഭവം ഉയർത്തുന്നത്
ചർമത്തിന് വെളുപ്പുനിറം വരാനും അതുവഴി ‘സൗന്ദര്യം’ വർധിപ്പിക്കുന്നതിനുമായി ‘എഫ്. ട്യൂൺ’ എന്ന പേരിൽ വിപണിയിലിറങ്ങുന്ന ഫെയർനസ് ക്രീം ഉപയോഗിച്ച മലപ്പുറം ജില്ലയിലെ 17കാരിക്ക് ഗുരുതരമായ വൃക്കരോഗം പിടിപെട്ട സംഭവം ഗൗരവതരമായ ചർച്ച ആവശ്യപ്പെടുന്നുണ്ട്. സമൂഹ മാധ്യമ ഇൻഫ്ലുവൻസർമാരുടെ പ്രചാരണങ്ങളിൽ ആകൃഷ്ടയായിട്ടാണ് ആ പെൺകുട്ടി പ്രസ്തുത ഉൽപന്നം ഓൺലൈനിൽ ഓർഡർ ചെയ്ത് ഏതാണ്ട് ഒരു വർഷത്തോളം ഉപയോഗിച്ചത്. മുഖക്കുരു, കറുത്ത പാടുകൾ, പിഗ്മെന്റേഷൻ എന്നിവ മാറുമെന്നും ചർമത്തിന്റെ നിറം മെച്ചപ്പെടുമെന്നുമൊക്കെയായിരുന്നു ഇൻഫ്ലുവൻസർമാരുടെ വാഗ്ദാനം. തുടക്കത്തിൽ ചർമത്തിൽ പ്രകടമായ മാറ്റം കണ്ടതോടെയാണ് വീണ്ടും ഉപയോഗിച്ചത്. പിന്നീട് മുഖത്തും കാലുകളിലും നീര് അനുഭവപ്പെടുകയായിരുന്നുവത്രെ. ഇതോടെ, നടക്കാനും പടികൾ കയറാനും പ്രയാസമായി. രക്തസമ്മർദം പെട്ടെന്ന് താഴുകയും തലകറക്കവും ബോധക്ഷയവും അനുഭവപ്പെടുകയും ചെയ്തതോടെയാണ് ആ കുട്ടി ആശുപത്രിയിൽ ചികിത്സ തേടിയത്. വിശദമായ പരിശോധനക്കുശേഷമാണ് കുട്ടിക്ക് ‘മെംബ്രനസ് നെഫ്രോപതി’ എന്ന ഗുരുതരരോഗം പിടിപെട്ടതായി മനസ്സിലായത്. ഫെയർനെസ് ക്രീമാണ് ഈ കേസിലെ വില്ലൻ എന്ന് സംശയിച്ച ഡോക്ടർമാർ അത് വിദഗ്ധ പരിശോധനക്കയച്ചു. ക്രീം പരിശോധിച്ചപ്പോൾ, 12,500 പി.പി.എം (1.25 ശതമാനം) മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇന്ത്യയിൽ മിക്ക സൗന്ദര്യവർധക വസ്തുക്കളിലും അനുവദനീയമായ മെർക്കുറിയുടെ അളവ് ഒരു പി.പി.എം മാത്രമായിരിക്കെയാണിത്. സംഭവം വാർത്തയായതോടെ സമാനമായ മറ്റുകേസുകളും പുറത്തുവന്നു തുടങ്ങി. 2021-23 കാലത്ത് മലപ്പുറം ജില്ലയിലെ ഒരു ആശുപത്രിയിൽ മാത്രം ഇത്തരം 13 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടത്രെ. മാസങ്ങൾക്കുമുമ്പ്, മധ്യപ്രദേശിലും ഇതേ സംഭവങ്ങളുണ്ടായിരുന്നു. തുടർന്ന്, ഇന്ദോറിലും ഭോപാലിലുമെല്ലാം വൻ റെയ്ഡുകൾ നടത്തി നിയമവിരുദ്ധമായി പുറത്തിറക്കിയ ലക്ഷക്കണക്കിന് സൗന്ദര്യവർധക വസ്തുക്കൾ അധികൃതർ പിടിച്ചെടുത്തു. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിലും അധികൃതർ ജാഗ്രതയിലാണ്; ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെയും മറ്റും നേതൃത്വത്തിൽ പലയിടങ്ങളിലും ഇതിനകം മിന്നൽ പരിശോധനകൾ നടന്നുകഴിഞ്ഞു.
വെളുത്ത ചർമമാണ് സൗന്ദര്യത്തിന്റെ മാനദണ്ഡമെന്ന ധാരണയെ മുതലെടുത്താണ് കോടികളുടെ ഫെയർനെസ് ഉൽപന്ന വിപണി വളരുന്നത്. സമൂഹ മാധ്യമങ്ങളുടെ വ്യാപനത്തോടെ ഇൻഫ്ലുവൻസർമാരുടെ പരസ്യങ്ങളും കൗമാരക്കാരെ ലക്ഷ്യമിട്ടുള്ള സൗന്ദര്യവർധക ഉൽപന്നങ്ങളുടെ പ്രചാരണവും ശക്തമായിട്ടുണ്ട്. ഉൽപന്നങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാതെ നടത്തുന്ന ഇൻഫ്ലുവൻസർ മാർക്കറ്റിങ്ങും ഓൺലൈൻ വിൽപനയിലെ നിയന്ത്രണങ്ങളുടെ അഭാവവും സംബന്ധിച്ച് ഗൗരവമായ ചോദ്യങ്ങളാണ് മലപ്പുറത്തെ പെൺകുട്ടിയുടെ അനുഭവം ഉയർത്തുന്നത്. പലപ്പോഴും, ഇൻഫ്ലുവൻസർമാരുടെ വേഷത്തിൽ നമുക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത് സമൂഹത്തിൽ താരപരിവേഷമുള്ളവരുമാണ്. ഇത്തരം ഉൽപന്നങ്ങളുടെ നിർമാണവും വിപണനവുമെല്ലാം സർവ നിയമങ്ങളും കാറ്റിൽ പറത്തിയാണ്. ചർമത്തിന് വെളുപ്പുനിറം വരാൻ ഈ കമ്പനികൾ പ്രയോഗിക്കുന്ന വിദ്യയാണ് ഏറ്റവും അപകടകരം. ചർമത്തിനും മുടിക്കും സ്വാഭാവിക നിറം നൽകുന്ന വർണവസ്തുവാണ് മെലാനിൻ. സൂര്യനിൽനിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങളെ പ്രതിരോധിക്കുന്നതിലും മെലാനിന് പങ്കുണ്ട്. മെലാനിൻ ഉൽപാദനത്തെ സ്വാധീനിക്കുന്നത് തൈറോസിനേസ് എന്ന എൻസൈം ആണ്. ശരീരത്തിൽ മെർക്കുറി പ്രവേശിക്കുമ്പോൾ ഈ എൻസൈം നിർജീവമാകും; അതുവഴി മെലാനിൻ ഉൽപാദനവും തടയും. ഇങ്ങനെ ചർമത്തിൽ മെലാനിൻ കുറയുന്നതോടെ അതിന്റെ സ്വാഭാവിക നിറം മാറുന്നു. അങ്ങനെയാണ് വെളുത്ത് ‘സൗന്ദര്യം’ വർധിക്കുന്നത്. ഇത്തരം ഫെയർനെസ് ക്രീമുകളിൽ മെർക്കുറി ഒരു ചേരുവയാകുന്നതിന്റെ കാരണവും ഇതാണ്. പത്തുലക്ഷം കണങ്ങളിലൊന്ന് എന്ന തോതിൽ ഇതുപയോഗിക്കുന്നതുമൂലം വലിയ അപകടമില്ല. എന്നാൽ, ഇപ്പോൾ വിപണിയിൽ സുലഭമായിട്ടുള്ള ക്രീമുകളിൽ പലതിലും പത്തുലക്ഷം കണങ്ങളിൽ പതിനായിരത്തിന് മുകളിലാണ് മെർക്കുറിയുടെ അംശം. ഇത് മെലാനിൻ ഉൽപാദനത്തെ മാത്രമല്ല ബാധിക്കുകയെന്ന് പുതിയ സംഭവങ്ങളുടെ വെളിച്ചത്തിൽ വ്യക്തമായിരിക്കുകയാണ്. അതിനാൽ, ഇത്തരം ഉൽപന്നങ്ങളുടെ നിർമാണവും വിപണനവുമെല്ലാം നിയന്ത്രിക്കേണ്ടതുണ്ട്.
സൗന്ദര്യവർധക വസ്തുക്കളുടെ നിർമാണവും വിപണനവും നിയന്ത്രിക്കുന്നതിനും ഉപഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുമായി നമ്മുടെ രാജ്യത്തൊരു നിയമമൊക്കെയുണ്ട്. 2020ൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം നടപ്പാക്കിയ കോസ്‌മെറ്റിക്‌സ് ചട്ടങ്ങളാണത്. നേരത്തേ, 1945ലെ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് ചട്ടങ്ങളുടെ പരിധിയിലായിരുന്നു സൗന്ദര്യവർധക വസ്തുക്കൾ. അതിൽനിന്ന് സൗന്ദര്യവസ്തുക്കളെ പ്രത്യേകമായി നിർവചിച്ച് ‘മരുന്നു’ ഗണത്തിൽനിന്ന് ഇളവ് നൽകിയതോടെ നേരത്തെയുണ്ടായിരുന്ന നിയന്ത്രണങ്ങളിൽ കാര്യമായ അയവുവന്നുവെന്നതാണ് അനുഭവം. നിലവിലെ ചട്ടത്തിൽ മെർക്കുറിയുടെ അനുവദനീയമായ അളവിനെക്കുറിച്ചൊക്കെ പറയുന്നുണ്ടെങ്കിലും, അക്കാര്യം കൃത്യതയോടെ പരിശോധിക്കുന്നതിനും മറ്റും ഫലപ്രദമായ സംവിധാനങ്ങൾ നമുക്കില്ല. എഫ് ട്യൂൺ പോലെ ആയിരക്കണക്കിന് ഉൽപന്നങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഡോക്ടർമാരുടെ കുറിപ്പടികളൊന്നുമില്ലാതെ ഒരൊറ്റ ക്ലിക്കിൽ അത് വീട്ടിലെത്തുകയും ചെയ്യും. അപകടകരമോ വിഷാംശമുള്ളതോ ആയ ചേരുവകളുടെ വിവരങ്ങൾ ഉൽപന്നങ്ങളുടെ ലേബലിൽ രേഖപ്പെടുത്തണമെന്നൊക്കെ ചട്ടത്തിൽ വായിക്കാം. എന്നാൽ, പല ഉൽപന്നങ്ങളിലും ലേബലുകൾ പോലുമില്ല. കേന്ദ്ര സർക്കാറിന് കീഴിലുള്ള സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനും സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പുകൾക്കും സൗന്ദര്യവർധക വസ്തുക്കളുടെ നിയന്ത്രണത്തിൽ വ്യത്യസ്ത ചുമതലകളാണുള്ളത്. ഇറക്കുമതി നിരീക്ഷിക്കുക, പുതിയ ചേരുവകൾ അടങ്ങിയ ഉൽപന്നങ്ങൾക്ക് അംഗീകാരം നൽകുക, ദേശീയ സുരക്ഷാ മാനദണ്ഡങ്ങൾ നിശ്ചയിക്കുക തുടങ്ങിയവ കേന്ദ്ര ഏജൻസിയുടെ ചുമതലയാണ്. ആഭ്യന്തര നിർമാതാക്കൾക്ക് ലൈസൻസ് നൽകുക, നിർമാണശാലകളിൽ പരിശോധന നടത്തുക, വ്യാജവും സുരക്ഷിതമല്ലാത്തതുമായ ഉൽപന്നങ്ങൾ കണ്ടെത്താൻ വിപണിയിൽ പരിശോധന നടത്തുക തുടങ്ങിയവ സംസ്ഥാന വകുപ്പുകളുടെ ഉത്തരവാദിത്തമാണ്. ഈ രണ്ട് ദൗത്യങ്ങളും നിലവിൽ പരാജയമാണെന്ന് പറയേണ്ടിവരും.

