Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപരാജയപ്പെടുന്ന കശ്മീർ...

പരാജയപ്പെടുന്ന കശ്മീർ നയം

text_fields
bookmark_border
പരാജയപ്പെടുന്ന കശ്മീർ നയം
cancel

കേന്ദ്ര സർക്കാറുകളുടെ, വിശിഷ്യാ മോദി സർക്കാറിന്റെ കശ്മീർ നയം തികഞ്ഞ പരാജയമാണെന്ന് വിളിച്ചോതുന്നതാണ് സ്വാതന്ത്ര്യലബ്ധി മുതൽ ഇന്ത്യയുടെ തലവേദനയായി തുടരുന്ന ജമ്മു-കശ്മീരിൽനിന്ന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന വാർത്തകൾ. ഭീകരവാദവും തീവ്രവാദവും നിശ്ശേഷം അവസാനിപ്പിച്ച് സമാധാനവും സാധാരണ ജീവിതവും പൂർണമായി സ്ഥാപിക്കാനാണ് ഭരണഘടനയുടെ 370ാം വകുപ്പ് പിൻവലിച്ച് ജമ്മു-കശ്മീരിന്റെ സംസ്ഥാന പദവിപോലും എടുത്തുകളഞ്ഞ് മേഖലയെ പൂർണമായി കേന്ദ്രഭരണത്തിന്റെ കീഴിൽ കൊണ്ടുവരാനുള്ള തീരുമാനം എന്നായിരുന്നല്ലോ നരേന്ദ്രമോദി-അമിത് ഷാ ടീമിന്റെ അവകാശവാദം.

അസാധാരണവും ഭരണഘടനാവിരുദ്ധവുമെന്ന് ആരോപിക്കപ്പെട്ട ഈ നടപടി സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടുവെങ്കിലും കോടതി തദ്സംബന്ധമായ ഹരജികൾ ഇന്നുവരെ പരിഗണനക്കെടുത്തിട്ടില്ല. അതിനർഥം സർക്കാറിന്റെ അവകാശവാദം വാസ്തവികമാണെന്ന് തെളിയിക്കാൻ മോദി സർക്കാറിന് വേണ്ടത്ര അവസരം ലഭിച്ചുവെന്നുള്ളതാണ്. കശ്മീരികളുടെ ന്യായമായ അവകാശം നിഷേധിച്ചുകൊണ്ടാണെങ്കിലും അപരിഹാര്യമായി തുടരുന്ന ഒരു തലവേദനക്ക് ശമനമാവുമെന്ന പ്രതീക്ഷയിൽ മൊത്തം രാജ്യവും കേന്ദ്ര സർക്കാറിന്റെ കടുത്ത നടപടിക്കെതിരെ ശബ്ദിച്ചില്ല. ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നതോ?

കശ്മീരിലെ ഹിന്ദു ന്യൂനപക്ഷമായ പണ്ഡിറ്റുകൾ സർക്കാറിന്റെ പുനരധിവാസ പദ്ധതിയെത്തുടർന്ന് സ്വദേശത്ത് തിരിച്ചെത്തി സർക്കാർ ഉറപ്പുവരുത്തിയ ജോലികളിലേർപ്പെട്ട് സ്വസ്ഥജീവിതം നയിക്കുകയാണെന്ന പൊതുധാരണയെ തിരുത്തി അവർ കൂട്ടംകൂട്ടമായി ജമ്മുവിലേക്കും രാജ്യത്തിന്റെ മറ്റു മേഖലകളിലേക്കും അഭയാർഥികളായി ചേക്കേറുകയാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കാരണം മേയ് 12ന് ബുദ്ഗാമിലെ തഹസിൽദാറുടെ ഓഫിസിൽ കയറി ഭീകരർ രാഹുൽ ഭട്ട് എന്നു പേരായ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി. അധികം താമസിയാതെ ജമ്മുവിൽനിന്ന് സർക്കാർ കൊണ്ടുവന്ന് നിയമനം നൽകിയ പണ്ഡിറ്റ് സമൂഹക്കാരിയായ ഒരധ്യാപികയുടെ കഥകഴിച്ചു. മുസ്‍ലിം പേരുള്ള ടി.വി കലാകാരി അമ്രീൻ ഭട്ടിനെയും അവർ വെറുതെവിട്ടില്ല. 2021 ഒക്ടോബറിൽ മാത്രം 25 കൊലപാതകങ്ങൾ തീവ്രവാദികൾ നടത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടശേഷം എല്ലാം ശരിയായെന്ന് സർക്കാർ അവകാശപ്പെട്ട സന്ദർഭത്തിലാണ് നഗ്നമായ കൊലപാതകങ്ങൾ പുനരാരംഭിച്ചിരിക്കുന്നത്. മേയിൽ മാത്രം അഞ്ച് കൊലപാതകങ്ങൾ അരങ്ങേറി.

പണ്ഡിറ്റുകളിലും ഇതര ന്യൂനപക്ഷ വിഭാഗങ്ങളിലും അരക്ഷിതാവസ്ഥ പടരാൻ ഇതുതന്നെ ധാരാളം. അതിനാലാണ് പട്ടാളത്തെ കുത്തിനിറച്ച കശ്മീരിൽ സുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ തീവ്രശ്രമം നടത്തിയിട്ടും തങ്ങൾക്കിനി താഴ്വരയിൽ സ്വസ്ഥരായി കഴിയാൻ സാധ്യമാവില്ലെന്നുറപ്പിച്ച് പണ്ഡിറ്റുകൾ കൂടൊഴിയുന്നത്. 1990കളിൽ വ്യാപകമായ അക്രമങ്ങളെത്തുടർന്ന് ജമ്മുവിലും ഡൽഹിയിലും കൂട്ടത്തോടെ ചേക്കേറിയ ഈ ശരണാർഥികളെ തിരികെ കശ്മീരിലെത്തിച്ച് ഭൂമിയും തൊഴിലും പുനഃസ്ഥാപിച്ചുകൊടുക്കാൻ 2008ൽ അന്നത്തെ

പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് പ്രഖ്യാപിച്ച 1000 കോടിയുടെ പദ്ധതിപ്രകാരം 6000 പണ്ഡിറ്റുകൾ താഴ്വരയിലേക്ക് തിരിച്ചുവന്നിരുന്നതാണ്. മോദി സർക്കാർ 4000 പേരെയും കൊണ്ടുവന്ന് സകല ഉറപ്പുകളും തൊഴിലും നൽകി പുനരധിവസിപ്പിച്ചിട്ടുണ്ട്. പക്ഷേ, കശ്മീർ സ്വസ്ഥവും ശാന്തവുമാണെന്ന വീരവാദങ്ങൾക്കപ്പുറത്ത്, ഭീകരാക്രമണം ഭാവി അനിശ്ചിതത്വത്തിലാക്കിയ ന്യൂനപക്ഷ സമുദായക്കാർ കൂട്ടത്തോടെ വീണ്ടും പലായനം ചെയ്യേണ്ട സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. പത്തുലക്ഷം ടൂറിസ്റ്റുകളുടെ എണ്ണം ചൂണ്ടിക്കാട്ടിയും മൂന്നുമാസത്തെ ഹോട്ടൽ ബുക്കിങ്ങിന്റെ കണക്കുപറഞ്ഞും യാഥാർഥ്യങ്ങൾ മൂടി വെക്കാനാണ് കേന്ദ്ര സർക്കാറിന്റെ ശ്രമം. ഇത്തവണ അത് വിലപ്പോവില്ലെന്നാണ് പ്രതിപക്ഷ കക്ഷികളും മാധ്യമങ്ങളും ചൂണ്ടിക്കാട്ടുന്നത്. പിന്നെയെന്തുവേണം എന്നതാണ് ചോദ്യം.

ഒരു ജനതയുടെ ഹിതവും ഇംഗിതവും പാടേ അവഗണിച്ച് അവരുടെമേൽ സ്വന്തം ശാസനകളും നടപടികളും അടിച്ചേൽപിക്കാനുള്ള ശ്രമം ഒരിക്കലും അന്തിമമായി വിജയിച്ചിട്ടില്ല. കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് എന്ന് നാഴികക്ക് നാൽപതുവട്ടം രാജ്യത്തോടും ലോകത്തോടും അലറിവിളിക്കാം. എന്നാൽ, പാകിസ്താൻ എന്ന രാജ്യത്തിന്റെ അവകാശവാദത്തെ നേരിടുക എന്നതായിരുന്നു ഇന്ത്യയുടെ ഏക അജണ്ട. കശ്മീർ മാത്രമല്ല കശ്മീരികളും ഇന്ത്യൻ സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് അംഗീകരിച്ച് അവരുടെകൂടി ഭരണഘടനാദത്തമായ അവകാശങ്ങൾ വകവെച്ചുകൊടുക്കാനും ജനാധിപത്യ പ്രക്രിയയിൽ അവരെക്കൂടി പങ്കാളികളാക്കാനും ആത്മാർഥമായ ശ്രമം ഒരുകാലത്തും കേന്ദ്ര സർക്കാറുകളുടെ ഭാഗത്തുനിന്നുണ്ടായില്ല.

പകരം കേന്ദ്ര സർക്കാറുകളുടെ കങ്കാണിമാരെ കസേരയിലിരുത്തി സ്വാഭിഷ്ടം നടപ്പാക്കാൻ സൈനികശക്തിയടക്കം ഉപയോഗിച്ചതാണ് ഇതഃപര്യന്തമുള്ള അനുഭവം. ഫാറൂഖ് അബ്ദുല്ല മുതൽ മഹ്ബൂബ മുഫ്തി വരെയുള്ളവർ എന്താണ് ചെയ്തത്? എന്തുഫലമാണ് ഉണ്ടായത് എന്ന് രാജ്യം കണ്ടതാണ്. ബി.ജെ.പി മഹ്ബൂബയോടൊപ്പം ഭരണം പങ്കിട്ട അവസാനത്തെ അനുഭവവും വൻ പരാജയമായി. പിന്നെയാണ് മോദി സർക്കാർ ഉരുക്കുമുഷ്ടി ഉപയോഗിച്ച് കശ്മീരിനെ ദേശസാത്കരിച്ചത്. ഈ തെറ്റുതിരുത്താതെ ഇനിയുമിനിയും തോക്കുകൾകൊണ്ട് കഥ പറയിക്കാനാണ് ഭാവമെങ്കിൽ അതിസുന്ദരമായ കശ്മീർ താഴ്വരയിൽ ചോരപ്പുഴ ഒഴുകിക്കൊണ്ടേയിരിക്കും. മുസ്‍ലിംകൾക്കോ ഹിന്ദുക്കൾക്കോ അവിടെ ശാന്തി ലഭിക്കില്ല. അന്താരാഷ്ട്ര വേദികളിൽ കശ്മീർ കാര്യം വീണ്ടുംവീണ്ടും ഉന്നയിച്ച് ഇന്ത്യയെ പ്രതിരോധത്തിലാക്കാൻ കിട്ടുന്ന ഒരവസരവും പാകിസ്താൻ പാഴാക്കാതിരിക്കുകയുമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kashmir Policy
News Summary - Failing Kashmir policy
Next Story