വംശീയതയുടെ വംശാവലികള്‍
text_fieldsശ്രീനിവാസ് കുച്ചിബോട്ലെ, ഹര്‍നിഷ് പേട്ടൽ, വിക്രം ജറിയൽ എന്നീ മൂന്ന് ഇന്ത്യക്കാരാണ് ഡോണള്‍ഡ് ട്രംപ് പ്രസിഡൻറ് പദമേറി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വംശവെറിയുടെ വെടിയുണ്ടകളേറ്റ് അമേരിക്കയില്‍ കൊല്ലപ്പെട്ടത്. നിങ്ങള്‍ക്കീ രാജ്യത്തു നില്‍ക്കാന്‍ അവകാശമില്ല, കടന്നുപോകൂ എന്ന് അട്ടഹസിച്ചാണ് ഒരു കൊലപാതകി വെടിയുതിര്‍ത്തത്. ട്രംപിെൻറ ജയത്തിനുവേണ്ടി പ്രത്യേക പ്രാര്‍ഥനാ കര്‍മങ്ങള്‍പോലും നടന്ന രാജ്യമാണ് ഇന്ത്യ. അവരുടെ താല്‍പര്യത്തിനും സൗകര്യത്തിനും അനുസൃതമായി പ്രതിരോധ, വാണിജ്യ, കാര്‍ഷിക, ഊര്‍ജ നയങ്ങളിലെല്ലാം മാറ്റങ്ങള്‍ വരുത്തിയും, അവരുടെ ശത്രുവിനെ പൊതു ശത്രുവായും മിത്രത്തെ പൊതു മിത്രമായും പ്രഖ്യാപിച്ച് ആവുന്നിടത്തെല്ലാം വിധേയത്വം പ്രകടിപ്പിച്ച് അമേരിക്കന്‍ സാമ്രാജ്യത്വത്തിെൻറ ഇഷ്ടരാജ്യപ്പട്ടികയില്‍ ഇടംപിടിക്കാന്‍ രണ്ടര ദശകമായി ഇവിടത്തെ ഭരണകൂടങ്ങള്‍ കിണഞ്ഞു ശ്രമിച്ചുപോരുന്നുണ്ട്. മാനവികതക്കുനേരെ അമേരിക്ക നടത്തുന്ന കടന്നാക്രമണങ്ങളെ സ്തുതിക്കാനും അടുത്ത കാലങ്ങളിലായി ഇന്ത്യന്‍ സര്‍ക്കാറിന് മടിയേതുമില്ല. എന്നാല്‍, മനസ്സില്‍ ഉറകൂടിയ വംശീയമായ വെറുപ്പിനെ അതിജയിക്കാന്‍ ഈ കര്‍മങ്ങളൊന്നും പോരാ എന്ന് വ്യക്തമാക്കുന്നു ഈ ചെറുപ്പക്കാരുടെ കൊലപാതകങ്ങള്‍. ഇന്ത്യ-യു.എസ് സൗഹൃദത്തെക്കുറിച്ച് മേനിനടിക്കാറുള്ള പ്രധാനമന്ത്രിയോ മറ്റു നേതാക്കളോ ഇത്തരം ദുരനുഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി ആവശ്യപ്പെട്ടതായി അറിയുന്നില്ല. വംശഹത്യകള്‍ക്കെതിരെ പ്രതികരിക്കാനുള്ള ധാര്‍മികമായ അവകാശരാഹിത്യമാകുമോ അവരെ അതില്‍നിന്ന് വിലക്കുന്നത്?
നമ്മുടെ തലസ്ഥാനനഗരിയില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യുവജനങ്ങള്‍ നിഷ്ഠുരമായി അതിക്രമങ്ങള്‍ക്കിരയായത് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ്. അതൊട്ട് ആദ്യ സംഭവവുമല്ല. ആവര്‍ത്തിക്കില്ലെന്ന് വിശ്വസിക്കാനും തരമില്ല. ആഫ്രിക്കന്‍ സമൂഹത്തിനുനേരെ നടമാടിയത് വംശീയ അതിക്രമം അല്ല എന്നു സ്ഥാപിക്കാന്‍ സംഘ്പരിവാര്‍ താര്‍ക്കികന്‍ തരുണ്‍ വിജയ് നടത്തിയ കസര്‍ത്തുകള്‍ക്കിടയില്‍ പുറത്തുവന്നത് മൂടിവെച്ചിരുന്ന മറ്റൊരു വംശീയതകൂടി. കറുത്ത തൊലിയുള്ള മലയാളികളെയും തമിഴരെയും മറ്റും രാജ്യത്ത് ഒപ്പം താമസിപ്പിക്കുന്നത് തങ്ങളുടെ ഒൗദാര്യമാണ് എന്ന മട്ടിലാണ് ഇദ്ദേഹം ലോകത്തിനു മുന്നില്‍ രാജ്യത്തിെൻറ സഹിഷ്ണുത വിശദീകരിച്ചത്. ദലിതരെ മനുഷ്യരായിപ്പോലും അംഗീകരിക്കാന്‍ തയാറാകാത്ത, മേല്‍ജാതിക്കാരെൻറ മലം ചുമക്കുന്നത് കീഴാളെൻറ കടമയാണെന്ന് സ്ഥാപിക്കുന്ന വിചാരധാരയുടെ പ്രണേതാവില്‍നിന്ന് ഇതിലപ്പുറം പ്രതീക്ഷിക്കാനില്ല. എന്നാല്‍, ഈ പ്രത്യയശാസ്ത്രത്തിെൻറ വേരുകള്‍ നമ്മുടെ മണ്ണിലും കൂടുതല്‍ ആഴത്തില്‍ പിടിമുറുക്കി രാജ്യത്തിെൻറ പൊതു മനസ്സാക്ഷിയെതന്നെ ഇത്തരം അതിക്രമങ്ങളോട് സമരസപ്പെടാന്‍വിധം ക്രമപ്പെടുത്തുന്നു എന്ന സത്യം നടുക്കുന്നതാണ്. കറുത്ത തൊലിയുള്ള ആഫ്രിക്കക്കാര്‍ മാത്രമല്ല മലയാളികളും തമിഴ്നാട്ടുകാരും ഇന്ത്യന്‍ നഗരങ്ങളില്‍ അക്രമത്തിനും അധിക്ഷേപങ്ങള്‍ക്കും ഇരയാകാറുണ്ട്. താമസിക്കാന്‍ വീടോ ഹോട്ടല്‍മുറികളോപോലും നല്‍കാത്ത സംഭവങ്ങളുണ്ട്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന തൊഴിലാളികളോട് മലയാളിസമൂഹം പുലര്‍ത്തുന്ന പുച്ഛവും തനിച്ച വംശീയതതന്നെ.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള മനുഷ്യര്‍ ഇപ്പോഴും രാജ്യത്തോടും ഇവിടത്തെ ഭരണകൂടത്തോടും കൂറു പുലര്‍ത്തുന്നത് ഇന്ത്യന്‍ ഭരണഘടനയില്‍ പുലര്‍ത്തുന്ന വിശ്വാസവും അവരുടെ മഹാമനസ്കതയുംകൊണ്ടു മാത്രമാവും. ഭരണകൂട അവഗണനയും സായുധ അതിക്രമങ്ങളും മൂലം തുരുമ്പെടുത്ത വടക്കുകിഴക്കന്‍ മേഖലകളില്‍നിന്ന് തിളക്കമുള്ളൊരു ഭാവി സ്വപ്നംകണ്ട് പഠനത്തിനും ജോലി ആവശ്യങ്ങള്‍ക്കുമായി ഡല്‍ഹിയിലും മറ്റു വന്‍നഗരങ്ങളിലും വന്ന് താമസിക്കുന്നവരുടെ എണ്ണം രണ്ടു ലക്ഷത്തിലേറെ വരും. ഇവിടെ അവരെ കാത്തിരിക്കുന്നതാവട്ടെ വംശീയ അധിക്ഷേപങ്ങളും കൈയേറ്റങ്ങളും അന്യവത്കരണവും ചിലപ്പോള്‍ മരണദണ്ഡുകളുമാണ്. അഖണ്ഡതയെക്കുറിച്ചും ദേശീയതയെക്കുറിച്ചും ഉദ്ഘോഷിച്ച് ക്ഷീണിക്കുമ്പോഴും ചപ്പിയ മൂക്കും ചിറുങ്ങിയ കണ്ണുമുള്ള മനുഷ്യരെ ഇന്ത്യക്കാരായി അംഗീകരിക്കാന്‍പോലും മുഖ്യധാരക്കു മടിയാണ്. ബോളിവുഡിലെ കരുത്തിന്‍ പ്രതീകം ഡാനി ഡെങ്സങ്പ്പ മുതല്‍ ഒളിമ്പ്യന്‍ മേരി കോം വരെ നീളുന്നു ഇവ്വണ്ണം വംശീയ അവജ്ഞയുടെ കയ്പുനീര്‍ കുടിച്ചവരുടെ പട്ടിക. ഡല്‍ഹിയില്‍ ജീവിക്കുന്ന വടക്കുകിഴക്കന്‍ വിദ്യാര്‍ഥികളില്‍ 81 ശതമാനം പേരും വംശീയ അതിക്രമങ്ങള്‍ക്കിരയാകുന്നുവെന്നാണ് ജാമിഅ മില്ലിയ സര്‍വകലാശാല പുറത്തുവിട്ട പഠനം വെളിപ്പെടുത്തുന്നത്.
കാഴ്ചയിലും നിറത്തിലും വിശ്വാസ, ആചാര രീതിയിലുമുള്ള വ്യത്യസ്തതയുടെ പേരില്‍ മനുഷ്യരെ വേട്ടയാടുന്നത് തുടര്‍ക്കഥയാവുന്ന, ഇതര സംസ്ഥാനക്കാരെ ഒപ്പം താമസിപ്പിക്കുന്നത് മഹാത്യാഗമായി മേനിനടിക്കുന്ന നമ്മുടെ നാട്ടിലാണ് വര്‍ണവെറി വിരുദ്ധ പോരാട്ട നായകന്‍ നെല്‍സണ്‍ മണ്ടേല മരിച്ചപ്പോള്‍ ഏറ്റവുമധികം അനുശോചനത്തിരികളെരിഞ്ഞതെന്നും ഓര്‍ത്തുപോകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
