അരാവലിയിലെ ഹരിത സമസ്യകൾ
text_fieldsരാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭൂഭാഗത്തെ പാരിസ്ഥിതിക അസ്തിത്വത്തിന്റെ കുഞ്ചിക ധർമം നിർവഹിക്കുന്ന മലനിരകളാണ് അരാവലി. രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും ഡൽഹി ദേശീയ തലസ്ഥാന മേഖലയിലുമായി പരന്നുകിടക്കുന്ന ഈ ഭൂപ്രദേശത്തെ ശ്രദ്ധാവിഷയമാക്കിയിരിക്കുന്നത് അവിടെ കാലങ്ങളായി നടക്കുന്ന ഖനനം സംബന്ധമായി സുപ്രീംകോടതി നവംബർ 20ന് ഇറക്കിയ വിധിയും തുടർന്ന്, കേന്ദ്ര സർക്കാർ ഡിസംബർ 24ന് ഖനനം നിരോധിച്ചുകൊണ്ടിറക്കിയ ഉത്തരവുമാണ്. ഇന്നിപ്പോൾ അരാവലി പർവതനിരകളെ രക്ഷിക്കണമെന്ന ദേശവ്യാപക പ്രചാരണം നടക്കുന്നുണ്ട്. അരാവലിക്ക് രാജ്യത്തിന്റെ ഭൗമ വ്യവസ്ഥയിലുള്ള പ്രാധാന്യം അത് മരുഭൂവത്കരണം തടയുകയും സമ്പന്നമായ ജൈവ വൈവിധ്യത്തിന് താങ്ങുനൽകുകയും ഭൗമജല പുനരുജ്ജീവനം നടത്തുകയും അത് നിൽക്കുന്ന മേഖലയിലെ ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് നിർണായകമായ പാരിസ്ഥിതിക സേവനങ്ങൾ നൽകുകയും ചെയ്യുന്നെന്നതാണ്. അതോടൊപ്പം മറ്റു പല ഖനന മേഖലകളിലും സംഭവിക്കുന്നതുപോലെ അവിടെയും വലിയ തോതിൽ അനധികൃത ഖനനം നടക്കുന്നെന്നത് പ്രശ്നത്തെ കൂടുതൽ സങ്കീർണമാക്കുന്നു.
ഇപ്പോഴത്തെ കോടതി വ്യവഹാരവും വിവാദങ്ങളും ആരംഭിച്ചത് 1992 ലാണ്. പരിസ്ഥിതി ആക്ടിവിസ്റ്റായ എം.സി. മേത്ത അരാവലിയിൽ നടക്കുന്ന അനധികൃത ഖനനത്തിനെതിരായി ഫയൽ ചെയ്ത ഹരജിയിലാണ് അതിന്റെ തുടക്കം. തുടർന്ന്, 1996 ഡൽഹിയുടെ അരാവലി മേഖലയിലെ അനുമതിയില്ലാത്ത നിർമാണങ്ങളും 2002ൽ ഡൽഹി പ്രദേശത്തെ ഖനനവും പൂർണമായും നിരോധിക്കപ്പെട്ടു. ഒപ്പം രാജസ്ഥാനിലെയും ഹരിയാനയിലെയും അനുമതിയില്ലാത്ത ഖനനത്തിനെതിരെ നടപടിയെടുക്കാനും കോടതി ഉത്തരവുണ്ടായി. 2009ൽ അരാവലിയിൽ മുഴുവൻ ഖനനം നിയമവിരുദ്ധമാക്കപ്പെട്ടു. തുടർന്നുണ്ടായ വ്യത്യസ്ത നിയമ നടപടികളുടെ അന്ത്യത്തിലാണ് കോടതി കഴിഞ്ഞ മാസം വിധി പുറപ്പെടുവിച്ചതും സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയതും.
കോടതി അംഗീകരിച്ച സമിതിയുടെ പ്രധാന ശിപാർശ അരാവലിയുടെ 100 മീറ്ററോ അതിനു മുകളിലോ ഉള്ള ഭാഗം ഒഴിച്ചുവേണം ഖനനം അനുവദിക്കാനെന്നതാണ്. എന്നാൽ, പരിസ്ഥിതി ആഘാതത്തെക്കുറിച്ച പരിശോധനകൾക്കു ശേഷമേ ഖനത്തിനുള്ള അനുമതി നൽകാവൂ. ലോല പ്രദേശങ്ങളിൽ പൂർണമായും ഖനനം നിരോധിക്കണം. അവയിൽ സംരക്ഷിത വനങ്ങൾ, ജലസ്രോതസ്സുകൾ, കടുവ വിഹാര പ്രദേശങ്ങൾ, ജല പുനരുജ്ജീവന മേഖലകൾ എന്നിവയും ഡൽഹി ദേശീയ തലസ്ഥാന മേഖലയും ഉൾപ്പെടും. പ്രദേശത്തിന്റെ മുഴുവൻ മാപ്പിങ്ങും കഴിയുന്നത് വരെ പുതിയ പാട്ടങ്ങൾ അനുവദിക്കരുതെന്നും ശിപാർശയിലുണ്ട്.
കോടതി അംഗീകരിച്ച സമിതി ശിപാർശക്കു പൊതുവെ സ്വീകാര്യത കിട്ടിയെങ്കിലും ഇത് 100 മീറ്ററിന് താഴെയുള്ള പ്രതലങ്ങളിൽ ഇഷ്ടം പോലെ ഖനനം നടത്താനുള്ള അനുമതിയായി മാറുമെന്നും അതിൽ പറഞ്ഞ നിയന്ത്രണങ്ങളും ഉപാധികളും ഖനന കരാറുകാർ പാലിക്കില്ലെന്നുമാണ് പരിസ്ഥിതി പ്രവർത്തകരുടെ ആശങ്ക. സുപ്രീംകോടതി തന്നെ തങ്ങളുടെ സോപാധികമായ അനുമതിക്കുള്ള ഒരു കാരണമായി പറഞ്ഞത് തീരെ അനുമതി കൊടുക്കാതിരുന്നാൽ നിയമബാഹ്യമായ ഖനനം മുറക്ക് നടന്നേക്കുമെന്നാണ്. അതിനാൽ അരാവലി സംരക്ഷണവും ഖനനവും ഒപ്പം നടക്കാൻ വിധി ഉതകുമെന്ന കാഴ്ചപ്പാടാണ് പലർക്കും. ഖനനം ചെയ്‌തെടുക്കുന്ന ധാതുവസ്തുക്കൾ വ്യവസായങ്ങൾക്കും ഉൽപന്നങ്ങൾക്കും അത്യാവശ്യമാണെന്ന വാദവും അവരുയർത്തുന്നു.
100 മീറ്റർ എന്നതിൽ ലംബമായി ഉച്ചിയിലേക്കുള്ള ദൂരം മാത്രമല്ല, ചരിവുകളിലെ ഭാഗവും പെടുമെന്നതിനാൽ അവയെല്ലാം ഖനനത്തിന് വിധേയമാവുമോ എന്ന സംശയവും ബാക്കിയുണ്ട്. അവയും അതിൽപെടുമെന്ന് വന്നാൽ ആ പ്രദേശത്ത് ഖനനം അനുവദനീയമല്ലാതാവും. മാത്രമല്ല, രണ്ടു പർവതങ്ങൾക്കിടയിലെ ദൂരം 500 മീറ്ററിൽ താഴെയാണെങ്കിൽ അതെല്ലാം ഒന്നിച്ച് പരിഗണിക്കുമെന്നും അതിനാൽ അവിടെയെങ്ങും ഖനനം അനുവദിക്കാൻ പറ്റില്ലെന്നുമാണ് ഇന്ന് സർക്കാർ തന്നെ വാദിക്കുന്നത്. മറുവശത്ത്, രാജസ്ഥാൻ സംസ്ഥാനത്ത് 20 മീറ്ററിന് മുകളിൽ ഉയരമുള്ള 12081 പർവത ചരിവുകളുണ്ടത്രേ, അവയിൽ ആയിരത്തിൽപരം മാത്രമേ 100 മീറ്ററിൽ കൂടുതൽ ഉയരമുള്ളവയായുള്ളൂ. അഥവ 8.7 ശതമാനം. ബാക്കി മുഴുവൻ പ്രദേശങ്ങളിലും ഖനനം പറ്റുമെന്നാവും. സാധാരണക്കാർ ചുറ്റും അവർ കാണുന്ന പ്രതിഭാസങ്ങൾ കാരണം ആശങ്കാകുലരാണ്. ചുറ്റുമുള്ള കുന്നുകൾ അപ്രത്യക്ഷമാകുന്നതും ചെറുതും വലുതുമായ റോഡുകളിൽ കുന്നുകൾ പരന്നുവരുന്നതും അവർ കൺമുന്നിൽ കാണുന്നു. ഭൂപ്രതലത്തിൽ നിമ്നോന്നതികൾ ഇല്ലാതായാൽ അതുമായി ബന്ധപ്പെട്ട പ്രതിഭാസങ്ങളെല്ലാം താറുമാറാവും. അഥവ, കോടതി പറഞ്ഞ തരത്തിൽ ഒരു സുസ്ഥിര ഖനന മാനേജ്മെന്റ് പദ്ധതി രൂപവത്കരിച്ച് അതനുസരിച്ച് മാത്രമേ ഖനന അനുമതി നൽകാവൂ,
എന്നാൽ, ശരിക്കു പറഞ്ഞാൽ, മൊത്തം 1.44 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്‌തീർണമുള്ള അരാവലിയിൽ 0.19 ശതമാനമേ ഖനനയോഗ്യമായുണ്ടാവൂ. പക്ഷേ, പ്രധാന പ്രശ്നം നിയമവിരുദ്ധ ഖനനം തടയുക എന്നതാണ്. ഖനനം നിർത്തിയില്ലെങ്കിൽ രാജസ്ഥാന്റെ മരുഭൂമി ഇനിയും വികസിക്കും. ഭൂഗർഭ ജലനിരപ്പ് ഇനിയും താഴും. മഴവെള്ളത്തെ വഴിതിരിച്ചുവിടുക വഴി ലഭിക്കുന്ന ഇടവിട്ട പുഴകൾ ഇല്ലാതാവും. മണ്ണിനെ ഉറപ്പിച്ചുനിർത്തുന്ന പർവതങ്ങൾ മണ്ണൊലിച്ച് പോകും, അതുവഴി പാടങ്ങൾ വരളും. പൊടിക്കാറ്റിനെ തടഞ്ഞുനിർത്തുന്ന മതിലുകളായ കുന്നുകൾ ഇല്ലാതാവും, ശ്വാസകോശ സംബന്ധ രോഗങ്ങൾ തടയാനാവാതെ വരും. ഒട്ടനവധി മൃഗ-സസ്യ വംശങ്ങൾക്ക് നാശം സംഭവിക്കും, അതിനെ തുടർന്ന് പ്രകൃതിയുടെ സന്തുലനം തന്നെ നഷ്ടപ്പെടും. ഇത്രയൊക്കെ പ്രത്യാഘാതങ്ങൾക്കിട വരുത്തുന്ന ഖനന പ്രക്രിയ ഇല്ലാതാക്കാൻ സർക്കാറുകൾ കിണഞ്ഞുശ്രമിച്ചില്ലെങ്കിൽ വരുന്ന അനർഥങ്ങളെക്കുറിച്ച് കൂടി കോടതിയും സർക്കാറും ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരുവേള ഇതെല്ലാം കണ്ടുകൊണ്ടാണ് പ്രകൃതി സ്നേഹികളും ബന്ധപ്പെട്ട മേഖലയിലെ ജനങ്ങളും അരാവലിയെ ഖനന മാഫിയകളിൽ നിന്ന് സംരക്ഷിക്കണമെന്ന് മുറവിളി കൂട്ടുന്നത്. രാജ്യത്തിന്റെ ഭൂമിശാസ്ത്രവും ജനജീവിതവും മുൻഗണനയോടെ കാണുന്ന ഒരു അധികാര ശക്തിക്കും അവഗണിക്കാനാവാത്ത ആവശ്യമാണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

