ആ ‘അടിയന്തരാവസ്ഥ’ ഇന്ത്യയിലും വരെട്ട
text_fieldsഗ്രേറ്റ എർമാൻ തൻബർഗ് എന്ന 16കാരിയെ ഇനിയും പരിചയപ്പെടുത്തണമെന്ന് തോന്നുന്നില്ല. നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന, അനുഗൃഹീതമായ ഇൗ പ്രകൃതിയെയും കാലാവസ്ഥയെയുമൊക്കെ തിരിച്ചുപിടിക്കാൻ ഇൗ സ്വീഡിഷ് പെൺകുട്ടി നടത്തിയ ഒറ്റയാൾ സമരങ്ങൾക്ക് അത്രയേറെ മാധ്യമശ്രദ്ധ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം സെപ്റ്റംബറിലായിരുന്നു ഗ്രേറ്റയുടെ തുടക്കം. ആഗോളതാപനത്തിെൻറയും കാലാവസ്ഥ വ്യതിയാനത്തിെൻറയും ഏറ്റവും പ്രധാന കാരണമായി കണക്കാക്കപ്പെടുന്ന കാർബൺ ബഹിർഗമനത്തിെൻറ തോത് കുറക്കണമെന്നാവശ്യപ്പെട്ട് ഗ്രേറ്റ സ്വന്തം ക്ലാസ്മുറിക്കു പുറത്ത് തുടങ്ങിയ ‘പണിമുടക്ക്’ (കാലാവസ്ഥക്കുവേണ്ടിയുള്ള സ്കൂൾ പണിമുടക്ക് എന്നായിരുന്നു സമരബോർഡിെൻറ തലവാചകം) സമരം ഇക്കാലമത്രയും ലോകം സാക്ഷ്യംവഹിച്ച പരിസ്ഥിതിപ്രക്ഷോഭങ്ങളിൽ വേറിട്ടതുതന്നെയായിരുന്നു. വളരെ പെെട്ടന്നുതന്നെ ലോകത്തിെൻറ വിവിധ ഭാഗങ്ങളിലേക്കുള്ള വിദ്യാലയങ്ങളിലേക്കും ആ സമരാഗ്നി പടർന്നു. വേറൊരുതരത്തിൽ പറഞ്ഞാൽ, ഭൂമിയെ അതിെൻറ മുഴുവൻ സവിശേഷതകളോടെയും ഭാവി തലമുറക്ക് കൈമാറാൻ നാം ബാധ്യസ്ഥരാണെന്ന പരിസ്ഥിതിരാഷ്ട്രീയത്തിെൻറ അടിസ്ഥാന പാഠം ഇവിടത്തെ അധികാരിവർഗത്തെ ഒാർമപ്പെടുത്തുകയായിരുന്നു ഗ്രേറ്റയുടെ നേതൃത്വത്തിലുള്ള വിദ്യാർഥിക്കൂട്ടങ്ങൾ. അവർ കൂട്ടത്തോടെ ക്ലാസ് മുറികൾ ബഹിഷ്കരിച്ച് പരിസ്ഥിതിരാഷ്ട്രീയത്തിന് പുതിയ മാനം പകർന്നപ്പോൾ, സ്വാഭാവികമായും ഗ്രേറ്റ വാർത്താതാരമായി; അവരുടെ പ്രസംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ പ്രാധാന്യത്തോടെ പ്രചരിച്ചു.
ബ്രസൽസിലെ യൂറോപ്യൻ യൂനിയൻ പാർലമെൻറിനു പുറത്ത് പരിസ്ഥിതി പ്രവർത്തകർ നടത്തിയ പ്രക്ഷോഭത്തിന് നേതൃത്വം നൽകാനും ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിൽ ആഗോളതാപനത്തിെൻറ കെടുതികളെക്കുറിച്ച് പ്രഭാഷണം നടത്താനും അവർക്ക് അവസരമുണ്ടായി. സമാധാന നൊബേലിനുവരെ നാമനിർദേശം ചെയ്യപ്പെട്ടു. കഴിഞ്ഞയാഴ്ച, ബ്രിട്ടീഷ് പാർലമെൻറിലും അവർ സംസാരിച്ചു. ആ സംസാരം വലിയ മാറ്റങ്ങൾക്ക് വഴിവെച്ചിരിക്കുകയാണിപ്പോൾ. ഗ്രേറ്റയുടെ പ്രഭാഷണത്തിെൻറയും രാജ്യത്ത് ഏതാനും മാസമായി പരിസ്ഥിതി സംഘടനകൾ നടത്തിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളുടെയുമെല്ലാം ഗൗരവം ഉൾക്കൊണ്ട് ബ്രിട്ടനിൽ ‘കാലാവസ്ഥ അടിയന്തരാവസ്ഥ’ പ്രഖ്യാപിച്ചിരിക്കുന്നു. ലോകത്ത് ആദ്യമായാണ് ഒരു രാജ്യം ഇങ്ങനെയൊരു ‘അടിയന്തരാവസ്ഥ’ പ്രഖ്യാപിക്കുന്നത്.
എക്സ്റ്റിങ്ഷൻ റിബല്യൻ പോലുള്ള പരിസ്ഥിതി സംഘടനകൾ മാസങ്ങളായി ബ്രിട്ടീഷ് പാർലമെൻറിനു മുന്നിൽ ‘കാലാവസ്ഥ പ്രതിസന്ധി’യുടെ അപകടങ്ങൾ ചൂണ്ടിക്കാട്ടി സമരത്തിലാണ്. അവരുടെ ശബ്ദത്തെ ഏറ്റവും ഫലപ്രദമായി പാർലമെൻറിന് അകത്തെത്തിക്കാൻ ഗ്രേറ്റക്ക് കഴിഞ്ഞതോടെയാണ്, ആഗോളതാപനത്തെ ചെറുക്കുന്നതിനുള്ള നടപടികൾക്കായി ഭരണകൂടം ‘അടിയന്തരാവസ്ഥ’ പ്രഖ്യാപിച്ചത്. വ്യവസായശാലകളിൽനിന്നും മറ്റും പുറന്തള്ളപ്പെടുന്ന ഏറെ അപകടകരമായ ഹരിതഗൃഹ വാതകങ്ങളുടെ തോത് 2050ഒാടെ പൂജ്യത്തിൽ എത്തിക്കുക എന്നതാണ് ‘അടിയന്തരാവസ്ഥ’യുടെ ലക്ഷ്യം. എന്നുവെച്ചാൽ, രാജ്യത്തെ ഫാക്ടറികളിലെയും മറ്റും കാർബൺ പുകക്കുഴലുകൾ 2030ഒാടെ പൂർണമായും അപ്രത്യക്ഷമാകും. പകരം, ഹരിതോർജസ്രോതസ്സുകളിൽ ഇൗ സ്ഥാപനങ്ങളത്രയും പ്രവർത്തിക്കും. ഇൗ ലക്ഷ്യസാക്ഷാത്കാരത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് ഇപ്പോൾ നടന്നത്. അത്ര എളുപ്പമല്ല ആ പ്രയാണമെന്നോർക്കുക. മേൽസൂചിപ്പിച്ച സമരങ്ങളെ പൊളിക്കാൻ വലിയൊരു വ്യവസായ ലോബി തന്നെ അണിയറയിൽ പ്രവർത്തിക്കുന്നുണ്ട്. ഭരണകൂടങ്ങളെ പലപ്പോഴും നിയന്ത്രിക്കാറുള്ളത് ഇക്കൂട്ടരാണ്. കാർബൺ ബഹിർഗമനത്തിെൻറ തോത് 2035ഒാടെ ഒാരോ രാജ്യവും 35 ശതമാനമെങ്കിലും കുറക്കണമെന്ന പാരിസ് ഉടമ്പടി മുന്നോട്ടുവെക്കുന്ന ആവശ്യം ഡോണൾഡ് ട്രംപിനെപ്പോലുള്ള ഭരണാധികാരികൾ തള്ളിക്കളഞ്ഞത് ഇൗ മാഫിയയുടെ സമ്മർദങ്ങളുടെ ഫലമായിട്ടാണ്. അതിനാൽ, ‘അടിയന്തരാവസ്ഥ’യിലൂടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ അസാമാന്യമായ രാഷ്ട്രീയ ഇച്ഛാശക്തിതന്നെ വേണം. ബ്രെക്സിറ്റ് പ്രതിസന്ധിയിൽ ആടിയുലയുന്ന ബ്രിട്ടനിൽനിന്ന് ഇേപ്പാഴത് പ്രതീക്ഷിക്കാനാകുമോ എന്നത് വേറെ കാര്യം.
ബ്രിട്ടെൻറ ചുവടുപിടിച്ച് ആസ്ട്രേലിയൻ പാർലമെൻറിലും സമാന നീക്കങ്ങൾ നടക്കുന്നുണ്ടത്രെ. മറ്റു രാജ്യങ്ങളിൽനിന്നും വരുംദിവസങ്ങളിൽ ഇത്തരം വാർത്തകൾ പ്രതീക്ഷിക്കാം. യഥാർഥത്തിൽ, മുഴുവൻ രാജ്യങ്ങളും ഒറ്റക്കെട്ടായി ഇത്തരമൊരു ‘അടിയന്തരാവസ്ഥ’ പ്രഖ്യാപിക്കേണ്ട സമയമാണിത്. ഒാർക്കുക, പത്തോ പന്ത്രണ്ടോ വർഷങ്ങൾക്കുള്ളിൽ ഇൗ വിപത്ത് പ്രത്യക്ഷത്തിൽതന്നെ നമ്മെ പിടികൂടുമെന്നാണ് ശാസ്ത്രലോകത്തുനിന്നുള്ള വർത്തമാനം. ഇപ്പോൾതന്നെ നാം വൈകിപ്പോയിരിക്കുന്നുവെന്നർഥം. നോക്കൂ, ഇപ്പോൾതന്നെ കാലാവസ്ഥമാറ്റത്തിെൻറ അനുരണനങ്ങൾ നാം കടലിലും കരയിലും കണ്ടുകൊണ്ടിരിക്കുകയല്ലേ? കടൽനിരപ്പ് ക്രമാതീതമായി വർധിച്ചതിനെ തുടർന്ന് ഭൂമുഖത്തുനിന്ന് പല ദേശങ്ങളും അപ്രത്യക്ഷമായി എന്നത് കെട്ടുകഥയല്ല. അടുത്തകാലത്തായി ഇന്ത്യയിലടക്കം പ്രകടമായ ‘അസാധാരണ കാലാവസ്ഥ പ്രതിഭാസ’ങ്ങളുടെ കാരണവും മറ്റൊന്നല്ല. പ്രളയമായും ഹിമവർഷമായും കടൽേക്ഷാഭമായും പുകമഞ്ഞായും പെയ്തുകൊണ്ടിരിക്കുന്ന ദുരന്തങ്ങളൊക്കെയും ഇതിെൻറ തുടർച്ചതന്നെയാണ്. 2017ൽ മാത്രം, ഇൗ അപകട കാലാവസ്ഥയിൽ നമ്മുടെ രാജ്യത്ത് 2300 പേർ മരിച്ചുവെന്നാണ് കണക്ക്. 10 വർഷത്തിനിടെ ഇന്ത്യയിൽ ഉഷ്ണതരംഗത്തിൽ മരിച്ചത് 8000ത്തിലധികം പേരാണ്. ഇത്രയൊക്കെ സംഭവിച്ചിട്ടും, ഇതൊരു രാഷ്ട്രീയ വിഷയമായി നമ്മുടെ രാജ്യം ഇനിയും വേണ്ടവിധം ഏറ്റെടുത്തിട്ടില്ല. ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മുഖ്യധാര പാർട്ടികൾ പുറത്തിറക്കിയ പ്രകടനപത്രികകളിലൊന്നും കാലാവസ്ഥമാറ്റം ഒരു വിഷയമായി ഉയർന്നുവന്നിട്ടില്ല. പ്രചാരണഗോദയിലും ആ വാക്ക് ഒരു നേതാവും അബദ്ധത്തിൽപോലും ഉച്ചരിച്ചില്ല. പരിസ്ഥിതിസൗഹൃദമായ സാമൂഹിക ജീവിതം പുതിയ കാലത്തിെൻറ മുദ്രാവാക്യമാകുേമ്പാഴും അതിനോടെല്ലാം പുറംതിരിഞ്ഞുനിൽക്കുകയാണ് എക്കാലത്തും നമ്മുടെ ഭരണകൂടങ്ങൾ. അതിനാൽ, ഇൗ ‘അടിയന്തരാവസ്ഥ’ നമ്മുടെ രാജ്യത്തും അത്യന്താപേക്ഷിതമെത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
