Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightതെരഞ്ഞെടുപ്പ് ഫലങ്ങള്‍...

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിളിച്ചുപറയുന്നത്

text_fields
bookmark_border
തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിളിച്ചുപറയുന്നത്
cancel

അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തിന്‍െറ പൊതുപ്രവണത അതത് സംസ്ഥാനങ്ങളില്‍ ഭരിച്ചിരുന്ന പാര്‍ട്ടികള്‍ അധികാരനിഷ്കാസിതരായി എന്നതാണ്. ഭരണ വിരുദ്ധ വികാരത്തെ  അഖിലേഷ്-രാഹുല്‍ സഖ്യത്തിനോ മോദിമാസ്മരികതക്കോ തളക്കാനാകില്ളെന്നാണ് അഞ്ചു സംസ്ഥാനങ്ങളും ഒരുപോലെ നല്‍കുന്ന പാഠം. രാഹുലിന്‍െറ തന്ത്രങ്ങള്‍ ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ദയനീയമായി തകര്‍ന്നടിഞ്ഞപ്പോള്‍ മോദിപ്രഭാവം പഞ്ചാബിലോ ഗോവയിലോ വിലപ്പോയില്ല.  എന്നാല്‍, തെരഞ്ഞെടുപ്പ് ഫലം ഭരണകൂടവിരുദ്ധതയുടെ പ്രതിഫലനം മാത്രമാണെന്ന് വിലയിരുത്തിയാല്‍ ഇന്ത്യയുടെ ജനാധിപത്യപ്രക്രിയയില്‍ നടക്കുന്ന ഉള്‍പ്രവാഹങ്ങളെ തിരിച്ചറിയാന്‍ കഴിയാതെപോകും. വിശേഷിച്ച്, ജനാധിപത്യ പ്രക്രിയയെന്നത് ഭരണീയരെ തെരഞ്ഞെടുക്കാനുള്ള അവകാശത്തിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍.

യു.പിയിലും ഉത്തരാഖണ്ഡിലും ബി.ജെ.പി അവിശ്വസനീയ  നേട്ടമാണ് കരഗതമാക്കിയത്. എക്സിറ്റ് പോളുകളെയും മാധ്യമവിശാരദരുടെ വിശകലനങ്ങളെയുമെല്ലാം മറികടന്ന വിജയം. ആസൂത്രണമികവോടെ പ്രചാരണതന്ത്രങ്ങളൊരുക്കുന്നതില്‍ ഇതര പാര്‍ട്ടികളേക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു ബി.ജെ.പി. 1991 മുതല്‍ 2012 വരെയുള്ള കാലങ്ങളില്‍ ഇടിവുവന്ന വോട്ടുകള്‍ തിരിച്ചുപിടിക്കാന്‍ സഹായകമായത് രാഷ്ട്രീയ കരുനീക്കങ്ങള്‍ക്കൊപ്പം സംഘാടക  മികവുകൂടിയാണ്. എന്നാല്‍, ഈ വിജയത്തിന്‍െറ പ്രധാന ഇന്ധനം കടുത്ത വര്‍ഗീയതതന്നെയായിരുന്നു. 1991ല്‍ കല്യാണ്‍ സിങ്ങിനെ മുന്നില്‍നിര്‍ത്തി പരീക്ഷിച്ച വര്‍ഗീയ രാഷ്ട്രീയത്തെ പുനരാനയിക്കുന്നതിലും അധികാരാരോഹണത്തിന്‍െറ ഉപകരണമാക്കുന്നതിലും അമിത് ഷാ നടത്തിയ കൗശലങ്ങളുടെ ഫലപ്രാപ്തി.   മുസഫര്‍നഗര്‍ കലാപം മുതല്‍ ഗോ സംരക്ഷണ പരിപാടി എന്ന വ്യാജേന നടത്തിയ കൊലപാതകങ്ങള്‍ വരെ ഈ വിജയത്തിലേക്കുള്ള പാതകളായി. മായാവതിയുടെ പ്രധാന ശക്തിസ്രോതസ്സായിരുന്ന ജാട്ട്, വാല്മീകി സമുദായങ്ങളെ  ബി.എസ്.പിയുടെയും രാഷ്ട്രീയ ഭാവിതന്നെ ഇല്ലാതാക്കുംവിധം ബി.ജെ.പി പാളയത്തിലത്തെിച്ചതിലും യാദവരെ ഭിന്നിപ്പിച്ചതിലും ചോരയില്‍ വരഞ്ഞിട്ട വര്‍ഗീയതയുടെ മേലൊപ്പ് കാണാവുന്നതാണ്.  തുടര്‍ച്ചയായ വര്‍ഗീയകലാപങ്ങളിലൂടെ ഉറച്ച തീവ്ര ഹിന്ദുത്വ പാര്‍ട്ടിയെന്ന പ്രതിച്ഛായ നിര്‍മിതി നടത്തിയ രാഷ്ട്രീയക്കളികളെ  തിരിച്ചറിയുന്നതിലും നിയന്ത്രിക്കുന്നതിലും സമ്പൂര്‍ണ പരാജയമായിരുന്നു അഖിലേഷ് സര്‍ക്കാര്‍.  20 ശതമാനം വോട്ടുള്ള മുസ്്ലിം സമൂഹത്തില്‍നിന്ന് ഒരാളെപ്പോലും മത്സരിപ്പിക്കാത്ത പാര്‍ട്ടിയെന്നത് അധികാരാരോഹണത്തിന് ആള്‍ക്കൂട്ടങ്ങളെ  സ്വാധീനിക്കാനുള്ള പ്രധാന മുദ്രാവാക്യമായി  മാറി ഉത്തര്‍പ്രദേശില്‍.

അധികാര ദുര്‍വിനിയോഗ രീതികളും വര്‍ഗീയതപോലെ മറയേതുമില്ലാതെ പ്രകടമായി. ഉത്തരാഖണ്ഡില്‍ അധികാരത്തിനുവേണ്ടി അജിത് ഡോവലിനെയും മകനെയും മുന്‍നിര്‍ത്തി നടത്തിയ നീക്കങ്ങള്‍ കോണ്‍ഗ്രസിന്‍െറ പിളര്‍പ്പിലാണ് കലാശിച്ചത്.  ഹരീഷ് റാവത്തിന്‍െറ അധികാര ദുര്‍വിനിയോഗവും ജനവിരുദ്ധ ഭരണത്തോടൊപ്പം കോണ്‍ഗ്രസിനെ പിളര്‍ത്തിയ രാഷ്ട്രീയ കരുനീക്കങ്ങളുടെയും പ്രത്യാഘാതംകൂടിയായിരുന്നു ബി.ജെ.പിയുടെ ഭീമന്‍ ഭൂരിപക്ഷം. പട്ടാള മേധാവിയായി ബിപിന്‍ റാവത്തിനെ ചുമതലപ്പെടുത്തിയതില്‍പോലും ഉത്തരാഖണ്ഡിലെ ജാതി പ്രാദേശിക രാഷ്ട്രീയവും തെരഞ്ഞെടുപ്പ് താല്‍പര്യങ്ങളുമുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.

മതേതര കക്ഷികളുടെ ദൗര്‍ബല്യങ്ങളും പിടിപ്പുകേടും നേതൃരാഹിത്യവും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ഗൗരവപൂര്‍ണമായ സംവാദ ഇടമാക്കുന്നതില്‍നിന്ന് തടയുന്നുണ്ട്. താല്‍ക്കാലിക രാഷ്ട്രീയ കൂട്ടായ്മകളിലൂടെയും തെരുവുപ്രദര്‍ശനങ്ങളിലൂടെയും വര്‍ഗീയ രാഷ്്ട്രീയത്തെ മറികടക്കാമെന്ന മൗഢ്യത്തിലാണ് അവര്‍ രാപാര്‍ക്കുന്നത്. അലസരും ആസൂത്രണരഹിതരുമായ നേതാക്കള്‍ക്ക്, ആള്‍ക്കൂട്ട മന$ശാസ്ത്രത്തെ സമര്‍ഥമായി കൈകാര്യം ചെയ്യുന്ന വര്‍ഗീയവും സാമുദായികവുമായ ഉപജാപങ്ങളുടെയും സാമൂഹിക എന്‍ജിനീയറിങ്ങിന്‍െറയും കുലപതിയായ തീവ്രവലതുപക്ഷ രാഷ്ട്രീയത്തെ  ചെറുക്കാനാവില്ല. നാലു പതിറ്റാണ്ടിലധികം അധികാര ദുഷ്പ്രയോഗത്തിന്‍െറ അനുഭവമായിരുന്ന അഫ്സ്പക്കെതിരെ 16 വര്‍ഷം നീണ്ടുനിന്ന ജനാധിപത്യ പോരാട്ടത്തിന് 90 വോട്ട് സമ്മാനിച്ച മണിപ്പൂരിലെ ആള്‍ക്കൂട്ടം വ്യക്തമാക്കുന്നുണ്ട് ജനഹിതവും തെരഞ്ഞെടുപ്പും തമ്മിലുള്ള വിടവിന്‍െറ ആഴം.

ഗോവയില്‍ പരാജയമായിരുന്നുവെങ്കിലും പഞ്ചാബില്‍ പിടിച്ചുനില്‍ക്കാന്‍ ആപ്പിന് സാധിച്ചു. പഞ്ചാബിലും ഗോവയിലും മണിപ്പൂരിലും ഒന്നാമതത്തൊന്‍ കോണ്‍ഗ്രസിനും സാധിച്ചു. ബി.എസ്.പിയുടെയും എസ്.പിയുടെയും വോട്ടുകൂട്ടിയാല്‍ അത് ബി.ജെ.പിയെ പിന്നിലാക്കും. അവരുടെ വര്‍ഗീയ ഭരണവ്യാപന നീക്കത്തിനെതിരെ ലാലുവും നിതീഷും രാഹുലും ചേര്‍ന്ന് ബിഹാറില്‍ ഉയര്‍ത്തിയ ചെറുത്തുനില്‍പ് മാതൃകയാക്കുന്നതിനു പകരം താന്‍പോരിമയില്‍ അഭിരമിച്ചവര്‍ ഈ തോല്‍വികൊണ്ടെങ്കിലും തിരിച്ചറിവ് നേടുമെന്ന് പ്രതീക്ഷിക്കാം. ഈഗോ കൈയൊഴിയാനുള്ള അവസാന അവസരങ്ങളിലാണ് മതേതര രാഷ്ട്രീയ പാര്‍ട്ടികളെന്ന സന്ദേശം കൃത്യമായി വിനിമയം ചെയ്യുന്നുണ്ട് അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലങ്ങള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - the election results says
Next Story